“ഒരു എംഎൽഎയെ പോലും നഷ്ടപ്പെടാതെയാണ് ഇതു ചെയ്തതെന്നു വിശ്വസിക്കാനാകുന്നില്ല” -കർണാടകയിൽ കരുത്തനായ സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെക്കുറിച്ച് സോണിയ ഗാന്ധിയോടു രാഹുൽ ഗാന്ധി പറയുന്നതായുള്ള ഒരു കാർട്ടൂണിലെ വാചകമാണിത്.
റിസോർട്ട് രാഷ്ട്രീയവും പണമൊഴുക്കലും അധികാരത്തിന്റെ പേരിലുള്ള പദവികളും മറ്റു പ്രലോഭനങ്ങളും മുതൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡുകളും ഭീഷണികളും സമ്മർദങ്ങളും അടക്കം കുതിരക്കച്ചവടങ്ങളും കാലുമാറ്റങ്ങളും പിളർപ്പുകളും വരെ ജനാധിപത്യത്തിന്റെ അന്തഃസത്തയെ അട്ടിമറിക്കുന്നതു പതിവായ കാലത്താണിതൊക്കെ വിസ്മയമാകുന്നത്.
കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം ഡൽഹിയിലെത്തി രാഹുലിനെ കെട്ടിപ്പുണർന്ന സിദ്ധരാമയ്യയുടെ ഫോട്ടോ പ്രതീകാത്മകമായി. പ്രതിസന്ധികളിൽ കോണ്‍ഗ്രസിന്റെ താങ്ങായിരുന്ന ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡ് തീരുമാനം എളുപ്പമാകുമായിരുന്നില്ല. വലിയ ജനപിന്തുണയുള്ള പിന്നാക്ക വിഭാഗക്കാരനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽനിന്നു മാറ്റി, രണ്ടാമനായിരുന്ന ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയതിൽ വേണ്ടത്ര മുന്നൊരുക്കങ്ങളും ചർച്ചകളും സമവായവും കണ്ടെത്താനായെന്നതു സോണിയ, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ എന്നിവരുടെ മികവായി.
◄ പൊട്ടിത്തെറിയും പിളർപ്പുമില്ല
പൊട്ടിത്തെറികളും പിളർപ്പും വിമതനീക്കങ്ങളുമില്ലാതെ കേരളത്തിലും കർണാടകയിലും പുതിയ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിഞ്ഞു. പാർട്ടിക്കുള്ളിലും പുറത്തുമുള്ള പ്രബല ശക്തികളുടെ താത്പര്യങ്ങളും സമ്മർദങ്ങളും മറികടന്നാണ് വി.ഡി. സതീശനെയും ഡി.കെ. ശിവകുമാറിനെയും മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പോലും അവഗണിക്കേണ്ടിവന്നു. ജനഹിതവും പാർട്ടിയുടെ ദീർഘകാല സാധ്യതകളും താരതമ്യേന യുവത്വവുമെല്ലാം തീരുമാനത്തെ സ്വാധീനിച്ചു. എംഎൽഎമാരുടെ അഭിപ്രായം ആരായുമെങ്കിലും അന്തിമ തീരുമാനമെടുക്കാൻ നിയമസഭാകക്ഷി യോഗം ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയമാണു കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ മോഹിച്ച കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കർണാടകയിൽ സിറ്റിംഗ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും എഐസിസിയുടെ തീരുമാനത്തിനു പൂർണമായി വഴങ്ങിയെന്നതാണു പ്രധാനം. അപശബ്ദങ്ങളും അട്ടിമറികളും വിമതനീക്കങ്ങളും ഉണ്ടായില്ല. കേരളത്തിലേതുപോലെ, മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു സമവായത്തിനു കർണാടകയിൽ ശിവകുമാറും തയാറായി. രാജ്യസഭാ സീറ്റ് നിരസിച്ച സിദ്ധരാമയ്യയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്കു കൊണ്ടുവരാൻ കഴിയുമോയെന്നതാണു കണ്ടറിയേണ്ടത്.
◄ ബിജെപിക്കു തട ശിവകുമാർ
2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു വർഷം മുന്‍പ് ശിവകുമാറിനെ നേതാവായി നിയമിച്ചതിൽ ഭാവിയിലേക്കുള്ള സമീപനം വ്യക്തം. നാലു പതിറ്റാണ്ടുകളായി ഒരു സർക്കാരിനും പാർട്ടിക്കും ഭരണത്തുടർച്ച ഉണ്ടായിട്ടില്ലാത്ത കർണാടകയുടെ രാഷ്ട്രീയചരിത്രം തിരുത്താൻ ശിവകുമാറിനു കഴിയുമോയെന്നതു വേറെ കാര്യം. കേരളത്തിൽ യുഡിഎഫിന്റെ വൻ തിരിച്ചുവരവിനു കാരണമായ നേതാക്കളുടെ ഐക്യം കർണാടകയിലും ഉണ്ടാകേണ്ടതുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും കൈകൊടുത്ത് ഒരുമയോടെ പോരാടിയാൽ ബിജെപിയുടെ വഴികൾ എളുപ്പമാകില്ല.
ബി.എസ്. യെദിയൂരപ്പയ്ക്കുശേഷം തലയെടുപ്പുള്ള നേതാവിന്റെ അഭാവമാണു കർണാടകയിലെ ബിജെപിക്കു തലവേദന. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, കേന്ദ്ര നേതാക്കളായ പ്രഹ്ലാദ് ജോഷി, സി.ടി. രവി അടക്കമുള്ള പ്രമുഖർ തമ്മിലുള്ള ഐക്യം സാധ്യമാക്കേണ്ടതുണ്ട്. സഖ്യകക്ഷിയായ ജെഡിഎസിന്റെ നേതാക്കളായ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെയും മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും പ്രഭാവം മങ്ങി. ആർഎസ്എസിന്റെ സംഘടനാശക്തിയും ആൾബലവും ബിജെപിക്കു ശക്തിയാകും.
◄ സമവായമായ കീറാമുട്ടികൾ
മുന്‍പൊക്കെ കീറാമുട്ടിയായിരുന്ന നേതൃതർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും മാതൃകയായി മാറുകയാണു കേരളത്തിലെയും കർണാടകയിലെയും കോണ്‍ഗ്രസ് തീരുമാനം. മാസങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിനു പ്രതീക്ഷിച്ചതിലും വേഗത്തിലാണു പരിഹാരമുണ്ടായത്. വോട്ടെണ്ണലിനു മുന്‍പേ കേരളത്തിൽ തുടങ്ങിയ ശക്തവും ദുർഘടവുമായ നേതൃതർക്കമാണു 10 ദിവസംകൊണ്ട് സമർഥമായി പരിഹരിച്ചത്. കർണാടകയിൽ, മൂന്നു വർഷം മുന്‍പു കോണ്‍ഗ്രസ് ഭരണത്തിലേറിയതു മുതൽ തുടങ്ങിയ തർക്കമാണു രമ്യമായി പരിഹരിച്ചത്. രാജിവയ്ക്കാൻ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുന്നതിൽ മല്ലികാർജുൻ ഖാർഗെയും രാഹുലും നേടിയ വിജയത്തിന് അപൂർവമായൊരു ചാരുതയുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസിലെ അവസാന വാക്ക്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വാക്കുകൾക്കും സോണിയ ഗാന്ധിയുടെ അഭിപ്രായത്തിനും വലിയ മുൻതൂക്കമുണ്ട്. പ്രിയങ്ക ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും സ്വാധീനവും വ്യക്തം.
◄ ഹൈക്കമാൻഡിന് ആർജവം
മുഖ്യമന്ത്രി തർക്കങ്ങൾക്കു രമ്യമായ പരിഹാരം കണ്ടെത്താൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിയുമെന്നു ബിജെപിയും ചില കോണ്‍ഗ്രസുകാരും വിശ്വസിച്ചിരുന്നില്ല. പക്ഷേ, കേരളവും കർണാടകവും നൽകുന്ന സന്ദേശം വലുതാണ്. ജനകീയതയിലും നിയമസഭാ കക്ഷിയിലും പാർട്ടിയിലും മേൽക്കൈയുണ്ടാക്കിയതുകൊണ്ടു മാത്രം എത്ര പ്രബലനായാലും മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാകില്ലെന്ന കാര്യം നിസാരമല്ല. പാർട്ടിയുടെ ഭാവിയും വിശാല താത്പര്യങ്ങളും കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാനുള്ള ആർജവവും മികവും കോണ്‍ഗ്രസ് ഹൈക്കമാൻഡ് കാട്ടിയെന്നതാണു പ്രധാനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനുള്ളിൽ പോര് രൂക്ഷമാണ്. യുപിയിൽ നിലനിൽപ്പിനാണു കോണ്‍ഗ്രസ് ശ്രമം. പഞ്ചാബിൽ, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്വയും സംസ്ഥാന കോണ്‍ഗ്രസ് മേധാവി അമരീന്ദർ രാജ വാറിംഗും മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും തമ്മിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി പോരു കടുപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും സമാന സാഹചര്യമാണ്. പ്രതിപക്ഷ നേതാവ് പ്രീതം സിംഗും പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാലും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും തമ്മിലാണ് ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയാകാനുള്ള ത്രികോണ മത്സരം.
◄ മൂന്നു സംസ്ഥാനങ്ങൾ പാഠം
പ്രബലരായ നേതാക്കൾ മത്സരിക്കുന്പോൾ, രണ്ടാമനും മൂന്നാമനും ആകേണ്ടിവരുന്നവർ വിമത, ഗ്രൂപ്പ് കളികൾ നടത്തി പാർട്ടിയെ തകർക്കുകയോ ദുർബലമാക്കുകയോ ചെയ്തിരുന്ന പഴയ രീതിയിൽനിന്നുള്ള വലിയ മാറ്റമാണ് കേരളത്തിലും കർണാടകയിലും ഉണ്ടായത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിലെ നേതൃത്വ പോരുകളും വിഭാഗീയതയും പാർട്ടിക്കു വിനയായി.
രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് അതിരു വിട്ടിരുന്നു. പൈലറ്റിനെ അനുകൂലിച്ച എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയതുവരെ വഷളായി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ഇടപെടലിൽ പൈലറ്റ് വഴങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തോറ്റു തുന്നംപാടി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലും ടി.എസ്. സിംഗ്ഡിയോയും തമ്മിലുള്ള പോരും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്കു കാരണമായി.
മധ്യപ്രദേശിൽ സംസ്ഥാന കോണ്‍ഗ്രസ് മേധാവി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോരും പരിഹരിക്കാനായില്ല. 2018 ഡിസംബർ 13ന് കമൽനാഥ് മുഖ്യമന്ത്രിയായ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ “ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കൾ” എന്ന ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ ഉദ്ധരിച്ചെങ്കിലും നേതൃപോരിൽ ഫലിച്ചില്ല. ജ്യോതിരാദിത്യ ബിജെപിയിലേക്കു കൂറുമാറി. 15 മാസത്തിനുള്ളിൽ കമൽനാഥ് സർക്കാർ നിലംപതിച്ചു. ജ്യോതിരാദിത്യ കേന്ദ്രമന്ത്രിസഭയിലെത്തി. അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
◄ പ്രതീക്ഷയാകണം നേതൃത്വം
നേതാക്കളുടെ ഗ്രൂപ്പ് പോരുകളും പരസ്യമായ വിഭാഗീയതയും തളർത്തിയിരുന്ന കോണ്‍ഗ്രസിനു കേരളവും കർണാടകവും ശുഭസൂചകമായ മാറ്റങ്ങളാണ്. കേരളത്തിൽ കടുത്ത ഗ്രൂപ്പ് പോരുകൾ അവസാനിച്ചെങ്കിലും വേണുഗോപാലും സതീശനും രമേശും തമ്മിലുള്ള വടംവലികൾ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കർണാടകയിൽ സിദ്ധരാമയ്യ വിഭാഗം എളുപ്പത്തിൽ അടിയറവു പറയാനിടയില്ല.
നേതൃതർക്കങ്ങളും ഉൾപാർട്ടി വിഭാഗീയതയും ഒഴിവാക്കിയാൽ കോണ്‍ഗ്രസിനു ഭാവിയുണ്ട്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും അതിനു മുന്‍പ് 16 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കും നല്ല മുന്നൊരുക്കം നടത്തുമോയെന്നതാണു ചോദ്യം. നേതാവിനെ അടിച്ചേൽപ്പിക്കുന്ന പഴയ ഹൈക്കമാൻഡ് സംസ്കാരം ഒഴിവാക്കി, ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ പഠിച്ച്, പാർട്ടിക്കും അതതു സംസ്ഥാനത്തിനും ഭാവിയിലേക്കു പ്രതീക്ഷയാകുന്ന നേതൃത്വത്തെ കണ്ടെത്താൻ കഴിയട്ടെ. കേരളവും കർണാടകയും സന്ദേശമാകും.
ഏതെങ്കിലുമൊരു മുഖ്യമന്ത്രിസ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെയാണു കോണ്‍ഗ്രസ് പൊതുവെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. കൂട്ടായ നേതൃത്വത്തിന്റെ നല്ല വശമാണ് കേരളത്തിലും കർണാടകത്തിലും കണ്ടത്. നേതൃതർക്കങ്ങളുണ്ടാകുന്പോൾ ഹൈക്കമാൻഡ് തീരുമാനം ശിരസാ വഹിക്കാൻ നേതാക്കൾ തയാറായതാണു ബലം. 12 വർഷത്തിലേറെയായി കേന്ദ്രഭരണത്തിനു പുറത്തു നിൽക്കുന്ന പാർട്ടിയിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം, എതിർപ്പുള്ളവരും അംഗീകരിക്കുന്നു. ജനാധിപത്യത്തിന്റെ സൗന്ദ്യര്യമാണിത്.
കെ. കരുണാകരൻ, എ.കെ. ആന്റണി എന്നിവർ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ളവർ മുഖ്യമന്ത്രിയാകുമെന്നതിൽ തെരഞ്ഞെടുപ്പിനു മുന്‍പേ ധാരണയുണ്ടായതു സ്വാഭാവികം. 2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്കു മുഖ്യമന്ത്രിയാകാനും തടസമില്ലായിരുന്നു. പക്ഷേ ചരിത്രം തിരുത്തി അന്ന് യുഡിഎഫ് തോറ്റു. 2012ൽ പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെയും ഇത്തവണ ആസാമിൽ ഗൗരവ് ഗൊഗോയിയെയും പാർട്ടിയുടെ മുഖവും ഭാവി മുഖ്യമന്ത്രിയുമായി ഉയർത്തിക്കാട്ടിയെങ്കിലും രണ്ടിടത്തും ജനവിധി അനുകൂലമായില്ല.
Tags : Kerala Karnataka message Congress high command