District News
കേളകം: റംബുട്ടാൻ പഴങ്ങളുടെ വില കുത്തനെ ഇടിഞ്ഞതോടെ പഴവർഗ കൃഷി നടത്തുന്നവർ നിരാശയിൽ. കിലോഗ്രാമിന് 400 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ റംബുട്ടാൻ പഴത്തിന് കിലോയ്ക്ക് 140 മുതൽ160 വരെ രൂപയാണ് വിപണിയിൽ ലഭിക്കുന്നത്. ഉത്പാദനം വർധിച്ചതും വിദേശത്തേക്കുള്ള കയറ്റുമതി നിലച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
റബർ വിലയിടിഞ്ഞപ്പോൾ ഒരുവിഭാഗം കർഷകർ റംബു ട്ടാൻ കൃഷിയിലേക്ക് മാറിയത് വിപണിയിൽ വരവ് കൂട്ടിയിരുന്നു. കൂടാതെ, യുദ്ധസാഹചര്യത്തിൽ വിദേശത്തേക്കുള്ള കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും നടത്തിയിരുന്ന കയറ്റുമതി തടസപ്പെട്ടത് ആഭ്യന്തര വിപണിയിൽ വില താഴാൻ കാരണമായതായി വ്യാപാരികളും കർഷകരും പറയുന്നു.
നിലവിൽ മണ്ഡരി രോഗം ബാധിച്ചും ശക്തമായ മഴ കാരണവും കായ്കൾ കൊഴിയുന്നത് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ, ഉയർന്ന വില കാരണം മുമ്പ് റംബുട്ടാനോട് അകലം പാലിച്ചിരുന്ന സാധാരണക്കാർക്ക് ഇപ്പോൾ കിലോഗ്രാമിന് 160 മുതൽ 200 രൂപവരെ നിരക്കിൽ വഴിയോരങ്ങളിൽനിന്ന് പഴങ്ങൾ ലഭ്യമാണ്.
ശേഖരണക്കൂലി, പക്ഷികളിൽനിന്ന് സംരക്ഷിക്കാനുള്ള വല, ഗതാഗതച്ചെലവ് എന്നിവ കണക്കാക്കുമ്പോൾ കിലോയ്ക്ക് 300 രൂപയെങ്കിലും കിട്ടിയാലേ മുതൽമുടക്ക് തിരികെ ലഭിക്കൂവെന്നാണ് കർഷകർ പറയുന്നത്. എന്നാൽ, ഇടനിലക്കാർ അതിലും 150 രൂപയാണ് നൽകുന്നത്.
പലയിടങ്ങളിലും വിലക്കുറവു കാരണം വൃക്ഷങ്ങളിൽനിന്ന് ശേഖരിക്കാതെ റംബൂട്ടാൻ പഴങ്ങൾ നശിക്കുന്ന സാഹചര്യമുണ്ട്.
നിലവിൽ 150 രൂപയ്ക്കു പോലും വാങ്ങാനാളില്ലാത്ത പരിതാപകരമായ അവസ്ഥയാണ് നേരിടുന്നതെന്ന് വിദേശ പഴവർഗങ്ങൾ കൃഷി ചെയ്യുന്ന അടയ്ക്കാത്തോട്ടിലെ കുന്നത്ത് ബേബി പറയുന്നു. റംബുട്ടാന് പുറമെ മാങ്കോസ്റ്റിൻ, ലാൻസെറ്റ്, സാൻ റോൾ, കോഗം, ബറോബ, കെപൽ, റൊളീനിയ തുടങ്ങി പഴവർഗങ്ങളും ബേബിയുടെ കൃഷിയിടത്തിലുണ്ട്. മറ്റ് കൃഷികളേക്കാൾ ആദായകരമാകുമെന്ന് കരുതി മോഹകൃഷി നടത്തിയിരുന്ന വിദേശ പഴവർഗ കർഷകരാണ് വിലയിടിവിൽ വിഷമവൃത്തത്തിലായത്.
Agriculture
വരണ്ടുണങ്ങിയ മണ്ണിൽ മഴ വീണ് നനഞ്ഞു കുതിർന്നാൽ റംബുട്ടാൻ നടാൻ സമയമായി. വളർച്ചയുടെ ഘട്ടത്തിലും കായ്കളാകുമ്പോഴും സദാ നനവ് ആവശ്യമായതിനാൽ ജലസേചന സൗകര്യം പ്രധാനം. മേയ്-ജൂണ് മാസങ്ങളിൽ പുതുകൃഷി ആരംഭിക്കാം.
പൈനാപ്പിൾ കൃഷിയുമായി താരതമ്യം ചെയ്യുന്പോൾ പരിപാലന ചെലവ് കുറവാണെന്നും എന്നാൽ, വിളവെടുപ്പിനോടനുബന്ധിച്ചാണ് കൂടുതലായി ഉത്പാദന ചെലവ് ഉണ്ടാകുന്നതെന്നും കഴിഞ്ഞ മൂന്നു വർഷമായി 35 ഏക്കറോളം റംബുട്ടാൻ കൃഷി ചെയ്യുന്ന വാഴക്കുളത്തെ മന്ന പൈനാപ്പിൾസ് ഉടമകളായ ഗ്രീൻ വിൻസെന്റ്, സിബി ജോർജ് എന്നിവർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഉടുന്പന്നൂർ, എറണാകുളം ജില്ലയിലെ പെരുന്പാവൂർ, ആയവന, കാവക്കാട്, എന്നിവിടങ്ങളിലാണ് നിലവിൽ ഇവർക്ക് കൃഷിയുള്ളത്. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് റംബുട്ടാൻ കൃഷിക്ക് ഏറ്റവും ഉത്തമം.
ഒന്നര മുതൽ രണ്ടര വരെ അടി ആഴത്തിലും വിസ്തൃതിയിലും കുഴിയെടുത്ത് അതിൽ പച്ചില കന്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ് തുടങ്ങിയവ ഉൾപ്പെടെ അടിവളമായി ചേർത്ത് കുഴി മൂടുന്നു.
ഇതിലേക്കു തൈ ഇറക്കിയാണ് നടുന്നത്. ബഡ് ചെയ്ത തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എൻ പതിനെട്ട് എന്ന ഇനമാണ് ഇവർ ഉപയോഗിച്ചിട്ടുള്ളത്. കുഴികൾ തമ്മിൽ 20-30 അടി അകലം പാലിച്ചിട്ടുണ്ട്.
മരം ഉയർന്ന് ഇല ചൂടും വരെ തന്നാണ്ട് ഇടവിള കൃഷികൾ ചെയ്യാവുന്നതാണ്. ഇല ചൂടി തണൽ ആകുന്നതിനാൽ പൈനാപ്പിൾ കൃഷി ചെയ്താൽ മൂന്നാം തവണ ഉത്പാദന നഷ്ടം ഉണ്ടാകും. മൂന്നു മാസം തോറും തോട്ടങ്ങളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ചാണക സ്ലറിയിൽനിന്ന് ജീവാമൃത ലായനി വളമായി ചേർക്കുന്നു.
വളർച്ചയുടെ തോതനുസരിച്ച് വിവിധ ഘട്ടങ്ങളിൽ യൂറിയ, പൊട്ടാഷ് തുടങ്ങിയവ ആവശ്യമെങ്കിൽ മണ്ണിൽ ചേർത്തു നൽകും. തോട്ടത്തിൽ വളരുന്ന പാഴ് പുല്ലും ഇതര ചെടികളും മുറിച്ച് മണ്ണിൽ ചേർക്കുന്നു. ഇവ ദ്രവിച്ചും പൊടിഞ്ഞും വളമായി മാറുന്നു.
കീടബാധ പൊതുവേ കുറവാണ്. ഉണ്ടായാൽ തന്നെ സാധാരണ തോതിലുള്ള ജൈവ കീടനാശിനി തന്നെ ഫലപ്രദമാണ്. അഥവാ കീടബാധിതമായ ശിഖരങ്ങൾ മുറിച്ചു നീക്കം ചെയ്തും കീടബാധ നിയന്ത്രിക്കാം.
തോട്ടങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ചാണ് ജലസേചനം. ചെടികൾക്ക് എപ്പോഴും നനവു നിലനിർത്തുന്ന രീതിയിൽ ജലവിതരണം ക്രമീകരിക്കും. മൂന്നാം വർഷം മുതൽ ഉത്പാദനക്ഷമത കൂടും.