മടിക്കേരി: കർണാടകയിലെ കുടകിൽ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യ ജി. എസിനായുള്ള (36) തെരച്ചിൽ അതീവ ഊർജിതമായി തുടരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞ് അറുപതോളം പേരാണ് നിലവിൽ വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്നത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ വിഷയത്തിൽ ഇടപെടുകയും തെരച്ചിലിനായി പ്രത്യേക നിർദേശങ്ങൾ നൽകുകയും ചെയ്തു.
തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ശരണ്യയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ആന്റി നക്സൽ ഫോഴ്സിനെ കൂടി ദൗത്യത്തിൽ ഉൾപ്പെടുത്തിയതായി ഡി.കെ ശിവകുമാർ അറിയിച്ചു. ഡ്രോണുകളും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്.
കൊച്ചിയിൽ ഐടി പ്രൊഫഷണലായ ശരണ്യ ഏപ്രിൽ രണ്ടിനാണ് കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനായി പോയത്. കാട്ടാന ശല്യമുള്ളതിനാൽ വനംവകുപ്പിന്റെ നിർദേശപ്രകാരം മറ്റൊരു പത്തംഗ സംഘത്തിനൊപ്പമാണ് ശരണ്യ പോയതെങ്കിലും തിരിച്ചിറങ്ങുന്നതിനിടെ അവരെ കാണാതാവുകയായിരുന്നു.
തനിക്ക് വഴിതെറ്റിയതായും എവിടെയാണെന്ന് അറിയില്ലെന്നും ശരണ്യ താമസിച്ചിരുന്ന ഹോംസ്റ്റേയിലെ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. കനത്ത കാടും മൂടൽമഞ്ഞും തെരച്ചിലിന് വലിയ തടസമാണ് സൃഷ്ടിക്കുന്നത്. ശരണ്യയുടെ കുടുംബാംഗങ്ങൾ കുടകിലെത്തിയിട്ടുണ്ട്. വിരാജ്പേട്ട് എംഎൽഎ എ.എസ് പൊന്നണ്ണയും തെരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
Tags : Trekking Malayali Women AntiNaxal Latest News