കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് 2024 ഓഗസ്റ്റ് അഞ്ചിന് കെസിബിസി ദുരിതബാധിതര്‍ക്കായി ഭവന പദ്ധതി പ്രഖ്യാപിച്ചത്. ദീപികയും പദ്ധതിയിൽ പങ്കാളിയായി.
കെസിബിസിയുടെ കീഴിലുളള ജെപിഡി കമ്മീഷനാണ് നിര്‍മാണ ചുമതല കൈമാറിയത്. രൂപതകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെ ജെപിഡി കമ്മീഷന് വീട് നിര്‍മാണ ഉത്തരവാദിത്വമേല്‍പ്പിച്ചു.
വയനാട്ടിൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ നേതൃത്വത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബത്തേരി ബിഷപ് ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ ശ്രേയസും കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ജീവനയും സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. താമരശേരി രൂപതയ്ക്കു കീഴില്‍ വരുന്ന വിലങ്ങാട്ടെ ഭവനനിര്‍മാണ ചുമതല ഏറ്റെടുത്തത് സിഒഡിയാണ്.
2024 ഡിസംബർ അഞ്ചിനു ചേർന്ന കെസിബിസി യോഗം പദ്ധതി സംബന്ധിച്ച് വിലയിരുത്തുകയും ഭവനനിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ 19ന് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ തോമാട്ടുചാലിലും ബത്തേരി രൂപതയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിലും നടപ്പാക്കുന്ന ഭവനനിർമാണത്തിന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തറക്കല്ലിട്ടു. തുടർന്ന് ഡിസംബർ 20ന് വിലങ്ങാട്ടെ നിർമാണപ്രവർത്തനങ്ങൾക്കും കർദിനാൾ തറക്കല്ലിട്ടു.
വിലങ്ങാട് ഉരുള്‍ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍തന്നെ ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് കൈമാറി സിഒഡി ചരിത്രം കുറിച്ചു. ഉരുള്‍ദുരന്തമുണ്ടായ പ്രദേശങ്ങളിലെ ദേവാലയങ്ങളിലെ വൈദികരും ഭവനപദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ്. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി മുന്‍ വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി, നിലവിലെ വികാരി ഫാ. ബോബി പൂവത്തിങ്കല്‍ എന്നിവരുടെ മേല്‍നോട്ടം ദിനേനെയുണ്ടായിരുന്നു.
കെസിബിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം ജെപിഡി കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഫാ. ജേക്കബ് മാവുങ്കല്‍ കുത്യമായ ഇടവേളകളില്‍ കോഴിക്കോട്ടെത്തി ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ജാതിമത ഭേദമെന്യേ ഉരുള്‍ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ വിവിധ പ്രസ്ഥാനങ്ങളിലൂടെ കെസിബിസിക്കു കഴിഞ്ഞു. ഒരു ദുരന്തവും ദുരന്തമായി അവശേഷിക്കുന്നില്ല. എല്ലാവരും ഒരുമിച്ചാല്‍ അവയെ ജീവനുള്ള സ്മാരകമായി മാറ്റാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെസിബിസി ഏറ്റെടുത്തു നടപ്പാക്കിയ ഭവന പദ്ധതിയെന്ന് ഫാ. ജേക്കബ് മാവുങ്കല്‍ പറഞ്ഞു.

പേരിനു മാത്രമായി, സൗകര്യങ്ങളില്ലാത്ത വീട് നിര്‍മിച്ചു നല്കി ‘ഉത്തരവാദിത്വം’ നിര്‍വഹിച്ചു നല്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്, വലിയ വെല്ലുവിളികള്‍ തരണം ചെയ്ത് ഒരു സാധാരണ കുടുംബത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കെസിബിസി വാഗ്ദാനം പാലിച്ചത്. ഏറ്റവും കുറഞ്ഞത് 1,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിച്ചത്.
വിദഗ്ധരായ ഡിസൈനര്‍മാരുടെയും ആര്‍ക്കിടെക്ടുകളുടെയും സഹായത്തോടെ ലഭ്യമായ സ്ഥലത്ത് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. ഇനി ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്ക്കിരയാകാതിരിക്കാന് അത്തരം ഭീഷണികളില്ലാത്ത സ്ഥലങ്ങളാണ് വീട് നിര്‍മാണത്തിനു തെരഞ്ഞെടുത്തത്. ഓരോ കുടുംബത്തിന്റെയും ആവശ്യാനുസരണമുള്ള വലിപ്പവും സൗകര്യങ്ങളും പരിഗണിച്ചാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.
ഇനി എന്തു ചെയ്യുമെന്നറിയാതെ പകച്ചുനിന്ന സമയത്താണ് കത്തോലിക്ക സഭ സഹായവുമായി എത്തിയതെന്നും അടച്ചുറപ്പുള്ള മികച്ച വീടുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ദുരിതബാധിതര്‍ ഒരേ സ്വരത്തോടെ സാക്ഷ്യപ്പെടുത്തുന്നു. (സ്വകാര്യത മാനിച്ച് വീടു ലഭിച്ചവരുടെ പേരുവിവരം വെളിപ്പെടുത്തുന്നില്ല). കെസിബിസി ഓരോ വീടിനും 10 ലക്ഷം രൂപയാണ് നല്‍കിയത്. സ്ഥലം വീട്ടുകാര്‍ ലഭ്യമാക്കി. പല ദുരിതബാധിതരും സര്‍ക്കാരില്‍നിന്നു ലഭിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങി നല്കിയ സ്ഥലത്താണ് കെസിബിസി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
70 വീട്ടുകാരില്‍ ചിലര്‍ക്കു സ്ഥലം വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലെന്ന വസ്തുത പരിഗണിച്ച് അത്തരക്കാര്‍ക്കു സ്ഥലവും കെസിബിസിയാണ് ലഭ്യമാക്കിയത്. വീടുകളിലേക്കുള്ള ഫർണിച്ചറും ഉപകരണങ്ങളും അടക്കമാണ് കെസിബിസി കൈമാറുന്നത്. ചിലർ കൈവശമുണ്ടായിരുന്ന തുക കൂടി ചെലവഴിച്ച് വീടുകളിൽ കൂടുതൽ സൗകര്യമൊരുക്കി. ഇരുനില വീടുകൾ വരെ ഇതു പ്രകാരം നിർമിച്ചിട്ടുണ്ട്.
വിലങ്ങാട് ദുരിതബാധിതര്‍ക്ക് ആദ്യം 41 വീടുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു തീരുമാനം. പിന്നീട്, അര്‍ഹരായവരുടെ എണ്ണം അതിലുമേറെയാണെന്നു കണ്ട് 29 വീടുകള്‍ കൂടി നിര്മിച്ചുനല്കാന് താമരശേരി രൂപത തീരുമാനിക്കുകയായിരുന്നു. ഇതുവഴി നിര്‍മാണച്ചെലവ് വര്‍ധിച്ചുവെങ്കിലും വിവിധ സന്യാസസഭകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം കത്തോലിക്ക സഭയുടെ സദുദ്യമത്തോടു സഹകരിച്ചെന്ന് ഫാ. സായി പാറന്‍കുളങ്ങര വ്യക്തമാക്കി.
വിലങ്ങാട് ദുരന്തത്തിനിരയായ ഏഴ് കുടുംബങ്ങള്‍ കണ്ണൂര്‍ ജില്ലയിലേക്കു സ്ഥലംമാറിപ്പോയി. ഇവര്‍ക്ക് അവിടെയാണ് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. ബാക്കിയുള്ള വീടുകള്‍ കോഴിക്കോട് ജില്ലയിലെ മരുതോങ്കര, ചക്കിട്ടപാറ, കൂരാച്ചുണ്ട് തുടങ്ങിയ സ്ഥലങ്ങളിലായാണ് നിര്‍മിച്ചത്.
Tags : Vilangad Urulpottal KCBC first house