തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഇസ്‌ലാമോഫോബിയ ശക്തിപ്പെടുകയാണെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ രാജ്യത്തുനിന്നും കേള്‍ക്കുന്നുണ്ടെന്നും വെറുപ്പിനെ സ്നേഹം കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം പാളയം പളളിയില്‍ നടന്ന ഈദ് ഗാഹിന് ശേഷം ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു ഡോ. വി.പി. സുഹൈബ് മൗലവി.
ലോകം ഇന്നൊരു യുദ്ധമുഖമാണെന്നും യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന ആക്രമണം ലോകത്തെ യുദ്ധമുഖത്തേക്ക് നയിച്ചിരിക്കുകയാണെന്നും പാളയം ഇമാം പറഞ്ഞു.
ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകള്‍ നിരന്തരമായി സൃഷ്ടിക്കുന്നു. പരസ്പരം വിട്ടുവീഴ്ച ചെയ്‌തെങ്കിലും ഒരു സമാധാന കരാര്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ. സമാധാനം പുലരണം എന്നാണ് ലോകം ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കുനീക്കത്തെയും യുദ്ധം ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവരെ ഓര്‍ത്ത് കുടുംബങ്ങള്‍ വേദനിക്കുന്നു. ലോകസമാധാനത്തിന് വേണ്ടി നമുക്ക് പ്രാർഥിക്കാം. പൂര്‍ണമായ യുദ്ധവിരാമമാണ് ആവശ്യമെന്നും പാളയം ഇമാം പറഞ്ഞു.
Tags : Palayam Imam Eid message