x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഹ​ൽ​ഗാം മു​റി​പ്പാ​ടു​ക​ൾ മാ​യു​ന്നു

ജ​യ്സ​ൺ ജോ​യി
Published: September 12, 2026 09:19 PM IST | Updated: September 12, 2026 09:47 PM IST

പ​ഹ​ൽ​ഗാമിലെ കാഴ്ച

മ​ഞ്ഞു​പൊ​തി​ഞ്ഞ കാ​ഷ്മീ​രി​ലെ മ​നോ​ഹ​ര ഇ​ട​മാ​യ പ​ഹ​ല്‍​ഗാ​മി​ല്‍ 2025 ഏ​പ്രി​ല്‍ 22നു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 26 പേ​രാ​ണ് അ​തി​ദാ​രു​ണ​മാ​യി വെ​ടി​യേ​റ്റു​മ​രി​ച്ച​ത്. ആ ​ഭീ​തി​യി​ല്‍​നി​ന്ന് ഒ​രു​വി​ധം മോ​ച​നം നേ​ടു​ന്ന​തി​നി​ടെ വീ​ണ്ടും സ​ഞ്ചാ​രി​ക​ള്‍ ഇ​വി​ടേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു

ജ​മ്മു-​കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ന്‍റെ സ​ന്ധ്യ​ക​ൾ​ക്ക് ഇ​പ്പോ​ഴും പ​ഴ​യ നി​റ​മാ​ണ്. ലി​ദ്ദ​ർ ന​ദി​യി​ലെ ത​ണു​ത്ത കാ​റ്റ് പൈ​ൻ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. മ​ല​ഞ്ചെ​രി​വു​ക​ളി​ൽ പ​ച്ച​പ്പ് പ​ട​രു​ന്നു. വ​ഴി​യ​രി​കി​ൽ കു​തി​ര​ക​ളു​ണ്ട്. ഹോ​ട്ട​ലു​ക​ൾ തു​റ​ന്നു​കി​ട​ക്കു​ന്നു. ക്യാ​മ​റ​ക​ളു​മാ​യി സ​ഞ്ചാ​രി​ക​ളും. ഭീ​തി​യു​ടെ നി​ഴ​ലി​ൽ​നി​ന്ന് അ​തി​ജീ​വ​ന​ത്തി​ലേ​ക്കു​ള്ള ഒ​രു താ​ഴ് വ​ര​യു​ടെ തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​ണി​ത്. പ​ക്ഷേ, ഒ​രു വ​ർ​ഷം മു​ന്പു​ണ്ടാ​യി​രു​ന്ന പ​ഹ​ൽ​ഗാ​മും ഇ​ന്ന​ത്തെ പ​ഹ​ൽ​ഗാ​മും ത​മ്മി​ൽ ഒ​രു വ്യ​ത്യാ​സ​മു​ണ്ട്—​ഓ​ർ​മ​യു​ടെ ഒ​രു മു​റി​വ്.

2025 ഏ​പ്രി​ൽ 22ന് ​ബൈ​സ​ര​ൺ പു​ൽ​മേ​ട്ടി​ൽ 26 പേ​രു​ടെ ജീ​വ​നെ​ടു​ത്ത ഭീ​ക​രാ​ക്ര​മ​ണം കാ​ഷ്മീ​രി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ ഹൃ​ദ​യ​ത്തി​ലേ​ൽ​പ്പി​ച്ച പ്ര​ഹ​രം ക​ടു​ത്ത​താ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​ഘ​ർ​ഷ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രു​ന്ന കാ​ഷ്മീ​രി​ൽ ടൂ​റി​സം പു​തി​യ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു ആ ​മേ​ഖ​ല​യ്ക്കു ന​ൽ​കി​യ​ത്. പ​ക്ഷേ, ആ ​പ്ര​തീ​ക്ഷ​യ്ക്കു മേ​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ പ​ഹ​ൽ​ഗാം വീ​ണ്ടും സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​ത്തെ കാ​ത്തി​രി​പ്പി​ൽ പ​ഴ​യ ആ​വേ​ശ​ത്തോ​ടൊ​പ്പം ചെ​റി​യൊ​രു ഭ​യ​വു​മു​ണ്ട്.

വ​രൂ, ഇ​വി​ടെ സു​ര​ക്ഷി​ത​മാ​ണ്

പ​ഹ​ൽ​ഗാ​മി​ലെ ടൂ​റി​സ്റ്റ് ഗൈ​ഡ് അ​ർ​ഷാ​ദ് അ​ഹ​മ്മ​ദി​ന്‍റെ ഫോ​ണി​ലേ​ക്ക് ഇ​പ്പോ​ഴും വി​ളി​ക​ൾ വ​രു​ന്നു. മ​റു​വ​ശ​ത്ത് അ​വ​ധി​ക്കാ​ല യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​ർ.
“സു​ര​ക്ഷി​ത​മാ​ണോ?”അ​വ​രു​ടെ സം​ശ​യ​ത്തി​ന് അ​ർ​ഷാ​ദി​ന് ഒ​രേ​യൊ​രു മ​റു​പ​ടി—​വ​രാം, ഇ​വി​ടെ സു​ര​ക്ഷ​യു​ണ്ട്. പ​ക്ഷേ, ആ ​ഉ​റ​പ്പ് ന​ൽ​കേ​ണ്ടി വ​രു​ന്ന​തു​ത​ന്നെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം പ​ഹ​ൽ​ഗാ​മി​ൽ വ​ന്ന മാ​റ്റ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ലെ 87 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ 48 എ​ണ്ണം അ​ട​ച്ചി​ട്ടി​രു​ന്നു. പ​ല കേ​ന്ദ്ര​ങ്ങ​ളും പി​ന്നീ​ട് തു​റ​ന്നെ​ങ്കി​ലും ബൈ​സ​ര​ൺ പു​ൽ​മേ​ട് ഇ​പ്പോ​ഴും അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. ഇ​വി​ടെ പ്ര​കൃ​തി​ക്ക് മാ​റ്റ​മൊ​ന്നു​മി​ല്ല. പ​ക്ഷേ മ​നു​ഷ്യ​രു​ടെ മ​ന​സി​ലെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ മാ​റി​യ​പ്പോ​ഴു​ണ്ടാ​യ അ​വ​സ്ഥ ഈ ​മ​നോ​ഹ​ര പ്ര​കൃ​തി​യ​യും ബാ​ധി​ച്ചു.

സ​ഞ്ചാ​രി​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ

ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ഘാ​തം ഏ​റ്റ​വും വേ​ഗ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ച​ത് ടൂ​റി​സം മേ​ഖ​ല​യി​ലാ​ണ്.2024ൽ ​കാ​ഷ്മീ​രി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തി​ന​ടു​ത്താ​യി​രു​ന്നു. 2025ൽ ​അ​ത് 12 ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി. പ​ഹ​ൽ​ഗാ​മി​ലും ഇ​ടി​വ് പ്ര​ക​ട​മാ​യി​രു​ന്നു. 2026 ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ പ​കു​തി വ​രെ ഏ​ക​ദേ​ശം 2.59 ല​ക്ഷം സ​ഞ്ചാ​രി​ക​ളാ​ണ് പ​ഹ​ൽ​ഗാ​മി​ലെ​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന് മു​ൻ​പു​ള്ള സ​മാ​ന കാ​ല​യ​ള​വി​ൽ ഇ​ത് 4.69 ല​ക്ഷ​ത്തി​ലേ​റെ​യാ​യി​രു​ന്നു. ക​ണ​ക്കു​ക​ൾ​ക്ക​പ്പു​റം അ​തി​ന്‍റെ ആ​ഘാ​തം ഓ​രോ കു​ടും​ബ​ത്തി​ന്‍റെ ജീ​വി​ത​ത്തെ​യും ബാ​ധി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു നാ​ലു​മാ​സം മു​ൻ​പ് പ​ഹ​ൽ​ഗാ​മി​ൽ ഹോ​ട്ട​ൽ ആ​രം​ഭി​ക്കാ​ൻ 20 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച ഫ​യാ​സ് അ​ഹ​മ്മ​ദി​ന് പി​ന്നീ​ട് ബി​സി​ന​സ് തു​ട​രാ​നാ​യി​ല്ല. ഹോ​ട്ട​ലു​ക​ൾ മു​റി​ക​ൾ നി​റ​യു​ന്ന​തും കാ​ത്തി​രു​ന്നു.

ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ യാ​ത്ര​ക്കാ​രെ കാ​ത്തു​നി​ന്നു. കു​തി​ര​ക്കാ​രു​ടെ ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​പ്പി​ലാ​യി. പ​ഹ​ൽ​ഗാം ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ന്‍റെ ക​ണ​ക്കി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ചി​ല ഹോ​ട്ട​ലു​ക​ളി​ൽ 80 ശ​ത​മാ​നം വ​രെ മു​റി​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​രു ആ​ക്ര​മ​ണം, വ​ലി​യൊ​രുആ​ഘാ​തം

പ​ഹ​ൽ​ഗാ​മി​നെ ബാ​ധി​ച്ച​ത് സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ ഇ​ടി​വ് മാ​ത്ര​മ​ല്ല. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​യി. നി​ര​വ​ധി യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു പു​റ​ത്തേ​ക്കും വ്യാ​പി​ച്ചു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​വും രൂ​ക്ഷ​മാ​യി. മേ​യ് ഒ​ന്‌​പ​തി​ന് ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​ൽ, പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ ഭീ​ക​ര ശൃം​ഖ​ല​ക​ൾ​ക്കെ​തി​രാ​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു അ​ത്. അ​തി​നു പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സൈ​നി​ക സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും പി​ന്നീ​ട് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം കാ​ഷ്മീ​രി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കും പു​തി​യ മാ​നം ന​ൽ​കി. ര​ഹ​സ്യാ​ന്വേ​ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ വീ​ഴ്ച, അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നു​ള്ള ഭീ​ക​ര​വാ​ദം, പ്രാ​ദേ​ശി​ക അ​സം​തൃ​പ്തി​ക​ൾ, മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഒ​രേ​സ​മ​യം ച​ർ​ച്ച​യാ​യി. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടാ​ൻ സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം രാ​ഷ്‌​ട്രീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ കാ​ര​ണ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണ് അ​ന്താ രാ​ഷ്ട്ര ഭീ​ക​ര​വി​രു​ദ്ധ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

സ​ഞ്ചാ​രി​ക​ൾ മ​ട​ങ്ങി​യെ​ത്തു​ന്നു

പ​ഹ​ൽ​ഗാ​മി​ന്‍റെ വ​ഴി​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ പ​തി​യെ മ​ട​ങ്ങി​യെ​ത്തി. സു​ര​ക്ഷാ സാ​ന്നി​ധ്യം വ​ർ​ധി​ച്ചു. അ​ട​ച്ചി​ട്ടി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ല​തും വീ​ണ്ടും തു​റ​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കു​ടും​ബം ഉ​ൾ​പ്പെ​ടെ ചി​ല സ​ഞ്ചാ​രി​ക​ൾ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും പ​ഹ​ൽ​ഗാ​മി​ലെ​ത്തി. സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​വ്യ​ക്ത​ത ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ അ​നു​ഭ​വം അ​വി​സ്മ​ര​ണീ​യ​മാ​യി​രു ന്നു​വെ​ന്നാ​ണ് ചി​ല​ർ പ​റ​ഞ്ഞ​ത്.

ഓ​ർ​മ​ക​ളു​ടെ താ​ഴ്‌​വ​ര

ബൈ​സ​ര​ൻ ഇ​പ്പോ​ഴും തു​റ​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ, ആ​ക്ര​മ​ണ​സ്ഥ​ല​ത്തി​ന് സ​മീ​പം കൊ​ല്ല​പ്പെ​ട്ട 26 പേ​രു​ടെ ഓ​ർ​മ​യ്ക്കാ​യി സ്മാ​ര​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​വി​ടെ​യെ​ത്തു​ന്ന​വ​ർ കു​റ​ച്ചു​നേ​രം നി​ശ​ബ്‌​ദ​രാ​യി നി​ൽ​ക്കും. ചി​ല​ർ പൂ​ക്ക​ൾ അ​ർ​പ്പി​ക്കും. പേ​രു​ക​ൾ വാ​യി​ക്കും. പി​ന്നെ പ​തു​ക്കെ മ​ട​ങ്ങും. ആ ​ആ​ക്ര​മ​ണ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള സാ​ക്ഷി​ക​ളി​ൽ ഒ​രാ​ളാ​യ കു​തി​ര​ക്കാ​ര​ൻ റ​യീ​സ് അ​ഹ​മ്മ​ദ് ഭ​ട്ടി​ന് ആ ​ദി​വ​സം ഇ​പ്പോ​ഴും മ​റ​ക്കാ​നാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ളും സ​ഹാ​യ​ത്തി​നാ​യു​ള്ള നി​ല​വി​ളി​ക​ളും ക​ണ്ട​തി​ന്‍റെ ആ​ഘാ​തം അ​ദ്ദേ​ഹ​ത്തെ ഏ​റെ​ക്കാ​ലം പി​ന്തു​ട​ർ​ന്നു.പി​ന്നീ​ട് ചി​കി​ത്സ തേ​ടേ​ണ്ടി​വ​ന്നു.

അ​തു​പോ​ലെ, സ​ഞ്ചാ​രി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട കു​തി​ര​ക്കാ​ര​ൻ സ​യ്യി​ദ് ആ​ദി​ൽ ഷാ​യു​ടെ കു​ടും​ബ​ത്തി​നും ആ ദി​നം മാ​യാ​ത്ത ഓ​ർ​മ​യാ​ണ്. മ​ക​നെ ന​ഷ്‌​ട​പ്പെ​ട്ട വേ​ദ​ന​യ്ക്കി​ട​യി​ലും സ​ഞ്ചാ​രി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ വാ​ക്കു​ക​ൾ.

അ​റി​യാം പ​ഹ​ൽ​ഗാ​മി​നെ

ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലെ ഒ​രു ചെ​റു​പ​ട്ട​ണ​മാ​ണ് പ​ഹ​ൽ​ഗാം. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2,200 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഈ ​പ​ട്ട​ണം സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​നോ​ഹ​ര​മാ​യ പ​ച്ച​പ്പു​ക​ളും വ​ന​ങ്ങ​ളും നി​റ​ഞ്ഞ ഇ​വി​ടേ​ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രു​ന്നു. പ്ര​കൃ​തി​യു​ടെ ആ​ക​ർ​ഷ​ക​മാ​യ സൗ​ന്ദ​ര്യ​ത്താ​ൽ ഈ ​സ്ഥ​ലം ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു. പ​ച്ച​പ്പ് നി​റ​ഞ്ഞ പാ​ട​ങ്ങ​ൾ, കു​ങ്കു​മ​പ്പൂ​വ് കൃ​ഷി​യി​ട​ങ്ങ​ൾ, ചെ​റി​യ വീ​ടു​ക​ൾ, ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഗോ​ൾ​ഫ് കോ​ഴ്‌​സ് എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​ണ് ഈ ​സ്ഥ​ലം.

ആ​ളു​ക​ൾ ട്രെ​ക്ക് ചെ​യ്യു​ന്നു, പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്നു, മ​ത്സ്യ​ബ​ന്ധ​ന​വും സ്കീ​യിം​ഗ് ന​ട​ത്തു​ന്നു, പി​ക്നി​ക് ആ​സ്വ​ദി​ക്കു​ന്നു. എ​ല്ലാ വ​ർ​ഷ​വും ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​മ​ർ​നാ​ഥ് യാ​ത്ര​യു​ടെ തു​ട​ക്കം പ​ഹ​ൽ​ഗാ​മി​ൽ​നി​ന്നു 16 കി.​മീ അ​ക​ലെ​യു​ള്ള ച​ന്ദ​ൻ​വാ​രി​യി​ൽ​നി​ന്നാ​ണ്. വ​സ​ന്ത​കാ​ല​ത്ത് (മാ​ർ​ച്ച്- ജൂ​ൺ) താ​ഴ്്‌​വ​ര​യാ​കെ പ​ച്ച​പ്പു നി​റ​യും. കാ​ട്ടു​പൂ​ക്ക​ളും ആ​പ്പി​ൾ​തോ​ട്ട​ങ്ങ​ളും നി​റ​യു​ന്ന ഈ ​സ​മ​യ​ത്തെ കാ​ലാ​വ​സ്ഥ സ​ഞ്ചാ​രി​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​താ​ണ്.

പൈ​ൻ​കാ​ടു​ക​ളി​ൽ​നി​ന്ന് വീ​ശു​ന്ന ത​ണു​ത്ത കാ​റ്റും അ​രു​വി​ക​ളി​ൽ നി​ന്നൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ന്‍റെ താ​ള​വു​മെ​ല്ലാം ഈ ​മ​ല​ഞ്ചെ​രു​വി​നെ പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്നു. ഡി​സം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ പ​ഹ​ൽ​ഗാം പൂ​ർ​ണ​മാ​യി മ​ഞ്ഞി​ന്‍റെ പു​ത​പ്പി​ലാ​കും. പ​ഹ​ൽ​ഗാ​മി​ന്‍റെ ജീ​വ​നാ​ഡി​യാ​യ ലി​ദ്ദ​ർ ന​ദി, പൈ​ൻ, ദേ​വ​ദാ​രു കാ​ടു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട ബെ​താ​ബ് താ​ഴ്‌​വ​ര, സൂ​ചി വീ​ണാ​ൽ പോ​ലും അ​റി​യു​ന്ന ശാ​ന്ത​ത​യ്ക്ക് പേ​രു​കേ​ട്ട അ​രു​താ​ഴ്‌​വ​ര , ശൈ​ത്യ​കാ​ല​ത്ത് ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച അ​നു​ഭ​വ​പ്പെ​ടു​ന്ന, മി​നി സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ബൈ​സ​ര​ൻ താ​ഴ്‌​വ​ര തു​ട​ങ്ങി ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​ചെ​റു​പ​ട്ട​ണ​ത്തെ ലോ​ക​പ്ര​ശ​സ്ത​മാ​ക്കി​യ​ത്.

കാ​ഷ്മീ​രി​ലെ സ​മാ​ന സ്ഥ​ല​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ പ​ഹ​ൽ​ഗാ​മി​ന് ഒ​ട്ടേ​റെ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ആ​ധു​നി​ക​ത​യു​ടെ സ്പ​ർ​ശ​മി​ല്ലാ​തെ പ്ര​കൃ​തി​യെ ആ​സ്വ​ദി​ക്കാ​ൻ ഉ​ത്ത​മ​മാ​ണി​വി​ടം. ത​ദ്ദേ​ശീ​യ​വും മ​റ​ഞ്ഞി​രി​ക്കു​ന്ന​തു​മാ​യ സൗ​ന്ദ​ര്യ​ങ്ങ​ളു​ടെ നാ​ടാ​ണി​ത്. പ്ര​കൃ​തി​യെ​പ്പോ​ലെ ത​ന്നെ വി​ചി​ത്ര സൗ​ന്ദ​ര്യ​മു​ള്ള സം​സ്കാ​ര​മാ​ണി​വി​ടെ. പ​ഹ​ൽ​ഗാ​മി​ലെ പാ​ച​ക​രീ​തി അ​തി​ന്‍റെ സ്വ​ഭാ​വം പോ​ലെ ത​ന്നെ സ​വി​ശേ​ഷ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള പാ​ച​കം രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. അ​മ​ർ​നാ​ഥ് ഗു​ഹ​ക​ളി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് പ​ഹ​ൽ​ഗാം ബേ​സ് ക്യാ​മ്പാ​ണ്.

വീ​ണ്ടും പ​ഴ​യ പ​ഹ​ൽ​ഗാ​മി​ലേ​ക്ക്

ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ് എ​ന്ന​തി​ന​പ്പു​റ​മാ​ണ് പ​ഹ​ൽ​ഗാ​മി​ന്‍റെ ഇ​ന്ന​ത്തെ ക​ഥ. ടൂ​റി​സം ഇ​വി​ടെ ഒ​രു വ്യ​വ​സാ​യം മാ​ത്ര​മ​ല്ല. ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ ശ​മ്പ​ള​മാ​ണ്. ഒ​രു ടാ​ക്സി ഡ്രൈ​വ​റു​ടെ ദി​വ​സ​വ​രു​മാ​ന​മാ​ണ്. ഒ​രു കു​തി​ര​ക്കാ​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ഴ​മാ​ണ്. ഒ​രു ക​ട​ക്കാ​ര​ന്‍റെ തൊ​ഴി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ഞ്ചാ​രി​ക​ളു​ടെ ഓ​രോ തി​രി​ച്ചു​വ​ര​വും ഇ​വി​ടെ സ​മ്പ​ദ‌് ‌വ്യ​വ​സ്ഥ​യു​ടെ തി​രി​ച്ചു​വ​ര​വാ​ണ്.​

ഭീ​ക​രാ​ക്ര​മ​ണം പ​ഹ​ൽ​ഗാ​മി​ന്‍റെ സൗ​ന്ദ​ര്യം ക​വ​ർ​ന്നെ​ടു​ത്തി​ല്ല. പ​ക്ഷേ, ആ ​സൗ​ന്ദ​ര്യ​ത്തി​ലേ​ക്കു നോ​ക്കാ​നു​ള്ള മ​നു​ഷ്യ​രു​ടെ മ​ന​സി​ൽ ഭ​യം വി​ത​ച്ചു. ആ ​ഭ​യ​ത്തെ മ​റി​ക​ട​ക്കാ​നാ​ണ് പ​ഹ​ൽ​ഗാ​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പോ​രാ​ട്ടം.​ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ വ​ഴി​യ​രി​കി​ലെ കു​തി​ര​ക​ൾ വീ​ണ്ടും യാ​ത്ര​ക്കാ​രെ കാ​ത്തു​നി​ൽ​ക്കു​ന്നു. ഹോ​ട്ട​ലു​ക​ളു​ടെ വാ​തി​ലു​ക​ൾ വീ​ണ്ടും തു​റ​ന്നു​കി​ട​ക്കു​ന്നു. ക​ട​ക​ളി​ൽ ക​ച്ച​വ​ടം പ​തി​യെ മ​ട​ങ്ങി​യെ​ത്തു​ന്നു. ലി​ദ്ദ​ർ പ​ഴ​യ​തു​പോ​ലെ ഒ​ഴു​കു​ന്നു.

പ​ക്ഷേ, ബൈ​സ​ര​ൺ താ​ഴ്്‌​വാ​ര​യി​ലേ​ക്കു​ള്ള വ​ഴി​യ്ക്ക​പ്പു​റം ഒ​രു താ​ഴ്‌​വ​ര‍​യു​ടെ മാ​യാ​ത്ത ഓ​ർ​മ​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഹ​ൽ​ഗാ​മി​ന്‍റെ തി​രി​ച്ചു​വ​ര​വ് പ​ഴ​യ തി​ര​ക്കി​ലേ​ക്കു​ള്ള മ​ട​ക്കം മാ​ത്ര​മ​ല്ല; ഭ​യ​ത്തി​നു​മേ​ൽ ജീ​വി​തം നേ​ടു​ന്ന ഒ​രു ചെ​റി​യ വി​ജ​യ​വു​മാ​ണ്. മു​റി​പ്പാ​ടു​ക​ൾ അ​വ​ശേ​ഷി​ക്കാം. ഓ​ർ​മ​ക​ൾ മാ​യ​ണ​മെ​ന്നി​ല്ല. പ​ക്ഷേ പ​ഹ​ൽ​ഗാം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രി​ക​യാ​ണ്.

 

Tags : Sunday Deepika Pahalgam Tourist

Recent News

Corehub Up