ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാൽ മലനിരകളിൽ ട്രെക്കിംഗിന് പോയ വിദ്യാർഥിനിയെ കാണാതായി. എംബിഎ വിദ്യാർഥിനി ബബിത പാണ്ഡെ (24) യെ കാണാതായിട്ട് ആറ് ദിവസമായി. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരെ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിലെടുത്തു.
നൈനിറ്റാൾ സ്വദേശിനിയായ ബബിത മേയ് 25-നായിരുന്നു ഹർമൻപാലിനും ഹർമൻപ്രീതിനുമൊപ്പം ഡെറാഡൂണിലെത്തിയത്. പിന്നീട് ഹർസിൽ, ഗംഗോത്രി തുടങ്ങിയ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു.
മെയ് 28-ന് റൈത്തൽ ഗ്രാമത്തിലെത്തിയ മൂവർ സംഘം അവിടെയാണ് താമസിച്ചത്. റൈത്തലിലെ സിസിടിവി കാമറകളിലാണ് ഇവരെ അവസാനമായി ഒന്നിച്ച് കണ്ടത്. തൊട്ടടുത്ത ദിവസം ഇവർ റൈത്തലിൽ നിന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നായ ദയാര ബുഗ്യാൽ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാത്രി ഗോയി ബേസ് ക്യാമ്പിൽ തങ്ങുകയും ചെയ്തു. അർദ്ധരാത്രിയോടെ ബബിതയെ ക്യാമ്പിൽ നിന്ന് കാണാതാവുകയായിരുന്നു.
ബബിതയെ കണ്ടെത്തുന്നതിനായി കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പോലീസ്, വനം വകുപ്പ്, ദുരന്ത നിവാരണ വിഭാഗം എന്നിവയിയിൽ നിന്നുള്ള 150 അംഗ സംഘമാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.
ബബിതയെയും സുഹൃത്തുക്കളെയും വ്യാജ പെർമിറ്റ് ഉപയോഗിച്ചാണ് ട്രെക്കിംഗിന് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രോ മൗണ്ടൻ എന്ന ട്രെക്കിംഗ് ഏജൻസിയുടെ രജിസ്ട്രേഷൻ അധികൃതർ സസ്പെൻഡ് ചെയ്തു. ട്രെക്കിംഗ് ഗൈഡുകളെ പോലീസ് ചോദ്യം ചെയ്തു. ടൂറിസം പോർട്ടലായ എക്സ്പ്ലോർ ഉത്തരകാശി വഴി ബബിതയുടെയോ സുഹൃത്തുക്കളുടെയോ പേരിൽ സാധുവായ ഡിജിറ്റൽ പെർമിറ്റുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്ന് ഉത്തരകാശി ജില്ലാ ടൂറിസം ഓഫീസർ കെ. കെ. ജോഷി സ്ഥിരീകരിച്ചു.
പ്രതിദിനം 150 ട്രെക്കർമാർ എന്ന പരിധി ലംഘിച്ച്, കാലാവധി കഴിഞ്ഞ ഒരു ഫിസിക്കൽ പെർമിറ്റിൽ ബബിതയുടെയും സുഹൃത്തുക്കളുടെയും പേരുകൾ ചേർത്താണ് ഏജൻസി തട്ടിപ്പ് നടത്തിയത്. ചെക്ക്പോസ്റ്റിൽ ഈ പെർമിറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തപ്പോൾ മുൻപ് യാത്ര ചെയ്തവരുടെ വിവരങ്ങളാണ് ലഭിച്ചത്. ഈ വ്യാജരേഖ ചമയ്ക്കൽ കാരണം അവരെ കൊണ്ടുപോയ ഏജൻസിയെ തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വന്നു. വ്യക്തിപരമായ തർക്കങ്ങളോ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളോ ബബിതയെ കാണാതായതിന് പിന്നിലുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.