കോഴിക്കോട്: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വിലങ്ങാട് മലയോര മേഖലയിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കുന്ന കാഴ്ചകളാണ് രണ്ടു വര്‍ഷമാകുമ്പോഴും ആ നാട്ടിലുള്ളത്. തകര്‍ന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും മാറ്റമില്ല.
അടിസ്ഥാന സൗകര്യവികസനത്തിനായി സര്‍ക്കാര്‍ കോടികള്‍ പ്രഖ്യാപിച്ചെങ്കിലും യുദ്ധഭൂമിയിലേതുപോലെ തകര്‍ന്നുകിടക്കുന്ന പാലങ്ങളും റോഡുകളും ദുരന്തത്തിനിരയായവരുടെ മനസില്‍ നടുക്കുന്ന ഓര്‍മകളെ വിളിച്ചുണര്‍ത്തുകയാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ബഹുഭൂരിപക്ഷവും കടലാസിലൊതുങ്ങവേ, ദുരിതബാധിതര്‍ക്ക് വാക്കിലും പ്രവൃത്തിയിലും ആശ്വാസമായത് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി)യാണ്.
ഒരു നാടിന്റെ വികസനസൂചികയുടെ മാനദണ്ഡങ്ങളായ അടിസ്ഥാന സൗകര്യങ്ങള്‍ പാടേ തകര്‍ന്നുകിടക്കുമ്പോള്‍, വീടു നഷ്ടപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നല്കിയ ഏതാനും ലക്ഷങ്ങള്കൊണ്ടു മാത്രം ആ നാടിന്റെ മനസ് തെളിയില്ല. തങ്ങളെ ഗ്രസിച്ചു കടന്നുപോയ വലിയൊരു ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്നവര്‍ക്ക്, പ്രഖ്യാപനത്തേക്കാളുപരി സാന്ത്വനമാകുന്നത് അവരെ ചേര്‍ത്തുനിർത്തുന്ന കരങ്ങള്‍ തന്നെയാണ്. അത്തരം ഇടപെടലിലൂടെയാണ് കെസിബിസിക്ക് വിലങ്ങാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞത്.
വലിയ മഴ പെയ്താലും ഭീതിയൊഴിഞ്ഞ മനസോടെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന വിധത്തിലുള്ള വാസസ്ഥലമൊരുക്കിയ കെസിബിസി ക്ക് 70 വീടുകളുടെ നിര്‍മാണത്തോടെ വിലങ്ങാടുമായുളള ബന്ധം അവസാനിപ്പിക്കുന്നില്ല. ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, ദുരന്തത്തെ നേരിടാനുള്ള മാനസികശേഷി വളര്‍ത്തൽ തുടങ്ങി രണ്ടാംഘട്ട പദ്ധതികള്‍ ഇന്നു പ്രഖ്യാപിക്കും.
ദുരന്തം നടന്ന് രണ്ടുവര്‍ഷം തികയുംമുമ്പേ വീടുകളുടെ നിര്‍മാണം കെസിബിസി പൂര്‍ത്തിയാക്കിയതില്‍ വിലങ്ങാട് മേഖലയില്‍ ആഹ്ലാദം അലതല്ലുകയാണ്. സര്‍ക്കാരിന്റെ നിയമങ്ങളും പ്രതികൂല കാലാവസ്ഥയുമെല്ലാം പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും കെസിബിസിയു ടെ ലക്ഷ്യത്തിനു തടസമായില്ല.
ആശ്വാസത്തണലിലേക്ക് 70 കുടുംബങ്ങൾ;രണ്ടാം ഘട്ടത്തിന് ഇന്നു തിരി തെളിയും
വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി 70 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടത്തിന്റെ സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ഇന്നു നടക്കും. വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തിലാണ് ഇതുസംബന്ധിച്ച ചടങ്ങ്.
പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, മാനസിക പിന്തുണയ്ക്കായുള്ള കൗണ്‍സിലേഴ്സ് ടീം ശക്തീകരണം എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.
കെസിബിസി പ്രസിഡന്റ് അർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണം നടത്തും.
Tags : KCBC condolences Vilangad Urulpottal