National
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനുശേഷം ആർഎസ്എസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്.
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി പൊതുജനങ്ങളിൽനിന്നും ഭക്തരിൽ നിന്നും ശേഖരിച്ച ഫണ്ടിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടന്നെന്ന കേസ് രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) കനത്ത പ്രഹരമാകുന്നു. സംഘടന രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ ആളിക്കത്തിയ അഴിമതിയാരോപണവും ലോകമെന്പാടുമുള്ള ഹിന്ദുസമൂഹത്തിൽനിന്നും വിശ്വാസകളിൽനിന്നും ഉയർന്ന എതിർപ്പും ആർഎസ്എസിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുന്നു.
1948-ൽ മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്നു നേരിടേണ്ടി വന്ന പ്രതിസന്ധിക്കുശേഷം സംഘടനയുടെ പ്രതിച്ഛായയ്ക്കും വിശ്വാസ്യതയ്ക്കും ഏൽക്കുന്ന ഏറ്റവും കനത്ത ആഘാതമായാണ് ഇപ്പോൾ അരങ്ങേറുന്ന അയോധ്യ സംഭവങ്ങളെ നോക്കിക്കാണുന്നത്. ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.
വിഷയത്തിൽ ജനരോഷവും ശക്തമാകുന്നതിനിടെ, പ്രതിരോധം തീർക്കാൻ ശ്രീരാമ ജന്മഭൂമി സേവാ സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്താനിരുന്ന നിർണായക വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. അരുന്ധതി ഭവനിൽ നടത്താനിരുന്ന വാർത്താസമ്മേളനം നിഷേധിച്ചത്തിനിടെത്തുടർന്ന് ഫൈസാബാദിൽ വാർത്താ സമ്മേളനത്തിനായി ശ്രമിച്ചെങ്കിലും അധികൃതർ അനുവാദം നൽകിയില്ല. ഇത് ആർഎസ്എസ് നേരിടുന്ന രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്നു.
വിഷയത്തിൽ ഉത്തർപ്രദേശിൽ വൻ രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. വിഷയം ജനങ്ങളിലെത്തിക്കാൻ അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കാനും പ്രതിഷേധിക്കാനും പുറപ്പെട്ട ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ പോലീസ് വീട്ടുതടങ്കലിലാക്കി. പ്രതിപക്ഷ നേതാക്കളുടെ നീക്കങ്ങൾ തടയാൻ വലിയ പോലീസ് സന്നാഹമാണ് അയോധ്യയിലും പരിസരപ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നത്.
ആഗോളതലത്തിൽ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാൻ ആർഎസ്എസ് ഉയർത്തിക്കാട്ടിയ രാമക്ഷേത്ര നിർമാണം, ഇപ്പോൾ കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ നിഴലിലായത് സംഘടനയുടെ സുതാര്യതയെയും ധാർമികതയെയും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആയോധ്യ തട്ടിപ്പു കേസ് ദേശീയ രാഷ്ട്രീയത്തിൽ വലിയ ഭൂകന്പങ്ങൾക്കു വഴിവച്ചേക്കും.
National
ന്യൂഡൽഹി: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിന് മറുപടി നൽകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
സംഘടന രജിസ്റ്റർ ചെയ്യണമെന്നും സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെയുള്ളവ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ കത്ത്. എന്നാൽ ഇത് വെറും രാഷ്ട്രീയം മാത്രമാണെന്നും ഇത്തരം ഗിമ്മിക്കുകൾ ശീലിച്ചവർക്ക് മുന്നിലാണ് ഇവയൊക്കെ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
തങ്ങൾക്ക് ഇത്തരം കാര്യങ്ങളെല്ലാം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇതിനകം തന്നെ സംഘടന ഇവ ശീലിച്ചു കഴിഞ്ഞതാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഒന്നും നടക്കാതിരുന്നാൽ എന്തോ കുറവുള്ളതുപോലെയാണ് തങ്ങൾക്ക് തോന്നാറുള്ളതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആർഎസ്എസ് പരസ്യമായാണ് പ്രവർത്തിക്കുന്നതെന്നും ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. "രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഹിന്ദു മതം രജിസ്റ്റർ ചെയ്തിട്ടില്ല, പല കാര്യങ്ങളും രജിസ്റ്റർ ചെയ്തിട്ടില്ല.' അദ്ദേഹം പറഞ്ഞു.
സർക്കാരിൽ നിന്ന് ഫണ്ട് കൈപ്പറ്റാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് രജിസ്ട്രേഷൻ ആവശ്യം. എന്നാൽ ആർഎസ്എസിന്റെ കാര്യത്തിൽ, സംഘടന അവിടെ ഉണ്ടെന്ന കാര്യം സർക്കാരിന് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണകാലത്ത് ജനവികാരമായാണ് സംഘം ആരംഭിച്ചത്. "സർക്കാർ ഞങ്ങളെ രണ്ടുതവണ നിരോധിച്ചു. പിന്നീട് ആ നിരോധനം നീക്കി. ഒരിക്കൽ കോടതി ഉത്തരവിലൂടെയും മറ്റൊരിക്കൽ സത്യാഗ്രഹത്തിലൂടെയും. അതുകൊണ്ട് സർക്കാരിന് ഞങ്ങളെക്കുറിച്ച് അറിയാം. ആർഎസ്എസിനെ നിരോധിച്ചു എന്നതിനർഥം ആർഎസ്എസ് അവിടെയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു എന്നാണ്. ആർഎസ്എസ് അംഗീകരിക്കപ്പെട്ടതാണ്.'- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 100 വർഷമായി രജിസ്റ്റർ ചെയ്യണമെന്ന് തങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ എഴുതപ്പെട്ട ഭരണഘടന സർക്കാരിന്റെ പക്കലുണ്ട്. 1950-കളിൽ തന്നെ അത് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആർഎസ്എസ് 100 വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രിയങ്ക് ഖാർഗെ കത്തിലൂടെ ശക്തമായ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. 60,000-ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരും ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടന, സുതാര്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്' എന്ന് ഖാർഗെ കത്തിൽ വ്യക്തമാക്കിയിരുന്നു.
National
പാറ്റ്ന: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ബിഹാറിലെ ഹാജിപൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം.
ട്രെയിൻ ഹാജിപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് അജ്ഞാതരായ ചിലർ ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ട്രെയിനിലെ ഒരു കോച്ചിന്റെ ജനൽച്ചില്ല് തകർന്നിട്ടുണ്ട്.
ഡൽഹിയിൽനിന്ന് ജൽപായ്ഗുരിയിലേക്ക് പോയ ശതാബ്ദി എക്സ്പ്രസ് ട്രെയിനിലാണ് ആർഎസ്എസ് മേധാവി സഞ്ചരിച്ചിരുന്നത്. ട്രെയിനിലെ ഇ-1 കോച്ചിലാണ് മോഹൻ ഭഗവത് ഉണ്ടായിരുന്നത്. എന്നാൽ ഈ കോച്ചിന്റെ ചില്ലാണോ തകർന്നതെന്ന് വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ ആർപിഎഫും ലോക്കൽ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താൻ റെയിൽവേ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
National
മുംബൈ: പ്രായാധിക്യത്തിലും തുടരാനാണ് ആർഎസ്എസ് ആവശ്യപ്പെട്ടതെന്നും സംഘടന നിർദേശിച്ചാൽ എപ്പോൾവേണമെങ്കിലും അധ്യക്ഷപദവി ഒഴിയാൻ തയാറാണെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ആർഎസ്എസ് അധ്യക്ഷൻ ഒരു ഹിന്ദു ആയിരിക്കണം. ജാതി ഏതാണെന്നോ സമുദായ പരിഗണനയോ നോക്കിയല്ല, പ്രവർത്തനം വിലയിരുത്തിയാണ് സ്വയം സേവകന് പദവികൾ ലഭിക്കുന്നത്.
പ്രാദേശിക, ഡിവിഷണൽ അധ്യക്ഷന്മാരാണ് സർസംഘചാലകിനെ തെരഞ്ഞെടുക്കുന്നത്. 75 വയസു കഴിഞ്ഞവർ സംഘടനയിൽ പദവികളൊന്നുമില്ലാതെ തുടരുകയാണ് പതിവെന്നും ആർഎസ്എസിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് മോഹൻ ഭാഗവത് പറഞ്ഞു.
അതേസമയം, ആർഎസ്എസ് ആരംഭിച്ചതുമുതൽ ബ്രാഹ്മണ സമുദായത്തിൽനിന്നുള്ളവരാണ് ഉന്നത പദവി അലങ്കരിക്കുന്നത്. അടുത്ത അധ്യക്ഷൻ പട്ടികജാതി പട്ടിക വർഗത്തിൽനിന്നുള്ള ആളാണോ എന്നു പറയാൻ കഴിയില്ല. അത് തെരഞ്ഞെടുക്കുന്നവരുടെ പരിഗണനയാണ്. അവസാന തുള്ളി രക്തം പൊടിയുന്നതുവരെ സംഘടനയുടെ വോളന്റിയർ ആയി തുടരണം. റിട്ടയർമെന്റ് എന്നൊന്ന് ആർഎസ്എസിന്റെ ചരിത്രത്തിൽ ഇല്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് അല്ല സംഘത്തിന്റെ ആശയമാധ്യമം. ആ ഭാഷയോട് വിദ്വേഷമില്ല. ദക്ഷിണഭാരതത്തിലുള്ള പലർക്കും ഹിന്ദി അറിഞ്ഞുകൊള്ളണമെന്നില്ല. അതിനാൽ അവരുടെ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ മറുപടി പറയേണ്ടിവരും. ഏതെങ്കിലും മതത്തെ ലക്ഷ്യംവച്ചല്ല സംഘത്തിന്റെ പ്രവർത്തനം. ഭൂമിശാസ്ത്രപരമായാണ്. ഒരു പ്രദേശത്ത് ആയിരം പേരുണ്ടെങ്കിൽ അവിടെ പ്രവർത്തനം ആരംഭിക്കും. അതിനാൽ എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യമുണ്ടാകും.
അഴിമതിക്കെതിരേ ശക്തമായ നിലപാടാണ് സംഘത്തിനുള്ളത്. അഴിമതി ആളുകളുടെ മനസിലാണ്. അത് സിസ്റ്റത്തിന്റെ ഭാഗമല്ല. ചിലർ സിസ്റ്റത്തെ അഴിമതിയിലാക്കും. ചിലർ സിസ്റ്റത്തെ പരിപോഷിപ്പിക്കാൻ ശ്രമിക്കും -മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
National
കോല്‍ക്കത്ത: ലിവ് ഇന്‍ ബന്ധങ്ങളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്.
വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യാസികളാകുന്നതാണു നല്ലതെന്നും കോൽക്കത്തയിൽ ആർഎസ്എസ് ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
കുടുംബം, വിവാഹം എന്നതു ശാരീരികസംതൃപ്തിക്കുവേണ്ടി മാത്രമല്ല. സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നു പഠിക്കാനുള്ള ഒരു സംവിധാനമാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപാരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു.
19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്‍കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.