University News
കോട്ടയം: എംജി സര്വകലാശാലയുടെ ഇന്റര്നാഷണല് സെന്റർ ഫോര് പോളാര് സ്റ്റഡീസില് കരാറടിസ്ഥാനത്തില് റിസര്ച്ച് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്ഹരായവര് അപേക്ഷയും അനുബന്ധ രേഖകളുടെ പകര്പ്പുകളും നോട്ടിഫിക്കേഷന് തീയതി മുതല് 15 ദിവസത്തിനകം [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങള് സര്വകലാശാല വെബ്സൈറ്റില്.
Education
കൊച്ചി: തൃക്കാക്കര ഭാരതമാതാ ഓട്ടോണോമസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗവ. എയ്ഡഡ് ഗസ്റ്റ് അധ്യാപക തസ്തികയിലുള്ള വിവിധ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
ഏപ്രിൽ 22ന്- മാത്തമാറ്റിക്സ് (രാവിലെ 9.30), സ്റ്റാറ്റിസ്റ്റിക്സ് (രാവിലെ 11.00), ഫിസിക്സ് (ഉച്ചയ്ക്ക് 1.30).
23ന്- ബോട്ടണി (രാവിലെ 9.30), ഹിന്ദി (ഉച്ചയ്ക്ക് 1.30). 24ന് കോമേഴ്സ് (രാവിലെ 9.30), 27- സുവോളജി (രാവിലെ 9.30), കംപ്യൂട്ടർ സയൻസ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേർണിംഗ് (ഉച്ചയ്ക്ക് 1.30). 28ന് ഇംഗ്ലിഷ് (രാവിലെ 9.30), 29ന് കെമിസ്ട്രി (രാവിലെ 9.30), 30ന്- മലയാളം (രാവിലെ 9.30). മേയ് നാലിന് - ഇക്കണോമിക്സ് (രാവിലെ 9.30), ഹിസ്റ്ററി (ഉച്ചയ്ക്ക് 1.30) എന്നീ വിഷയങ്ങളിലാണ് ഇന്റർവ്യൂ.
താത്പര്യമുള്ളവർ നിശ്ചിത സമയങ്ങളിൽ സർട്ടിഫിക്കറ്റുകളും ഡിഡി ഓഫീസിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖയുമായി കോളജിൽ എത്തണം. നെറ്റ്/ പിഎച്ച്ഡിയുള്ളവർക്ക് മുൻഗണന.
National
ന്യൂഡൽഹി: ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മേഖലകളിലായി സിവിൽ സർവീസിൽ 2834 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. ലോക്സഭയിൽ അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര പർസണൽ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎഎസിൽ അനുവദിക്കപ്പെട്ട 6877 തസ്തികകളിൽ 5577 പേരും ഐപിഎസ് വിഭാഗത്തിലെ 5099 തസ്തികകളിൽ 4594 പേരും ഐഎഫ്എസ് വിഭാഗത്തിലെ 3193 തസ്തികകളിൽ 2164 പേരുമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഐഎഎസ് വിഭാഗത്തിൽ 1300 തസ്തികകളും ഐപിഎസ് വിഭാഗത്തിൽ 505 തസ്തികകളും ഐഎഫ്എസ് വിഭാഗത്തിൽ 1029 തസ്തികകളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
സിവിൽ സർവീസിലെ ഒഴിവുകൾ നികത്തുന്നത് ഒരു നിരന്തര പ്രക്രിയയാണെന്നും ഓരോ വർഷവും സംസ്ഥാനങ്ങളിലെ ഭരണപരമായ ആവശ്യങ്ങളും സ്ഥാനക്കയറ്റ സാധ്യതകളും പരിഗണിച്ച് നിയമനങ്ങൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മറുപടിയിൽ വ്യക്തമാക്കി. ഓരോ അഞ്ചു വർഷം കൂടുന്പോഴും നടക്കുന്ന കേഡർ റിവ്യൂ പ്രക്രിയയിലൂടെ ഒഴിവുകളും ഭാവിയിലെ ആവശ്യങ്ങളും വിലയിരുത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ പദവി ഏഴു വർഷമായി ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിച്ച് കോണ്ഗ്രസ്. പദവി ഒഴിഞ്ഞുകിടക്കുന്നത് നടപടിക്രമങ്ങളുടെ ചെറിയ വീഴ്ചയല്ലെന്നും പാർലമെന്ററി ജനാധിപത്യത്തിന്റെ ഹൃദയ ഭാഗത്തിനേറ്റ പ്രഹരമാണെന്നും കോണ്ഗ്രസ് എംപി മാണിക്കം ടാഗോർ കുറ്റപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 93 അനുസരിച്ച് സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഉറപ്പായും തെരഞ്ഞെടുക്കണമെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഇതു പാലിക്കപ്പെടുന്നില്ലെന്നും മാണിക്കം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങൾക്ക് സന്തുലനവും നിഷ്പക്ഷതയും ബഹുമാനവും നൽകാൻ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകുന്നതാണ് പാരന്പര്യമെന്നും പ്രതിപക്ഷത്തിന് അവരുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സ്ഥാപനത്തെത്തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും കോണ്ഗ്രസ് എംപി പറഞ്ഞു.
ഇപ്പോൾ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം നൽകിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ പദവി മനഃപൂർവമായി ഒഴിഞ്ഞുകിടക്കുന്നത് കൂടുതൽ വ്യക്തമാക്കപ്പെട്ടുവെന്നും ഇത് ഭരണനിർവഹണമാണോ അതോ ഉത്തരവാദിത്വബോധത്തോടുള്ള ഭയമാണോയെന്നും മാണിക്കം ചോദിച്ചു. പ്രതിപക്ഷത്തെ അരികുവത്കരിക്കാൻ ഭരണഘടനാപദവികൾ ഒഴിവാക്കിയിടുന്നത് ശക്തിയല്ലെന്നും അത് അരക്ഷിതാവസ്ഥയാണെന്നും മാണിക്കം വിമർശിച്ചു.
University News
കൊച്ചി: ഫെഡറല് ബാങ്കില് പ്രൊബേഷനറി ഓഫീസര് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്സ് ആന്ഡ് ക്ലയന്റ് അക്വസിഷന് (സ്കെയില് 1) തസ്തികയിലേക്കുള്ള അപേക്ഷകള് ഈ മാസം 31വരെ സ്വീകരിക്കും.
ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്, കോഴിക്കോട് ജില്ലകളിലാണു പരീക്ഷാകേന്ദ്രങ്ങളുള്ളത്.
ഏതെങ്കിലും വിഷയത്തില് ബിരുദാനന്തര ബിരുദമാണു യോഗ്യത. രാജ്യത്തെവിടെയുമുള്ള ശാഖകളില് നിയമനം ലഭിക്കാം. 12.84 ലക്ഷം മുതല് 17 ലക്ഷം രൂപ വരെ വാര്ഷിക ശമ്പളം. 27 വയസാണു പ്രായപരിധി. എസ്സി/ എസ്ടി വിഭാഗത്തിനും ബാങ്കിംഗ്, ഫിനാന്ഷ്യല് സര്വീസസ് ആന്ഡ് ഇന്ഷ്വറന്സ് മേഖലകളില് ഒരു വര്ഷത്തെ പ്രവൃത്തിപരിചയമുള്ളവര്ക്കും പ്രായത്തില് ഇളവുണ്ട്. വിവരങ്ങള്ക്ക്: www.federalbank.co.in/careers.
ഓണ്ലൈന് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചര്ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയമനം.