Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ, എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.
ലോകകപ്പ് ഫൈനൽ പോലൊരു വലിയ വേദിയിലെ സമ്മർദ്ദം എങ്ങനെ അതിജീവിക്കുന്നു എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി രസകരമായിരുന്നു. ഫൈനൽ അല്ലെ, നരേന്ദ്ര മോദി സ്റ്റേഡിയം അല്ലേ എന്നൊക്കെ ആശങ്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ എല്ലാത്തിനെയും ലളിതമായി സമീപിക്കാൻ ആണ് ടീമിന് നല്‍കിയിരിക്കുന്ന ഉപദേശം.
ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം സമ്മര്‍ദ്ദമില്ലാതെ നിലനിർത്താനാണ് ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. ഇഷാൻ കിഷൻ, അക്സർ പട്ടേൽ, അർഷ്ദീപ് തുടങ്ങിയവർ തമാശകൾ പറഞ്ഞ് മൂഡ് മാറ്റാൻ മിടുക്കരാണ്. ഞാൻ അവരുടെ അടുത്ത് ചെന്ന് ഇന്ന് രാത്രി എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്' എന്നൊക്കെയാണ് ചോദിക്കാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിച്ച് സമ്മർദ്ദം കൂട്ടാറില്ലെന്നായിരുന്നു സൂര്യയുടെ മറുപടി.
ഫൈനലില്‍ പ്രത്യേക വിജയലക്ഷ്യം മുന്‍കൂട്ടി കണ്ടല്ല ഗ്രൗണ്ടിലിറങ്ങുകയെന്നും വിക്കറ്റിന്റെ സാഹചര്യം അനുസരിച്ച് കളിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നതെന്നും സൂര്യ പറഞ്ഞു. തന്റെ സ്ട്രൈക്ക് റേറ്റിലെ ഇടിവിനെക്കുറിച്ചോ വരുൺ ചക്രവർത്തിയുടെ ഫോമിനെക്കുറിച്ചോ തനിക്ക് ആശങ്കയില്ലെന്നും വരുൺ ഇപ്പോഴും ലോക ഒന്നാം നമ്പർ ബൗളറാണെന്നും സൂര്യ വ്യക്തമാക്കി.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് എടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെയും അർധ സെഞ്ചുറി നേടിയ നായകൻ സൂര്യകുമാർ യാദവിന്റെയും മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക്ക് പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
43 പന്തിൽ 103 റൺസാണ് ഇഷാൻ കിഷൻ എടുത്തത്. ആറ് ബൗണ്ടറിയും പത്ത് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. സൂര്യകുമാർ യാദവ് 63 റൺസാണ് സ്കോർ ചെയ്തത്. 30 പന്തിൽ നാല് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.
17 പന്തിൽ 42 റൺസാണ് ഹാർദിക് പാണ്ഡ്യ എടുത്തത്. ഒരു ഫോറും നാല് സിക്സും ഹാർദിക് അടിച്ചെടുത്തു. 30 റൺസെടുത്ത അഭിഷേക് ശർമയും തിളങ്ങി.
ന്യസിലൻഡിന് വേണ്ടി ലോക്ക് ഫെർഗൂസൻ രണ്ട് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി, കൈൽ ജാമിസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്.
Sports
ദുബായ്: ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റർമാരുടെ ലോക റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ചു. മുൻ ഒന്നാം നന്പറായിരുന്ന സൂര്യകുമാർ അഞ്ച് സ്ഥാനങ്ങൾ മുന്നേറി പുതിയ പട്ടിക പ്രകാരം ഏഴാം സ്ഥാനത്തെത്തി.
ന്യൂസിലൻഡിനെതിരേ നടക്കുന്ന പരന്പരയിലെ ആദ്യ മൂന്നു മത്സരത്തിലെ മിന്നും ഫോമാണ് താരത്തിന് പട്ടികയിൽ മുന്നേറ്റമുണ്ടാക്കിയത്. ഫോമില്ലായ്മയുടെ പേരിൽ വിമർശനം ഏറ്റുവാങ്ങവേയാണ് സൂര്യ തകർപ്പൻ പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയതെന്നതാണ് ശ്രദ്ധേയം.
2026 ഐസിസി ട്വന്റി-20 ലോകകപ്പിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെ അഭിഷേക് ശർമ ഒന്നാം സ്ഥാനത്തും തിലക് വർമ മൂന്നാം സ്ഥാനത്തും തുടരുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.
റായ്പുരിൽ നടന്ന രണ്ടാം മത്സരത്തിൽ 32 പന്തിൽ നിന്ന് 76 റണ്‍സ് നേടിയ ഇഷാൻ കിഷൻ 64-ാം സ്ഥാനത്തും ശിവം ദുബെ ഒന്‍പത് സ്ഥാനങ്ങൾ മുന്നേറി 58-ാം സ്ഥാനത്തും റിങ്കു സിംഗ് 13 സ്ഥാനങ്ങൾ കയറി 68-ാം സ്ഥാനത്തും എത്തി. ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടർമാരിൽ മൂന്നാം സ്ഥാനത്തുണ്ട്.
Sports
മുംബൈ: ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പര ബുധനാഴ്ച തുടങ്ങാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. തിലക് വർമ പരിക്കേറ്റ് പുറത്തായതിനാൽ മൂന്നാം നമ്പരിൽ ഇഷാൻ കിഷനെത്തുമെന്ന് ക്യാപ്റ്റൻ പറഞ്ഞു.
മത്സരത്തിന് മുമ്പ് നാഗ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൂര്യയുടെ പ്രഖ്യാപനം. ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കമാണ് ന്യൂസിലൻഡിനെതിരെയുള്ള ഈ അഞ്ച് മത്സരങ്ങളുടെ പരമ്പര. അതിനാൽ ചില പരീക്ഷണങ്ങൾ ഇനിയും നടത്തിയേക്കും.
2023 നവംബറിന് ശേഷം ഇതാദ്യമായാണ് ഇഷാൻ കിഷൻ നീലക്കുപ്പായത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.
തന്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മൂന്നാം നമ്പരിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Sports
ധരംശാല: തുടർച്ചയായ മോശം പ്രകടനത്തിൽ പ്രതികരണവുമായി ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഞാൻ ഫോം ഔട്ട് അല്ലെന്നും ഔട്ട് ഓഫ് റണ്‍സ് ആണെന്നും സൂര്യ പറഞ്ഞു.
നെറ്റ്സിൽ മനോഹരമായി ബാറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ മത്സരത്തിലേക്കെത്തുന്പോൾ അതിന് സാധിക്കുന്നില്ല. റണ്‍സ് വരേണ്ടത് അത്യാവശ്യമാണ്, തീർച്ചയായും റണ്‍സ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും താരത്തിന് തിളങ്ങാനായിരുന്നില്ല. 11 പന്തുകളിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 12 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.
ഈ വർഷം കളിച്ച 20 ട്വന്റി20 മത്സരങ്ങളിൽനിന്ന് വെറും 13.35 ശരാശരിയിൽ 227 റണ്‍സാണ് താരത്തിന്റെ ആകെ സന്പാദ്യം.
Sports
ഇന്ത്യന്‍ പുരുഷ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ രാജാക്കന്മാര് നഗ്നരാണെന്നു പറഞ്ഞാല്‍ നെറ്റിചുളിക്കേണ്ട. ടീമിന്റെ രാജാക്കന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ശരിക്കും ബാധ്യതയായി മാറിയിരിക്കുന്നു.
2025 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറിപോലും ഇരുവര്‍ക്കും നേടാന്‍ സാധിച്ചിട്ടില്ല. എന്നുവച്ചാല്‍, ക്യാപ്റ്റനോ വൈസ്ക്യാപ്റ്റനോ ഇന്ത്യയെ ഒരു ജയത്തില്‍ എത്തിച്ചില്ലെന്നു സാരം.
തികച്ചും ഫോം ഔട്ടാണെങ്കിലും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതെ പ്ലേയിംഗ് ഇലവനെ എങ്ങനെ ഇറക്കും..? ഗില്ലിന്റെ വരവോടെ പുറത്തായത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ആണ്. 2024 വര്‍ഷാവസാനം കളിച്ച അഞ്ച് ഇന്നിംഗ്സിനിടെ മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവിനെ രണ്ടാമതൊന്ന് ആലോചിക്കാതെ ടീം മാനേജ്മെന്റ് പുറത്തിരുത്തി. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലാണ് നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പോസ്റ്റര്‍ ബോയ്. അതുകൊണ്ട് ഗില്ലിനെ തള്ളുക അത്ര എളുപ്പമല്ല...
ഗില്ലിനെകൊണ്ട് മടുത്തു...
ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് ആരാധകര്‍ക്ക് മടുപ്പുളവാക്കാന്‍ തുടങ്ങിയിരിക്കുന്നു. 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഗില്‍ ഇതുവരെ കളിച്ച ട്വന്റി-20 മത്സരങ്ങള്‍ 14, ഉയര്‍ന്ന സ്കോര്‍ 47. 14 ഇന്നിംഗ്സിലും ഓപ്പണറായാണ് ഗില്‍ കളിച്ചത്. രണ്ട് തവണ മാത്രമേ 40നു മുകളില്‍ സ്കോര്‍ ചെയ്തുള്ളൂ; ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോറില്‍ 28 പന്തില്‍ 47, ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി-20യില്‍ 39 പന്തില്‍ 46. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗില്ലിന്റെ സ്കോര്‍ 4, 0 എന്നതായിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെ ധരംശാലയില്‍ നടക്കും.
ക്യാപ്റ്റന്‍ പിന്നില്‍
മുന്നില്‍നിന്നു നയിക്കുന്നവനായിരിക്കണം ക്യാപ്റ്റന്മാരെന്നാണ് പൊതുവായ നിരീക്ഷണം. സൂര്യകുമാര്‍ യാദവ് ട്വന്റി-20 ക്രിക്കറ്റ് അടക്കിവാണ സമയമുണ്ടായിരുന്നു. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ലോക ഒന്നാം നമ്പറുമായിരുന്നു. എന്നാല്‍, 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് സൂര്യകുമാര്‍ യാദവ് 40നു മുകളില്‍ സ്കോര്‍ ചെയ്തത്. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരേ 37 പന്തില്‍ പുറത്താകാതെ നേടിയ 47 റണ്‍സ്. ഈ വര്‍ഷം ഇന്ത്യന്‍ ട്വന്റി-20 ക്യാപ്റ്റന്റെ ഉയര്‍ന്ന സ്കോറും ഇതാണ്.
12, 5 എന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സൂര്യകുമാറിന്റെ പ്രകടനം. ഈ കലണ്ടര്‍ വര്‍ഷം മൂന്നു തവണ സൂര്യകുമാര്‍ പൂജ്യത്തിനു പുറത്തായി. മുന്നില്‍നില്‍ക്കുന്ന ക്യാപ്റ്റനല്ല, പിന്നിലായിപ്പോയ ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്.
ഗില്ലും സൂര്യകുമാറും പ്രതിഫയില്ലെന്നതല്ല, ട്വന്റി-20 ലോകകപ്പിലേക്കുള്ള അകലം കുറഞ്ഞുവരുമ്പോള്‍ ഇവരുടെ ഫോമില്ലായ്മ ടീമിനു ബാധ്യതയാകുമെന്നതാണ് പ്രശ്നം. നാളെ നടക്കുന്നതുള്‍പ്പെടെ എട്ട് മത്സരങ്ങള്‍ മാത്രമാണ് ട്വന്റി-20 ലോകകപ്പിനു മുമ്പായി ഇന്ത്യക്കു മുന്നില്‍ ശേഷിക്കുന്നത്. ഏതുനിമിഷവും ഗില്ലും സൂര്യയും ഫോം കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Sports
ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ക്വീന്‍സ് ലാന്‍ഡിലെ കരാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്നാം മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഇന്നും ഇലവനില്‍ സ്ഥാനം പിടിച്ചില്ല. സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് നാലാം ടി20യിലും ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ നാലു മാറ്റങ്ങള്‍ വരുത്തി. ആദം സാംപയും ഗ്ലെന്‍ മാക്സ്വെല്ലും ജോഷ് ഫിലിപ്പും ഫില്‍ ഡ്വാർഷുയിസും ഓസീസ് ടീമിലെത്തി. ഓപ്പണര്‍ ട്രാവിസ് ഹെഡും ഷോണ്‍ ആബട്ടും ഇന്ന് ഓസീസ് ടീമിലില്ല.
അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷുയിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
Sports
ബംഗളൂരു: ഓസ്ട്രേലിയായിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച താരത്തെ മൂന്നാം മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കുല്‍ദീപിനോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവിശ്യപ്പെട്ടത്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിൽ താരം കളിക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം മത്സരത്തിലാകും കുല്‍ദീപ് ഇന്ത്യന്‍ എ ടീമിനായി കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കുൽദീപിന് റെഡ്ബോളിൽ കൂടുതൽ മത്സരപരിചയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ബിസിസിഐ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നവംബര്‍ 14ന് കോല്‍ക്കത്ത ഈഡന് ഗാര്‍ഡനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 22 ഗുവാഹത്തിയില്‍ നടക്കും.