കൊച്ചി: ഓട്ടംതുള്ളലിലൂടെ ആയിരങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശം പകര്‍ന്ന് കൈയടി നേടുകയാണ് മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടർ വി. ജയരാജ്.
ജീവിതത്തിന്റെ സുവര്‍ണകാലം മദ്യത്തിനും മയക്കുമരുന്നിനുമായി ഹോമിക്കുന്ന യുവതലമുറയ്ക്കു മുന്നില്‍ ജീവിതമാണ് യഥാര്‍ഥ ലഹരിയെന്ന് ഓട്ടംതുള്ളലിലൂടെ ബോധവത്കരിക്കുകയാണ് ഇദ്ദേഹം.
സംസ്ഥാനത്തുടനീളം 725 വേദികളില്‍ ഇതിനകം ഓട്ടംതുള്ളല്‍ അവതരിപ്പിച്ചു. തുള്ളലിന്റെ രചനയും ജയരാജ് തന്നെയാണു നിര്‍വഹിക്കുന്നത്.
ലഹരിവിരുദ്ധ ബോധവത്കരണത്തിനായി 2018ലാണ് ജയരാജ് തുള്ളല്‍ പഠിച്ചത്. സുഹൃത്തും അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുമായ കെ.കെ. രമേശന്റെ ഉപദേശത്തെത്തുടര്‍ന്ന് വൈകുന്നേരങ്ങളിൽ വയലാര്‍ സന്തോഷിന്റെ ശിക്ഷണത്തില്‍ 11 ദിവസംകൊണ്ടാണു ഓട്ടംതുള്ളല്‍ പഠിച്ചത്.
എക്സൈസ് വകുപ്പും സംസ്ഥാന വിമുക്തി മിഷനും സംയുക്തമായി 2018 ജൂലൈ 16ന് ഇടപ്പള്ളി ലുലുമാളില്‍ നടത്തിയ ലഹരിവിരുദ്ധ പരിപാടിയിൽ ആദ്യ അരങ്ങേറ്റം. 20 മിനിറ്റ് ഓട്ടംതുള്ളലും 40 മിനിറ്റ് ലഹരി ബോധവത്കരണ ക്ലാസും അന്നു നടത്തി.
ആദ്യ പരിപാടിയുടെ വന്‍വിജയം ആത്മവിശ്വാസമേകി. രണ്ടാമത്തെ വേദിയില്‍ വച്ച് അന്നത്തെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നേരിട്ടെത്തി അഭിനന്ദിക്കുകയുണ്ടായി. 24 വര്‍ഷമായി സര്‍വീസിലുള്ള ഇദ്ദേഹം ലഹരി ഉപയോഗത്തെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിനൊപ്പം ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആരാധനാലയങ്ങള്‍, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലൊക്കെയാണ് തുള്ളല്‍ അവതരിപ്പിക്കുന്നത്. മേക്കപ്പിനും വസ്ത്രം ധരിപ്പിക്കാനുമൊക്കെയായി സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി. ജ്യോതിഷ്, ശരത്മോന് എന്നിവരും ഒപ്പമുണ്ടാകും. ഇവരുടെ അഭാവത്തില്‍ ഭാര്യയും മകനും സഹോദരനും സഹായികളാകും. തികച്ചും സൗജന്യമായിട്ടാണു പരിപാടി അവതരിപ്പിക്കുന്നത്.
കോവിഡ് കാലത്ത് ആരോഗ്യവകുപ്പിനുവേണ്ടി കോവിഡ് 19 എന്നൊരു ഓട്ടംതുള്ളല്‍ വീഡിയോ ചെയ്തു. ഒരു ഭക്തിഗാനവും രണ്ട് കവിതകളും എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതഗാനവും ജയരാജിന്റെ രചനയില്‍ പുറത്തിറങ്ങി. ചേര്‍ത്തല കഞ്ഞിക്കുഴി നികര്‍ത്ത് വെളിയില്‍ ജയരാജിന് പിന്തുണയായി ഭാര്യ വിദ്യയും മക്കളായ ഗോകുല്‍ രാജും ജാനകിയും എപ്പോഴും കൂടെയുണ്ട്.
Tags : Excise officer spreads antidrug message V. Jayaraj