പാതകളിലെ ചേരിപ്രദേശങ്ങൾ മറച്ചുകെട്ടിയ നടപടി വിവാദത്തിൽ.
ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പാതകളിലെ ചേരിപ്രദേശങ്ങൾ മറച്ചുകെട്ടിയ നടപടി വിവാദത്തിൽ. ദക്ഷിണ ഡൽഹിയിലെ വസന്ത് വിഹാർ, ആർ.കെ. പുരം തുടങ്ങിയ ഭാഗങ്ങളിലെ ‘കൂലി ക്യാമ്പ്’ അടക്കമുള്ള ചേരികളാണ് ഉയരമുള്ള പച്ചയും വെള്ളയും നിറങ്ങളിലുള്ള സ്ക്രീനുകൾ ഉപയോഗിച്ച് മറച്ചത്.
ദാരിദ്ര്യം ലഘൂകരിക്കുന്നതിനു പകരം വിദേശ പ്രതിനിധികളുടെ കണ്ണിൽപ്പെടാതിരിക്കാൻ രാജ്യത്തെ സാമൂഹിക യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുകയാണ് കേന്ദ്രസർക്കാരും പ്രാദേശിക ഭരണകൂടവും ചെയ്യുന്നതെന്ന് പ്രദേശവാസികളും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
2023ലെ ജി20 ഉച്ചകോടിയുടെ സമയത്തും സമാനമായ രീതിയിൽ ചേരിപ്രദേശങ്ങൾക്കു ചുറ്റും മറകൾ സ്ഥാപിച്ചിരുന്നു. മറകൾ ഉയർന്നതോടെ ഗതാഗതവും ദൈനംദിന ഉപജീവനവും തടസപ്പെട്ടതായും പ്രദേശത്തെ നിർമാണ-ശുചീകരണ തൊഴിലാളികൾ ആരോപിച്ചു.
ഗതാഗത നിയന്ത്രണം വരുമാനത്തെ ബാധിച്ചു: തൊഴിലാളികൾ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് മൂന്നു ദിവസമായി ഏർപ്പെടുത്തിയ കനത്ത ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് സാധാരണക്കാർ.
നിയന്ത്രണങ്ങൾ കാരണം നഗരത്തിന്റെ പ്രധാന മേഖലകളിൽ യാത്രകളും ഡെലിവറി ഓർഡറുകളും വൻതോതിൽ കുറഞ്ഞതായി ഓട്ടോറിക്ഷ, ഡെലിവറി തൊഴിലാളികൾ ചൂണ്ടിക്കാട്ടി. ഇത് തങ്ങളുടെ ദിവസവരുമാനത്തെ സാരമായി ബാധിച്ചതായും തൊഴിലാളികൾ ആരോപിച്ചു.
Tags : Widespread Protest ScreeningOff Slums Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash