District News
ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ എത്തും. രാവിലെ 11. 30ന് എൻടിപിസി ഹെലിപാഡിൽ ഇറങ്ങുന്ന അദ്ദേഹം തുടർന്ന് ഹരിപ്പാട് നഗരത്തിൽ സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയിൽ പങ്കെടുക്കും.
ഗവ. ആശുപത്രി ജംഗ്ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെയും എൻഡിഎയുടെയും പ്രമുഖ നേതാക്കളും പ്രവർത്തകരും കേന്ദ്രമന്ത്രിയെ വരവേൽക്കാൻ അണിനിരക്കും.
Kerala
തിരുവനന്തപുരം: വിഷുവിനും ഈസ്റ്ററിനും ഇടയ്ക്ക് ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിന് നാളെ മുതൽ നാമനിര്‍ദേശ പത്രിക നൽകി തുടങ്ങാം. 23 വരെ പത്രിക സമർപ്പിക്കാം. സൂക്ഷമ പരിശോധന 24ന് നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ.
വോട്ടെടുപ്പ് കഴിഞ്ഞാൽ 25 ദിവസത്തെ കാത്തിരിപ്പിന് ശേഷം മേയ് നാലിന് ഫലം വരും. 30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. കേരളത്തിലും അസമിലും ഒരു ദിവസമാണ് വോട്ടെടുപ്പ്.
കേരളത്തിൽ ഇത്തവണ 2.70 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 4.24 ലക്ഷം പേർ പുതിയ വോട്ടർമാരും 1571 പേർ 100 വയസിന് മുകളിലുള്ളവരുമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് മേശപ്പുറത്തു വയ്ക്കും.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്‍ ഉണ്ടാവുക. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്.
District News
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ക്രിസ്മസ് ആഘോഷമായ ശാന്തിദൂത് - 2k25 22, 23 തീയതികളിൽ നടക്കും. 22ന് വൈകുന്നേരം 6.45ന് മഹാജൂബിലി ഹാളിൽ ക്രിസ്മസ് ഗ്രാമത്തിന്റെ ഉദ്ഘാടനം നടക്കും. രാത്രി ഏഴിന് പിന്നണി ഗായിക അഞ്ജു ജോസഫിന്റെ മ്യൂസിക് ബാൻഡ്.
23ന് വൈകുന്നേരം 5.30ന് പഴയപള്ളിയിൽ നിന്ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലേക്ക് നടക്കുന്ന മഹാറാലി കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ, ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് എന്നിവർ പങ്കെടുക്കും. രാത്രി ഏഴിന് കേദാർനാഥും കാത്തുകുട്ടിയും അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയും കത്തീഡ്രൽ ഇടവകയിലെ 300 കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യയും നടക്കും.
മഹാറാലിക്ക് മാറ്റുകൂട്ടാൻ പ്ലോട്ടുകളും ഇടവകയിലെ കുഞ്ഞുമാലാഖമാരും ക്രിസ്മസ് പാപ്പാമാരും അണിനിരക്കും. സീനിയർ, ജൂണിയർ പാപ്പാ മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങൾക്ക് 3000, 2000, 1500, 1000, 500 രൂപ വീതം യഥാക്രമം കാഷ് അവാർഡ് നൽകും.
കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, കത്തീഡ്രൽ എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് മുളങ്ങാശേരി, ആനിമേറ്റർ സിസ്റ്റർ വിനീത എസ്എംസി, എസ്എംവൈഎം എക്സിക്യൂട്ടിവ് ഭാരവാഹികൾ എന്നിവർ ശാന്തിദൂതിന് നേതൃത്വം നൽകും.