International
പാരീസ്: മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന കേസിൽ സ്വിറ്റ്സർലൻഡുകാരനായ ഇസ്ലാമിക പണ്ഡിതനെ കോടതി 18 വർഷം തടവുശിക്ഷയ്ക്കു വിധിച്ചു.
താരിഖ് റാമാദാൻ എന്നയാളെയാണു പാരീസിലെ ക്രിമിനൽ കോടതി ശിക്ഷിച്ചത്. തടവുശിക്ഷ പൂർത്തിയായശേഷം ഫ്രാൻസ് വിടണമെന്നും പ്രിസൈഡിംഗ് ജഡ്ജി കോറിൻ ഗോസ്മാൻ ഉത്തരവിട്ടു.
2009നും 2016നുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഓക്സ്ഫഡിലെ സെന്റ് ആന്റണീസ് കോളജിൽ ഇസ്ലാമിക് സ്റ്റഡീസിൽ പ്രഫസറായിരുന്ന ഇദ്ദേഹം ഖത്തറിലെയും മൊറോക്കോയിലെയും യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. മി ടൂ മൂവ്മെന്റിന്റെ പശ്ചാത്തലത്തിൽ ബലാത്സംഗ ആരോപണം ഉയർന്നതിനെത്തുടർന്ന് 2017ൽ ജോലി ഉപേക്ഷിക്കാൻ ഇദ്ദേഹം നിർബന്ധിതനായി.
മുസ്ലിം ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസൻ അൽ ബന്നയുടെ കൊച്ചുമകനാണു 63കാരനായ താരിഖ് റഹ്മാൻ. സ്വിറ്റ്സർലൻഡിലും ഇദ്ദേഹത്തിനെതിരേ ബലാത്സംഗ ആരോപണമുണ്ട്.
NRI
വിസ്കോൺസിൻ: വിസ്കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 21 വയസുകാരനായ ലോഗൻ ക്രൂക്കൻബെർഗ് ആൻഡേഴ്സനെയാണ് കോടതി ശിക്ഷിച്ചത്.
2021-ലായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് 16 വയസുകാരനായിരുന്ന ലോഗൻ, തന്റെ കാമുകി ബാത്ത് ടബ്ബിൽ ജന്മം നൽകിയ പെൺകുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി. മഞ്ഞുമൂടിയ കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം തലയ്ക്ക് രണ്ട് തവണ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞ് തന്റെ ജീവിതത്തിന് ഒരു തടസമാകുമെന്ന് കരുതിയാണ് ലോഗൻ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു. കുഞ്ഞിനെ ദത്തെടുക്കാൻ ഒരാൾക്ക് കൈമാറി എന്നായിരുന്നു പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സത്യാവസ്ഥ പുറത്തുവരികയായിരുന്നു. മാർച്ച് 16 തിങ്കളാഴ്ച നടന്ന വാദത്തിനൊടുവിലാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾക്ക് 45 വർഷത്തെ ജയിൽവാസത്തിന് ശേഷം മാത്രമേ ഇളവുകളെ കുറിച്ച് അപേക്ഷിക്കാൻ സാധിക്കൂ.
National
ന്യൂഡൽഹി: 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ സുപ്രധാന വിധി. ഉത്തർപ്രദേശിലെ പോക്സോ കോടതി ദമ്പതികൾക്കു വധശിക്ഷ വിധിച്ചു. പ്രതികളായ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവർക്കാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വധശിക്ഷ കിട്ടിയത്. പീഡിപ്പിക്കപ്പെട്ടവരിൽ മൂന്നു വയസുള്ള കുട്ടികൾ പോലുമുണ്ട്. യുപിയിലെ ബന്ദയിലെ പോക്സോ പ്രത്യേക കോടതിയാണ് പ്രധാന വിധി പ്രഖ്യാപിച്ചത്.
പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികളുടെ അശ്ലീലസാഹിത്യം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. പീഡനത്തിന് ഇരയായ ഒാരോ കുട്ടിക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ പക്കൽനിന്നു കണ്ടുകെട്ടുന്ന തുകയും ഇരകൾക്കു തുല്യമായി വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു.
സിബിഐ കണ്ടെത്തൽ
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 2020 ഒക്ടോബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാംഭവനും മറ്റുള്ളവർക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
അന്വേഷണത്തിൽ, പ്രതികൾ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി സിബിഐ കണ്ടെത്തി. ക്രൂരമായ പീഡനങ്ങളാണ് ഇവരിൽനിന്നു കുട്ടികൾക്കു നേരിടേണ്ടി വന്നത്. പലരുടെയും സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. ചിലർക്കു വർഷങ്ങളോളം ആശുപത്രികളിൽ കഴിയേണ്ടിവന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കേറ്റവരുണ്ട്. മാനസികാഘാതം വേറെ.
സമ്മാനങ്ങൾ നൽകി
പ്രതികൾ 2010 നും 2020 നും ഇടയിൽ യുപിയിലെ ബന്ദയിലും ചിത്രകൂടിലും പ്രവർത്തിച്ചിരുന്നു. രാംഭവൻ ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കാണിച്ചും പണവും സമ്മാനങ്ങളും നൽകിയുമാണ് രാംഭവൻ കുട്ടികളെ ആകർഷിച്ചിരുന്നത്.
കേസ് ഏറ്റെടുത്ത സിബിഐ കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അവർക്കു കൗൺസലിംഗ് നൽകി. ഫോറൻസിക്, ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരേ കോടതിയിൽ ഹാജരാക്കി. 2021 ഫെബ്രുവരിയിൽ രാംഭവനും ഭാര്യയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
സമാനതകളില്ലാത്ത ക്രൂരതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താൽ കേസ് "അപൂർവങ്ങളിൽ അപൂർവം" ആണെന്നു കോടതി പറഞ്ഞു. ഒന്നലധികം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യ പരന്പര പ്രതികൾ ചെയ്ത ഹീനകൃത്യത്തെ വെളിപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയ്ക്ക് അർഹമാണ് കുറ്റമെന്നു കോടതി പറഞ്ഞു.
International
ടെഹ്റാൻ: സമാധാന നൊബേൽ ജേതാവായ ഇറേനിയൻ പ്രതിപക്ഷനേതാവ് നർഗീസ് മുഹമ്മദിക്ക് ഏഴര വർഷംകൂടി തടവ്.
മഷ്ഹദ് നഗരത്തിലെ കോടതി ശനിയാഴ്ചയാണ് ശിക്ഷ വിധിച്ചതെന്ന് നർഗീസിന്റെ അഭിഭാഷകൻ മുസ്തഫ നിലി അറിയിച്ചു. ഇറേനിയൻ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിദേശ ശക്തികളുമായി സഹകരിച്ചതിന് അറു വർഷവും സർക്കാർവിരുദ്ധ പ്രചാരണം നടത്തിയതിന് ഒന്നര വർഷവുമാണ് ശിക്ഷയെന്ന് അഭിഭാഷകൻ വിശദീകരിച്ചു.
ഡിസംബറിലാണ് നർഗീസ് അറസ്റ്റിലായത്. ഈ മാസം രണ്ടാം തീയതി മുതൽ അവർ ജയിലിൽ നിരാഹാര സമരം നടത്തുന്നതായാണു റിപ്പോർട്ട്.
International
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രണ്ട് വ്യത്യസ്ത അഴിമതിക്കേസുകളിൽ പത്തു വർഷം തടവ്.
സർക്കാർ ഭവനനിർമാണ പദ്ധതിയിൽ ഭൂമി നല്കിയ കേസിലാണ് ധാക്കയിലെ പ്രത്യേക ജഡ്ജിയുടെ കോടതി ശിക്ഷ വിധിച്ചത്.
ഷേഖ് ഹസീനയുടെ സഹോദരപുത്രനും മുൻ ബ്രിട്ടീഷ് മന്ത്രിയുമായ തുലിപ് സിദ്ദിഖ് അടക്കമുള്ളവർക്ക് ഭൂമി നല്കിയ കേസിലാണു വിധി. സിദ്ദിഖിന്റെ ഇളയ സഹോദരി അസാമൻ സിദ്ദിഖ്, സഹോദരൻ റദ്വാൻ മുജീബ് സിദ്ദിഖ് ബോബി എന്നിവരെ ഏഴു വർഷം തടവിനു ശിക്ഷിച്ചു.
Kerala
തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്റേതാണ് ഉത്തരവ്.
2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
NRI
ന്യൂമെക്സിക്കോ: അമേരിക്കയിലെ അൽബുക്കർക്കിയിൽ ഭിന്നശേഷിക്കാരിയായ 16 വയസുകാരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 33 കാരിയായ ഡോറീലിയ എസ്പിനോസയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കാഴ്ചശക്തിയില്ലാത്തതും അപസ്മാര രോഗിയുമായിരുന്ന മരിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. മരിക്കുമ്പോൾ വെറും 18 കിലോ (40 പൗണ്ട്) മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ശരീരത്തിൽ ഒട്ടും കൊഴുപ്പോ പേശികളോ അവശേഷിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി.
പെൺകുട്ടി മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മുറിയിൽ ഈച്ചകളും രക്തവും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു. അഞ്ചോ ആറോ ദിവസത്തോളം നീണ്ടുനിന്ന കടുത്ത അവഗണനയാണ് മരണകാരണമെന്ന് ജഡ്ജി നിരീക്ഷിച്ചു.
താൻ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അധ്വാനിയായ അമ്മയാണെന്നും മകളുടെ മരണം താൻ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതിയിൽ എസ്പിനോസ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാൽ ഇതൊരു അപകടമല്ലെന്നും ബോധപൂർവമായ പീഡനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ മാനസികാരോഗ്യം കണക്കിലെടുത്തെങ്കിലും, കുട്ടി അനുഭവിച്ച വേദന അതിഭീകരമാണെന്ന് വിലയിരുത്തിയ കോടതി 15 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
International
ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ടെറ്റ്സുയ യമഗാമി (45)ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
യുദ്ധാനന്തര ചരിത്രത്തിലെ അഭൂതപൂർവവും അതീവഗുരുതരവുമായ സംഭവം എന്നാണ് പ്രോസിക്യൂട്ടർമാർ കൊലപാതകത്തെ വിശേഷിപ്പിച്ചത്. കൊലപാതകിക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു.
2022ൽ പടിഞ്ഞാറൻ ജപ്പാനിലെ നരാ പട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.
പ്രാദേശികസമയം രാവിലെ 11.30-ഓടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആബെ പ്രസംഗിക്കാൻ തുടങ്ങി മിനിറ്റുകൾക്കകം, അദ്ദേഹത്തിന്റെ പിന്നിൽനിന്ന് പ്രതി വെടിയുതിർക്കുകയായിരുന്നു. സ്വന്തമായി നിർമിച്ച തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത് എന്ന് പ്രതി സമ്മതിച്ചിരുന്നു.
രണ്ടുതവണയാണ് ഇയാൾ ആബെയ്ക്കുനേരെ വെടിയുതിർത്തത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അക്രമിയെ പോലീസ് വൈകാതെ കസ്റ്റഡിയിലെടുത്തു.
ഇയാളിൽനിന്നു കൃത്യത്തിനുപയോഗിച്ച തോക്കും പിടിച്ചെടുത്തു. ലോഹക്കുഴലുകളും മരവും ഉപയോഗിച്ച് സ്വയം നിർമിച്ച ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തത്.
ജപ്പാനിലെ വിവാദ മതഗ്രൂപ്പായ യുണിഫിക്കേഷൻ ചർച്ചിനോട് തന്റെ അമ്മയ്ക്ക് വിധേയത്വം ഉണ്ടായിരുന്നുവെന്നും അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അമ്മ വലിയ സംഭാവനകൾ നൽകുമായിരുന്നുവെന്നും ടെറ്റ്സുയ യമഗാമി കോടതിയിൽ പറഞ്ഞു.
ആബെ ഇതിന്റെ അനുബന്ധ സംഘടനയെ പരസ്യമായി പിന്തുണച്ചിരുന്നുവെന്നും ഇതാണ് സംഭാവനകൾ നൽകാൻ തന്റെ അമ്മയെ പ്രേരിപ്പിച്ചതെന്നും അയാൾ ആരോപിച്ചു.
അമ്മയുടെ ഈ പ്രവൃത്തി തന്റെ കുടുംബത്തിന്റെ സാമ്പത്തികനില തകർത്തുവെന്നും അതുകൊണ്ടുതന്നെ യുണിഫിക്കേഷൻ ചർച്ചിനോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ഇതാണ് ആബെയെ കൊലപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നുമുള്ള വിചിത്രമായ വാദമാണ് ടെറ്റ്സുയ യമഗാമി കോടതിയിൽ പറഞ്ഞത്.
Kerala
പറവൂർ: ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശിക്കു ജീവപര്യന്തം കഠിനതടവ്. പ്രകാശ് സിംഗി (36)നെയാണു പറവൂർ അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയുമടയ്ക്കണം.
2019 മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തരാഖണ്ഡ് സ്വദേശിതന്നെയായ രവീന്ദ്ര സിംഗാണു കൊല്ലപ്പെട്ടത്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിയേലിയിലുള്ള റസ്റ്ററന്റിൽ ജോലിക്കാരായിരുന്നു ഇരുവരും.
റസ്റ്ററന്റ് ഉടമയിൽനിന്ന് പ്രകാശ് സിംഗ് അമിതമായി പണം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട രവീന്ദ്ര സിംഗ് ഉടമയോടു പ്രകാശിന് ഇങ്ങനെ പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രവീന്ദ്ര സിംഗിനെ വിറകുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുറുപ്പംപടി എസ്എച്ച്ഒയായിരുന്ന കെ.ആർ. മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.
International
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ മുൻ പ്രസിഡന്റ് ഇമ്രാൻ ഖാനെ പിന്തുണച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും അടക്കം ഏഴു പേർക്ക് ജീവപര്യന്തം തടവുശിക്ഷ. ഇസ്ലാമബാദിലെ ഭീകരവിരുദ്ധ കോടതിയാണു ശിക്ഷ വിധിച്ചത്.
ശിക്ഷിക്കപ്പെട്ട ഏഴു പേരും പാക്കിസ്ഥാനു പുറത്താണുള്ളത്. അതിനാൽ ഇവരുടെ അഭാവത്തിലാണു വിചാരണ നടന്നത്.
2023 മേയിൽ ഇമ്രാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ സൈനിക കേന്ദ്രങ്ങളിലടക്കം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നാണിത്.
പ്രതികൾ ഓൺലൈനിൽ പ്രചരിപ്പിച്ച കാര്യങ്ങൾ പാക്കിസ്ഥാനിൽ ഭയവും അസ്ഥിരതയും വിതച്ചുവെന്നും ഇതു ഭീകരവാദമാണെന്നും കോടതി വിലയിരുത്തി.
National
ശ്രീനഗർ: സുരക്ഷാസൈന്യത്തിനു നേർക്ക് ആക്രമണം നടത്തിയ കേസിൽ പാക്കിസ്ഥാൻ ഭീകരന് പത്തു വർഷം കഠിന തടവ്.
അബു ഉകാസ എന്നറിയപ്പെടുന്ന ഹൻസള്ള യാസീൻ റായിയെ ആണ് കുപ്വാരയിലെ സെഷൻസ് കോടതി ശിക്ഷിച്ചത്.
പാക്കിസ്ഥാനിലെ ബഹാവൽപുർ സ്വദേശിയാണ് ഉകാസ. 2016 ലാണ് പട്രോളിംഗ് സംഘത്തിനു നേർക്ക് ഉകാസ ഉൾപ്പെട്ട ഭീകരസംഘം ആക്രമണം നടത്തിയത്.
2016 ജൂൺ മുതൽ ഇയാൾ കസ്റ്റഡിയിലാണ്. അടുത്ത വർഷം ഇയാൾ ജയിൽമോചിതനായേക്കും.
Kerala
അടൂര്‍: പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്. പന്തളം വില്ലേജില്‍ മുടിയൂര്‍ക്കോണം ചേരിക്കല്‍ ലക്ഷംവീട് കോളനിയില്‍ ഷാജഹാനെ (48) യാണ് ശിക്ഷിച്ചത്.
കഴിഞ്ഞ മേയ് മൂന്നിനു രാവിലെ 6.55 ഓടെ ട്യൂഷനു പോയ അതിജീവിതയെ പന്തളം ഗേള്‍സ് സ്കൂളില്‍ സമീപം എംസി റോഡില്‍ വച്ച് ഷാജഹാന് അസഭ്യം പറഞ്ഞ് ഉപദ്രവിച്ചുവെന്നാണ് പരാതി.
പന്തളം എസ്ഐ അനീഷ് ഏബ്രഹാം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.
National
അമ്രേലി: ഗുജറാത്തിൽ ഗോഹത്യ കേസിൽ മൂന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷിച്ചത്. പ്രതികൾ 18 ലക്ഷം രൂപ പിഴയും അടയ്ക്കണം.
2023ൽ അമ്രേലി ജില്ലയിലാണു കേസിനാസ്പദമായ സംഭവം. പശുക്കളെ കശാപ്പ് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടികൂടിയിരുന്നു. പശുക്കളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. കാസിം സോളങ്കിയെ ഉടൻ പോലീസ് പിടികൂടി. മറ്റു രണ്ടു പേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.
പശുവിനെ കശാപ്പ് ചെയ്ത കേസിൽ ഗുജറാത്തിൽ ആദ്യമായാണു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നത്. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്. 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമംപാസാക്കിയത്. 2017ൽ നിയമത്തിൽ ഭേദഗതി വരുത്തി ജീവപര്യന്തം തടവുകൂടി ചേർത്തു.