Leader Page
സ്വീഡനിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽനിന്നാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യാ സന്ദർശനത്തിനു വന്നത്. അവിടെനിന്ന് നേരേ കോൽക്കത്തയിൽ ഇറങ്ങി മദർ തെരേസയുടെ കല്ലറയിലേക്ക് ഓടിയെത്തിയാണ് മേയ് 23 മുതൽ 26 വരെയുള്ള തന്റെ ഇന്ത്യാ സന്ദർശനം തുടങ്ങിയത്.ആ അപൂർവമായ സന്ദർശനം ഇന്ത്യയിലെ രാഷ്ട്രീയ മേലാളന്മാർക്ക് നിശബ്ദമെങ്കിലും സ്ഫടികംപോലെ വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്.
മേയ് 23ന് പുലർച്ചെ കോൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ റൂബിയോ പോയത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനമായ മദർ ഹൗസിലേക്കാണ്. അവിടെ, ‘ചേരികളുടെ വിശുദ്ധ’യുടെ കല്ലറയോട് ചേർന്നു നടന്ന സവിശേഷ കുർബാനയിൽ അദ്ദേഹം പങ്കെടുത്തു. സാധാരണ വിശുദ്ധ കുർബാനയില്ലാത്ത ഇവിടെ നിത്യേന എത്തുന്ന നൂറുകണക്കിന് തീർഥാടകരെ പ്രവേശിപ്പിക്കാതെയായിരുന്നു റൂബിയോയുടെ സന്ദർശനത്തിന് സൗകര്യമൊരുക്കിയത്.
അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ച കാർഡോടുകൂടി ആ കല്ലറയിൽ അദ്ദേഹം അർപ്പിച്ച പുഷ്പചക്രത്തിൽതന്നെ ആ സന്ദേശം വ്യക്തമായിരുന്നു. “അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളുടെ ആദരവും പ്രണാമവും” എന്നായിരുന്നു ആ കാർഡിൽ എഴുതിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും കാണുന്നതിന് മുമ്പ്, തങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയെ (വിദേശകാര്യ മന്ത്രി) നേരിട്ട് മദർ ഹൗസിലേക്ക് അയയ്ക്കുക എന്ന ചരിത്രപരമായ തീരുമാനമെടുക്കാൻ അമേരിക്കൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ആ വരികൾ വിശദീകരിക്കുന്നു.
ലോകമെമ്പാടുമുള്ള ‘പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ’ സേവിക്കുന്ന അയ്യായിരത്തിലധികം കന്യാസ്ത്രീകളുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനത്ത് അദ്ദേഹം ഒന്നര മണിക്കൂറോളം ചെലവഴിച്ചു. റൂബിയോയും സംഘവും പിന്നെ എ.ജെ.സി. ബോസ് റോഡിൽത്തന്നെയുള്ള ശിശുഭവനിലേക്ക് നീങ്ങി. മദർഹൗസിൽനിന്ന് 200 മീറ്റർ മാത്രം അകലെയാണിത്. അവിടെയുണ്ടായിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളെയും മാനസിക വെല്ലുവിളികൾ നേരിടുന്ന അനാഥക്കുട്ടികളെയും സന്തോഷിപ്പിക്കാനായി റൂബിയോ അവർക്ക് പാവക്കരടികളെ (ടെഡി ബെയർ) സമ്മാനിച്ചു.
“കാരുണ്യത്തിന്റെയും സേവനത്തിന്റെയും മഹത്തായ ഒരു പാരമ്പര്യവും പൈതൃകവുമാണ്മാണ് മദർ തെരേസ ലോകത്തിനു സമ്മാനിച്ചത്. മദർ തെരേസയുടെ പാരമ്പര്യത്തിന് ആദരവ് അർപ്പിക്കാനും കത്തോലിക്കാ വിശ്വാസത്തിന്റെ ജീവിക്കുന്ന മാതൃക നേരിൽ കാണാനും ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റി സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,” കോൽക്കത്തയിൽനിന്ന് പ്രധാനമന്ത്രി മോദിയെ കാണാനായി ന്യൂഡൽഹിയിലേക്ക് തിടുക്കത്തിൽ തിരിക്കുന്നതിനിടെ റൂബിയോ എക്സിൽ (ട്വിറ്റർ) കുറിച്ചു. പശ്ചിമ ബംഗാളിലെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹം പോലും അദ്ദേഹത്തിന്റെ യാത്രയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പെട്ടുപോയിരുന്നു.
ആത്മീയ സന്ദർശനമല്ല!
കത്തോലിക്കാ വിശ്വാസിയായ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ വെറുമൊരു ആത്മീയ സന്ദർശനം മാത്രമായിരുന്നോ ഇത്? അങ്ങനെയായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ തിരക്കിട്ട ചതുർദിന ഇന്ത്യൻ സന്ദർശനത്തിലെ ആദ്യത്തെ പരിപാടിയായി ഇത് മാറുമായിരുന്നില്ല. ഇന്ത്യാ സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഈ മദർഹൗസ് യാത്ര മോദി സർക്കാരിനുള്ള ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഭരണകൂടങ്ങളുടെ സംരക്ഷണത്തിൽ കുറ്റവാളികൾ യാതൊരു ഭയവുമില്ലാതെ സ്വതന്ത്രരായി വിഹരിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്ക ആവർത്തിച്ചുയർത്തുന്ന ആശങ്കകൾ അടിവരയിട്ടു പറയുകയായിരുന്നു ഇതിലൂടെ.
വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരേയുള്ള വിമർശനങ്ങളെ ‘ഇന്ത്യയുടെ മഹത്തായ നിയമസംവിധാനം’ എന്ന അവകാശവാദം ഉന്നയിച്ച് പ്രതിരോധിക്കാനും ക്രൈസ്തവരെ വേട്ടയാടുന്ന ഹിന്ദുത്വ ധാർഷ്ഠ്യത്തെ വെള്ളപൂശാനും ഔദ്യോഗികവക്താക്കൾ ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്. എന്നാൽ, ക്രൂരമായ യാഥാർഥ്യം പകൽപോലെ വ്യക്തമാണ്: പള്ളികൾക്ക് മുകളിൽ കാവിപ്പതാകകൾ ഉയർത്തുന്നു, പാസ്റ്റർമാരെ ക്രൂരമായി മർദ്ദിക്കുന്നു, അവരെക്കൊണ്ട് പശുവിന്റെ ചാണകം തീറ്റിക്കുകയും അവരെ ചെരുപ്പുമാല അണിയിക്കുകയും ചെയ്യുന്നു, സംസ്കരിച്ച മൃതദേഹങ്ങൾപോലും പുറത്തെടുക്കുന്ന ഈ ‘ഘർ വാപസി’ പ്രാകൃതകാലത്തെയാണ് ഓർമിപ്പിക്കുന്നത്.
അശരണർ, മരണാസന്നർ, കുഷ്ഠരോഗികൾ, എച്ച്ഐവി ബാധിതർ എന്നിവരടക്കം പതിനായിരക്കണക്കിന് ആളുകളെ പരിചരിക്കുന്ന, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി (എംസി) സന്യാസിനീ സമൂഹവും മോദി സർക്കാരിന്റെ ശ്വാസംമുട്ടിക്കൽ തന്ത്രങ്ങളിൽനിന്ന് രക്ഷപ്പെട്ടില്ല. 2021ലെ ക്രിസ്മസിനാണ് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള അവരുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയത്. 2016ൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവരെ ‘മോൺസ്റ്റർ തെരേസ’ (രാക്ഷസി തെരേസ) എന്ന് വിളിച്ച് അധിക്ഷേപിച്ച വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഉത്തരവായിരുന്നു അത്.
ശ്വാസംമുട്ടിക്കുന്ന നടപടികൾ
സാമൂഹിക സേവനങ്ങളെയും അവകാശ സംരക്ഷണ മുന്നേറ്റങ്ങളെയും ആസൂത്രിതമായി ശ്വാസംമുട്ടിക്കുന്ന ഈ നടപടി നേരിട്ടത് മിഷനറീസ് ഓഫ് ചാരിറ്റി മാത്രമല്ല. സർക്കാരിന്റെ എഫ്സിആർഎ ഡാഷ്ബോർഡ് ഈ വൻ വെട്ടിക്കുറയ്ക്കൽ സ്ഥിരീകരിക്കുന്നുണ്ട്. ആകെ ഉണ്ടായിരുന്ന 52,000 എഫ്സിആർഎ അക്കൗണ്ടുകളിൽ 21,979 എണ്ണം റദ്ദാക്കപ്പെട്ടു. 15,187 എണ്ണം പുതുക്കി നൽകിയില്ല. ഇപ്പോൾ 14,958 എണ്ണം മാത്രമാണ് സജീവമായിട്ടുള്ളത്. ഒഴിവാക്കപ്പെട്ട 37,000 എഫ്സിആർഎ ലൈസൻസുകളിൽ ഭൂരിഭാഗവും മതേതര അവകാശ സംരക്ഷണ-ശക്തീകരണ ഗ്രൂപ്പുകളുടെയും, ‘ബ്രെഡ് ഫോർ ദി വേൾഡ്’, ‘കംപാഷൻ ഇന്റർനാഷണൽ’ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സാമൂഹിക പ്രവർത്തന-കാരുണ്യ പ്രസ്ഥാനങ്ങളുടേതുമായിരുന്നു.
ഇന്ത്യക്കകത്തുനിന്നും രാജ്യാന്തരതലത്തിലും ഉണ്ടായ വ്യാപകമായ പ്രതിഷേധങ്ങളുടെ ചൂട് താങ്ങാനാവാതെ, രണ്ടാഴ്ചയ്ക്കുള്ളിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് യാതൊരു ബഹളവുമില്ലാതെ പുനഃസ്ഥാപിച്ചു നൽകാൻ മോദി സർക്കാർ നിർബന്ധിതരായി. ബ്രിട്ടീഷ് പാർലമെന്റ്പോലും പ്രമേയത്തിലൂടെ ഇതിനെ അപലപിച്ചതിനു പിന്നാലെയായിരുന്നു സർക്കാർ നടപടി.
പീഡനങ്ങളും ഭീഷണികളും നേരിടുന്ന ജനങ്ങൾക്ക് റൂബിയോയുടെ ചരിത്രപരമായ മദർഹൗസ് സന്ദർശനം ഒരു ഐക്യദാർഢ്യ പ്രഖ്യാപനവും പ്രതീക്ഷയുടെ കിരണവുമാണ് നൽകുന്നത്. മോദി അധികാരം ഏറ്റെടുത്ത 2014ൽ ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ 127 ആയിരുന്നെങ്കിൽ, 2024 ആയപ്പോഴേക്കും അത് 835ലേക്ക് കുതിച്ചുയർന്നു. ഇന്ത്യയിൽ ക്രമമായി വർധിച്ചുവരുന്ന ഈ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, റൂബിയോയുടെ ഈ മുമ്പില്ലാത്ത കോൽക്കത്ത യാത്രയിൽ വ്യക്തമായ ഒരു സന്ദേശമുണ്ട്.
(36 വർഷമായി അന്തർദേശീയ മാധ്യമങ്ങൾക്ക് ദക്ഷിണേഷ്യയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)
Kerala
തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഇസ്ലാമോഫോബിയ ശക്തിപ്പെടുകയാണെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ നമ്മള് രാജ്യത്തുനിന്നും കേള്‍ക്കുന്നുണ്ടെന്നും വെറുപ്പിനെ സ്നേഹം കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം പാളയം പളളിയില്‍ നടന്ന ഈദ് ഗാഹിന് ശേഷം ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു ഡോ. വി.പി. സുഹൈബ് മൗലവി.
ലോകം ഇന്നൊരു യുദ്ധമുഖമാണെന്നും യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന ആക്രമണം ലോകത്തെ യുദ്ധമുഖത്തേക്ക് നയിച്ചിരിക്കുകയാണെന്നും പാളയം ഇമാം പറഞ്ഞു.
ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകള്‍ നിരന്തരമായി സൃഷ്ടിക്കുന്നു. പരസ്പരം വിട്ടുവീഴ്ച ചെയ്തെങ്കിലും ഒരു സമാധാന കരാര്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ. സമാധാനം പുലരണം എന്നാണ് ലോകം ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കുനീക്കത്തെയും യുദ്ധം ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവരെ ഓര്‍ത്ത് കുടുംബങ്ങള്‍ വേദനിക്കുന്നു. ലോകസമാധാനത്തിന് വേണ്ടി നമുക്ക് പ്രാർഥിക്കാം. പൂര്‍ണമായ യുദ്ധവിരാമമാണ് ആവശ്യമെന്നും പാളയം ഇമാം പറഞ്ഞു.
Kerala
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹർജി കോടതി തള്ളി.
മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദിസന്ദേശം അയയ്ക്കാനും ഹൈക്കോടതി അനുമതി നൽകി.
അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ആരോപിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവഹണത്തിന്റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാരിന്റെ മറുപടി.
Kerala
കൊച്ചി: വിശുദ്ധ ഫ്രാൻസിസ് അസീസി വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ പാലാരിവട്ടം പിഒസിയിൽ വാങ്മയം പരിപാടിയിൽ സാഹിത്യ ചർച്ച സംഘടിപ്പിക്കും.
‘ഫ്രാൻസിസ് അസീസിയുടെ സഞ്ചാര വഴികൾ; സിനിമയിലും കസൻദ്സക്കിസിന്റെ നോവലിലും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സാഹിത്യ ചർച്ച 25 ന് വൈകുന്നേരം അഞ്ചിന് നടക്കും.
സംവിധായകൻ ഫാ. ഡാനി കപ്പൂച്ചിൻ, എഴുത്തുകാരൻ ജെർളി എന്നിവർ പങ്കെടുക്കും.
Editorial
പാതിരാക്കുർബാന കഴിഞ്ഞു. എത്ര നാളുകൾക്കുശേഷമാണ് ഇത്ര മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാത്രിയിലൂടെ നാം നടന്നത്! സ്വർഗം സകലജനത്തോടും സമാധാനം ആശംസിച്ചതിന്റെ, ഒരു കന്നുകാലിപ്പുര കൊട്ടാരങ്ങളെ ഭയപ്പെടുത്തിയതിന്റെ, ദരിദ്രനും ദളിതനും ആദിവാസിക്കും സത്രം നിഷേധിക്കപ്പെടുമെന്നു മുന്നറിയിപ്പു നൽകപ്പെട്ടതിന്റെ, എവിടെയാണ് പിറവിയെന്ന് കണ്ടുപിടിക്കാനും നശിപ്പിക്കാനും ഭരണകൂടങ്ങൾ അതിന്റെ സംഘങ്ങളെയും പരിവാരങ്ങളെയും അയച്ചതിന്റെയൊക്കെ ഓർമകൂടിയാണ് ഇന്ന്.
അവയൊക്കെ ആവർത്തിക്കുന്പോഴും, ജ്ഞാനികളായ രാജാക്കന്മാരും നിഷ്കളങ്കരായ ആട്ടിടയരും ഉൾപ്പെടെ കോടാനുകോടി മനുഷ്യർ രക്ഷകനെ കാണാൻ മണ്ണിലെ പുൽക്കൂടും വിണ്ണിലെ നക്ഷത്രവും തെരയുന്നു. വേട്ടയാടലുകളുടെ രാത്രികളിലും അഹിംസയുടെയും സ്നേഹത്തിന്റെയും വഴികാട്ടുന്ന നക്ഷത്രത്തെമാത്രം പിന്തുടരാം. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം!
സഹസ്രാബ്ദങ്ങളുടെ സംഘർഷയാത്രാമധ്യേ മനുഷ്യവംശം ദർശിച്ച സമാധാനത്തിന്റെ വഴിയായിരുന്നു ക്രിസ്തുവിന്റേത്. വാൾ അതിന്റെ ഉറയിലിടാനും തിരിച്ചടിക്കാതിരിക്കാനും ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കാനും പറഞ്ഞുകൊണ്ട് നസ്രത്തിലും ഗലീലിയ തടാകക്കരയിലും ജറുസലേമിലും നടന്ന ക്രിസ്തു മനുഷ്യരുടെ ഉള്ളിലെ നന്മയെ പുറത്തെടുക്കാനാണ് ആവശ്യപ്പെട്ടത്. കാൽനടയായും കഴുതപ്പുറത്തും സഞ്ചരിച്ച ക്രിസ്തുവിനു പിന്നാലെ കൂടിയതിലേറെയും അടിച്ചമർത്തപ്പെട്ടവരും ദരിദ്രരും മത്സ്യത്തൊഴിലാളികളും ചുങ്കക്കാരും പാപികളും അഭിസാരികകളുമായിരുന്നു.
പക്ഷേ, വെള്ളയടിച്ച കുഴിമാടങ്ങളും മറ്റുള്ളവരെ എറിഞ്ഞുകൊല്ലാൻ കല്ലുമായി നടക്കുന്നരും അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അഴിമതിക്കാരായ ഭരണാധികളും മതത്തെ കച്ചവടസ്ഥലമാക്കിയവരും ചൂഷകരും അഹങ്കാരികളുമൊക്കെ ക്രിസ്തു നടത്തിയ അടിസ്ഥാനമാറ്റത്തിനുള്ള ആഹ്വാനം അഹിംസയിലൂന്നിയതെങ്കിലും തങ്ങളുടെ വേരറുക്കുന്നതാണെന്നു തിരിച്ചറിഞ്ഞു. ആ ഭയമാണ് ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും ഉന്മൂലനം ചെയ്യുന്നതിനുള്ള മത-രാഷ്ട്രീയ ഗൂഢാലോചനയിലേക്കു നീങ്ങിയത്. ഇന്നും അതൊക്കെ ആവർത്തിക്കുന്പോൾ ക്രിസ്തുവിനെ അടുത്തറിഞ്ഞവർക്ക് അതിശയമില്ല.
അധികാരത്തിന്റെ പിൻബലത്തിൽ വെറുപ്പും വിദ്വേഷവും വ്യാപിപ്പിച്ച് ക്രൈസ്തവർക്കെതിരേ തിരിയുന്നത് ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികളാണെങ്കിൽ ഇന്ത്യയിൽ ഹിന്ദുത്വ വർഗീയവാദികളാണ്. സമാധാനസന്ദേശം വിളിച്ചോതുന്ന ഒരു കരോൾഗാനംപോലും സഹിക്കാൻ അവർക്കാകുന്നില്ല. സ്നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കൽ അവർക്കു കയ്പാണ്.
ക്രിസ്മസിന് അവധികൾ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബിജെപി നേതാക്കൾ മതേതര ഇന്ത്യക്കു നൽകുന്ന സന്ദേശം വായിക്കാൻ രാജ്യം വൈകിക്കഴിഞ്ഞു. പ്രാർഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നിൽ സർക്കാരുകൾ ഓച്ഛാനിച്ചുനിൽക്കുകയാണ്. ഭരണകൂടങ്ങൾ ഭരണഘടനയെ നിർവീര്യമാക്കുന്പോൾ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല.
തങ്ങൾ പണ്ടേ ഇവിടെയുണ്ടായിരുന്നെന്നും മറ്റുള്ളവർ അങ്ങനെയല്ലെന്നുമുള്ള വ്യാജചരിത്രം പടയ്ക്കുന്നവർ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്. അവർ കേരളത്തിലുമെത്തി. കരോൾഗാനം പാടുന്നവരെ ആക്രമിക്കുന്ന മതഭ്രാന്തരെ ന്യായീകരിക്കാനും ആളുണ്ട്; അകത്തും പുറത്തും. ക്രിസ്തുവും ക്രിസ്മസും ക്രിസ്ത്യാനികളുടേതു മാത്രമല്ലെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെയൊക്കെ ന്യായീകരിക്കുന്ന രാഷ്ട്രീയ വിധേയർ ക്രൈസ്തവരിലുമുണ്ടെന്നതിൽ അതിശയോക്തിയില്ല. രണ്ടായിരം വർഷങ്ങൾക്കുമുന്പും മത-രാഷ്ട്രീയ ഗൂഢാലോചനക്കാർ കാര്യസാധ്യത്തിന് ആളെ തെരഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നു. ചരിത്രം ആവർത്തിക്കുന്പോഴും നക്ഷത്രവഴിയേ സഞ്ചരിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം അറിയിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക.
“ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സദ്വാർത്ത. നിങ്ങൾക്കായി ഒരു രക്ഷകൻ, ക്രിസ്തു പിറന്നിരിക്കുന്നു.” ഇന്നു ക്രിസ്മസാണ്; സഹസ്രാബ്ദങ്ങൾക്കുശേഷവും രാഷ്ട്രീയ-മത വേഷം കെട്ടിയ തമോഗർത്തങ്ങൾക്കു വിഴുങ്ങാനാകാത്ത ലോകത്തിന്റെ പ്രകാശത്തിലേക്കു നടക്കാം. ഭരണകേന്ദ്രങ്ങളുടെയും ന്യായാസനങ്ങളുടെയും കൊട്ടാരങ്ങളുടെയും പുറത്ത്, രണ്ടാംതരം പൗരത്വത്തിന്റെ കാലിത്തൊഴുത്തിൽ പിറന്നവനെ സകല ജാതിയിലും മതത്തിലുമുള്ള കോടാനുകോടി മനുഷ്യർക്കും ജീവജാലങ്ങൾക്കുമൊപ്പം കുന്പിടാം. വിദ്വേഷസംഘങ്ങളിലേക്കും വെളിച്ചമെത്തട്ടെ.
ക്രിസ്മസ് ആശംസകൾ
International
വാഷിംഗ്ടൺ ഡിസി: ദൈവപുത്രനെ ഗർഭം ധരിക്കാനുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥകൂടിയായ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ എട്ടിനു പുറത്തിറക്കിയ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് സന്ദേശം പുറത്തിറക്കുന്നത്. “എല്ലാ അമേരിക്കക്കാരും ഡിസംബർ എട്ടിന് യേശുവിന്റെ അമ്മയും ബൈബിളിലെ ഏറ്റവും വലിയ വ്യക്തികളിൽ ഒരാളുമായ മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവയെ ആദരിക്കുന്ന ഒരു വിശുദ്ധ ദിനമായി ആഘോഷിക്കുന്നു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാമത് മഹത്തായ വർഷത്തിലേക്ക് നാം അടുക്കുമ്പോൾ, രാജ്യത്തു സമാധാനം, പ്രത്യാശ, സ്നേഹം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കന്യകാമറിയത്തിന്റെ പങ്കിനെ പൂർണഹൃദയത്തോടെ അംഗീകരിക്കുകയും നന്ദി പറയുകയും ചെയ്യുന്നു’’- ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
1792ൽ വിപ്ലവയുദ്ധം അവസാനിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ, അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവച്ച ഏക കത്തോലിക്കനായ ചാൾസ് കരോളിന്റെ ബന്ധുവും അമേരിക്കയിലെ പ്രഥമ കത്തോലിക്കാ ബിഷപ്പുമായ ജോൺ കരോൾ രാഷ്ട്രത്തെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ചിരുന്നു.
കാൽ നൂറ്റാണ്ടിനുള്ളിൽ ന്യൂ ഓർലിയൻസിലെ ക്ലൈമാക്സ് യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരേ ജനറൽ ആൻഡ്രൂ ജാക്സൺ നേടിയ അത്ഭുതകരമായ വിജയം ദൈവമാതാവിന്റെ ഇടപെടലാണെന്ന് അമേരിക്കക്കാർ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് അനുസ്മരിച്ചു.
വിശ്വാസികൾക്ക് പ്രത്യാശയുടെയും കൃപയുടെയും പ്രചോദനത്തിന്റെയും പ്രതീകമായി ദൈവമാതാവ് നിലകൊള്ളുകയാണെന്നും മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവ ബഹുമാനിക്കപ്പെടേണ്ട പുണ്യങ്ങളാണെന്നും ട്രംപ് പറഞ്ഞു.
എലിസബത്ത് ആൻ സെറ്റൺ, ഫ്രാൻസിസ് സേവ്യർ കാബ്രിനി, ഫുൾട്ടൺ ഷീൻ തുടങ്ങിയ അമേരിക്കൻ ഇതിഹാസങ്ങൾ മറ്റുള്ളവരുടെ സേവനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ജീവിതം ചെലവഴിച്ചിട്ടുണ്ടെന്നും കാലങ്ങളായി ദൈവമാതാവിനോട് ആഴമായ ഭക്തി പുലർത്തുന്നുണ്ടെന്നും ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
‘നന്മ നിറഞ്ഞ മറിയമേ..’എന്ന പ്രാർഥനയോടെയാണു ട്രംപിന്റെ സന്ദേശം സമാപിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നവമാധ്യമങ്ങളിലും സന്ദേശം പങ്കുവച്ചിട്ടുണ്ട്. മാതാവിന്റെ അമലോത്ഭവ തിരുനാൾദിനമായ ഡിസംബർ എട്ട് അമേരിക്കയിലെ ക്രൈസ്തവസ്ഥാപനങ്ങൾക്ക് അവധിദിനമാണ്.
ജോൺ എഫ്. കെന്നഡി, ജോ ബൈഡൻ തുടങ്ങിയ കത്തോലിക്കരായ പ്രസിഡന്റുമാരിൽനിന്നുപോലും ഉണ്ടാകാത്ത ഒരു സന്ദേശം പ്രോട്ടസ്റ്റന്റ് വിഭാഗമായ പ്രെസ്ബിറ്റേറിയൻ സഭയിൽപ്പെട്ട ട്രംപിൽനിന്നുണ്ടായത് അമേരിക്കയിലെ കത്തോലിക്കാവിശ്വാസികൾക്കിടയിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു.