ബംഗളൂരു: ട്രക്കിംഗിനിടെ മലയാളി യുവതിയെ കുടക് വനത്തിൽ കാണാതായി. കൊച്ചിയില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥയായ ജി.എസ്.ശരണ്യയെയാണ് വ്യാഴാഴ്ച കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനാണ് ശരണ്യ തനിച്ച് എത്തിയത്.
കഴിഞ്ഞ രണ്ടിന് രാവിലെ എട്ടിന് വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാലിന് സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല.
തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സിഗ്നൽ നഷ്ടപ്പെട്ടു. ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തെരച്ചിൽ നടത്തുന്നത്.
അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടക്കുന്നത്. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
Tags : trekking missing kodagu