National
ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തരിൽ നിന്നും ലഭിച്ച സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും വകമാറ്റി തട്ടിപ്പ് നടത്തിയെന്ന കേസിൽ എഫ്ഐആറിൽ ഉൾപ്പെട്ട എട്ട് പ്രതികളെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാമജന്മഭൂമി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തത്.
എഫ്ഐആറിൽ പേരുള്ള എട്ട് പ്രതികളും ക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്നുള്ള പണവും മറ്റ് വസ്തുക്കളും എണ്ണുന്ന പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരാണ്.
ക്ഷേത്രത്തിലെ പണം എണ്ണുന്ന പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എട്ട് ജീവനക്കാരാണ് കേസിൽ പ്രതികളായിട്ടുള്ളത്. പിൽഗ്രിം ഫെസിലിറ്റി സെന്ററിലെ കൗണ്ടിംഗ് റൂമിൽ പണം എണ്ണുന്ന ഷിഫ്റ്റുകളുടെ ഇൻ-ചാർജും വിരമിച്ച ബാങ്ക് ജീവനക്കാരനുമായ സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായി ജോലി ചെയ്യുകയും പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രത്തിനുള്ളിലെ കാര്യങ്ങളുടെ മേൽനോട്ട ചുമതല വഹിക്കുകയും ചെയ്തിരുന്ന രാംശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് കേസിലെ പ്രധാനികൾ.
ഇവർക്ക് പുറമെ അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരാണ് മറ്റ് പ്രതികൾ. ഇതിൽ അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര എന്നിവരിൽ നിന്ന് മോഷ്ടിച്ച പണം അന്വേഷണസംഘം ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ കടുത്ത വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
യജമാനന്റെ കൈവശമുള്ള സ്വത്ത് ക്ലർക്കോ വേലക്കാരനോ മോഷ്ടിക്കൽ (സെക്ഷൻ 306), ക്രിമിനൽ വിശ്വാസവഞ്ചന (സെക്ഷൻ 316), മോഷ്ടിച്ച സ്വത്ത് വഞ്ചനാപരമായി കൈപ്പറ്റൽ (സെക്ഷൻ 317), ക്രിമിനൽ ഗൂഢാലോചന (സെക്ഷൻ 61) എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭക്തർ സമർപ്പിക്കുന്ന സംഭാവനകൾ എണ്ണുന്നതിനിടയിൽ, 100 രൂപയുടെ കറൻസി കെട്ടുകൾക്കുള്ളിലേക്ക് അധിക നോട്ടുകൾ തിരുകിക്കയറ്റി പിന്നീട് ഇവ പ്രതികൾ പരസ്പരം പങ്കിട്ടെടുക്കുകയായിരുന്നു എന്നാണ് എസ്ഐടിഅന്വേഷണത്തിൽ കണ്ടെത്തിയത്. ഈ ക്രമക്കേടിലൂടെ കോടിക്കണക്കിന് രൂപയുടെ പണവും കിലോഗ്രാം കണക്കിന് വെള്ളിയും സ്വർണവും നഷ്ടപ്പെട്ടതായി രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും വലിയ തോതിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് പോലീസ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എട്ട് പേർക്കെതിരെയാണ് യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടിന്നു യാദവ്, ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ടിന്നു യാദവിന്റെ പക്കൽനിന്ന് ഭണ്ഡാരത്തിന്റെ താക്കോലുകൾ കണ്ടെടുത്തതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും സംശയത്തിന്റെ നിഴലിലാണ്. സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
വിവാദങ്ങളെ തുടർന്ന് അയോധ്യ ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകി. സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ കൈകാര്യം ചെയ്തതിൽ വൻ അഴിമതിയും വീഴ്ചയും നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭാവന കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു. ആരാണ് ഈ കൊള്ളയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ടെന്നും രാമഭക്തർ വഞ്ചിക്കപ്പെട്ടതായും വിഎച്ച്പി നേതാക്കൾ തുറന്നടിച്ചു. വിവാദങ്ങൾ കടുത്തതോടെ വിഎച്ച്പിയുടെ വാർഷിക യോഗം മാറ്റിവെച്ചിരിക്കുകയാണ്.
രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കാനുള്ള ശക്തമായ സാഹചര്യത്തെളിവുകൾ റിപ്പോർട്ടിലുണ്ട്. ചമ്പത് റായിയുമായി അടുത്ത ബന്ധമുള്ള ചില ക്ഷേത്ര ജീവനക്കാരുടെ വീടുകളിൽ നിന്ന് കാണാതായ ആഭരണങ്ങൾ കണ്ടെടുത്തതായും സൂചനയുണ്ട്. ട്രസ്റ്റ് അംഗം അനിൽ മിശ്ര, അഡ്മിനിസ്ട്രേറ്റർ ഗോപാൽ റായി എന്നിവരടക്കം 17 പേർക്കെതിരെ കേസെടുക്കാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 150-ഓളം ക്ഷേത്ര ജീവനക്കാരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്ഷേത്രത്തിലെ ഭണ്ഡാരപ്പണവും സംഭാവനകളും ഭാരവാഹികൾ തന്നെ അപഹരിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപിയും സംഘപരിവാറും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കും. കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഭക്തരുടെ ജനരോഷം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ബിജെപിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി സർക്കാരിന്റെയും നിലപാട് നിർണായകമാകും.
National
ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ സംഭാവനകള്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ ഉന്നതഭാരവാഹി ഉള്‍പ്പെടെ 17 പേര് പ്രതിപ്പട്ടികയിലേക്കെന്നു സൂചന.
ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം ശിപാര്‍ശ ചെയ്തതു. ക്ഷേത്രം ട്രസ്റ്റിൽ അഴിച്ചുപണി നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കണം. സംഭാവനകള്‍ സൂക്ഷിച്ചിരുന്ന പെട്ടികളുടെ താക്കോല്‍ കൈവശം വച്ചിരുന്ന ഉന്നതനെ ഉൾപ്പെടെ അന്വേഷണസംഘം തിരിച്ചറിഞ്ഞുവെന്നും സൂചനയുണ്ട്.
National
ലക്നോ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടി. പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ജീവനക്കാർക്കെതിരെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ, ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
അയോധ്യയിലെ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന സമാനമായ സാമ്പത്തിക പരാതികളും ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങൾ.
National
ലക്നോ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് അന്വേഷണം ആവശ്യമാണെന്ന് കാട്ടി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് നൽകിയ അപേക്ഷയെത്തുടർന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടത്. രാമക്ഷേത്രത്തിന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ട്രസ്റ്റ് ആരോപിച്ചു.
ലക്നോ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്., ധനകാര്യവകുപ്പ് സ്പെഷൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി എസ്ഐടി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
ഉയർന്നുവന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണു ട്രസ്റ്റ് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവിവരങ്ങളുടെ യഥാർഥവസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവശ്യമാണെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനും ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ട്രസ്റ്റ് ആരോപിച്ചു.
രാമക്ഷേത്രത്തിലേക്ക് ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ കാണാതായെന്ന് റിപ്പോർട്ടുകളുണ്ടെന്നും വിഷയത്തിൽ കോടതി സ്വമേധായാകേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്കു തുടക്കമാകുന്നത്.
എന്നാൽ, ആഭ്യന്തര ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്നും ഇത്തരം ക്രമക്കേടുകൾ ഇതുവരെ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമായിരുന്നു ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ പ്രതികരണം. ഇതിനുപിന്നാലെ ട്രസ്റ്റിന്റെ ആസ്തിസംബന്ധിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കാട്ടി മുതിർന്ന ബിജെപി നേതാവ് രജനീഷ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതോടെ വിവാദം ശക്തമായി.
രാമക്ഷേത്രത്തിലെ സംഭാവനകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് മുൻ എംപിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺസിംഗും രംഗത്തെത്തിയിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആവശ്യപ്പെട്ടു. എന്നാൽ, നിർമാണ മേൽനോട്ട ചുമതല മാത്രമാണ് തനിക്കുള്ളതെന്നും സാമ്പത്തികകാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും രാമക്ഷേത്ര നിർമാണ സമിതിചെയർമാൻ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
National
ലക്നോ: രാമക്ഷേത്ര നിർമാണത്തിനു ലഭിച്ച സംഭാവനയിൽനിന്ന് കോടിക്കണക്കിനു രൂപ കാണാതായതായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പ്രശ്നത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകമെന്പാടുമുള്ള വിശ്വാസികളെ ബാധിക്കുന്ന അതിസങ്കീർണമായൊരു പ്രശ്നമാണിത്. ക്ഷേത്രം ട്രസ്റ്റും സർക്കാരും ഇക്കാര്യത്തിൽ പാലിക്കുന്ന മൗനം സംശയകരമാണ്.
വിശദീകരണത്തിനായി ഒരാൾപോലും മുന്നോട്ടുവരുന്നില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു. അഖിലേഷ് യാദവിന്റെ ആരോപണത്തിൽ ക്ഷേത്രം ട്രസ്റ്റും യുപി സർക്കാരും പ്രതികരിച്ചിട്ടില്ല.
National
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കാഷ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് (55) എന്നയാളാണ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ ‘സീതാ രസോയ്' ഭാഗത്ത് ഇരുന്നുകൊണ്ട് നിസ്കരിക്കാൻ ഒരുങ്ങിയെന്നാണ് ആരോപണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. തുടർന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പ്രാദേശിക പോലീസിന് കൈമാറി.
ഇയാളുടെ അയോധ്യ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു. താൻ അജ്മീറിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇയാൾ പ്രാഥമികമായി മൊഴി നൽകിയിരിക്കുന്നത്.
ഇയാളുടെ പക്കൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അയോധ്യ ഭരണകൂടമോ രാമക്ഷേത്ര ട്രസ്റ്റോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.