നാദാപുരം ഉപജില്ല കലോത്സവത്തിനിടെ വേദിക്ക് സമീപം റോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍.
നാദാപുരം: ഉപജില്ലാ കലോത്സവത്തിനിടെ നാദാപുരത്ത് വിദ്യാര്‍ഥികള്‍ നടുറോഡില്‍ ഏറ്റുമുട്ടി. പോലിസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാദാപുരം ടൗണിനോട് ചേര്‍ന്ന വ്യാപാര സമുച്ഛയത്തിലും സംസ്ഥാന പാതയിലും ചേരിതിരിഞ്ഞ് പോര് വിളികളുമായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത് ഭീതി പരത്തി. രണ്ട് ഭാഗത്തുമായി 100 ഓളം വരുന്ന വിദ്യാര്‍ഥികളാണ് പോര്‍വിളികളുമായി തമ്മിലടിച്ചത്.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശിയും നാട്ടുകാര്‍ ഇടപെട്ടുമാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. മൂന്നു വര്‍ഷം മുമ്പ് പേരോട് സ്കൂളില്‍ പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കുടിപ്പകയാണ് കലോത്സവ നഗരിയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചത്.
സംഘട്ടനത്തില്‍ പലര്‍ക്കും പരിക്കേറ്റെങ്കിലും ആരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. റോഡില്‍ തല്ല് അരങ്ങേറിയതോടെ സംസ്ഥാന പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
സമീപ കാലത്ത് നാദാപുരം ടൗണിലും പരിസരങ്ങളിലും വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്. നാദാപുരത്ത് ടര്‍ഫില്‍ നിന്നും വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുണ്ടാക്കിയതിന് നേരത്തെ നാദാപുരം പോലീസ് കേസെടുത്തിരുന്നു.