x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്ട്രീയ നീക്കവുമായി മുമ്പേയിറങ്ങി, പക്ഷെ മുനമ്പവും വഖഫ് ഭേദഗതിയും തുണച്ചില്ല; വൈപ്പിനില്‍ ബിജെപിക്ക് വോട്ട് ചോര്‍ച്ച

കൊച്ചി ബ്യൂറോ
Published: May 5, 2026 01:12 PM IST | Updated: May 5, 2026 01:12 PM IST

കൊച്ചി: വൈപ്പിന്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടോണി ചമ്മിണിയുടെ ചരിത്ര വിജയം. എന്നാല്‍ വഖഫ് ഭേദഗതി ബില്‍ അടക്കം പാസാക്കി ഒരു പ്രത്യേക ന്യൂനപക്ഷത്തിന്‍റെ വോട്ട് ലക്ഷ്യമിട്ട് ഇറങ്ങിയ എന്‍ഡിഎക്കും എല്‍ഡിഎഫിനൊപ്പം വലിയ തിരിച്ചടിയേറ്റു എന്നതാണ് സത്യം. എന്‍ഡിഎയുടെ സഖ്യകക്ഷിയായ ട്വന്‍റി 20യുടെ സ്ഥാനാര്‍ഥി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

ട്വന്‍റി 20 സ്ഥാനാര്‍ഥിയായ അനിത തോമസിന് ആകെ ലഭിച്ചത് 13637 വോട്ടുകളാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 8201 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയ് എല്‍ഡിഎഫിന്‍റെ കെ.എന്‍. ഉണ്ണികൃഷ്ണനോട് പരാജയം ഏറ്റുവാങ്ങിയപ്പോള്‍, ട്വന്‍റി 20യുടെ ഡോക്ടര്‍ ജോബ് 16707 വോട്ടുകള്‍ നേടിയിരുന്നു. അന്ന് ഒറ്റക്ക് മത്സരിച്ച ബിജെപിയുടെ കെ.എസ്. ഷൈജു 13540 വോട്ടുകള്‍ നേടിയിരുന്നു.

എന്നാല്‍ ഇത്തവണ ട്വന്‍റി20 എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ചപ്പോള്‍ 13637 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇത് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ക്ക് ഏതാണ്ട് തുല്യമാണ്. അതിനര്‍ഥം കഴിഞ്ഞ തവണ ട്വന്‍റി 20 മത്സരിച്ചപ്പോള്‍, യുഡിഎഫില്‍ നിന്നും അടര്‍ന്നു പോയ വോട്ടുകള്‍ ഭൂരിഭാഗവും യുഡിഎഫിലേക്ക് തിരിച്ചെത്തി.

ഒപ്പം ബിജെപിയുടെ വോട്ട് ബാങ്കുകളില്‍ ചോര്‍ച്ച ഉണ്ടായതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ട്വന്‍റി20ക്ക് വോട്ട് വീഴാതിരുന്നത് യുഡിഎഫ് വിജയത്തിന് അനുകൂല ഘടകമായി. ഒപ്പം ബിജെപിയുടെ വോട്ടുകള്‍ പൂര്‍ണമായും എന്‍ഡിഎക്ക് ലഭിച്ചില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയ നീക്കവുമായി ബിജെപി വൈപ്പിനില്‍ എത്തിയിരുന്നു. വഖഫ് ഭൂമി വിഷയത്തില്‍ മുനമ്പത്ത് സമരസമിതിക്ക് പിന്തുണ നല്‍കി ബിജെപി സജീവമായിരുന്നു. എന്നാല്‍ വഖഫ് വിഷയം ഈ തെരഞ്ഞെടുപ്പില്‍ അട്ടിമറി ഉണ്ടാക്കാനായില്ല. മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ ഭീഷണിക്കെതിരെ ഭൂസംരക്ഷണ സമിതി നടത്തിയ സമരത്തിന് പിന്തുണയുമായാണ് ബിജെപി നേതാക്കള്‍ എത്തിയത്.

വഖഫ് ബില്‍ ഭേദഗതിയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പു നല്‍കി. രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മുനമ്പം സന്ദര്‍ശിച്ചു. വഖഫ് ഭേദഗതി ബില്‍ പാസായതോടെ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ട സ്ഥലത്തെ സമരസമിതിയില്‍ നിന്നും 50ല്‍ അധികം പേര്‍ ബിജെപിയില്‍ അംഗത്വം എടുത്തു.

പിന്നാലെ ഇടതിന്‍റെ കോട്ടയായ പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം കടപ്പുറം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി കുഞ്ഞിമോന്‍ അഗസ്റ്റിന്‍ വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി റോക്കി ബിനോയിയെ 31 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കുഞ്ഞിമോന്‍റെ വിജയം. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ പള്ളിപ്പുറത്ത് നിന്നും വോട്ടെണ്ണി തുടങ്ങിയപ്പോള്‍ എന്‍ഡിഎക്ക് കനത്ത പ്രഹരമേറ്റു.

ആദ്യ റൗണ്ടില്‍ 861 വോട്ടുകള്‍ക്ക് എം.ബി. ഷൈനി ലീഡ് ചെയ്തു. എന്നാല്‍ ടോണി ചമ്മിണി ലീഡ് ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 15,648 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടോണി ചമ്മിണി വിജയിച്ചപ്പോള്‍, രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഡിഎഫ് മണ്ഡലത്തില്‍ തിരിച്ചെത്തുകയാണ് ചെയ്തത്.

അഡ്വ. എം.ബി. ഷൈനിക്ക് 50464 വോട്ടുകളാണ് ലഭിച്ചത്. ഇടതു കോട്ടയായ പള്ളിപ്പുറം പഞ്ചായത്തില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ലീഡ് ലഭിച്ചത്. മറ്റ് പഞ്ചായത്തുകളില്ലെല്ലാം ലീഡ് യുഡിഎഫിനായി. എന്‍ഡിഎ ഒതുങ്ങിപ്പോവുകയും ചെയ്തു.

Tags : Vote leakage BJP Vypin

Recent News

Corehub Up