കൊച്ചി: എറണാകുളം സൗത്ത് പുതുവൈപ്പ് മേഖലയില്‍ അനധികൃതമായി മാലിന്യം തള്ളുന്നത് തടഞ്ഞ സമരസമിതി രക്ഷാധികാരിയുടെ ഹോട്ടല്‍ തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കെ.എച്ച്. അബ്ബാസിന്‍റെ ഹോട്ടലിന് നേരെ ആക്രമണം ഉണ്ടായത്. സൗത്ത് പുതുവൈപ്പ് ബെല്‍ബോ പാലത്തിന് സമീപമുള്ള ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്.
ഗ്ലാസ് ചില്ലുകള്‍ എറിഞ്ഞു പൊട്ടിക്കുകയും ബോര്‍ഡുകളും മറ്റും തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സൗത്ത് പുതുവൈപ്പ് ഭാഗത്ത് മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങളെ തടയുകയും തിരിച്ച് വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ മാലിന്യം എത്തിക്കുന്ന ഇടനിലക്കാര്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച അബ്ബാസിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു.
മെഡിക്കല്‍ വേസ്റ്റ് ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്, ഖരമാലിന്യങ്ങളാണ് ദിനംപ്രതി ഇവിടെ തള്ളുന്നത്. നിരവധി പരാതികള്‍ പോലീസിനും ജില്ലാ ഭരണകൂടത്തിനും നല്‍കിയിട്ടും നടപടി ഇല്ലാതായപ്പോഴാണ് നാട്ടുകാര്‍ തീര സംരക്ഷണ സമിതി രൂപീകരിച്ചത്.
വന്‍ മാഫിയയാണ് ഇതിന് പിന്നിലെന്നും ഇതില്‍ പോലീസിനും ഉദ്യോഗസ്ഥന്മാര്‍ക്കും പങ്കുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. യൂണിവേഴ്‌സിറ്റി കവല, ആര്‍എംപി തോടിന്‍റെ പരിസരങ്ങള്‍, ബെല്‍ബോ റോഡിന്‍റെ വശങ്ങള്‍ എന്നിവിടങ്ങളിലുള്ള ചതുപ്പുകളിലും തണ്ണീര്‍ത്തടങ്ങളിലുമാണ് മാലിന്യം നിക്ഷേപിക്കുന്നത്.
നാട്ടുകാര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യം തള്ളല്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സമിതി രക്ഷാധികാരിയുടെ ഹോട്ടല്‍ തകര്‍ത്ത കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
Tags : Attack hotel Kochi Vypin