Tech
ന്യൂഡൽഹി: ടെലിഗ്രാം വഴി വ്യാജ സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. പകർപ്പവകാശം ലംഘിക്കുന്ന ഇത്തരം ചാനലുകളും ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യണമെന്നും, സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലിഗ്രാമിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുന്നതിന്റെയും പകർപ്പവകാശ സംരക്ഷണ നിയമങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഇന്ത്യയിലെ സിനിമാ മേഖല, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്ഫോമുകൾ, നിർമാതാക്കൾ, വിതരണക്കാർ എന്നിവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഓൺലൈൻ വ്യാജപതിപ്പുകളിൽ നിന്ന് ഡിജിറ്റൽ സാമ്പത്തിക രംഗത്തെ രക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന 3,000ത്തിലധികം ടെലിഗ്രാം ചാനലുകൾക്കെതിരെ മുൻപ് സർക്കാർ നടപടിയെടുത്തിരുന്നു. ഐടി നിയമപ്രകാരവും ഐടി ചട്ടങ്ങൾ പ്രകാരവും ഒരു ഇന്റർമീഡിയറി എന്ന നിലയിൽ ടെലിഗ്രാമിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. വ്യാജ ചാനലുകൾ കണ്ടെത്താൻ പൂർണമായും സർക്കാരിനെ മാത്രം ആശ്രയിക്കാൻ ടെലിഗ്രാമിന് കഴിയില്ല. ഓരോ ചാനലുകൾക്കെതിരെയായി മാത്രം നടപടിയെടുക്കുന്ന രീതി ഐടി നിയമം 2000, ഐടി ചട്ടങ്ങൾ 2021 എന്നിവ പ്രകാരമുള്ള പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്ത നിർവഹണത്തിന് പകരമാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പകർപ്പവകാശ ലംഘനം വെറുമൊരു സിവിൽ കുറ്റമല്ലെന്നും പകർപ്പവകാശ നിയമം 1957, സിനിമാട്ടോഗ്രാഫ് നിയമം 1952 എന്നിവ പ്രകാരം ഇതൊരു ക്രിമിനൽ കുറ്റമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വ്യാജപതിപ്പുകൾ തടയാൻ സ്വമേധയാ മുൻകൈ എടുക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
Tech
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ മറച്ചുവെക്കാൻ സഹായിക്കുന്ന ഫീച്ചറുകൾക്കെതിരെ ഇന്ത്യയിൽ കേന്ദ്ര സർക്കാർ നടപടികൾ കർശനമാക്കുന്നു. വാട്സ്ആപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറിനെതിരെ വിശദീകരണം തേടിയതിന് തൊട്ടുപിന്നാലെ, ടെലിഗ്രാം , സിഗ്നൽ എന്നിവയ്ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചു.
ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാൻ അനുവദിക്കുന്ന ഫീച്ചറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ എന്ത് മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാനാണ് നോട്ടീസിലെ നിർദ്ദേശം. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണിത്. വ്യാജരേഖ ചമയ്ക്കൽ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, ഫിഷിംഗ്, 'ഡിജിറ്റൽ അറസ്റ്റ്' തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂൺ മാസത്തിൽ കേന്ദ്ര സർക്കാർ ടെലിഗ്രാം താത്ക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആപ്പുകളിലെ സുരക്ഷാ ഫീച്ചറുകൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിം ഉപയോഗിച്ച് ആളുകളെ തിരയാൻ അനുവദിക്കുന്ന ഫീച്ചർ ഈ ആഴ്ചയാണ് വാട്സാപ്പ് അവതരിപ്പിച്ചത്.
എന്നാൽ ഇതിന്റെ ആഗോളതലത്തിലുള്ള ലോഞ്ച് താത്ക്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഇതിന്റെ കൃത്യമായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും വാട്സ്ആപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രമുഖ വ്യക്തികളുടെയോ, ബാങ്കുകളുടെയോ, സർക്കാർ സ്ഥാപനങ്ങളുടെയോ പേരുകളിൽ വ്യാജ യൂസർനെയിമുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കാൻ ഈ ഫീച്ചർ കാരണമായേക്കുമെന്നാണ് സർക്കാരിന്റെ പ്രധാന ആശങ്ക. എന്നാൽ, തങ്ങളുടെ ഈ ഫീച്ചർ മറ്റ് ആപ്പുകളെപ്പോലെ പരസ്യമായി തെരയാൻ കഴിയുന്ന ഒന്നല്ലെന്നും, കൃത്യമായ യൂസർനെയിം അറിഞ്ഞാൽ മാത്രമേ ചാറ്റ് തുടങ്ങാൻ സാധിക്കൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.
കൂടുതൽ സുരക്ഷയ്ക്കായി 'യൂസർനെയിം കീ' എന്നൊരു അധിക സുരക്ഷാ ലെയറും തങ്ങൾ ഒരുക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഫോൺ നമ്പറുകൾ മറച്ചുവെക്കുന്നത് സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സർക്കാർ നിലപാട്. നേരത്തെ ടെലിഗ്രാമിലെ സമാനമായ യൂസർനെയിം ഫീച്ചറിനെതിരെയും സർക്കാർ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സിഗ്നലിനും ടെലിഗ്രാമിനും കേന്ദ്രം ഔദ്യോഗികമായി നോട്ടീസ് അയച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ചു നിരോധനമേർപ്പെടുത്തിയ സമൂഹമാധ്യമ ആപ്പായ ടെലിഗ്രാം രാജ്യത്ത് വീണ്ടും പ്രവർത്തിച്ചുതുടങ്ങി. 22 വരെ ഏർപ്പെടുത്തിയ നിരോധനം അവസാനിച്ചതിനുശേഷം രാജ്യത്തെ ഒട്ടുമിക്ക ഉപയോക്താക്കൾക്കും ടെലിഗ്രാം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.
എന്നാൽ, ചില ഉപയോക്താക്കൾക്ക് ആപ് ഇപ്പോഴും ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. പ്ലേ സ്റ്റോറിൽ ആപ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതിനു ലഭ്യമായെങ്കിലും ആപ് സ്റ്റോറിൽ പലർക്കും ടെലിഗ്രാം ലഭ്യമാകുന്നില്ല.
നിരോധനം അവസാനിച്ചെങ്കിലും കേന്ദ്രസർക്കാർ ടെലിഗ്രാമിനെ തുടർച്ചയായി നിരീക്ഷണത്തിനു വിധേയമാക്കിയേക്കും. ടെലിഗ്രാമിന്റെ നിരോധനം സംബന്ധിച്ചു കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളുടെ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്.
ടെലിഗ്രാമിന്റെ ചാനലുകളിലൂടെ ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ ബന്ധപ്പെട്ടവർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കേന്ദ്രം ആരോപിക്കുന്നു.
എന്നാൽ, ഈ ആരോപണം ശരിയല്ലെന്നാണ് ടെലിഗ്രാം പറയുന്നത്. ടെലിഗ്രാമിന്റെ നിരോധനം അവസാനിച്ചെങ്കിലും ആപ്പിലെ മെസേജ് എഡിറ്റിംഗ് സംവിധാനത്തിന് ഈമാസം 30 വരെ നിരോധനമുണ്ട്.
National
ജയ്പുര്‍: നീറ്റ് യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെലിഗ്രാം വഴി വിറ്റ 19കാരനായ വിദ്യാർഥി രാജസ്ഥാനിൽ പിടിയിൽ.
പേപ്പര്‍ മാഫിയ എന്നപേരിൽ തയാറാക്കിയ ഗ്രൂപ്പിലൂടെയാണ് അറസ്റ്റിലായ ആകാശ് ചൗധരി എന്ന വിദ്യാർഥി വിറ്റഴിച്ചതെന്ന് ഭില്‍വാര പോലീസ് അറിയിച്ചു.
പിടിക്കപ്പെടാതിരിക്കാൻ യുഎസ് കേന്ദ്രീകരിച്ചുള്ള വിപിഎന്‍ ഉപയോഗിച്ചായിരുന്നു വില്പന. നാലായിരം രൂപയാണ് ചോദ്യപേപ്പറിന് ഈടാക്കിയിരുന്നത്.
ഡൽഹിയിലെ സൈബർ നിരീക്ഷണകേന്ദ്രത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടർന്ന് ഇയാളുടെ ജയ്പുരിലെ പട്ടേല്‍ നഗറിലുള്ള വസതിയില്‍ പരിശോധന നടത്തി.
52 അംഗങ്ങളാണ് പേപ്പര്‍ മാഫിയ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് പണം കൈപ്പറ്റിയിരുന്നത്. ആകാശ് ചൗധരിയുടെ ഫോണും പഠനോപകരണങ്ങളും അന്വേഷണസംഘം പിടിച്ചടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസഞ്ചർ ആപ്പായ ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69എ പ്രകാരം നടപടിക്രമങ്ങൾ സർക്കാർ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സർക്കാർ നൽകിയ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി. ഈ നടപടികൾ നിയമപരമാണെന്നു കോടതി വിലയിരുത്തി.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിനു നിരോധനം ഏർപ്പെടുത്തിയത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം മുൻകരുതലുകൾ അത്യാവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ആപ് താല്‍ക്കാലികമായി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ടെലിഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കമ്പനി കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ജസ്റ്റീസ് തേജ്സ് കരിയയുടെ മുൻപാകെയാണ് ടെലിഗ്രാം വിഷയം ഉന്നയിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി, ബുധനാഴ്ച തന്നെ വിശദമായ വാദം കേൾക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
നീറ്റ്-യുജി പുനഃപരീക്ഷ ജൂൺ 21നാണ് നടക്കുന്നത്. പരീക്ഷാ ദിവസവും അതിനുശേഷമുള്ള സാഹചര്യങ്ങളും കണക്കിലെടുത്ത് ജൂൺ 22 വരെയാണ് ടെലിഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശിപാർശകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഈ നടപടിയെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് ടെലിഗ്രാം കോടതിയെ സമീപിച്ചത്.
പരീക്ഷാ ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തിയത്. കൂടാതെ പരീക്ഷാർഥികളെ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങൾ തടയാൻ ഈ താല്‍ക്കാലിക നിരോധനം അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശിപാർശകളെ തുടർന്നാണ് ഐടി മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69A പ്രകാരമാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതനുസരിച്ച് ജൂൺ 22 വരെ ഇന്ത്യയിൽ ടെലിഗ്രാം ആപ് ഉപയോഗിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണമുണ്ടാകും.
മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്നിരുന്നു. ഈ ആക്ഷേപങ്ങളെത്തുടർന്ന് മേയ് മാസത്തിലെ പരീക്ഷ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായി. ഇതാണ് ജൂൺ 21ലേക്ക് പുതിയ പുനഃപരീക്ഷ നിശ്ചയിക്കാനുള്ള പ്രധാന കാരണം.
National
ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസർക്കാർ. ജൂൺ 22 വരെയാണ് നിയന്ത്രണം.
ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വിൽപനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയർന്നതിനെത്തുടർന്ന് വിദ്യാർഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്.