National
ഗാംഗ്ടോക്: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസപ്പെട്ടതോടെ സിക്കിമിലെ ചുഗ്താഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ചൊവ്വാഴ്ച രാത്രിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ലാച്ചനിലേക്ക് പോകുന്ന 200-ഓളം വിനോദസഞ്ചാരികൾ വഴിമധ്യേ കുടുങ്ങിയെന്നും മാംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
കുടുങ്ങിപ്പോയ സഞ്ചാരികൾക്ക് ചുഗ്താഗാവിലെ ക്യാന്പിൽ താമസമൊരുക്കി. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കൂ എന്ന് അധികൃതർ അറിയിച്ചു. എന്നാൽ ലാച്ചുഗിലേക്കുള്ള പാതയിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെയുണ്ടയിരുന്ന സഞ്ചാരികളെ സുരക്ഷിതരായി ഗാംഗ്ടോകിലേയ്ക്ക് മടക്കി അയച്ചു.
2023 ലുണ്ടായ പ്രളയത്തിന് ശേഷം മാർച്ച് ഒമ്പതിനായിരുന്നു ലാച്ചൻ പാത വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സോംഗോ തടാകം, നാഥുല തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
National
ഉദഗമണ്ഡലം: തമിഴ്നാട്ടിലെ വാൽപ്പാറയ്ക്കു സമീപം ഊസിമലയിൽ 150 അടിയുള്ള കൊക്കയിൽ വീണ വിനോദസഞ്ചാരിക്ക് അത്ഭുതരക്ഷ.
ഊസിമല വ്യൂ പോയിന്റിൽ സെൽഫി എടുക്കുന്നതിനിടെ കൊക്കയിൽ വീണ ചെങ്കൽപ്പേട്ട് സ്വദേശി ശിവഗുരുനാഥനെയാണു സൈന്യവും വനംവകുപ്പ് ജീവനക്കാരും ചേർന്നു രക്ഷപ്പെടുത്തിയത്.
ഗൂഡല്ലൂർ-ഊട്ടി ദേശീയപാതയിലെ ടൂറിസം കേന്ദ്രത്തിലെത്തിയ ശിവഗുരുനാഥൻ വ്യാഴാഴ്ച വൈകുന്നേരം സന്ദർശനസമയം കഴിഞ്ഞിട്ടും പുറത്തെത്തിയില്ലെന്ന് കണ്ടതോടെയാണ് അന്വേഷണം തുടങ്ങിയത്.
ആനയും കടുവയും ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയിൽ ഇരുട്ടു പരന്നതോടെ തിരച്ചിൽ ദുഷ്കരമായി. ഇതിനിടെ എ. രാജ എംപിയുടെ ഇടപെടലിനെത്തുടർന്ന് സൈന്യവും രക്ഷാപ്രവർത്തനത്തിനെത്തി.
തുടർന്ന് കാടിളക്കിയുള്ള പരിശോധനയിൽ ഇന്നലെ പുലർച്ചെ ശിവഗുരുനാഥനെ കണ്ടെത്തുകയായിരുന്നു. നിസാര പരിക്കുകൾ ശരീരത്തിൽ ഉള്ളതിനാൽ വൈദ്യസഹായവും ഇദ്ദേഹത്തിനു നൽകി.
Kerala
മറയൂർ: കാന്തല്ലൂർ പെരടിപള്ളത്ത് യുവാവ് പാറക്കെട്ടിൽ നിന്നും തെന്നി വീണ് മരിച്ചു. കൊട്ടാരക്കര അയിരക്കുഴി വിവി ഹൗസിൽ ഷൺമുഖത്തിന്റെ മകൻ എസ്. ദീപക് (29) ആണ് മരിച്ചത്.
കൊല്ലത്തുനിന്നും അഞ്ചംഗ സംഘം കാന്തല്ലൂർ പഞ്ചായത്തിൽ എൽഡി ക്ലാർക്കായി ജോലി ചെയ്തുവരുന്ന അക്ഷയിനെ കാണുവാനെത്തിയതാണ്.
പെരടി പള്ളം ഒള്ളവയൽ പാതയിലെ വെള്ളച്ചാട്ടം കണ്ട് പാറക്കെട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടയിൽ ദീപക് പാറക്കെട്ടിന്റെ താഴ്ഭാഗത്ത് ഇറങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു .
മൃതദേഹം മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി വെള്ളിയാഴ്ച രാവിലെ കൊണ്ടുപോകും. സഹോദരി ദിവ്യ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറാണ്.
National
പനാജി: ഗോവയിലെ അഗോണ്ട ബീച്ചൽ വിദേശ വിനോദസഞ്ചാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചെക് റിപബ്ലിക് വനിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ റോഹൻ വെലിപ്പ് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഒൻപതിന് അഗോണ്ട ക്ലിഫിന് സമീപം റോഹൻ, അക്രമിക്കപ്പെട്ട സ്ത്രീയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കല്ലുകളുപയോഗിച്ച് ഇവരെ മർദിക്കുകയും ചെയ്തു.
ആക്രമത്തിൽ ഗുരുതര പരിക്കേറ്റ യുവതി ഫെബ്രുവരി 10 ന് പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടി. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
TRAVEL
മഴയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന കർണാടകയിലെ ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുകൂടിയാണ്, ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലകളുടെ സ്വാഭാവിക ആവാസകേന്ദ്രംകൂടിയാണ് അഗുംബൈ.
മഴക്കാടുകളുടെ രാജാവ്
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗുംബെയിലെ നിത്യഹരിത വനങ്ങളാണ് രാജവെമ്പാലകളുടെ പ്രധാന താവളം. പശ്ചിമഘട്ടത്തിലെ ഈ വനമേഖലയിൽ രാജവെമ്പാലകളെ സംരക്ഷിക്കാനും പഠിക്കാനുമായി സ്ഥാപിച്ച അഗുംബെ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (ARRS) ലോകപ്രശസ്തമാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ റോമുലസ് വിറ്റാക്കറാണ് 2005ൽ ഈ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.
ഒരു കാലത്തു രാജവെമ്പാലകളെ കണ്ടാൽ തല്ലിക്കൊന്നിരുന്ന ഒരു ഗ്രാമമായിരുന്നു അഗുംബെ. എന്നാൽ, ഇന്നു സ്ഥിതി മാറി. വനംവകുപ്പും ARRS-ലെ പ്രവർത്തകരും ചേർന്നു നടത്തിയ നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി, ഇന്നു നാട്ടുകാർ പാമ്പുകളെ കാണുമ്പോൾ അവയെ ഉപദ്രവിക്കാതെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നു. പാമ്പുകളെ ഭയപ്പെടേണ്ടതില്ല, മറിച്ച് അവയെ മനസിലാക്കുകയാണ് വേണ്ടത്- എന്ന സന്ദേശമാണ് ഗവേഷകർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റേഡിയോ ടെലിമെട്രി ഉപയോഗിച്ചു രാജവെമ്പാലകളുടെ സഞ്ചാരപഥവും സ്വഭാവവും പഠിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം കൂടിയാണിത്. തങ്ങളുടെ ഭൂമിയിൽ രാജവെന്പാലകൾ കൂടുകൂട്ടുകയും മുട്ടയിടുകയും ചെയ്യുന്നതൊക്കെ അപ്പപ്പോൾത്തന്നെ ഭൂഉടമകൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കും. അവർ പിന്നീട് മുട്ട വിരിയുന്ന കുഞ്ഞുങ്ങളെ മേഗരാവല്ലി വനത്തിലേക്കു തുറന്നുവിടും.
കാണാൻ നിരവധി
വെറുമൊരു പാമ്പ് ഗവേഷണ കേന്ദ്രം എന്നതിലുപരി, ജൈവവൈവിധ്യത്തിന്റെ കലവറയാണ് അഗുംബെ. അറേബ്യൻ കടലിന്റെ പശ്ചാത്തലത്തിൽ കാണുന്ന അഗുംബെയിലെ സൂര്യാസ്തമയം അതിമനോഹരമാണ്. ബർക്കാന, ഓണബ്ബെ, കുഡ്ലു തീർഥ തുടങ്ങിയ വെള്ളച്ചാട്ടങ്ൾ വനത്തിനുള്ളിലെ മാസ്മരിക കാഴ്ചകളാണ്.
ആർ.കെ. നാരായണന്റെ പ്രശസ്തമായ മാൽഗുഡി ഡേയ്സ് എന്ന പരമ്പര ചിത്രീകരിച്ചത് ഈ കൊച്ചു ഗ്രാമത്തിലായിരുന്നു എന്നത് ഇന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
പ്രധാന ഭീഷണി
കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് ഇന്ന് അഗുംബെ നേരിടുന്ന പ്രധാന ഭീഷണി. പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും അനിവാര്യമാണ്. മഴ നനഞ്ഞ മണ്ണും, കാടിന്റെ നിഗൂഢതയും രാജവെമ്പാലകളുടെ ഗാംഭീര്യവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും അഗുംബെ ഒരു പ്രധാനകേന്ദ്രമാണ്. കാടിനെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മലയോര ഗ്രാമം നമ്മെ പഠിപ്പിക്കുന്നു.
എപ്പോൾ സന്ദർശിക്കാം
അഗുംബെയുടെ ഭംഗി ഓരോ കാലത്തും ഓരോ രീതിയിലാണ്. താത്പര്യമനുസരിച്ച് സമയം തിരഞ്ഞെടുക്കാം.
മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ): മഴക്കാടുകളുടെ യഥാർഥഭാവം കാണണമെങ്കിൽ ഈ സമയത്തു പോകണം. വെള്ളച്ചാട്ടങ്ങൾ അതിന്റെ പൂർണരൂപത്തിൽ കാണാം. എന്നാൽ, കനത്ത മഴയും അട്ടകളുടെ ശല്യവും യാത്ര ദുഷ്കരമാക്കിയേക്കാം. ട്രെക്കിംഗിനു നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശൈത്യകാലം (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ): സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം. ട്രെക്കിംഗിനും സൈറ്റിംഗിനും ഏറ്റവും നല്ലത് ഈ മാസങ്ങളാണ്.
വേനൽക്കാലം (മാർച്ച് മുതൽ മെയ് വരെ): കാടിനുള്ളിലെ ചൂട് അല്പം കൂടുതലായിരിക്കും. ഈ സമയവും സന്ദർശനത്തിന് അനുയോജ്യമാണ്.
Kerala
കോട്ടയം: ഉല്ലാസയാത്രയ്ക്കായി വൈക്കത്തെത്തിയ സംഘത്തിലെ ഒരാൾ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു. ആലുവ ഏരൂർ സ്വദേശിയായ രഘു (50) ആണ് മരിച്ചത്.
വൈക്കത്തിന് സമീപം മുറിഞ്ഞപുഴയിൽ വച്ചാണ് അപകടമുണ്ടായത്. 13 പേരടങ്ങുന്ന സംഘമാണ് വൈക്കത്ത് എത്തിയത്. മുറിഞ്ഞപുഴ കായൽ തീരത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് രഘു
അപകടത്തിൽപ്പെട്ടത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ രഘുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിൽ രഘുവിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെടുത്തു.
District News
കാസർഗോഡിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. സ്കൂൾ അവധിക്കാലം അവസാനിക്കാറായതും മഴ കുറഞ്ഞതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി കോട്ട സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.
കോട്ടയുടെ ചരിത്ര പ്രാധാന്യവും മനോഹരമായ കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും കോട്ട സന്ദർശിക്കാനെത്തുന്നുണ്ട്. ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നുണ്ട്.
സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കോട്ടയുടെ പരിസരം ശുചീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.