ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ടെറ്റ്സുയ യമഗാമി (45)ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
യുദ്ധാനന്തര ചരിത്രത്തിലെ അഭൂതപൂർവവും അതീവഗുരുതരവുമായ സംഭവം എന്നാണ് പ്രോസിക്യൂട്ടർമാർ കൊലപാതകത്തെ വിശേഷിപ്പിച്ചത്. കൊലപാതകിക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു.
2022ൽ പടിഞ്ഞാറൻ ജപ്പാനിലെ നരാ പട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.
പ്രാദേശികസമയം രാവിലെ 11.30-ഓടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആബെ പ്രസംഗിക്കാൻ തുടങ്ങി മിനിറ്റുകൾക്കകം, അദ്ദേഹത്തിന്റെ പിന്നിൽനിന്ന് പ്രതി വെടിയുതിർക്കുകയായിരുന്നു. സ്വന്തമായി നിർമിച്ച തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത് എന്ന് പ്രതി സമ്മതിച്ചിരുന്നു.
രണ്ടുതവണയാണ് ഇയാൾ ആബെയ്ക്കുനേരെ വെടിയുതിർത്തത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അക്രമിയെ പോലീസ് വൈകാതെ കസ്റ്റഡിയിലെടുത്തു.
ഇയാളിൽനിന്നു കൃത്യത്തിനുപയോഗിച്ച തോക്കും പിടിച്ചെടുത്തു. ലോഹക്കുഴലുകളും മരവും ഉപയോഗിച്ച് സ്വയം നിർമിച്ച ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തത്.
ജപ്പാനിലെ വിവാദ മതഗ്രൂപ്പായ യുണിഫിക്കേഷൻ ചർച്ചിനോട് തന്റെ അമ്മയ്ക്ക് വിധേയത്വം ഉണ്ടായിരുന്നുവെന്നും അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അമ്മ വലിയ സംഭാവനകൾ നൽകുമായിരുന്നുവെന്നും ടെറ്റ്സുയ യമഗാമി കോടതിയിൽ പറഞ്ഞു.
ആബെ ഇതിന്റെ അനുബന്ധ സംഘടനയെ പരസ്യമായി പിന്തുണച്ചിരുന്നുവെന്നും ഇതാണ് സംഭാവനകൾ നൽകാൻ തന്റെ അമ്മയെ പ്രേരിപ്പിച്ചതെന്നും അയാൾ ആരോപിച്ചു.
അമ്മയുടെ ഈ പ്രവൃത്തി തന്റെ കുടുംബത്തിന്റെ സാമ്പത്തികനില തകർത്തുവെന്നും അതുകൊണ്ടുതന്നെ യുണിഫിക്കേഷൻ ചർച്ചിനോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ഇതാണ് ആബെയെ കൊലപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നുമുള്ള വിചിത്രമായ വാദമാണ് ടെറ്റ്സുയ യമഗാമി കോടതിയിൽ പറഞ്ഞത്.
Tags : Ex-Japanese Prime Minister Abe killer sentenced life