മെഡലിൽ സിഡ്നി സ്റ്റേഡിയത്തിനു പകരം ജർമനിയിലെ മ്യൂണിക് സ്റ്റേഡിയത്തിന്റെ ചിത്രം
സിഡ്നി: ലോകപ്രശസ്തമായ സിഡ്നി മാരത്തണിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വൻ വിവാദം. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന മെഡലിൽ സിഡ്നിയിലെ സ്റ്റേഡിയത്തിനു പകരം ജർമനിയിലെ മ്യൂണിക് സ്റ്റേഡിയത്തിന്റെ ചിത്രം അച്ചടിച്ചതാണു തിരിച്ചടിയായത്.
സിഡ്നിയിലെ അലയൻസ് സ്റ്റേഡിയത്തിനു പകരം ജർമനിയിലെ അലയൻസ് അറീനയാണു മെഡലിൽ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. സിഡ്നി മാരത്തണിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ മെഡലിന്റെ ചിത്രം പങ്കുവച്ചതോടെയാണ് കായികപ്രേമികൾ ഈ അബദ്ധം കണ്ടെത്തിയത്.
സിഡ്നി ഹാർബർ ബ്രിഡ്ജും സിഡ്നി ഓപ്പറ ഹൗസും ഉൾപ്പെടുന്ന മനോഹരമായ റൂട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സ്റ്റേഡിയങ്ങളുടെ പേരിലെ സാമ്യം കാരണം ഡിസൈനർമാർക്ക് അമളി പറ്റിയത്. ഈമാസം 30ന് നടക്കുന്ന മാരത്തണിൽ 40,000ത്തോളം കായികതാരങ്ങളാണു പങ്കെടുക്കുന്നത്.
പൂർണമായും സിഡ്നിയുടെ അടയാളങ്ങൾ അടങ്ങിയ ഒരു വശവും ആദിവാസി കലാകാരനായ അംബ്രോസ് കില്ലിയൻ രൂപകല്പന ചെയ്ത തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തിയ മറുവശവുമാണ് മെഡലിനുള്ളത്. എന്നാൽ, ഈ പിഴവിൽ തനിക്കു പങ്കില്ലെന്ന് അംബ്രോസ് കില്ലിയൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം യുകെയിൽ നടന്ന ഗ്രേറ്റ് നോർത്ത് റണ്ണിലും സമാനമായരീതിയിൽ മെഡലിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയത് വാർത്തയായിരുന്നു.
Tags : GermanStadium SydneyMarathon Medal Sports