Kerala
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കോടതി അനുമതി ലഭിക്കുന്നതോടെ, ഏകദേശം 22,000ത്തോളം അധ്യാപകര്‍ക്ക് അവരുടെ നിയമന തീയതി മുതല്‍തന്നെ സ്ഥിരനിയമനം നല്കാന് സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന് ജയദീപ് ഗുപ്ത ഹാജരാകും. നായര്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കിയിട്ടുള്ള ഉത്തരവ് സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വ്യക്തമാക്കി.
എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകളെക്കുറിച്ച് സര്‍ക്കാരിനു വ്യക്തമായ ബോധ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതി നിര്‍ദേശപ്രകാരം, ഭിന്നശേഷി നിയമനം പൂര്‍ണമായും പാലിക്കപ്പെടുന്നതുവരെ ചില അധ്യാപകര്‍ക്ക് പ്രൊവിഷണലായും ദിവസവേതന അടിസ്ഥാനത്തിലുമാണ് നിയമനം നല്കാന് സാധിച്ചിരുന്നത്. എങ്കിലും ഇത്തരക്കാര്‍ക്ക് പിന് നമ്പര്‍, ലീവ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, പിഎഫ്, സ്ഥാനക്കയറ്റം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിലബസ് വെട്ടിക്കുറയ്ക്കുന്നത് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ
സംസ്ഥാനത്ത് സ്കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നത് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദഗ്ധരായ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വിദ്യാഭ്യാസ മേഖലയില്‍ ഏതു മാറ്റവും നടപ്പാക്കുക.
എസ്എസ്എല്‍സി പാഠഭാഗങ്ങളെക്കുറിച്ചും ഇതേ ശാസ്ത്രീയ സമീപനംതന്നെയാണ് സ്വീകരിക്കുക. കുട്ടികളെ പരീക്ഷാ സമ്മര്‍ദത്തില്‍നിന്ന് ഒഴിവാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി പറഞ്ഞു
Kerala
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് യാഥാർഥ്യമാണ്. മുസ്ലിം മേഖലയിൽ ലീഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സജി ചെറിയാൻ വിശദീകരിച്ചു.
ആർഎസ്എസ് ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർഗോഡ് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് രണ്ടു സീറ്റ് ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പം ആണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിൽ എൽഡിഎഫിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
National
ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവർക്കും മുസ്ലിംകൾക്കുമെതിരേയുമുള്ള വിദ്വേഷ പ്രസംഗങ്ങൾ കഴിഞ്ഞ വർഷം 13 ശതമാനം വർധിച്ചെന്ന് അമേരിക്കയിലെ ഗവേഷണ സംഘടനയുടെ റിപ്പോർട്ട്.
വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സംഘടിത വിദ്വേഷാക്രമണങ്ങളുടെ പഠനത്തിനുവേണ്ടിയുള്ള കേന്ദ്രമാണ് (സിഎസ്ഒഎച്ച്) ’ഇന്ത്യ ഹേറ്റ് ലാബ്’ എന്നപേരിലുള്ള പ്രോജക്ടിന്റെ 2025ലെ റിപ്പോർട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ വർഷമുണ്ടായ അക്രമങ്ങളുടെ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും ഒരു ദിവസം ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെങ്കിലും രാജ്യത്തുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്തുടനീളം കഴിഞ്ഞ വർഷമുണ്ടായ രാഷ്ട്രീയ റാലികൾ, മതപരമായ കൂടിച്ചേരലുകൾ, പ്രതിഷേധ മാർച്ചുകൾ, ദേശീയതാ സമ്മേളനങ്ങൾ എന്നിവയിലുണ്ടായ വിദ്വേഷ പ്രസംഗങ്ങളാണ് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ 1318 വിദ്വേഷ പ്രസംഗങ്ങളിൽ 1,164 സംഭവങ്ങളും ഭരണമുന്നണിയായ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോർട്ട് പറയുന്നു.
ബിജെപി സർക്കാരുകൾ ഭരിക്കുന്ന ഉത്തർപ്രദേശ് (266), മഹാരാഷ്ട്ര (193), മധ്യപ്രദേശ് (172), ഉത്തരാഖണ്ഡ് (155), ഡൽഹി (76) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നിട്ടുള്ളത്. പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം 154 വിദ്വേഷ പ്രസംഗങ്ങളുണ്ടായിട്ടുണ്ടെന്നും കേരളത്തിൽ ഇങ്ങനെ ഏഴു സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വിദ്വേഷ പ്രസംഗങ്ങളുണ്ടായിട്ടുള്ള പരിപാടികളുടെ പതിവ് സംഘാടകർ വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്രംഗ്ദളുമാണെന്ന് സംഘടന കുറ്റപ്പെടുത്തുന്നുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് 71 വിദ്വേഷ പ്രസംഗങ്ങൾ നടത്തി ന്യൂനപക്ഷങ്ങൾക്കെതിരേ ഏറ്റവും കൂടുതൽ വിദ്വേഷം പ്രചരിപ്പിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി ഇന്ത്യ.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍ അതീവ ഗൗരവതരമായ വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
‘ബംഗ്ലാദേശിലെ ഹിന്ദുക്കള്‍, ക്രൈ സ്തവർ, ബുദ്ധമതക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിരന്തരമായ ശത്രുത ഗുരുതരമായ ആശങ്കാജനകമാണ്.
കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നാണു പ്രതീക്ഷ യെന്നും ജയ്സ്വാൾ പ റഞ്ഞു.
Kerala
തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് തലയുയർത്തി ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശയാത്രയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ വിമർശനങ്ങളെ നേരിടേണ്ടിവന്നിട്ടും ഇടത് സർക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നൽകിയത്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പു ഫലം വച്ച് അളക്കാനാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ടു പോകുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയാറായിട്ടുണ്ട്, ഇനിയും തയാറാകും എന്ന ഉറപ്പാണ് നൽകുന്നത്. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല എൽഡിഎഫ് നടത്തുന്നതെന്ന് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം നോക്കിയാൽ വ്യക്തമാകും.
നാടിന്റെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവർ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. ന്യൂനപക്ഷങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ട്. അത് തിരിച്ചറിയാനാകണം.
നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയിൽ പ്രചരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മതനിരപേക്ഷ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും പങ്കുണ്ട്.
നാനാത്വത്തിൽ ഏകത്വം തച്ചുതകർക്കപ്പെടുന്ന ഇക്കാലത്ത് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Editorial
ന്യൂനപക്ഷവേട്ടയ്ക്കുള്ള നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെക്കുറിച്ച് ഇപ്പോഴല്ലെങ്കിൽ പിന്നെന്നാണ് നാം ആകുലപ്പെടേണ്ടത്! കേന്ദ്രസർക്കാരിൻ്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ ആശയങ്ങളെ പതിന്മടങ്ങ് ഹിംസാത്മകമാക്കുന്ന മതപരിവർത്തന നിരോധന ബില്ലുമായി ഒടുവിലിറങ്ങിയത് രാജസ്ഥാനാണ്.
ഭരണഘടനയുടെ മതസ്വാതന്ത്ര്യ ഉറപ്പുകളെ ചവിട്ടിമെതിച്ചാണ് ന്യൂനപക്ഷവിരുദ്ധ യുദ്ധപ്രഖ്യാപനം. ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്താം, മറിച്ചാകാൻ പാടില്ല. ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാരുകളുടെ കാർമികത്വത്തിലുള്ള വർഗീയതയല്ലെങ്കിൽ മറ്റെന്താണിത്? ക്രൈസ്തവരോ മുസ്ലിംകളോ മാത്രമാണോ വേവലാതിപ്പെടേണ്ടത്? വർഗീയതയും അക്രമോത്സുകതയും ഭീഷണിയും കുത്തിനിറച്ച ഈ നിയമങ്ങൾ പാർലമെന്റിലും കോടതികളിലും യഥോചിതം ചോദ്യം ചെയ്യപ്പെടാത്തത്, ഈ കിരാത നിയമത്തോളം ഭയജനകമായിരിക്കുന്നു.
രാജസ്ഥാനിൽ ചൊവ്വാഴ്ച ബിജെപി സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിൽ, ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, കൂട്ട മതപരിവർത്തനത്തിന് സ്വത്ത് കണ്ടുകെട്ടൽ എന്നിവയടക്കമുള്ള കടുത്ത ശിക്ഷകളാണുള്ളത്.
അതേസമയം, പൂർവികമതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയിൽനിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്. പൂർവികമതത്തിലേക്കുള്ള മടക്കമെന്നാൽ ‘ഘർ വാപ്പസി’ ആണെങ്കിൽ, ഹിന്ദുമതത്തിലേക്കല്ലാതുള്ള മതപരിവർത്തനങ്ങളെല്ലാം നിരോധിച്ചിരിക്കുന്നുവെന്നർഥം.
മതപരിവർത്തനത്തിനായി ഉപയോഗിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമവിരുദ്ധ മതപരിവർത്തനത്തിനായി നടത്തുന്ന വിവാഹങ്ങൾ റദ്ദാക്കാനും വകുപ്പുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ അവതരിപ്പിച്ച സമാനമായ ബില്ലിനു പകരം കൂടുതൽ കർക്കശമായ മറ്റൊന്നു കൊണ്ടുവരികയായിരുന്നു.
ഇതോടെ ഒഡീഷ, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, കർണാടക, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ 12 സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം നടപ്പായി.
ബില്ലിലെ അതീവ അപകടകരമായ മറ്റൊരു വകുപ്പ് ശ്രദ്ധിക്കാതെ പോകരുത്. ഈ നിയമത്തിനോ അതു പ്രകാരം സ്ഥാപിച്ച ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ അനുസൃതമായി, ‘സദുദ്ദേശ്യ’ത്തോടെ സ്വീകരിച്ച നടപടികളുടെ പേരിൽ ഏതെങ്കിലും അധികാരിക്കോ ഉദ്യോഗസ്ഥനോ പരാതിക്കാരനോ എതിരേ കേസോ പ്രോസിക്യൂഷനോ മറ്റ് നിയമനടപടികളോ ഉണ്ടാകില്ല.
അതായത്, നിയമം ദുരുപയോഗിച്ചാലും സദുദ്ദേശ്യത്തോടെയാണെന്ന ഒറ്റ മറുപടിയിൽ നിയമ പരിരക്ഷ ലഭിക്കും. വ്യക്തിവിദ്വേഷം തീർക്കാൻപോലും പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരേ മതനിന്ദ, പ്രവാചകനിന്ദ, ദൈവദൂഷണം തുടങ്ങിയ വ്യാജ ആരോപണങ്ങളെ ഉപയോഗിക്കുന്നതിന്റെ ഇന്ത്യൻ പതിപ്പ്! ട്രെയിനിലോ ബസിലോ പൊതു ഇടങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആശുപത്രികളിലോ ഉൾപ്പെടെ എവിടെയും അക്രമവും ആൾക്കൂട്ട വിചാരണകളും എളുപ്പമായി.
കന്യാസ്ത്രീകൾക്കു ജാമ്യം കിട്ടിയതൊക്കെ പഴങ്കഥയാകും. സംഘപരിവാർ ആൾക്കൂട്ടങ്ങളുടെ ‘സദുദ്ദേശ്യ’ത്തിന് നിയമ പരിരക്ഷയും! മതപരിവർത്തനങ്ങൾ നിർബന്ധിതമാണോയെന്ന് കംഗാരു കോടതികൾ തീരുമാനിക്കും.
ഉത്തർപ്രദേശിനെ മാതൃകയാക്കി അടുത്തയിടെ ഉത്തരാഖണ്ഡിൽ മതപരിവർത്തന നിരോധന നിയമത്തിൽ വരുത്തിയ ഭേദഗതി നടുക്കുന്നതാണ്. ഡിജിറ്റൽ മാർഗങ്ങളിലൂടെ ഉൾപ്പെടെ ഒരു തരത്തിലും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത്.
സമ്മാനങ്ങള്‍, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയവ മാത്രമല്ല; സ്വന്തം മതത്തെ മഹത്വവത്കരിക്കുന്നതുപോലും പ്രലോഭനങ്ങളായി കണക്കാക്കും. ഇ-മെയിലോ സമൂഹമാധ്യമങ്ങളോ വഴിയുള്ള സന്ദേശങ്ങള്‍ പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ബിജെപി സർക്കാരുകൾ ചുട്ടെടുക്കുന്ന ഇത്തരം നിയമങ്ങൾക്ക് പാർശ്വഗുണങ്ങളുമുണ്ട്. രാഷ്ട്രീയനേട്ടത്തിനുവേണ്ടി വർഗീയ വികാരങ്ങളെ കെടാതെ സൂക്ഷിക്കാം. ന്യൂനപക്ഷ വിരുദ്ധതയുടെ ഇന്ധനമാകേണ്ട വെറുപ്പും വിദ്വേഷവും നിഷ്കളങ്ക മനസുകളിലും കുത്തിവയ്ക്കാം. വർധിച്ചുവരുന്ന സന്പന്ന-ദരിദ്ര അന്തരങ്ങളെ മറന്നുറങ്ങാനുള്ള മയക്കുമരുന്നാക്കാം.
അതൊക്കെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യാനികൾ ഇത്ര കാലമായിട്ടും മൂന്നു ശതമാനം പോലുമില്ലല്ലോ, മതപരിവർത്തനമല്ല വിദ്യാഭ്യാസ-ആതുര ശുശ്രൂഷകളാണ് നടത്തുന്നത്, ഞങ്ങളല്ല അവരാണ് മതപരിവർത്തനം നടത്തുന്നത്... തുടങ്ങിയ മറുപടികളിലേക്ക് പലരും ഒതുങ്ങി.
സ്വന്തം ഇഷ്ടപ്രകാരം മതം മാറിയാൽ എന്താണു കുഴപ്പമെന്നു ചോദിക്കാൻ ഭരണഘടന നൽകിയ അവകാശങ്ങളെ ന്യൂനപക്ഷങ്ങൾതന്നെ കൈയൊഴിയുന്നു. ഭയം വ്യാപിച്ചു. ഭരണഘടനയുടെ 25-ാം വകുപ്പിൽ ഏതൊരു വ്യക്തിക്കും അവരുടെ ഇഷ്ടപ്രകാരം മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ടെന്നിരിക്കെ, പലയിടങ്ങളിലും ന്യൂനപക്ഷങ്ങൾക്കു മതചിഹ്നങ്ങളോ സന്യസ്തവേഷമോ ധരിച്ച് യാത്ര ചെയ്യാനാകുന്നില്ല.
ക്രിസ്മസും ഈസ്റ്ററുമൊക്കെ എങ്ങനെ ആചരിക്കണമെന്ന് ഹിന്ദുത്വ തിട്ടൂരമിറക്കുന്നു. ആരാധനാലയങ്ങളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുന്നു. വർഗീയസംഘങ്ങൾ നിയമം കൈയിലെടുക്കുന്പോൾ പോലീസും സർക്കാരും കാഴ്ചക്കാരായി നിൽക്കുന്നു. ഇതിനൊക്കെയുള്ള നിയമപരിരക്ഷയായിട്ടുണ്ട് മതപരിവർത്തന നിരോധന നിയമങ്ങൾ.
65,000 വർഷങ്ങൾക്കുമുന്‍പ് ആഫ്രിക്കയിൽനിന്നു ഹോമോസാപ്പിയൻസ് കുടിയേറുന്പോഴും ഇന്ത്യാ പ്രദേശത്ത് ആദിമനിവാസികളുണ്ടായിരുന്നു എന്നാണ് പുതിയ പഠനങ്ങൾ. കുടിയേറ്റക്കാരിൽ ഒരു വിഭാഗം, തങ്ങളാണ് യഥാർഥ ഇന്ത്യക്കാരെന്നും തങ്ങളുടേതാണ് പൂർവികമതം എന്നുമൊക്കെ അവകാശപ്പെടുന്ന മണ്ടത്തരങ്ങൾക്ക് ഒരു നരവംശശാസ്ത്ര ബലവുമില്ല. ആദിവാസികളും ദളിതരുമൊക്കെ ഹിന്ദുമതത്തിൽ പെട്ടവരാണെന്നതിന്റെ അയുക്തികൾ വേറെ. പക്ഷേ, വർഗീയതയ്ക്കെന്തു യുക്തി!
നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകൾ പോലെ, ഭരണഘടനയ്ക്കു സമാന്തരമായി മതഭരണം നടത്താനുള്ള നിയമനിർമാണ സഭകളുടെ ബൈപാസ് സർജറികളെ പ്രതിരോധിക്കാൻ സഭ ബഹിഷ്കരിക്കലും പ്രസ്താവനകളും മൗനജാഥകളും സൗഹൃദ സന്ദർശനങ്ങളും മതിയോയെന്ന് പ്രതിപക്ഷവും മതേതര പ്രസ്ഥാനങ്ങളും ന്യൂനപക്ഷ നേതൃത്വങ്ങളും ഇനിയെങ്കിലും ചിന്തിക്കണം.
ഹൈന്ദവരിലെ ന്യൂനപക്ഷമായ ഹിന്ദുത്വർക്കും ബിജെപിയുടെ പുകമറപ്പുരകളിൽ ഉണ്ടുറങ്ങുന്ന ന്യൂനപക്ഷ ഇടനിലക്കാർക്കും അവരുടെ കെണിയിലായ നിഷ്കളങ്കർക്കുമൊഴിച്ചാൽ ആർക്കാണ് മതേതരത്വ ഭരണഘടന വേണ്ടാത്തത്! 12 സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരേ വായ പിളർന്നു നിൽക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ തടയാൻ ഭരണഘടനയെ ഉയർത്തിപ്പിടിച്ചുള്ള നിയമനടപടികളാണ് ആവശ്യം. നിശ്ചയദാർഢ്യത്തോടെയുള്ള രാഷ്ട്രീയവും അനിവാര്യമായിരിക്കുന്നു. ആരെയാണു കാത്തിരിക്കുന്നത്?
Editorial
കേരളത്തിൽ മുസ്ലിം, ഈഴവ വിഭാഗങ്ങൾ സംവരണത്തിലൂടെ വലിയ സാമൂഹിക മുന്നേറ്റമുണ്ടാക്കിയെന്ന് പ്രഫഷണൽ കോളജുകളിലെയും വിവിധ സർക്കാർ സർവീസുകളിലെയും അവസ്ഥ പരിശോധിച്ചാൽ മനസിലാകും. ഈ മുന്നേറ്റമാണ് ഈ വർഷത്തെ സംസ്ഥാന മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന ലിസ്റ്റിലും വ്യക്തമാകുന്നത്.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനും സൗഹാർദത്തിൽ ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താനും ശ്രമിക്കുന്നവരുടെ കൈയിലെ പുതിയൊരു ആയുധമായിരിക്കുകയാണ് സംവരണേതര വിഭാഗങ്ങൾക്കുള്ള സംവരണമായ ഇഡബ്ല്യുഎസ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മാനദണ്ഡങ്ങൾക്കു വിധേയമായി 10 ശതമാനം സംവരണമേർപ്പെടുത്തി 103-ാം ഭരണഘടനാ ഭേദഗതിയുണ്ടായതുമുതൽ ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നുണ്ട്.
ഇപ്പോൾ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ ഇഡബ്ല്യുഎസ് സംവരണക്കാർ എന്തോ വലിയനേട്ടമുണ്ടാക്കുന്നു എന്നതരത്തിലുള്ള പ്രചാരണമാണ് ഉത്തരവാദിത്വപ്പെട്ട ചിലരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്നത്. ഇഡബ്ല്യുഎസ് സംവരണം വന്നതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല എന്ന യാഥാർഥ്യം അംഗീകരിക്കാതിരിക്കുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണെന്നു ന്യായമായും സംശയിക്കാം.
കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ പിന്നാക്ക സംവരണത്തിന് അർഹതയുള്ളവരും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുള്ളവരും തമ്മിൽ താരതമ്യം ചെയ്താൽ അന്തരത്തിന്റെ വ്യാപ്തി മനസിലാക്കാം. എട്ടു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള മുസ്ലിം, ഈഴവ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് മറ്റു നിബന്ധനകളൊന്നുമില്ലാതെ സംവരണം കിട്ടും. അവർക്ക് മാർക്കിലും വയസിലുമെല്ലാം ഇളവുണ്ട്.
ആഡംബര വീടോ വാഹനങ്ങളോ ഭൂമിയോ ഒന്നും തടസമല്ല. എന്നാൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് സംസ്ഥാനത്ത് സംവരണത്തിന് വരുമാനപരിധി നാലു ലക്ഷം രൂപയാണ്. കൂടാതെ, കൃഷിഭൂമിക്കടക്കം പരിധിയുമുണ്ട്. മാർക്കിലോ വയസിലോ ഒരിളവുമില്ല. ഈ രണ്ടു വിഭാഗങ്ങളിൽ ആരുടെ ജീവിത സാഹചര്യമാണ് പരിതാപകരമെന്ന് നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് ബോധ്യമാകും.
മുസ്ലിം, ഈഴവ അടക്കമുള്ള മറ്റു പിന്നാക്ക വിഭാഗങ്ങൾ കേരളത്തിൽ ജാതിവിവേചനമോ അവഗണനയോ അനുഭവിക്കുന്നുണ്ടോ? ഈ വിഭാഗങ്ങളിലെ എത്രയോ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളാണ് സംവരണാനുകൂല്യം പറ്റുന്നത്. ക്രൈസ്തവ, നായർ തുടങ്ങി സംവരണമില്ലാത്ത വിഭാഗത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ അതിദരിദ്രരായ എത്രയോ കുടുംബങ്ങളിലെ കുട്ടികളാണ് ഗത്യന്തരമില്ലാതെ അലയുന്നത്. മറ്റൊരു മതത്തിനുമില്ലാത്ത സംവരണാനുകൂല്യമാണ് കേരളത്തിൽ ഇസ്ലാം മതവിഭാഗത്തിനു ലഭിക്കുന്നത്. ഇത്തരത്തിലുള്ള സംവരണത്തിലെ അനീതി ചോദ്യംചെയ്യാൻ ധൈര്യമില്ലാത്തവരാണ് അതിദരിദ്രരായ ഇഡബ്ല്യുഎസ് വിഭാഗത്തെ ആക്ഷേപിക്കുന്നത്. ഇഡബ്ല്യുഎസിൽ വിവിധ മതവിഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്.
കേരളത്തിൽ മുസ്ലിം, ഈഴവ വിഭാഗങ്ങൾ സംവരണത്തിലൂടെ വലിയ സാമൂഹിക മുന്നേറ്റമുണ്ടാക്കിയെന്ന് പ്രഫഷണൽ കോളജുകളിലെയും വിവിധ സർക്കാർ സർവീസുകളിലെയും അവസ്ഥ പരിശോധിച്ചാൽ മനസിലാകും. ഈ മുന്നേറ്റമാണ് ഈ വർഷത്തെ സംസ്ഥാന മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന ലിസ്റ്റിലും വ്യക്തമാകുന്നത്. സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിൽ മുസ്ലിം വിഭാഗത്തിന്റെ കട്ട് ഓഫ് റാങ്ക് 916 ആകുമ്പോൾ ഇഡബ്ല്യുഎസ്കാരുടേത് 2,842 ആണ്. ഈ ലിസ്റ്റിൽ 387 മുസ്ലിംകൾ ഉൾപ്പെട്ടിട്ടുണ്ട്.
ഈഴവ വിഭാഗത്തിന്റെ കട്ട് ഓഫ് 1,627 ആണ്. 228 പേർ ഉൾപ്പെടുന്നു. ഇഡബ്ല്യുഎസ് വിഭാഗത്തിൽനിന്ന് 163 പേർ മാത്രമാണ് ഉൾപ്പെടുന്നത്. പട്ടികജാതിക്കാരുടെ കട്ട് ഓഫ് റാങ്ക് 14,160ഉം ഉൾപ്പെട്ടവരുടെ എണ്ണം 200ഉം ആണ്. പട്ടികവർഗത്തിന്റേത് യഥാക്രമം 24,188ഉം 33ഉം ആണ്. ഈ അവസ്ഥകൂടി പരിഗണിച്ചു നോക്കുമ്പോഴാണ് ഇഡബ്ല്യുഎസ് വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ കൂടുതൽ വ്യക്തമാകുന്നത്.
സംവരണത്തിന്റെ ആനുകൂല്യത്തിൽ പുരോഗതി കൈവരിച്ച വിഭാഗങ്ങൾക്ക് സംവരണം തുടരുന്നത് സമൂഹത്തിൽ വലിയ വിടവ് സൃഷ്ടിക്കും. പ്രത്യേകിച്ച് ഒരു മതവിഭാഗത്തിന് ഒന്നാകെ സംവരണം ലഭ്യമാക്കുമ്പോൾ. ഇത്തരമൊരവസ്ഥ സാമൂഹിക സന്തുലിതാവസ്ഥയെ അപകടത്തിലാക്കും. ‘കൈയൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന നിലയിലേക്ക് കാര്യങ്ങളെത്തും. കേരളത്തിൽനിന്ന് യുവജനങ്ങൾ വിദേശരാജ്യങ്ങളിലേക്കടക്കം കുടിയേറുന്നത് സംവരണത്തിന്റെ പരിണതഫലമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
കേരളത്തിന്റെ വളർച്ചയ്ക്കും അധഃസ്ഥിതരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വലിയ സംഭാവനകൾ നൽകിയ സമുദായങ്ങളെ അവഗണിക്കുന്നതും അനാവശ്യമായി പ്രതിസ്ഥാനത്തു നിർത്തുന്നതും നെറികേടാണ്. കേരളത്തിന്റെ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യങ്ങൾ ഗൗരവത്തിലെടുക്കണം. വിടുവായത്തം പറയുന്നവരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി കാട്ടണം. കേവലം പത്ത് വോട്ടിനുവേണ്ടി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുത്.
Leader Page
സർവകലാശാലകൾ രാഷ്ട്രീയപോരാട്ട വേദിയാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നവരോട് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ.ബി. പർദിവാല കൂപ്പുകൈകളോടെ അഭ്യർഥിച്ചു; മാനിഷാദ. കേരളത്തിലെ രണ്ട് സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിനുള്ള സുപ്രീംകോടതിയുടെ സെർച്ച് കമ്മിറ്റി സംബന്ധിച്ച പ്രഖ്യാപനം നടന്ന 11നായിരുന്നു സംഭവം. വിദ്യാർഥികളുടെ വിദ്യാഭ്യാസ സേവനങ്ങൾക്കായി രൂപീകരിച്ച ഉന്നതവിദ്യാപീഠങ്ങളിൽ ഇപ്പോൾ വീഴുന്നത് അവരുടെ ചോരയോ? സുപ്രീംകോടതിയുടെ ഇടപെടൽകൊണ്ട് കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വിസി ഉണ്ടായേക്കാമെങ്കിലും മറ്റു സർവകലാശാലകളിൽ ഇല്ല.
കേരളത്തിലെ സർവകലാശാലകളുടെ സർവകലാശാലയായ കേരള സർവകലാശാലതന്നെ എടുക്കുക. അവിടെ താത്കാലിക വൈസ് ചാൻസലറുടെ ഭരണം തുടങ്ങിയിട്ടു വർഷങ്ങളായി. ഇടതുപക്ഷക്കാരനായ രജിസ്ട്രാറെ, വൈസ് ചാൻസലർ സസ്പൻഡ് ചെയ്തതിനെത്തുടർന്നു നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിൽ വിദ്യാർഥികൾ വല്ലാതെ വലയുകയാണ്. ഡിഗ്രിക്കും പിജിക്കും ഉള്ള തുല്യതാ സർട്ടിഫിക്കറ്റ്, കോളജ് മാറ്റം, അന്തർ സർവകലാശാലാ മാറ്റം തുടങ്ങിയ ഫയലുകൾ വിസി ഒപ്പിടേണ്ടതുണ്ട്; നടക്കുന്നില്ല. സർവകലാശാലയുടെ സീൽ പഴയ രജിസ്ട്രാറുടെ പക്കലാണ്. നിയുക്ത രജിസ്ട്രാർ ഡോ. മിനി കാപ്പൻ ഒപ്പിട്ടാലും സീലില്ല. പഠനം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്ത വിദ്യാർഥികൾ നൂറുകണക്കിനാണ്. ദിവസവും 40 മുതൽ 60 വരെ സർട്ടിഫിക്കറ്റുകൾ പരീക്ഷാ വിഭാഗത്തിൽനിന്നു വിസിക്ക് അയയ്ക്കും. ചില ദിവസങ്ങളിലാണ് താത്കാലിക വിസി വരുന്നത്. ഒരു ദിവസം രണ്ടായിരത്തിലേറെ സർട്ടിഫിക്കറ്റുകൾ വിസി ഒപ്പിട്ടു. ഇനിയും കുമിഞ്ഞുകൂടിക്കിടക്കുന്നു. നാലുവർഷ ബിരുദത്തിൽ നടപ്പാക്കേണ്ട പലതും നടന്നില്ല.
ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡിക്ക് അർഹരായ 150 പേരുണ്ട്. നാലും അഞ്ചും വർഷം ചെലവാക്കിയവരാണ്. സിൻഡിക്കറ്റ് അംഗീകരിക്കാതെ പിഎച്ച്ഡി കിട്ടില്ല. മേയ് 27നു ശേഷം സിൻഡിക്കറ്റ് യോഗം നടന്നിട്ടില്ല. സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്ത 12 സർവകലാശാലകൾ വേറെയുമുണ്ട്. 2024 ഡിസംബറിൽ കേരള സർവകലാശാലയ്ക്ക് കേന്ദ്രത്തിന്റെ പിഎം ഉഷ പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസമികവ് കൈവരിക്കുന്നതിനു 100 കോടി രൂപ കിട്ടി. ഇതിൽ 75 കോടിയും അടിസ്ഥാനസൗകര്യ വികസനത്തിനാണ്. ചില്ലിക്കാശ് ചെലവാക്കിയില്ല. നാനൂറോളം കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റം നടന്നില്ല; ഇങ്ങനെ പലതുണ്ടു നടക്കാൻ.
ഇതിനിടെ, കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലറായി നിയമിക്കുന്നതിന് അർഹതയുള്ളവരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ സുപ്രീംകോടതി മുൻ സുപ്രീംകോടതി ജഡ്ജി സുധാംശു ധൂലിയയെ അധ്യക്ഷനാക്കി സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ സമിതി കൊടുക്കുന്ന ശിപാർശകൾ വിവാദമാകില്ലെന്ന് ആരു കണ്ടു. ഇപ്പോഴത്തെ വിധിയനുസരിച്ച് മുഖ്യമന്ത്രി ജയിച്ച മട്ടുണ്ട്. കാര്യങ്ങൾ നടന്നുകഴിയുന്പോൾ അറിയാം, ആരാണ് ജയിക്കുക എന്ന്. യുജിസി പ്രതിനിധി ഇല്ലാത്ത സെർച്ച് കമ്മിറ്റിയെ അവർ അംഗികരിക്കുമോ?
മനഃസാക്ഷി ഇല്ലാത്തവർ
സർവകലാശാലകൾകൊണ്ടു ജീവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലടിച്ച് സർവകലാശാലയുടെ പ്രവർത്തനം താറുമാറാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നതിൽ ഒരു കുറ്റബോധവും ഇല്ലാത്ത ഇടമായി മാറിയിരിക്കുകയാണ് കേരളം. 1986ലെ പ്രീഡിഗ്രി ബോർഡ് സമരകാലത്ത് വിദ്യാർഥികളുടെ ഉത്തരക്കടലാസ് നശിപ്പിച്ച് സമരം ജയിച്ച ഇടതു സംഘടനകൾ എത്ര വിദ്യാർഥികളുടെ ഭാവിയാണു തുലച്ചത്! എത്ര വിദ്യാർഥികളുടെ മനസിന്റെ സമനില തെറ്റിച്ചു! 1986ലെ സമരത്തിന്റെ ഭാഗമായി ഉത്തരക്കടലാസ് നഷ്ടപ്പെട്ടതുകൊണ്ട് പരീക്ഷാഫലത്തിൽ ഉണ്ടായ ക്രമക്കേടുമൂലം മനസിന്റെ സമനില തെറ്റിയ ഒരു മിടുക്കികുട്ടിയെയും മാതാപിതാക്കളെയും പിന്നീട് കണ്ടു. മാനസികരോഗ വിദഗ്ധന്റെയടുത്തും ധ്യാനകേന്ദ്രങ്ങളിലും കണ്ണീരോടെ അഭയം തേടുകയാണവർ.
വെള്ളാപ്പള്ളിയുടെ കോട്ടയം സങ്കടങ്ങൾ
വെള്ളാപ്പള്ളി നടേശന്റെ വർഗീയ വിഷംചീറ്റൽ വീണ്ടും വിഷയമായി. ക്രൈസ്തവസമൂഹത്തിന് കേരളത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമാണ് വെള്ളാപ്പള്ളിയെ അസ്വസ്ഥനാക്കുന്നത്. കേരളത്തിൽ 5,510 സർക്കാർ സ്കൂളുകളും 8,062 എയ്ഡഡ് സ്കൂളുകളും 1,454 അംഗീകൃത സ്കൂളുകളുമുണ്ട്. അവയിൽ വലിയ സംഖ്യ ക്രൈസ്തവ വിദ്യാലയങ്ങളാണ്. അത് ഒരു സർക്കാരിന്റെയും ഒത്താശകൊണ്ട് ഉണ്ടായതല്ല. ഇന്ന് വിദ്യാലയങ്ങളുടെ കണക്കു പറയുന്നവർക്ക് അക്ഷരം അറിയാതിരുന്ന കാലത്ത് ക്രൈസ്തവർ ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ടുണ്ടായതാണത്. 1977ൽ കേരളത്തിലെ 99.7 ശതമാനം ഗ്രാമങ്ങളിലും രണ്ടു കിലോമീറ്ററിനുള്ളിൽ പ്രൈമറി സ്കൂളായി. 98.6 ശതമാനം ഗ്രമങ്ങളിലും മിഡിൽ സ്കൂളായി. അഞ്ചു കിലോമീറ്ററിനുള്ളിൽ ഹൈസ്കൂളായി. 1991ൽ സന്പുർണ സാക്ഷരതയുണ്ടായതും ക്രൈസ്തവ വിദ്യാലയങ്ങൾ ഉണ്ടായതുകൊണ്ടാണ്.
വെള്ളാപ്പള്ളിയുടെ സമൂഹത്തിൽപ്പെട്ടവർക്ക് സ്കൂൾ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് അവരടക്കമുള്ളവർക്കു പഠിക്കാൻ സ്ഥാപനങ്ങൾ ആരംഭിച്ചവരാണ് ക്രൈസ്തവർ. ഭാരതത്തിന്റെ രാഷ്ട്രപതിയായി ഉയർന്ന കെ.ആർ. നാരായണനെപ്പോലുള്ളവർ പഠിച്ചത് ഇത്തരം സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ്. അതു സർക്കാർ ചെലവിലായിരുന്നില്ല. ബാസൽ മിഷൻ 1800ൽ മലബാറിൽ വിദ്യാലയങ്ങൾ തുടങ്ങി. അതുകൊണ്ട് എല്ലാ സമുദായങ്ങളിലും പെട്ടവർ സാക്ഷരരായി. 1900 ആയപ്പോഴേക്കും ബാസൽ മിഷൻ നടത്തുന്ന വിദ്യാലയങ്ങളുടെ എണ്ണം 257 ആയി.
സിഎംഎസ് സഭയ്ക്ക് 351 സ്ഥാപനങ്ങളായി. ചർച്ച് മിഷനറി സൊസൈറ്റിയും ലണ്ടൻ മിഷനറി സൊസൈറ്റിയും 19-ാംനൂറ്റാണ്ടിൽ തെക്കൻ കേരളത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. കോട്ടയത്തും മാവേലിക്കരയിലും തിരുവല്ലയിലും വിദ്യാലയങ്ങൾ സ്ഥാപിച്ചു.
1819ൽ പെണ്‍കുട്ടികൾക്കായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ ആരംഭിച്ചു. 1840കളിൽ മാർത്തോമ്മാ സഭയും ഈ രംഗത്തു വന്നു. കത്തോലിക്കാ സഭ പള്ളിയോടൊപ്പം പള്ളിക്കൂടം ഉണ്ടാകണമെന്ന് ശഠിച്ചത് ക്രൈസ്തവരെ മാത്രം പഠിപ്പിക്കാനായിരുന്നില്ല.
ഇക്കാലത്തൊന്നും എസ്എൻഡിപിയോ എൻഎസ്എസോ എംഇഎസോ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് എന്നല്ല, കേരളത്തിൽതന്നെ ഉണ്ടായിരുന്നില്ല.1903ലാണ് ഡോ. പൽപ്പു എസ്എൻഡിപി സ്ഥാപിച്ചത് 1914ലാണ് എൻഎസ്എസ് ഉണ്ടാകുന്നത്. 1964ലാണ് എംഇഎസ് ഉണ്ടാകുന്നത്. ക്രൈസ്തവ വിദ്യാലയങ്ങൾ ഏറ്റെടുക്കാൻ പല സർക്കാരുകളും പരിശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരും 1957ലെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയും ഈ ദിശയിൽ ഏറെ പരിശ്രമിച്ചവരാണ്. 1958ലെ വിദ്യാഭ്യാസനിയമം അങ്ങനെ ഉണ്ടായതാണ്. ആ നിയമം, സ്കൂൾ വിദ്യാഭ്യാസത്തിന് കൃത്യമായ ഘടനയുണ്ടാക്കി. എയ്ഡഡ് സ്കൂൾ അധ്യാപകർക്കു സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. 1972 മുതൽ കോളജ് അധ്യാപകർക്കും സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. അതോടെ നിയമന കച്ചവടവും കണക്കുകളും ഉണ്ടായി.
സ്ഥാപനങ്ങൾ കുറഞ്ഞതിൽ വെള്ളാപ്പള്ളിയുടെ സങ്കടത്തിനു കാരണം അതാണെന്നതല്ലേ സത്യം. സിപിയോട് അടക്കമുള്ള അധികാരീ വൃന്ദത്തോടു ചേർന്നുനിന്ന് കാര്യങ്ങൾ സാധിച്ച ചരിത്രമുള്ള സംഘടനയാണ് എസ്എൻഡിപി.
ജാതിക്കണക്കുകൾ
2011ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനങ്ങളിൽ 56.7 ശതമാനം ഹിന്ദുക്കളുണ്ട്. 23 ശതമാനമണ് ഈഴവർ. മുസ്ലിംകൾ 26 ശതമാനം. ക്രൈസ്തവർ 18.4 ശതമാനം. 23 ശതമാനമുള്ള ഈഴവ സമൂഹത്തിൽ പെട്ടതാണ് മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരും. 26 ശതമാനമുള്ള മുസ്ലിം സമൂഹത്തിൽ നിന്നുള്ളത് രണ്ടു മന്ത്രിമാർ. ക്രൈസ്തവർ മൂന്ന്. ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ മുസ്ലിം മന്ത്രിമാരുടെ എണ്ണം ആറെങ്കെിലും ആകും. ഈഴവ സമൂഹത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം കുറയും. കാരണം, കോണ്‍ഗ്രസ് എംഎൽഎമാരിൽ ഈഴവർ കുറവായിരിക്കും. ഇതെല്ലാം സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമാണ്.
Editorial
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, വിദ്യാഭ്യാസ കമ്മീഷൻ... ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവൽപ്പുരകൾ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവമാണ് ഡൽഹിയിൽ. തങ്ങൾ കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നു മറക്കുന്നു കേന്ദ്രസർക്കാർ.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ഡൽഹി ലോധി റോഡിലെ ഒരു കെട്ടിടമായി മാറി. ഒന്നൊന്നായി അധ്യക്ഷനും ആറ് അംഗങ്ങളും വിരമിക്കുകയും പകരം ആരെയും നിയമിക്കാതിരിക്കുകയും ചെയ്തതോടെ കമ്മീഷൻ നിശ്ചലമായി; ഒരു ദയാവധത്തിനൊടുവിലെന്നപോലെ.
ന്യൂനപക്ഷങ്ങളുടെ കാര്യമായതുകൊണ്ട് അതൊരു അനീതിയായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനു തോന്നിയിട്ടുണ്ടാകില്ല. പക്ഷേ, ന്യൂനപക്ഷങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. തങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെട്ടെന്ന തോന്നലുണ്ട്. ഒരു ചേർത്തുനിർത്തലിന്റെ ഭാഗമായി കമ്മീഷനെ സജീവമാക്കിയാൽ അതൊരു ‘രാജധർമം’ പാലിക്കലാകും.
കഴിഞ്ഞ ഏപ്രിൽ 12നാണ് കാലാവധി പൂർത്തിയായതോടെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇക്ബാൽ സിംഗ് ലാൽപുര വിരമിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ 2020 മാർച്ചിൽ വിരമിച്ചതിനുശേഷം ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടായിരുന്നേയില്ല.
മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളിൽനിന്ന് ഓരോരുത്തരും ഹിന്ദു ഉൾപ്പെടെ ഏതെങ്കിലും സമുദായത്തിൽനിന്ന് ഒരാളുമാണ് കമ്മീഷനിൽ ഉണ്ടായിരിക്കേണ്ടത്. കമ്മീഷന്റെ വെബ്സൈറ്റിൽ ഈ അംഗങ്ങളുടെ ഫോട്ടോയും പേരുവിവരങ്ങളും കാണേണ്ടിടത്ത് കാലിയായ ഏഴു കോളങ്ങളാണ് ഇപ്പോഴുള്ളത്.
അങ്ങനെ, ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റീസ് ആക്റ്റ് 1992 പ്രകാരം അർധജുഡീഷൽ അധികാരങ്ങളോടെ 1993ൽ സ്ഥാപിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഫലത്തിൽ പ്രവർത്തനരഹിതമായി. അതൊരു സ്വാഭാവിക പരിണാമം ആയിരുന്നില്ല. വർഷങ്ങളായി ഓരോ അംഗവും വിരമിച്ചപ്പോഴൊക്കെ കേന്ദ്രസർക്കാരിനോട് ന്യൂനപക്ഷങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. അർഥഗർഭമായ നിശബ്ദതയായിരുന്നു ഫലം.
2017ൽ അധ്യക്ഷനും മിക്ക അംഗങ്ങളുമില്ലാതെ മാസങ്ങളോളം തുടർന്നു. ഒടുവിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടതിനുശേഷമാണ് പേരിനു നിയമനം നടത്തിയത്. ഇപ്പോൾ ഒരംഗവുമില്ലാത്ത കമ്മീഷൻ, ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിന്റെ നേർക്കാഴ്ചയായി. പ്രതിസന്ധിയുടെ കാലത്ത്, ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം നിരായുധീകരിക്കാൻ ലഭ്യമായ മാർഗങ്ങളെല്ലാം ഉപയോഗിക്കുന്നതുപോലെ!
ഇതുതന്നെയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെയും അവസ്ഥ. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ആ സംവിധാനവും നിർവീര്യമാക്കിക്കഴിഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള മറ്റൊരു അർധജുഡീഷൽ സ്ഥാപനമാണത്.
ചെയർമാനും മൂന്നംഗങ്ങളുമാണ് ഇതിൽ ഉണ്ടായിരിക്കേണ്ടത്. 2023 സെപ്റ്റംബറിൽ അധ്യക്ഷൻ റിട്ട. ജസ്റ്റീസ് നരേന്ദർ കുമാർ ജയിൻ വിരമിച്ചു. പിന്നെ നിയമനം നടത്തിയിട്ടില്ല. ഷാഹിദ് അക്തർ മാത്രമാണ് രണ്ടു വർഷമായി ഏക അംഗം. ന്യൂനപക്ഷ കമ്മീഷന്റെ സ്ഥിതി വച്ചാണെങ്കിൽ അക്തർ വിരമിക്കുന്നതോടെ വിദ്യാഭ്യാസ കമ്മീഷന്റെ വിധിയും മറ്റൊന്നായിരിക്കില്ല.
രാജ്യത്തു പലയിടത്തും സംഘപരിവാർ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ബിജെപി നേതാക്കളും എംപിമാരും എംഎൽഎമാരും അവർക്കെതിരേ നാത്സികളെ ഓർമിപ്പിക്കുന്നവിധം വിദ്വേഷപ്രചാരണം ആവർത്തിക്കുകയും ബിജെപി സർക്കാരുകൾ കാഴ്ചക്കാരാകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.
ന്യൂനപക്ഷ കമ്മീഷൻ ഉണ്ടെങ്കിൽ ഇതെല്ലാമങ്ങു തടയപ്പെടുമെന്നു രാജ്യത്താരും കരുതുന്നില്ലെങ്കിലും, സർക്കാർ നോമിനികളായ അംഗങ്ങൾ അത്ര സ്വതന്ത്രരായിരിക്കില്ലെന്ന് അറിയാമെങ്കിലും, പരാതി പറയാൻ ന്യൂനപക്ഷങ്ങൾക്ക് ഒരു മേൽവിലാസമെങ്കിലും ഉണ്ടായിരുന്നു. അതാണില്ലാതാകുന്നത്.
എത്ര ദുർബലമാണെങ്കിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്പോൾ കമ്മീഷനു പേരിനെങ്കിലും ഇടപെടേണ്ടിവരും. അതിന്റെ നിഗമനങ്ങൾ പാർലമെന്റിലും കോടതിയിലും റഫർ ചെയ്യപ്പെടും. നൂറു ശതമാനം നീതി പുലർത്തിയില്ലെങ്കിലും നൂറു ശതമാനം അനീതി പുലർത്താൻ ഈ രാജ്യത്തെ ജനാധിപത്യവും ജനതയും ഉള്ളിടത്തോളം ഒരു കമ്മീഷനും കഴിയില്ല.
യുപിഎ സർക്കാരുകളാണ് ന്യൂനപക്ഷ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകൾ സ്ഥാപിച്ചത്. പക്ഷേ, ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഒരു ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യമില്ലെന്ന് അവർക്കു തോന്നി. പതിറ്റാണ്ടുകൾക്കിടെ ന്യൂനപക്ഷങ്ങൾ ഇത്ര അരക്ഷിതരായ കാലം ഉണ്ടായിട്ടുമില്ല.
അതിനിടെയാണ് ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവൽപ്പുരകൾ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവം ഡൽഹിയിൽനിന്നു കേൾക്കുന്നത്. തങ്ങൾ കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നു കേന്ദ്രസർക്കാർ മറന്നിട്ടു കുറെയായി; കേരളത്തിലെ ബിജെപി നേതാക്കളെങ്കിലും ഓർമിപ്പിക്കണം.