District News
വൈപ്പിൻ : വൈപ്പിനിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വൈപ്പിൻ ഏരിയയിലെ ആറു പഞ്ചായത്തുകളിലെയും വൈപ്പിൻ ബ്ലോക്കിലെയും ഇടപ്പള്ളി ബ്ലോക്കിന്റെ ഭാഗമായ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ആറു ഡിവിഷനുകളിലും എൽഡിഎഫ് സ്ഥാനാർഥികളെ ഇടതുമുന്നണി ഏരിയ കൺവീനർ എ.പി. പ്രിനിൽ ആണ് പ്രഖ്യാപിച്ചത്.
വൈപ്പിൻ ബ്ലോക്കിലെ 14 ഡിവിഷനുകളിൽ11ൽ സിപി എമ്മും രണ്ടെണ്ണത്തിൽ സിപിഐയും ഒന്നിൽ കേരള കോൺഗ്രസ്-എമ്മും മത്സരിക്കും. ഇടപ്പള്ളി ബ്ലോക്കിൽപെട്ട എളങ്കുന്നപ്പുഴയിലെ ആറു ഡിവിഷനുകളിൽ നാലിടത്ത് സിപിഎമ്മും ഓരോ സീറ്റിൽ സിപിഐയും എൻസിപിയും മത്സരിക്കും. ആറു പഞ്ചായത്തുകളിലായി ഉള്ള 112 പഞ്ചായത്ത് വാർഡുകളിൽ 79ൽ സിപിഎമ്മും 26ൽ സിപിഐയും മൂന്നിനടത്ത് കേരള കോൺഗ്രസ് എമ്മും രണ്ടെണ്ണത്തിൽ സിപിഐഎംഎൽ റെഡ് ഫ്ളാഗും ഒന്നിൽ എൻസിപിയും മത്സരിക്കും. ഒരു സീറ്റിൽ എൽഡിഎഫ് പൊതു സ്വതന്ത്രനായിരിക്കും സ്ഥാനാർഥി.
ആറ് പഞ്ചായത്ത് പ്രസിഡന്റുമാരും വീണ്ടും മത്സരത്തിന്
വൈപ്പിൻ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൈപ്പിൻ കരയിലെ ആറു ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ ഇക്കുറിയും മത്സര രംഗത്തുണ്ടാകും.
പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ് രമണി അജയനും (എൽഡിഎഫ് ) എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികലയും എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാമും(ഇരുവരും യുഡിഎഫ്) വീണ്ടും ഗ്രാമപഞ്ചായത്തിൽ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ,
ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു (ഇരുവരും എൽഡിഎഫ്) എന്നിവർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് മത്സരിക്കുക. കൂടാതെ നായമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദിന്റെ പേര് യുഡിഎഫ് സ്ക്രീനിംഗ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്തിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
District News
വൈപ്പിൻ : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് വൈപ്പിൻ ദ്വീപിലെ ആറു ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് സീറ്റ് വിഭജനം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി തർക്കമില്ലാതെ പൂർത്തിയായി. എളങ്കുന്നപ്പുഴയിൽ രൂക്ഷമായി നിലനിന്നിരുന്ന സിപിഎം-സിപിഐ ചേരിപ്പോര് ഇരുകക്ഷികളുടെയും ഏരിയ നേതൃത്വത്തിന്റെ സംയമനപരമായ നീക്കത്തിൽ പരിഹരിക്കപ്പെട്ടതുമൂലമാണ് ഇക്കുറി തർക്കങ്ങൾ ഇല്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയത്.
അതേസമയം യുഡിഎഫിൽ ആകട്ടെ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ ഒഴികെ മറ്റ് അഞ്ച് പഞ്ചായത്തുകളിലും സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്.
എളങ്കുന്നപ്പുഴയിൽ മുസ്ലിംലീഗിന്റെ സീറ്റുമായി ബന്ധപ്പെട്ട ചെറിയൊരു തർക്കം അവശേഷിക്കുന്നുണ്ട്. ഇത് ഇന്നോ നാളെയോ തീർന്നേക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. ഇവിടെ ലീഗ് രണ്ട് സീറ്റാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം ഏതാണ്ട് പൂർണമായ സാഹചര്യത്തിൽ ഒരു സീറ്റ് നൽകി ലീഗിനെ പിണക്കാതെ കൂടെ നിർത്തിയേക്കും.
ഇവിടെ മൊത്തം 24 വാർഡുകളിൽ ബാക്കി 23 വാർഡുകളിലും കോൺഗ്രസാണ് മത്സരിക്കുക. 24 വാർഡുകളുള്ള പള്ളിപ്പുറത്തും ,14 വാർഡുകൾ ഉള്ള കുഴുപ്പിള്ളിയിലും, 16 വാർഡുകൾ ഉള്ള ഞാറക്കലും മുഴുവൻ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും.
16 വാർഡുകളുള്ള എടവനക്കാട് രണ്ട് സീറ്റ് മുസ്ലിം ലീഗിന് നൽകിയിട്ടുണ്ട്. ബാക്കി പതിനാലെണ്ണത്തിലും കോൺഗ്രസാണ് മത്സരിക്കുക. 17 വാർഡുകളുള്ള നായരമ്പലത്ത് കേരളാ കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു സീറ്റ് നൽകിയേക്കും. ബാക്കി 16ലും കോൺഗ്രസ് മത്സരിക്കും. കൂടാതെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റ് മുസ്ലിം ലീഗിന് നൽകിയിട്ടുണ്ട്.
District News
വൈപ്പിൻ: ശബരിമല ഉത്സവത്തിന്റെ ഭാഗമായി വൈപ്പിൻ നിയോജക മണ്ഡലത്തിലെ രണ്ടു റോഡുകൾക്കായി 3.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിനു രണ്ട് കോടിയും എളങ്കുന്നപ്പുഴ പടിഞ്ഞാറെ നട മുതൽ വളപ്പ് ജംഗ്ഷൻ റോഡിന് 1.80 കോടിയുമാണ് അനുവദിച്ചത്.
വെള്ളക്കെട്ട് ദുരിതം പേറുന്ന പള്ളത്താംകുളങ്ങര ബീച്ച് റോഡ് ഉയർത്തി ഇന്റർലോക്കിംഗ് ടൈൽ വിരിക്കും. സംരക്ഷണ ഭിത്തികളും പുനർ നിർമിക്കും. പൊതുമരാമത്ത് വകുപ്പാണ് ശബരിമല ഉത്സവ ജോലികൾ സംബന്ധിച്ച് ഉത്തരവിറക്കിയത്.
മാഞ്ഞാലി-തടിക്കക്കടവ് റോഡിന് 7.8 കോടി
ആലങ്ങാട്: ശബരിമല തീർഥാടന ഉത്സവത്തിന്റെ ഭാഗമായി കളമശേരി നിയമസഭാ മണ്ഡലത്തിലെ മാഞ്ഞാലി മാർക്കറ്റ് ലാൻഡിംഗ് -തടിക്കക്കടവ് റോഡിന് 7.80 കോടി രൂപ അനുവദിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന റോഡുകൾ തീർഥാടന കാലത്ത് നവീകരിക്കുന്നന്നതിന്റെ ഭാഗമായാണ് റോഡിന് തുക അനുവദിച്ചത്. ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരണം പൂർത്തിയാക്കും.
കളമശേരി മണ്ഡലത്തിലെ പ്രധാന റോഡുകൾ ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തനം പല ഘട്ടത്തിലാണ്. പഞ്ചായത്തിലും വാർഡുകളിലും സംഘടിപ്പിച്ച പബ്ളിക് സ്ക്വയർ പരിപാടിയിൽ ഉയർന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് റോഡിന് തുക വകയിരുത്തിയതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
District News
വൈപ്പിൻ : വൈപ്പിൻ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 258 പോയിന്റോടെ ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 242 പോയിന്റോടെ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതെത്തി. 92 പോയിന്റോടെ കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ജിഎച്ച്എസാണ് മൂന്നാമത്.
ഹൈസ്കൂൾ വിഭാഗത്തിൽ 225 പോയിന്റോടെ ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. 155 പോയിന്റോടെ എടവനക്കാട് എസ്ഡിപിഐ കെപിഎം എച്ച് എസ് രണ്ടാം സ്ഥാനം നേടി. 144 പോയിന്റോടെ സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ് മൂന്നാം സ്ഥാനത്തെത്തി.
യുപി വിഭാഗം 74 പോയിന്റോടെ പള്ളിപ്പുറം ലിറ്റിൽ ഫ്ലവർ യുപിഎസ് ഒന്നാം സ്ഥാനം നേടി. 71 പോയിന്റോടെ ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 67 പോയിന്റോടെ സഹോദരൻ മെമ്മോറിയൽ എച്ച്എച്ച്എസ് മൂന്നാം സ്ഥാനവും നേടി.
എൽപി വിഭാഗം 59 പോയിന്റോടെ പള്ളിപ്പുറം ലിറ്റിൽ ഫ്ളവർ ഒന്നാംസ്ഥാനം നേടി. 55 പോയന്റുകളുമായി ഞാറക്കൽ സെന്റ് മേരിസ് യുപിഎസ്, ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ, സഹോദരൻ മെമ്മോറിയൽ എൽപിഎസ്, എടവനക്കാട് സെന്റ് അംബ്രോസ് എൽപിഎസ് എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു.
54 പോയിന്റോടെ ചക്കരക്കടവ് സെന്റ് ജോർജ് എൽപിഎസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃതോത്സവം യുപി വിഭാഗം 76 പോയിന്റോടെ ഞാറക്കൽ സെന്റ് മേരിസ് യുപിഎസ് ഒന്നാം സ്ഥാനവും 74 പോയിന്റോടെ കർത്തേടം സേക്രട്ട് ഹാർട്ട് യുപിഎസ് രണ്ടാം സ്ഥാനവും 70 പോയിന്റോടെ ഓച്ചന്തുരുത്ത് എസ്എസ് എസ്എസ് യുപിഎസ് മൂന്നാം സ്ഥാനവും നേടി.