District News
ആലക്കോട്: റോഡ് തകർന്നതുമൂലം യാത്ര ദുരിതം നേരിടുന്ന രയറോം-പരപ്പ-കാർത്തികപുരം റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന് പരാതി. കരാറുകാരൻ മെറ്റൽ, ടാർ ഉൾപ്പെടെയുള്ളവ ഇറക്കി മാസങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
ജനങ്ങളുടെ വാഹന പാർക്കിംഗ് തടസപ്പെടുത്തുന്ന തരത്തിൽ പരപ്പ സെന്റ് ജോസഫ്സ് പള്ളിയുടെ സ്ഥലത്താണ് സാധനങ്ങൾ ഇറക്കി ഇട്ടിരിക്കുന്നത്.
പണി ആരംഭിക്കാത്തതെന്തെന്ന നാട്ടുകാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി കരാറുകാരനിൽ നിന്നുണ്ടാകുന്നില്ല. പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡാണിത്. എട്ടു കിലോമീറ്ററുള്ള റോഡിന്റെ ഏറിയ ഭാഗവും പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ നിലയിലാണ്. മഴയത്ത് റോഡിലെ കുഴികളിൽ ചെളിവെള്ളം നിറയുന്നതിനാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയാണ്.
11 വർഷം മുന്പാണ് ഒടുവിൽ ഈ റോഡ് ടാറിംഗ് നടത്തിയത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണി നടത്തിട്ടില്ല.
District News
ഏറ്റുമാനൂർ: തകർന്നടിഞ്ഞ റെയിൽവേസ്റ്റേഷൻ റോഡിൽ നടുവൊടിഞ്ഞ് യാത്രക്കാർ. മനയ്ക്കപ്പാടത്തുനിന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായിട്ടും പരിഹാരമില്ല.
റോഡ് നിറയെ കുഴികളാണ്. കുഴികളുടെ വ്യാപ്തി അനുദിനമെന്നോണം വർധിച്ചുവരുന്നു. വാഹനങ്ങളിലും കാൽനടയായുമുള്ള യാത്ര ദുഃസഹമാണ്. മഴപെയ്തു വെള്ളം കെട്ടിക്കിടന്നാൽ കുഴികളുടെ സ്വഭാവം മനസിലാക്കാനാകാതെ അപകടത്തിൽപ്പെടും.
ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സഞ്ചരിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ കോട്ടമുറിയിലെത്തി റെയിൽവേ സ്റ്റേഷനിലേക്ക് എത്തേണ്ട ഗതികേടിലാണ് യാത്രക്കാർ.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലായതാണ് പ്രശ്നമായത്. റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ഡിആർഎമ്മും സംഘവും റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതാണ്. റോഡിന്റെ നിർമാണം ഉൾപ്പെടെ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നു.
പാസഞ്ചേഴ്സ് അസോസിയേഷനും ഓട്ടോ-ടാക്സി തൊഴിലാളികളും പ്രാദേശിക ജനകീയ വികസനസമിതികളും പലതവണ പരാതിപ്പെടുകയും മാധ്യമങ്ങളിലൂടെ നിരന്തരം വാർത്തകൾ വരികയും ചെയ്തിട്ടും പരിഹാരമുണ്ടാകുന്നില്ല.