Sports
സിഡ്നി: ലോകപ്രശസ്തമായ സിഡ്നി മാരത്തണിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വൻ വിവാദം. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന മെഡലിൽ സിഡ്നിയിലെ സ്റ്റേഡിയത്തിനു പകരം ജർമനിയിലെ മ്യൂണിക് സ്റ്റേഡിയത്തിന്റെ ചിത്രം അച്ചടിച്ചതാണു തിരിച്ചടിയായത്.
സിഡ്നിയിലെ അലയൻസ് സ്റ്റേഡിയത്തിനു പകരം ജർമനിയിലെ അലയൻസ് അറീനയാണു മെഡലിൽ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. സിഡ്നി മാരത്തണിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ മെഡലിന്റെ ചിത്രം പങ്കുവച്ചതോടെയാണ് കായികപ്രേമികൾ ഈ അബദ്ധം കണ്ടെത്തിയത്.
സിഡ്നി ഹാർബർ ബ്രിഡ്ജും സിഡ്നി ഓപ്പറ ഹൗസും ഉൾപ്പെടുന്ന മനോഹരമായ റൂട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സ്റ്റേഡിയങ്ങളുടെ പേരിലെ സാമ്യം കാരണം ഡിസൈനർമാർക്ക് അമളി പറ്റിയത്. ഈമാസം 30ന് നടക്കുന്ന മാരത്തണിൽ 40,000ത്തോളം കായികതാരങ്ങളാണു പങ്കെടുക്കുന്നത്.
പൂർണമായും സിഡ്നിയുടെ അടയാളങ്ങൾ അടങ്ങിയ ഒരു വശവും ആദിവാസി കലാകാരനായ അംബ്രോസ് കില്ലിയൻ രൂപകല്പന ചെയ്ത തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തിയ മറുവശവുമാണ് മെഡലിനുള്ളത്. എന്നാൽ, ഈ പിഴവിൽ തനിക്കു പങ്കില്ലെന്ന് അംബ്രോസ് കില്ലിയൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം യുകെയിൽ നടന്ന ഗ്രേറ്റ് നോർത്ത് റണ്ണിലും സമാനമായരീതിയിൽ മെഡലിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയത് വാർത്തയായിരുന്നു.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് 2026ൽ നാലാം മെഡൽ നേടി ഇന്ത്യ. വെയ്റ്റ്ലിഫ്റ്റിംഗിൽ രാജാ മുത്തുപാണ്ഡിക്ക് വെള്ളി ലഭിച്ചതോടെയാണ് മെഡൽ നേട്ടം നാലായത്.
പുരുഷൻമാരുടെ 65 കിലോ വിഭാഗത്തിലാണ് രാജാ മുത്തുപാണ്ഡി വെള്ളി കരസ്ഥമാക്കിയത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 286 കിലോ ഉയർത്തിയാണ് രാജാ മുത്തുപാണ്ഡി രണ്ടാമതെത്തിയത്.
299 കിലോ ഉയർത്തിയ മലേഷ്യൻ താരം അസ്നിൽ ബിൻ ബിഡിൻ ആണ് സ്വർണം നേടിയത്.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് 2026ൽ രണ്ടാം മെഡൽ നേടി ഇന്ത്യ. വെയ്റ്റ്ലിഫ്റ്റിംഗിൽ റിഷികാന്ത സിംഗ് ചനംബാമിന് വെള്ളി ലഭിച്ചതോടെയാണ് മെഡൽ നേട്ടം രണ്ടായത്.
പുരുഷൻമാരുടെ 60 കിലോ വിഭാഗത്തിലാണ് റിഷികാന്ത സിംഗ് വെള്ളി കരസ്ഥമാക്കിയത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 264 കിലോ ഉയർത്തിയാണ് റിഷികാന്ത രണ്ടാമതെത്തിയത്.
273 കിലോ ഉയർത്തിയ മലേഷ്യൻ താരം ബിൻ കസാഡെൻ മുഹമ്മദ് അനിക്കാണ് സ്വർണം നേടിയത്. 260 കിലോ ഉയർത്തിയ കെനിയയുടെ ജോഷ്വ അമുംഗ എംബോയയ്ക്കാണ് വെങ്കല മെഡൽ.
Sports
ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ അക്കൗണ്ട് തുറന്നു. വെള്ളിയാഴ്ച ഗ്ലാസ്ഗോയിലെ എസ്ഇസി അർമാഡില്ലോയിൽ നടന്ന പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ ജണ്ഡു കുമാർ വെങ്കല മെഡൽ നേടി.
ഗ്രൂപ്പ് ബിയിൽ മത്സരിച്ച 28-കാരനായ ഇന്ത്യൻ താരം, തന്റെ രണ്ടാമത്തെ ശ്രമത്തിൽ 190 കിലോഗ്രാം ഉയർത്തി 130.9 പോയിന്റോടെയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ പാരാ പവർലിഫ്റ്റിംഗ് മെഡലുകൾ തീരുമാനിക്കുന്നത് ഉയർത്തുന്ന ഭാരം മാത്രം കണക്കിലെടുത്തല്ല, മറിച്ച് അത്ലറ്റിന്റെ ശരീരഭാരവും കൂടി പരിഗണിച്ചാണ്.
വിവിധ ശരീരഭാര വിഭാഗങ്ങളിലുള്ള കായികതാരങ്ങൾ ലൈറ്റ്വെയ്റ്റ്, ഹെവിവെയ്റ്റ് വിഭാഗങ്ങളിൽ ഒന്നിച്ചാണ് മത്സരിക്കുന്നത്. അത്ലറ്റിന്റെ ശരീരഭാരവും അവർ വിജയിച്ച മികച്ച ലിഫ്റ്റും സമന്വയിപ്പിച്ചാണ് റാങ്കിംഗ് നിർണയിക്കുന്നത്.
തന്റെ ആദ്യ ശ്രമത്തിൽ 181 കിലോഗ്രാം വിജയകരമായി ഉയർത്തിയ ജണ്ഡു, രണ്ടാമത്തെ ശ്രമത്തിലാണ് അത് 190 കിലോഗ്രാമായി ഉയർത്തിയത്. അവസാന ശ്രമത്തിൽ 196 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഈ ഇനത്തിൽ നൈജീരിയയുടെ റിലുവാൻ ഇദ്രിസ് 208 കിലോഗ്രാം ഉയർത്തി (132.8 പോയിന്റ്) സ്വർണ്ണവും, ഇംഗ്ലണ്ടിന്റെ മാത്യു ഹാർഡിംഗ് 199 കിലോഗ്രാം ഉയർത്തി (131.0 പോയിന്റ്) വെള്ളി മെഡലും നേടി.