Kerala
വിലങ്ങാട് പ്രദേശത്തെ തകര്‍ത്തെറിഞ്ഞ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒന്നാംഘട്ടത്തില്‍ അവസാനിക്കുന്നില്ല. ഒന്നാംഘട്ട സമാപന ചടങ്ങില്‍ രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ഇന്നു വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് പള്ളി അങ്കണത്തിലാണ് ചടങ്ങ്.
പുതുതായി എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വര്‍ധിപ്പിക്കല്‍, പ്രകൃതി ദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, മാനസിക പിന്തുണയ്ക്കായുള്ള കൗണ്‍സലേഴ്സ് ടീം ശക്തീകരണം എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന. ഏതു ദുരന്ത സാഹചര്യങ്ങളും തരണം ചെയ്യാനായി മാനസികമായി ആളുകളെ സജ്ജരാക്കാനുള്ള പദ്ധതികളും പ്രത്യേകം ആസൂത്രണം ചെയ്തിട്ടുണ്ട്.
നാടിന്റെ ഉത്സവമായി ഒന്നാംഘട്ട സമാപനം
കോഴിക്കോട്: വിലങ്ങാട് ഉരുള്ദുരിതബാധിതര്ക്കായി കെസിബിസി പ്രഖ്യാപിച്ച ഒന്നാംഘട്ട പദ്ധതിയുടെ സമാപന ചടങ്ങില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് പള്ളി അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലാണ്. തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും.
ഷാഫി പറമ്പില്‍ എംപി, നിയുക്ത നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത്, മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍, സിഒഡി പ്രസിഡന്റ് മോണ്‍. ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും ദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്മിസിസ്ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന് സിഎംഐ, സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി (പ്രസിഡന്റ്, കെസിഎംഎസ്, കെസിബിസി), അപ്പസ്തോലിക് കര്‍മല്‍ സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, റെജി ജെ. കരോട്ട് (ഓള് കേരള ലേ അനിമേറ്റര്‍, ജീസസ് യൂത്ത്) തുടങ്ങിയവര്‍ പ്രസംഗിക്കും. പദ്ധതിക്ക് പിന്തുണ നല്കിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
നടുക്കുന്ന ഓര്‍മകള്‍
കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ 2024 ജൂലൈ 30നുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ കോടികളുടെ നാശമാണ് സംഭവിച്ചത്. മഞ്ഞച്ചീളി, പാനോം തുടങ്ങിയ പ്രദേശങ്ങളിലായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 18ലധികം വീടുകള്‍ പൂര്‍ണമായും തകരുകയും 120ലധികം വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ മഞ്ഞച്ചീളിയിലെ മാത്യു എന്ന റിട്ട. അധ്യാപകന് ജീവന് നഷ്ടമായി.
വിലങ്ങാട് ടൗണ്‍ പാലം ഉള്‍പ്പെടെ ഏഴ് പാലങ്ങള്‍ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു. റബര്‍, തെങ്ങ്, കമുക് തോട്ടങ്ങള്‍ പൂര്‍ണമായും നശിച്ചു. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടും സര്‍ക്കാരിന്റെ പുനരധിവാസ നടപടികള്‍ പര്യാപ്തമല്ലെന്ന ആക്ഷേപം ദുരിതബാധിതര്‍ ഇപ്പോഴും ഉയര്‍ത്തുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ദുരിതബാധിതര്‍ പല സമരങ്ങളും നടത്തി. വീട് നഷ്ടമായവര്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതടക്കമുള്ള സഹായവിതരണത്തില്‍ അനര്‍ഹര്‍ കയറിപ്പറ്റിയതായുള്ള ആക്ഷേപങ്ങളും ശക്തമാണ്.
ദുരിതബാധിത പ്രദേശങ്ങളിലെ വ്യാപാരികളെ 30 ലക്ഷം രൂപ നല്കി സഹായിച്ചത് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്. പാലങ്ങളും റോഡുകളും തകര്‍ന്നതുള്‍പ്പെടെ 156 കോടി രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡ് വിഭാഗം പ്രാഥമികമായി കണക്കാക്കിയത്. ജലസേചന വകുപ്പിനുണ്ടായത് 35 കോടിയുടെ നഷ്ടമാണ്. 162 ഹെക്ടറില്‍ കൃഷി നാശമുണ്ടായി. 225 കര്‍ഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 6.06 കോടിയുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്.
Kerala
കോഴിക്കോട്: ഉരുള്‍ ദുരിതബാധിതര്‍ക്കായി കേരള കത്തോലിക്ക മെത്രാന് സമിതി ആവിഷ്കരിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിലങ്ങാട്ടെ 70 കുടുംബങ്ങള്‍ക്കു പ്രതീക്ഷിച്ചതിലും വേഗത്തില്‍ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് കേരള സോഷ്യല്‍ സര്‍വീസ് ഫോറവും താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗവും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ താമരശേരി രൂപതാ ഘടകവുമായ സിഒഡിയും (സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്മെന്റ്). വിലങ്ങാട്ട് സമയബന്ധിതമായി ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ചുക്കാൻ പിടിച്ചത് കെഎസ്എസ്എഫും സിഒഡിയുമാണ്.
കെസിബിസിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്, താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്കുളങ്ങരയുടെ മേല്‍നോട്ടത്തിലാണ് പരാതികള്‍ക്കിട വരുത്താത്ത വിധം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചത്.
കെസിബിസിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് (ജെപിഡി) കമ്മീഷൻ ചെയർമാൻ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്റെ നേതൃത്വത്തിൽ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ പൂർണസഹകരണവുമായി രംഗത്തുണ്ടായിരുന്നു. ഇപ്പോഴത്തെ കെസിബിസി പ്രസിഡന്റും കോഴിക്കോട് ആർച്ച്ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കലിന്റെ നേതൃത്വവും ഇടപെടലും പദ്ധതി പൂർത്തീകരണത്തിന് വേഗം കൂട്ടി.
സിഒഡി പ്രസിഡന്റും താമരശേരി രൂപതാ വികാരി ജനറാളുമായ മോണ്‍. ഏബ്രഹാം വയലിലിന്റെ പ്രത്യേക ശ്രദ്ധയും ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു. സിഒഡി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ആല്ബിന് സക്കറിയാസ്, സിദ്ധാര്‍ഥ് എസ്. നാഥ് എന്നിവര്‍ താഴെത്തട്ടിലുള്ള മേല്‍നോട്ട ചുമതല വഹിച്ചു.
പൂര്‍ത്തീകരിച്ച വീടുകള്‍ ഓരോന്നും കാലതാമസമില്ലാതെ കുടുംബങ്ങള്‍ക്ക് വേഗത്തില്‍ കൈമാറാന്‍ കഴിഞ്ഞെന്നതും ശ്രദ്ധേയം. ചുരുങ്ങിയ സമയത്തിനുള്ളില്‍ 70 കുടുംബങ്ങള്‍ക്ക് പുതുജീവിതത്തിന് തുടക്കമിടാന്‍ പുതിയ വീടുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ ചാരിതാര്‍ഥ്യമുണ്ടെന്ന് ഫാ. സായി പാറന്‍കുളങ്ങര പറഞ്ഞു.
1989ലാണ് സിഒഡി പ്രവര്‍ത്തനം ആരംഭിച്ചത്. സ്ത്രീകള്‍, കര്‍ഷകര്‍, കുട്ടികള്‍, ദുര്‍ബല സമൂഹങ്ങള്‍ എന്നിവരുടെ സമഗ്ര വികസനമാണ് സംഘടനയുടെ ലക്ഷ്യം. 1990കളില്‍ ഗ്രാമവികസന സമിതികള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവ രൂപീകരിച്ച് ജനകീയ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.
കാര്‍ഷിക വികസനം, ഉപജീവന സുരക്ഷ, വനിതാ ശാക്തീകരണം, യുവജന വികസനം തുടങ്ങിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രളയകാലത്ത് ദുരിതാശ്വാസവും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തി. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം, ഭവനനിര്‍മാണം, പുനരധിവാസം, ഉപജീവന പിന്തുണ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
കാരിത്താസ് ഇന്ത്യ, കെസിബിസി, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സിഎസ്ആര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് വിവിധ സാമൂഹ്യ വികസന പദ്ധതികള്‍ നടപ്പാക്കിവരുന്നു. പ്രസിഡന്റ്, ഡയറക്ടര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴ് അംഗ ഭരണസമിതിയുടെ നേതൃത്വത്തിലാണ് സിഒഡിയുടെ പ്രവര്‍ത്തനങ്ങള്‍.
Kerala
കോഴിക്കോട്: 2024ലെ ഉരുൾദുരന്തത്തിൽ തകർന്നടിഞ്ഞ വിലങ്ങാടിന്റെ ഹൃദയത്തിൽ ഉയിർത്തെഴുന്നേൽപ് അടയാളപ്പെടുത്തുന്ന ദിനമാണിന്ന്. ഒരു പാതിരാത്രി അവരുടെ ജീവിതത്തിലെ സർവതും കവർന്നെടുത്തെങ്കിൽ ഇന്നൊരു പകൽ 70 കുടുംബങ്ങൾക്ക് ജീവിതം തിരികെ സമ്മാനിക്കുകയാണ്, ആവോളം നിറക്കൂട്ടുമായി.
കേരള കത്തോലിക്ക സഭയുടെ കാരുണ്യസ്പർശം ഇനി അവരുടെ ജീവിതത്തിൽ വെളിച്ചമായി നിറയും. ഉരുൾദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്കു വേണ്ടി കെസിബിസിയും ദീപികയും കൈകോർത്തപ്പോൾ കോഴിക്കോട് വിലങ്ങാട്ട് ഉയർന്നത് മനോഹരമായ, മികച്ച സൗകര്യങ്ങളോടുകൂടിയ 70 ഭവനങ്ങൾ. പൂർത്തിയാക്കിയ വീടുകൾ ഇന്നു വിലങ്ങാട്ട് നടക്കുന്ന ചടങ്ങിൽ കൈമാറും.
മറക്കാനാവാത്ത ദിനം
2024 ജൂലൈ 30. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശവാസികള്‍ക്ക് മറക്കാനാകുന്നതല്ല ആ ദിവസം. പാതിരാത്രിക്ക് കരളു പിളര്ക്കുംകണക്കെയെത്തിയ ഉരുളിന്റെ വക്കില്‍നിന്നു തലമുടിനാരിഴയ്ക്കാണ് ഒട്ടേറെ നിസഹായരായ മനുഷ്യര്‍ ജീവൻ മാത്രം രക്ഷിച്ച് കുന്നിന്മുകളിലേക്ക് പലായനം ചെയ്തത്. വന്‍ പാറകളും മരങ്ങളും കൂട്ടിയിടിച്ചുണ്ടായ പ്രകമ്പനവും മലവെള്ളപ്പാച്ചിലിന്റെ ഇരമ്പലും സൃഷ്ടിച്ച ആഘാതത്തില്‍ ഒരു രാത്രി മുഴുവന്‍ കൂരിരുളില്‍ കഴിഞ്ഞുകൂടിയ ആ മനുഷ്യരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചകളായിരുന്നു പിറ്റേന്നു സൂര്യനുദിച്ചപ്പോള്‍ ദൃശ്യമായത്. പല വീടുകളും കാണാനില്ല. അവിടെ കൂറ്റന്‍ പാറകളും മരങ്ങളും ചെളിയും നിറഞ്ഞിരിക്കുന്നു.
ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ മലവെള്ളമെടുത്തു. പാറക്കഷണങ്ങള്‍ വന്നിടിച്ച് പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകള്‍. വാഹനങ്ങള്‍, വളര്ത്തുമൃഗാദികള്, ഭൂമിയുടെരേഖകള്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍... ഒരായുസുകൊണ്ടു സ്വരുക്കൂട്ടിയ സര്‍വതും ഉരുള്‍ കവര്‍ന്നു. ഒറ്റ രാത്രികൊണ്ട് ഇവരത്രയും ഉടുതുണിയുടെ മാത്രം ഉടമകളായി മാറി. ഇനി എങ്ങനെ ജീവിക്കും? ഉപജീവന മാര്‍ഗം, മക്കളുടെ വിദ്യാഭ്യാസം, കുടുംബച്ചെലവ്... പച്ചമരത്തിനു തീപിടിച്ച മാനസികാവസ്ഥ. ആഴ്ചകളോളം ഉറങ്ങാന്‍ കഴിയാതെ മാനസിക വിഭ്രാന്തിയിലേക്കു നീങ്ങാന്‍ തുടങ്ങിയ നിസഹായരായ ജനതയുടെ വേദനയുടെ ആഴമറിഞ്ഞ് സഹായഹസ്തം നീട്ടിയത് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി)യായിരുന്നു.
138 വീടുകൾ
വിലങ്ങാട് ദുരന്തത്തിൽ ഒരാൾക്കു മാത്രമേ ജീവഹാനി ഉണ്ടായുള്ളൂ എന്നതു മാത്രമാണ് ആശ്വാസകരമായത്. എന്നാൽ, വിലങ്ങാടിനൊപ്പം വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തം അതീവ ഭയാനകമായിരുന്നു. 238 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. അതിനാൽ സർക്കാരിന്റെ ഉൾപ്പെടെ ഏവരുടെയും ശ്രദ്ധ വയനാട്ടിലേക്കു തിരിഞ്ഞു. എന്നാൽ, കെസിബിസി വയനാടിനൊപ്പം വിലങ്ങാടിനെയും ചേർത്തുപിടിച്ചു. വയനാട്ടിലും വിലങ്ങാടുമായി 138 വീടുകളാണ് കെസിബിസിയുടെ നേതൃത്വത്തിൽ പണിതു നൽകുന്നത്. വയനാട്ടിൽ പണിയുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
വീടുകൾ സുരക്ഷിത മേഖലയിൽ
ഉരുള്‍ദുരന്തമുണ്ടായി രണ്ടു വര്‍ഷം തികയും മുമ്പേ, കൃത്യമായി പറഞ്ഞാല്‍ 21 മാസംകൊണ്ട് ദുരിതബാധിതരായ 70 പേര്‍ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ഭവനം നിര്‍മിച്ചു നല്കിയ കേരള കത്തോലിക്ക മെത്രാന് സമിതിയുടെ സാമൂഹിക പ്രതിബദ്ധത നവോത്ഥാന കേരളത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളിൽ രേഖപ്പെടുത്തും. ഒരു സര്‍ക്കാരിനും ഇത്ര വേഗത്തില്‍ ഒരു വാഗ്ദാനവും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിസന്ധികള്‍ ഒട്ടേറെയുണ്ടായിരുന്നു. പക്ഷേ, ദുരിതബാധിതരുടെ കണ്ണീര് എത്രയും വേഗം ഒപ്പാനുള്ള കത്തോലിക്കാ സഭയുടെ ദൗത്യത്തിനു പിന്തുണയുമായി വിവിധ സന്യാസ സഭകളും സംഘടനകളും കൈകോര്‍ത്തപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ദ്രുതഗതിയിലായി.
മഴക്കാലം പടിവാതില്‍ക്കലെത്തി. 70 കുടുംബങ്ങള്‍ക്കിനി തോരാമഴയെയും ഉരുളിനെയും പേടിക്കാതെ സ്വസ്ഥമായുറങ്ങാം. ഉരുളിന്റെ കരാളഹസ്തമെത്താത്ത സുരക്ഷിതമായ സ്ഥലത്തു നിര്‍മിച്ച ഉറപ്പുള്ള വീടുകളില്‍ കഴിയുന്ന ഓരോ കുടുംബവും ദൈവദൂതരെപ്പോലെ സഹായഹസ്തവുമായി എത്തിയ കെസിബിസിക്കു നന്ദി പറയുന്നു.
ഇതാണ് കേരള മോഡല്‍
താമരശേരി രൂപതയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കൈമാറിയത്. മാനന്തവാടി, ബത്തേരി രൂപതകള്‍ ഏറ്റെടുത്ത വീടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. എല്ലാ രൂപതകള്‍ക്കും വീട് നിര്‍മാണത്തിനുള്ള തുക പൂര്‍ണമായും കെസിബിസി കൈമാറിക്കഴിഞ്ഞു. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യ, സിആര്‍എസ്, കെസിഎംഎസ്, താമരശേരി രൂപതയുടെ സിഒഡി, മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബത്തേരി രൂപതയുടെ ശ്രേയസ്, കോഴിക്കോട് രൂപതയുടെ ജീവന എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു കെസിബിസി നടപ്പിലാക്കിയ ദുരിതാനന്തര പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു കേരള മോഡല്‍ വികസനമായി വാഴ്ത്തപ്പെടുമെന്നതില്‍ സംശയമില്ല.
Kerala
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന് രണ്ടു വര്‍ഷം തികയുമ്പോഴും ശാപമോക്ഷമില്ല. സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും എല്ലാം പഴയപടി തന്നെ. മാനം കറുക്കുമ്പോഴേ മലയോരവാസികള്‍ ഭീതിയിലാണ്. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളും റോഡുകളും കലുങ്കുകളും തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. കാലവര്‍ഷം പടിവാതില്ക്കലെത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
വിലങ്ങാട് പെട്രോള്‍ പമ്പിന് മുന്നില്‍ ഉരുള്‍ തകര്‍ത്ത റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ തൊഴിലാളികള്‍ ആരും ജോലിക്കെത്തുന്നില്ല. പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി പ്രവൃത്തി നിറുത്തിയെന്നാണ് തൊഴിലാളികള്‍ നല്കുന്ന വിവരം. റോഡിനോടു ചേര്‍ന്നു താമസിക്കുന്ന എന്‍.എം. സക്കറിയാസും കുടുംബവും ഭീതിയിലാണ്.
പാർശ്വഭിത്തി നിര്‍മാണത്തിനായി എടുത്ത മണ്ണ് പുഴയിലേക്കാണ് തള്ളിയിരിക്കുന്നത്. ശക്തമായ മഴ പെയ്താല്‍ വെളളമൊഴുക്ക് തടസപ്പെട്ട് ഇനിയും വീട് പ്രളയത്തില്‍ മൂടുമെന്നാണ് സക്കറിയാസിന്റെ ആശങ്ക. 2024ല്‍ വിലങ്ങാട് ഉരുള്‍പൊട്ടിയ സമയത്ത് സക്കറിയാസിന്റെ വീട്ടില്‍ മലവെള്ളം ഇരച്ചെത്തി കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
അന്ന് രാത്രിയോടെ കുന്നിന്മുകളിലുള്ള വീട്ടിലേക്ക് മാറിയതിനാല്‍ സക്കറിയാസും കുടുംബവും രക്ഷപ്പെടുകയായിരുന്നു. കുറ്റല്ലൂര്‍, പന്നിയേരി ഉന്നതികളിലേക്കുള്ള ഏക ആശ്രയമായ മുച്ചങ്കയം പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും ഇവിടെ പുതിയ പാലത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നാളിതു വരെയായി ആരംഭിച്ചിട്ടില്ല. താത്കാലികമായി നിർമിച്ച പാലത്തിലൂടെ ജീവന് പണയപ്പെടുത്തിയാണ് പ്രദേശവാസികളുടെ ദുരിത യാത്ര. വിലങ്ങാട് മഞ്ഞച്ചീളിയിലും പ്രദേശ വാസികള്‍ക്ക് ദുരിതയാത്രയാണ്.
താത്കാലികമായി നിര്‍മിച്ച പാലത്തിലൂടെയാണ് ഇവിടെയും യാത്ര. വായാട് ഉന്നതിയിലേക്കുള്ള പാലവും അപകടാവസ്ഥയിലാണ്.
വിലങ്ങാട് പാനോം റോഡില്‍ വിലങ്ങാട് ഫൊറോന പള്ളിക്കു മുന്നിലെ റോഡിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞിരുന്നു. ഈ ഭാഗത്തും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. ഈ മഴക്കാലവും ശക്തമായാല്‍ റോഡ് മുഴുവനായി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് തൊട്ടടുത്തുള്ള ആരാധനാലയത്തിനും വീട്ടുകാര്‍ക്കും കടുത്ത ഭീഷണിയാകും.
ഉരുള്‍പൊട്ടലില്‍ പുഴയിലൂടെ എത്തിയ കരിങ്കല്ലുകള്‍ പുഴയില്‍നിന്ന് നീക്കം ചെയ്ത പ്രവൃത്തി മാത്രമാണ് രണ്ട് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞത്. മഴക്കാലമടുത്തതോടെ നിര്‍മാണ പ്രവൃത്തികള്‍ ഇനി കാര്യമായി നടത്താന്‍ കഴിയില്ല. ഈ മഴക്കാലം രൂക്ഷമാകരുതേയെന്നാണ് പ്രദേശവാസികളുടെ പ്രാര്‍ഥന.