Kerala
കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര മുൻ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്.
"മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കും' എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു.
ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
District News
നാദാപുരം: വളയത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. വളയം കല്ലുനിര സ്വദേശി ചേണികണ്ടിയില്‍ രജീഷി (41) നാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഏഴു മണിയോടെ കല്ലുനിരയില്‍ നിന്ന് നാദാപുരത്തെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ വളയം ടൗണിന് സമീപം കോമ്പിയില്‍ വച്ചാണ് കാട്ടുപന്നി അക്രമിച്ചത്. ബൈക്കില്‍നിന്ന് തെറിച്ച് വീണ രജീഷിന്റെ കൈക്കും കാലിനും പരിക്കേറ്റു. രജീഷ് വളയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ബൈക്കിനും കേടുപാട് സംഭവിച്ചു.
കഴിഞ്ഞ ദിവസം നാദാപുരം ടൗണില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിലങ്ങാട് സ്വദേശി ഫ്രാന്‍സിസിന് തലക്കും കൈക്കും പരിക്കേറ്റിരുന്നു.
District News
നാദാപുരം: ഉപജില്ലാ കലോത്സവത്തിനിടെ നാദാപുരത്ത് വിദ്യാര്‍ഥികള്‍ നടുറോഡില്‍ ഏറ്റുമുട്ടി. പോലിസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാദാപുരം ടൗണിനോട് ചേര്‍ന്ന വ്യാപാര സമുച്ഛയത്തിലും സംസ്ഥാന പാതയിലും ചേരിതിരിഞ്ഞ് പോര് വിളികളുമായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത് ഭീതി പരത്തി. രണ്ട് ഭാഗത്തുമായി 100 ഓളം വരുന്ന വിദ്യാര്‍ഥികളാണ് പോര്‍വിളികളുമായി തമ്മിലടിച്ചത്.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശിയും നാട്ടുകാര്‍ ഇടപെട്ടുമാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. മൂന്നു വര്‍ഷം മുമ്പ് പേരോട് സ്കൂളില്‍ പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കുടിപ്പകയാണ് കലോത്സവ നഗരിയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചത്.
സംഘട്ടനത്തില്‍ പലര്‍ക്കും പരിക്കേറ്റെങ്കിലും ആരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. റോഡില്‍ തല്ല് അരങ്ങേറിയതോടെ സംസ്ഥാന പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
സമീപ കാലത്ത് നാദാപുരം ടൗണിലും പരിസരങ്ങളിലും വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്. നാദാപുരത്ത് ടര്‍ഫില്‍ നിന്നും വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുണ്ടാക്കിയതിന് നേരത്തെ നാദാപുരം പോലീസ് കേസെടുത്തിരുന്നു.
District News
നാദാപുരം: കൂത്തുപറമ്പ് എസിപി എം.പി. ആസാദിന് പൊന്‍തൂവലായി ഗൃഹമന്ത്രി ദക്ഷത പതക് പുരസ്കാരം. വാണിമേല്‍ സ്വദേശി മരുതേരിപൊയില് എം.പി. ആസാദ് വെള്ളിയാഴ്ച കൂത്തുപറമ്പ് എസിപിയായി ചുമതലയേറ്റ് ഉച്ചയോടെയാണ് ദക്ഷത പതക് ലഭിച്ച സന്ദേശം ലഭിച്ചത്. കാഞ്ഞങ്ങാട്ടെ ബാലികാപീഡനക്കേസില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടറായിരിക്കെ നടത്തിയ അന്വേഷണ മികവിനാണ് എം.പി.ആസാദിന് പുരസ്കാരം.
കഴിഞ്ഞവര്‍ഷം മേയിലായിരുന്നു കാഞ്ഞങ്ങാട്ടെ ബാലികാപീഡനക്കേസ്. പ്രതി കുടക് സ്വദേശി പി.എ. സലീമിനെ ഹോസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്സോ കോടതി ജീവിതാവസാനം വരെ ജയില്‍വാസത്തിന് ശിക്ഷിച്ചിരുന്നു. പ്രതിയെ ഒന്പതാംനാള് അറസ്റ്റുചെയ്യുകയും 39-ാം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ അന്ന് അവിടെ ഇന്‍സ്പക്ടറായിരുന്ന ആസാദ് 35-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ആ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്. 2003ല്‍ എറണാകുളത്ത് ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ആസാദ് 2004ലാണ് എസ്ഐ ആയത്. തളിപ്പറമ്പ്, കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, കാഞ്ഞങ്ങാട്, തലശേരി, പാനൂര്‍, വടകര എന്നീ സ്റ്റേഷനുകളില്‍ എസ്ഐ ആയിരുന്നു. 2014ല്‍ ഇന്‍സ്പെക്ടറായും 2024ല്‍ ഡിവൈഎസ്പിയായും സ്ഥാനക്കയറ്റം ലഭിച്ചു.
കുടിയാന്മലയിലെ വ്യാജവാറ്റിനെതിരേ നാട്ടുകാരോടൊപ്പം ചേര്‍ന്ന് പ്രദേശത്തെ മദ്യവിമുക്തമാക്കിയതിന് വകുപ്പില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഏറെ പ്രശംസ നേടിയിരുന്നു. നാട്ടുകാര്‍ സ്നേഹ സൂചകമായി പ്രദേശത്തെ റോഡിന് ആസാദ് റോഡ് എന്ന് നാമകരണം ചെയ്തിരുന്നു.
രണ്ടു തവണ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍, കമന്റേഷന്‍ അവാര്‍ഡ്, മുഖ്യമന്ത്രിയുടെ അവാര്‍ഡ്, കേന്ദ്ര മന്ത്രിയുടെ അവാര്‍ഡ്, 65 പ്രശംസാപത്രങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്. 125 ഓളം ഗുഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. പരേതരായ കുഞ്ഞിപ്പറമ്പത്ത് മൊയ്തുവിന്റെയും മറിയത്തിന്റെയും മകനാണ് എം.പി. ആസാദ്. ഭാര്യ: ജസ്ല. മക്കള്‍: ഈസ എം. ആസാദ്, മുഹമ്മദ് എം. ആസാദ്.