Kerala
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുങ്ങിമരിച്ചത് 821 പേര്. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്-157 പേർ. അതേസമയം, 2024 ല്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്തായിരുന്നു-18.
മുങ്ങിമരണം സംബന്ധിച്ച കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ളത് പാലക്കാടും മൂന്നാം സ്ഥാനത്ത് കൊല്ലവുമാണ്. ഇവിടങ്ങളിൽ യഥാക്രമം 109, 99 എന്നിങ്ങനെയാണ് മുങ്ങിമരണങ്ങൾ.
തിരുവനന്തപുരത്ത് 2024ല്‍ ജലാശയത്തില്‍ 80 ജീവനാണ് പൊലിഞ്ഞതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഒരു മരണം മാത്രമായിരുന്നു. മുങ്ങിമരിച്ചവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. അവധിക്കാലത്ത് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് ജീവന് നഷ്ടമാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
മുന്നറിയിപ്പുകൾ അവഗണിക്കുന്നു
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി, കേരള വാട്ടര്‍ അഥോറിറ്റി, ഡാം സേഫ്റ്റി അഥോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ബീച്ചുകളിലും പുഴകളിലെ കടവുകളിലും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതൊക്കെ അവഗണിച്ച് വെള്ളത്തിലേക്ക് ഇറങ്ങുന്നതാണു പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
Kerala
കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി.
മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.
മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തെരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്.
15 വർഷത്തോളമായി വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
Kerala
കൊച്ചി: എറണാകുളം പച്ചാളം പാലത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വീടുകളില്‍ വെള്ളം കയറി. ഇന്ന് രാവിലെ ആറോടെയാണ് പച്ചാളം പാലത്തിന് സമീപം കലൂര്‍, പൊറ്റക്കുഴി തുടങ്ങി കൊച്ചിയുടെ വിവിധ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്ന 350 എംഎ കുടിവെള്ള പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടി ശക്തിയായി വെള്ളം പുറത്തേക്ക് വന്നതോടെ പ്രദേശത്തെ വീടുകളില്‍ അടക്കം വെള്ളം കയറുകയായിരുന്നു. ഈ ഭാഗത്ത് വെള്ള ചോര്‍ച്ച അടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ പണികള്‍ തുടരുകയാണ്.
Health
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. ഈ സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം. സൂര്യ രശ്മികള്‍ പ്രധാനമായും അഞ്ച് തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്).
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞു വരുന്നു. തല്‍ഫലമായി ആ രശ്മികള്‍ കൂടുതലായി നമ്മളിൽ പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ്മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗ ദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് - C (UVC) >290nm
2. അള്‍ട്രാ വയലറ്റ് - B (UVB) 290-320nm
3. അള്‍ട്രാ വയലറ്റ് - A (UVA) 320-400nm
ഇവ മൂന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ - 400-700nm തരംഗ ദൈര്‍ഘ്യത്തിലുള്ളതാണ്.
5. ചൂട് നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യ രശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ ഇത് സൂര്യോദയം മുതല്‍ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്. UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല.
പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട് - കാലാവസ്ഥ മാറ്റം, ഭൂ പ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു.
ഫലത്തില്‍ UVAയും UVBയും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍. UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മ്മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാവുകയും, തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങള്‍
1. പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ Polymorphous Light eruption (PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് കൂടുതലായി കാണപപെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു.
കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക. മുഖത്ത് വരുന്നത് കുറവാണ്. അതിന് കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മ്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങളും നനല്ലതാണ്.. ഉള്ളില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍, അസുഖം രൂക്ഷമാണെങ്കില്‍ ഉപയോഗിക്കാം.
2. ക്രോണിക്, ആക്റ്റിനിക് ഡെര്‍മാറ്റൈറ്റിസ് Chronic Actinic dermatitis
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസ്സു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പരതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും ഉപയോഗിക്കാം.
3. സോളാര്‍ അര്‍ട്ടിക്കേരിയ Solar urticaria
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷെ ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂട് സമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
4. ഫോട്ടോ ടോക്സിസിറ്റി Photo toxicity
ചില ഔഷധങ്ങള്‍, കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ് ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകള്‍ ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മ്മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്ക്രീനുകളും ആവശ്യമാണ്.
5. ഫോട്ടോ അലര്‍ജി Photo allergy
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്മെന്റുകള്, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മ്മരോഗം ഉണ്ടാകുന്നത് അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെ ഒക്കെ വിവരങ്ങള്‍ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യാണ്.
Photo patch test എന്ന ഒരു test നടത്തിയാ് ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റീറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ സ്റ്റിറോയ്ഡ് ഗുളികകള്‍ കൊടുക്കുകയും വേണ്ടിവരും.
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മ്മരോഗങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
1. വിവരശേഖരണം
രോഗിയുടെ അസുഖത്തിന്റെ കാലയളവ്, എന്ന് തുടങ്ങി, എത്ര നാള് നീണ്ടുനിന്നു തുടങ്ങി വിശദമായിത്തന്നെ വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം.
കാരണം ചില ജനിതക രോഗങ്ങള്‍, eg: SLE, Porphyria ഉള്ളവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറംസ്ഥലത്ത്, കൂടുതല്‍ വെയിലേല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാര്‍ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിന് ശേഷമാണോ ഈ ചര്‍മ്മരോഗം വന്നത് എന്നതും തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.
2. പരിശോധന
ശരീരം മുഴുവന്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം ഇവിടെയൊന്നും തടിപ്പുകള്‍ കാണാനിടയില്ല.. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളു പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്‍ക്കുന്നത് കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍ പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്ന് കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ ഒരു Diagnosis എത്താനായില്ലെങ്കില്‍ Skin biopsy ചെയ്താല്‍ രോഗം കണ്ടുപിടിക്കാന്‍ സാധിക്കും.
അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച് ടെസ്റ്റ് എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
1. രോഗിയെ പറഞ്ഞു മനസിലാക്കുക
10 മുതൽ 4 വരെ വെയില് ഒഴിവാക്കുക . UV radiation ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവ് വരെ ഈ ചരമ്മരോഗങ്ങള് തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്. ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന്, ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മ്മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ്ണ പരിരക്ഷണം നല്‍കാനുള്ള ഒരു സണ്‍സ്ക്രീന്‍ തയ്യാറാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോൾ നടന്നു വരുന്നുണ്ട്.. ഉള്ളില്‍ കഴിക്കാവുന്ന ആന്റി ഓക്സിഡന്റുകളില്‍ ഏറ്റവും പ്രയോജനകരമായത് Vitamin C, Vitamin E, ബീറ്റാ കരോട്ടിനുമാണ്.
വെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
വിവരങ്ങൾ: Dr. Sreerekha Panicker
Consultant Dermatologist, SUT Hospital, Pattom.
Health
വേനൽ കടുത്തിരിക്കുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് ആ പട്ടിക നീളുന്നു.
ചൊറിച്ചിൽ, ചർമത്തിൽ വരൾച്ച
വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്.
തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്.
സൺ സ്ക്രീൻ ലോഷൻ
കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്.
അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സൂര്യാഘാതം
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം.
ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീര താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
നിർജ്ജലീകരണം തടയാം
കടുത്ത വേനലിൽ പകൽ 11 മണി മുതൽ നാലു വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്,പഴങ്ങൾ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി.
വേനലിന് കടുപ്പമേറുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക.
വിവരങ്ങൾ - ഡോ. ധന്യ വി. ഉണ്ണികൃഷ്ണൻ
കൺസൾട്ടന്റ് ഫിസിഷ്യൻ എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
NRI
കുവൈറ്റ് സിറ്റി: ഒരാൾക്ക് ഒരേസമയം വാങ്ങാവുന്ന കുടിവെള്ള ബോട്ടിലുകളുടെ എണ്ണം പരമാവധി അഞ്ച് കാർട്ടൺ ആയി പരിമിതപ്പെടുത്തിക്കൊണ്ട് സഹകരണ സംഘങ്ങളുടെ യൂണിയൻ ഡയറക്ടർ മറിയം അൽ-അവാദ് സർക്കുലർ പുറത്തിറക്കി.
സംഘങ്ങൾക്ക് കീഴിലുള്ള സെൻട്രൽ മാർക്കറ്റുകൾക്കും എല്ലാ അനുബന്ധ ശാഖകൾക്കും ഈ തീരുമാനം ബാധകമാണ്. രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
വിപണിയിൽ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവപ്പ് തടയുന്നതിനും സ്റ്റോക്ക് തീർന്നുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അസാധാരണ സാഹചര്യങ്ങളിൽ വിതരണ ശൃംഖല തടസപ്പെടാതിരിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് യൂണിയൻ ഡയറക്ടർ അഭ്യർഥിച്ചു.
District News
ചങ്ങനാശേരി: കേരള ജല അഥോറിറ്റിയുടെ ഗാർഹിക കണക്ഷനുകളിലെ വെള്ളം ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. കടുത്ത വേനൽ കാരണം തുടർച്ചയായി രാത്രിയിൽ അടക്കം സപ്ലൈ നൽകുമ്പോൾ വെള്ളം ടാങ്കിലേക്ക് തനിയെ കയറാൻ വാട്ടർ മീറ്ററിനു ശേഷം ടാപ്പിൽനിന്നും ടാങ്കിലേക്ക് ഫ്ളോട്ട് വാൽവ് ഉപയോഗിച്ച് കണക്റ്റ് ചെയ്യുക. തന്മൂലം സപ്ലൈ നടക്കുമ്പോൾ വെള്ളം തനിയെ ടാങ്കിൽ ശേഖരിക്കപ്പെടുകയും ടാങ്ക് നിറയുമ്പോൾ തനിയെ ഓഫ് ആകുകയും ചെയ്യും.
വീടുകളിൽ ആവശ്യമായ വെള്ളം ടാങ്കുകളിൽ ശേഖരിച്ചശേഷം കിണറ്റിലേക്കോ പറമ്പിലേക്കോ പൈപ്പ് തുറന്നുവിടാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് മൂലം പൈപ്പ് ലൈനിൽ പ്രഷർ കുറഞ്ഞ് സമീപത്തു തന്നെയുള്ള ഉയർന്ന ഭാഗത്തുള്ള ആളുകൾക്ക് സ്ഥിരമായി വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാകും.
റോഡിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ മാത്രമാണ് അഥോറിറ്റി ചെയ്യുന്നത്. വീടുകളിലേക്ക് ഉള്ള കണക്ഷൻ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ, ലീക്കുകൾ എന്നിവ അതാത് കൺസ്യൂമർ, ലൈസൻസ് പ്ലംബർ മുഖേന നിർവഹിക്കേണ്ടതാണ്.
പൊതുടാപ്പുകൾ ഗാർഹിക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുക. ഹോസ് തുടങ്ങിയ ഉപകരണങ്ങൾ ഘടിപ്പിക്കുക, പൊതുടാപ്പുകളുടെ പരിസരത്ത് മൃഗങ്ങളെ കുളിപ്പിക്കുക, വാഹനങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ കഴുകുക തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.
ജല മോഷണം, ജല ദുരുപയോഗം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1916 ടോൾ ഫ്രീ നമ്പറിലോ 0481 2420634 നമ്പറിലോ അറിയിക്കാവുന്നതാണ്. ആന്റി തെഫ്റ്റ് സ്ക്വാഡിന്റെ പരിശോധനയിൽ ഇത്തരം ജലമോഷണം കണ്ടെത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുകയോ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതാണ്.
District News
പുളിങ്കുന്ന്: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലും വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈനുകളിലൂടെ വെള്ളം ലഭിക്കാത്തതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി മഴവെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. വേനൽ കടുത്തതോടുകൂടി സ്വകാര്യമായി ചങ്ങനാശേരിയിൽ നിന്നും മറ്റും ലിറ്ററിന് 1 രൂപ നിരക്കിൽ വിലയ്ക്ക് വാങ്ങിയാണ് വെള്ളം ഉപയോഗിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങൾക്ക് ഈ സാഹചര്യത്തിൽ വെള്ളം വിലയ്ക്ക് വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പുളിങ്കുന്ന് പഞ്ചായത്തിലെ 16 വാർഡുകളിലും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് യുഡിഎഫ് പുളിങ്കുന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിന് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു.
കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജോഷി കൊല്ലാറ, പി.കെ ആന്റണി പത്തിൽ, എ.എസ് വിശ്വനാഥൻ, വിജയമ്മ ജയപ്രകാശ്, സജിത മനോജ്, ഷൈനി മാർട്ടിൻ, മഞ്ജു ബിജു,മനോജ് കാനാച്ചേരി, സിനോജ് കൊച്ചുപറമ്പിൽ, അലൻ പത്തിൽ, എ.എം മനോഹരൻ, ഷാജി തോട്ടയ്ക്കാട്, ജയൻ പരവത്ര, അഭിജിത്ത് ഞാറ്റുകാല, ജോസഫ് ജോസഫ് ആഞ്ഞിലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
Kerala
കാസര്‍ഗോഡ്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍ഗോഡ് കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി.പി. ശോഭന (53) ആണ് മരിച്ചത്.
ശോഭന വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗ്ലാസിൽ എലി വിഷം അബദ്ധത്തിൽ തെറിച്ചു വീണു. ഈ വെള്ളം കുടിച്ച ശോഭനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ശോഭനയെ ആദ്യം മംഗുളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
Kerala
ഇൻഡോർ: മധ്യപ്രദേശിൽ മലിന ജലം കുടിച്ച ഒമ്പത് പേരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഡോർ ജില്ലയിലെ മൊഹൗവിലാണ് സംഭവം. ആരുടെയും നില ഗുരുതരമല്ല. പാറ്റി ബസാർ, ചന്ദർ മാർഗ് എന്നീ പ്രദേശങ്ങളിൽ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇൻഡോർ കളക്ടർ ശിവം വർമ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുകയും ദുരിതബാധിത മേഖലയിലെ ജനങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു. രോഗികൾക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് കളക്ടർ നിർദേശം നൽകി. പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും ശുചിത്വം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഇൻഡോറിലെ ഭാഗിരഥ്പുര മേഖലയിൽ മലിന ജലം കുടിച്ച നിരവധി പേർക്ക് അസുഖം ബാധിക്കുകയും മരണം രേഖപ്പെടുത്തുകയും ചെയ്തിരുന്നു
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഭാഗിരഥ്പുര മേഖലയിൽ മലിനജലം കഴിച്ച് രോഗബാധിതനായ ഒരാൾകൂടി മരിച്ചു.
കഴിഞ്ഞമാസം 22 മുതൽ ഛർദിയും വയറിളക്കവും ഉൾപ്പെടെ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന ഹേമന്ദ് ഗെയ്ക്ക്വാദ് എന്ന 51 കാരനാണു മരണത്തിനു കീഴടങ്ങിയത്.മലിനജലം കഴിച്ച് സമീപനാളുകളിൽ പ്രദേശത്ത് 15 മുതൽ 23 പേർ വരെ മരിച്ചതായാണ് ഏകദേശ കണക്ക്.
ക്രിസ്മസിന് തലേന്ന് ഇൻഡോറിലെ വർമ നഴ്സിംഗ് ഹോമിലാണ് ആദ്യം പ്രവേശിപ്പിക്കപ്പെട്ടത്.
നാലുദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു. വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ ഏഴിന് അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദി ഉൾപ്പെടെ പ്രശ്നങ്ങളുമായാണ് ആശുപത്രിയിൽ എത്തിയതെങ്കിലും അർബുദവും വൃക്കരോഗവുമാണു മരണകാരണമെന്ന് ആശുപത്രി വ്യക്തമാക്കി.
ഭാര്യയും നാല് പെൺകുട്ടികളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് ഓട്ടോറിക്ഷാ ഡ്രൈവറായ ഗെയ്ക്ക്വാദിന്റെ വരുമാനം കൊണ്ടായിരുന്നു.
അതിനിടെ, മലിനജലം നഗരത്തിൽ പടർന്ന സാഹചര്യത്തിൽ പൈപ്പ് ലൈൻ വാങ്ങിയതിലെ ടെൻഡർ രേഖകൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് ഉൾപ്പെടെ മുഴുവൻ രേഖകളും സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും മുനിനിപ്പൽ കോർപറേഷനും മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് നൽകി.
National
ന്യൂഡൽഹി: അറബിക്കടലിൽ ഗുജറാത്ത് തീരത്തിനടുത്ത് ദുരൂഹതയുണർത്തി വെള്ളം തിളച്ചുമറിയുന്നു. മത്സ്യത്തൊഴിലാളികളാണ് വീഡിയോ പകർത്തി സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.
കടലിലെ വലിയൊരു ഭാഗത്ത് വെള്ളം തുടർച്ചയായി തിളച്ചുമറിയുകയും കുമിളകൾ രൂപപ്പെടുകയും ചെയ്യുകയാണ്. ഇതിനു പിന്നിലെ കാരണം കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി പാൽഗഡ് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
കടൽത്തീരത്തെ വാതകച്ചോർച്ച, കടലിനടിയിലെ ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങൾ, കടലിനടിയിലെ പൈപ്പ് ലൈനുകളുടെ ചോർച്ച എന്നീ സാധ്യതകളിലേക്കാണ് അന്വേഷണം നീളുന്നത്.
വളരെ അസാധാരണവും അപകടസാധ്യതയുമുള്ള പ്രതിഭാസത്തിനെതിരേ അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 2021ൽ മെക്സിക്കോ ഉൾക്കടലിൽ കടലിനടിയിലെ പൈപ് ലൈനിലുണ്ടായ ചോർച്ച മൂലം കടലിനു മുകളിൽ തീപിടിത്തമുണ്ടായിരുന്നു.
"തീയുടെ കണ്ണ്' എന്നപേരിൽ ഈ അസാധാരണ തീപിടിത്തത്തിന്റെ വീഡിയോകൾ ലോകമെന്പാടും പ്രചരിക്കുകയും ചെയ്തിരുന്നു.
District News
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ ഇക്കുറിയും കക്കുവ പുഴക്കരയിൽ കുടിലുകെട്ടി താമസം തുടങ്ങി. വേനൽ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.
രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്ത് താമസിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിന് വെളിയിൽ പ്ലാസ്റ്റിക് ഷെഡുകളിൽ അന്തിയുറങ്ങാനാണ് ഇവർക്ക് താത്പര്യം.
ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്ക് മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങൾ മാത്രമാണ് മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങൾ നൂറ്റിപ്പത്ത് സങ്കേതത്തിൽ തന്നെയാണ് താമസം. ഒരു വീട്ടിൽ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്ക് സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടിൽ തന്നെ ഇരുപതിലധികം അംഗങ്ങൾ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളിൽ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടിൽകെട്ടി താമസിക്കാൻ എത്തുന്നത്.
ഒരു കുടുംബം, 30 അംഗങ്ങൾ !
ആറളം ഫാമിൽ പുനരധിവാസം ആരംഭിച്ച് 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശങ്ങളെക്കുറിച്ച് ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിന് തെരഞ്ഞെടുത്ത മേഖല തന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാം മേഖല പുനരധിവാസത്തിനും വനത്തിനോട് ചേർന്നുകിടക്കുന്ന പ്രദേശം കാർഷിക ഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്‍പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങൾ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണ് ജീവിതം.
പുഴക്കരയിൽ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടിൽ തന്നെയാണ് കഴിയുന്നത്. ഈ കുടുംബത്തിൽ മാത്രം കുട്ടികളുൾപ്പടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.
കുടിവെള്ളവും റോഡും
കുടിവെള്ളം, റോഡുകൾ എന്നിവയുടെ കാര്യത്തിൽ പുനരധിവാസമേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ബ്ലോക്ക് 13ലെ 55 മേഖലയിൽ മഴ മാറുന്നതോടെ തന്നെ ഇവിടെ കുടിവെള്ള പ്രശ്നവും ഉടലെടുക്കും. ആനശല്യം കൂടുതലുള്ള പ്രദേശം കൂടിയാണിത്. ആനയുൾപ്പടെയുള്ള വന്യജീവികൾ എത്തിയാൽ ഇവയെ തുരത്താൻ എത്തുന്ന ആർആർടിയുടെ വാഹനങ്ങൾ ചെളിയിൽ പുതഞ്ഞു പോകുന്നതും പതിവ് കാഴ്ച. നിലവിലുള്ള മൺറോഡ് മാത്രമാണ് ഏകവഴി. മഴക്കാലത്ത് റോഡ് ചെളിക്കുളമായി മാറും. ഈ സമയത്ത് രോഗികൾ ഉൾപ്പടെയുള്ളവരെ പുറത്തെത്തിക്കുന്നത് അതീവ സാഹസമാണ്.
പരിഹാര മാർഗം
ഫാമിൽ കുടിയേറി താമസിക്കുന്നവർക്കും കുടിൽകെട്ടി താമസിക്കുന്നവർക്കും ഉപകുടുംബങ്ങൾക്കും വീട് നൽകുക മാത്രമാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം. പുഴയോരത്ത് താമസിക്കുന്നവരെ സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകളിലാക്കി കുടിവെള്ളം ലഭ്യമാക്കിയാൽ പ്രശ്നത്തിന് താത്കാലിക പരിഹാരമാകുമെന്നും മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഒഴിഞ്ഞുകിടക്കുന്ന മുപ്പതിലധികം വീടുകൾ താത്കാലിക താമസത്തിനായി ഉപയോഗപ്പെടുത്താനാകും. വീട് ലഭിച്ചിട്ടും താമസമാക്കാത്തവരെ പട്ടികയിൽ നിന്നൊഴിവാക്കി അർഹതപ്പെട്ടവർക്ക് നൽകി പുനരധിവാസം നടപ്പാക്കാനാകും.
50 കോടിയിലധികം രൂപയുടെ കെട്ടിടങ്ങൾ പുനരധിവാസ മേഖലയിൽ ബന്ധപ്പെട്ട വകുപ്പുകൾ പോലും ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നുണ്ട്.
നാടോടി ശൈലിയിലുള്ള ജീവിതം കാരണം നിരവധി കുട്ടികൾ സ്കൂളിൽ പോകാതെ മീൻപിടിച്ചും മറ്റും ജീവിക്കുകയാണ്. ആദിവാസി കുടുംബങ്ങൾ പുഴയോരത്ത് താമസമാരംഭിച്ചത് പുറം ലോകമറിഞ്ഞതോടെ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, പഞ്ചായത്തംഗങ്ങളായ ഷഹീർ, റീഹാനത്ത് സുബി എന്നിവർ സ്ഥലം സന്ദർശിച്ചു.
ബാഹ്യശക്തികളുടെ ഇടപെടൽ
സീസൺ അനുസരിച്ച് ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താൽ ആറളം പുനരധിവാസ മേഖലയിൽ സ്ഥലം നൽകാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ ഇവരെ അറിയിച്ചിരുന്നു.
എന്നാൽ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടൽ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.
"ആറളം പുനരധിവാസമേഖലയിലെ പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്ന പരിഹാരം പുരോഗമിക്കുന്നു'
കണ്ണൂർ: ആറളം പുനരധിവാസമേഖലയിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്നങ്ങൾ പട്ടികവർഗ വികസന വകുപ്പ് നിലവിൽ പരിഗണിച്ചിട്ടുള്ളതാണെന്നും പരിഹാര നടപടികൾ വിവിധ തലങ്ങളിലായി നടന്നുവരികയാണെന്നും കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസർ അറിയിച്ചു. ബ്ലോക്ക് 13ൽ 55 പ്രദേശത്ത്, ചതിരൂർ 110 ഉന്നതിയിലെ കുടുംബങ്ങൾ മഴക്കാലം കഴിഞ്ഞാൽ മീൻ പിടിക്കാനും മറ്റുമായി സ്ഥിരമായി പുഴയോരത്ത് താമസിക്കാറുണ്ട്. ഇങ്ങനെ ആകെ 28 കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. ഇവരുടെ ബന്ധുകുടുംബങ്ങൾ ഇടയ്ക്ക് വന്ന് പോകുന്നത് ഉൾപ്പെടെ ചിലപ്പോൾ കൂടുതൽ വരും.
ആറളം പുനരധിവാസ പ്രദേശത്തിന്റെ പുറമേ നിന്നുമെത്തി താമസിക്കുന്ന 94 കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികൾ അന്തിമഘട്ടത്തിലുമാണ്. ചതിരൂർ 110 ഉന്നതിയിൽ നിന്നും വന്ന 15ൽ 10 കുടുംബങ്ങൾ ഈ 94ൽ ഉൾപ്പെട്ടിട്ടുളളവരാണ്. ഇവർക്ക് ഉടൻ തന്നെ ഭൂമി അനുവദിക്കും. അതേസമയം, ആറളം ഫാമിൽ തന്നെ ഭൂമി ലഭിച്ച കുടുംബങ്ങളുടെ ഉപകുടുംബങ്ങൾക്ക് ഭൂമി കൊടുക്കുന്നതിനുള്ള നടപടി സർക്കാരിന്റെ അംഗീകാരത്തോടെ സ്വീകരിക്കുന്നതാണ്. ഇതോടൊപ്പം പ്ലോട്ട് മാറി താമസിക്കുന്ന 113 കുടുംബങ്ങൾക്ക് പ്ലോട്ട് മാറ്റി അനുവദിക്കുന്നതിനുളള നടപടികളും അന്തിമഘട്ടത്തിലാണെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
നിലവിൽ ആറളം ഫാമിനകത്ത് 4,37,20,000 രൂപ ചെലവിൽ ഒമ്പത് റോഡുകൾ പഞ്ചായത്ത് മുഖേന ടാറിംഗ് ചെയ്യുന്നതിനും 49 ലക്ഷം രൂപയ്ക്ക് രണ്ട് റോഡുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുഖേന നിർവഹണം നടത്തുന്നതിനും പട്ടികവർഗ വികസന വകുപ്പ് ഭരണാനുമതി നൽകിയിട്ടുണ്ട്. പുനരധിവാസമേഖലയിലെ പൊതുവായ കുടിവെളള പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുളള ജലനിധി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനും കുടിവെളള ടാങ്കുകൾ, ഉറവിടങ്ങൾ എന്നിവ ശുദ്ധീകരിക്കുന്നതിനുമുളള നടപടികൾ ഗ്രാമപഞ്ചായത്ത് തലത്തിൽ പുരോഗമിച്ചുവരുന്നുണ്ടെന്നും പ്രോജക്ട് ഓഫീസർ അറിയിച്ചു.
District News
ചേര്‍ത്തല: ദേശീയപാതയില്‍ ഒറ്റപ്പുന്നയില്‍ പാതനിര്മാണത്തിനിടെ കുടിവെള്ളപൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കുഴിനിറഞ്ഞ് വെള്ളം പാതയിലും ഒഴുകിയത് അപകടകാരണവുമായി. വെള്ളിയാഴ്ച രാവിലെയാണ് ഇവിടെ കുടിവെള്ളക്കുഴല്‍ പൊട്ടിയത്. രാത്രിവരെ അറ്റകുറ്റപ്പണി നടക്കാതെ വന്നതോടെയാണ് വെള്ളം നിറഞ്ഞ് അപകടക്കെണിയായത്.
രണ്ട് ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണു. അറ്റകുറ്റപ്പണി നടത്താത്തിനെ ചൊല്ലി ജല അഥോറിട്ടിയും പാതനിര്‍മാണ കമ്പനിയുമായി തര്‍ക്കമുയര്‍ന്നു. അറ്റകുറ്റപ്പണി നടത്താതെ നിര്‍മാണ കമ്പനി തലയൂരിയെന്നായിരുന്നു വിമര്‍ശനം. തര്‍ക്കത്തിനൊടുവില്‍ മന്ത്രി പി. പ്രസാദ് ഇടപെട്ടാണ് ചര്‍ച്ച നടത്തി അറ്റകുറ്റപ്പണി നടത്തിയത്.
വെള്ളിയാഴ്ച രാവിലെ കുഴല്‍ പൊട്ടിയപ്പോള്‍ തന്നെ അറ്റകുറ്റപ്പണിക്കായി ക്രമീകരണം നടത്തിയെങ്കിലും നിര്‍മാണ കമ്പനി പ്രവൃത്തി നടത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.
വൈകിട്ട് മുടങ്ങിയ വെള്ളമെത്തിയതോടെ പാതനിറഞ്ഞു വെള്ളമൊഴുകിയത് ഗതാഗതത്തിനും തടസമായി. പോലീസും അഗ്നിശമന സേനയും ഏറെ പണിപ്പെട്ടാണ് രാത്രി സ്ഥിതി നിയന്ത്രിച്ചത്. ഇതോടെയാണ് മന്ത്രി പി. പ്രസാദും ഓഫീസും വിഷയത്തില്‍ ഇടപെട്ടത്. ഇതേത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ ജല അഥോറിറ്റി നേരിട്ടാണ് കുഴലിലെ തകരാറുകള്‍ പരിഹരിച്ചത്. വൈകിട്ടോടെ പരിഹാരമായെങ്കിലും നിര്‍മാണ കമ്പനിയുടെ നിസഹകരണത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അതേസമയം, ചേര്‍ത്തല താലൂക്കില്‍ കുടിവെള്ളവിതരണം താളംതെറ്റിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. തുടര്‍ച്ചയായി ശുദ്ധജലവിതരണം മുടങ്ങുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. കുടിവെള്ള വിതരണ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല ജല അഥോറിറ്റി അസി. എന്‍ജിനിയറെ ഉപരോധിച്ചു. കെപിസിസി സെക്രട്ടറി എസ്. ശരത്, കോണ്‍ഗ്രസ് വയലാര്‍ ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. രഘുവരന്, നേതാക്കളായ ആര്. രവിപ്രസാദ്, ജോണ്‍കുട്ടി പടാക്കുളം, മോഹനന് മണ്ണാശേരി, എന്‍.ഡി. വാസവന്, ജേക്കബ്, ജയകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Kerala
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ ഇക്കുറിയും കക്കുവ പുഴക്കരയിൽ കുടിൽ കെട്ടി താമസം തുടങ്ങി. വേനൽ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.
രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്തു താമസിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിനു പുറത്ത് ഇലാസ്റ്റിക് ഷെഡുകളിൽ അന്തിയുറങ്ങാനാണ് ഇവർക്കു താത്പര്യം.
ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്കു മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങൾ മാത്രമാണു മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങൾ നൂറ്റിപ്പത്ത് സങ്കേതത്തിൽ തന്നെയാണു താമസം.
ഒരു വീട്ടിൽ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടിൽത്തന്നെ ഇരുപതിലധികം അംഗങ്ങൾ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളിൽ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടിൽകെട്ടി താമസിക്കാൻ എത്തുന്നത്.
ഒരു കുടുംബം, 30 അംഗങ്ങൾ
ആറളം ഫാമിൽ പുനരധിവാസം ആരംഭിച്ച് 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിനു തെരഞ്ഞെടുത്ത മേഖലതന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാംമേഖല പുനരധിവാസത്തിനും വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശം കാർഷികഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്‍പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങൾ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണു ജീവിതം.
പുഴക്കരയിൽ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഈ കുടുംബത്തിൽ മാത്രം കുട്ടികളുൾപ്പെടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.
ബാഹ്യശക്തികളുടെ ഇടപെടൽ?
സീസൺ അനുസരിച്ച് ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താൽ ആറളം പുനരധിവാസ മേഖലയിൽ സ്ഥലം നൽകാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ ഇവരെ അറിയിച്ചിരുന്നു. എന്നാൽ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടൽ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.
District News
ചാലക്കുടി: നഗരസഭാ പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ച് നാലുദിവസമായിട്ടും പുന:സ്ഥാപിക്കാനായില്ല. നഗരസഭ പരിധിയിൽ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ ചെയ്യുന്നതിനായി മാർക്കറ്റ് റോഡിൽ പണികൾ നടത്തുന്നതിനായി ശനി, ഞായർ തിങ്കൾ വരെ ദിവസങ്ങളിൽ ചാലക്കുടി ടൗൺ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം പൂർണമായി തടസപ്പെടുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ ഇന്നലെയും കുടിവെള്ളവിതരണം മുടങ്ങിയതോടെ നാട്ടുകാർ വലഞ്ഞു. നഗരസഭ വാഹനത്തിൽ കുടിവെള്ളം എത്തിച്ചതായിരുന്നു അശ്വാസം. നഗരത്തിലെ ഭൂരിഭാഗം വീടുകളും വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. മാർക്കറ്റ് റോഡിൽ പൈപ്പ് പൊട്ടിയതിനാലാണ് കുടിവെള്ള വിതരണം പുനരാരംഭിക്കാതിരുന്നത്. എന്നാൽ പണികൾ വളരെ സാവധാനത്തിലാണ് നടക്കുന്നത്.
District News
കുന്നമംഗലം : വേനൽ കനക്കും മുമ്പേ പൂനൂർ പുഴയിൽ ഒഴുക്ക് നിലച്ചു വെള്ളം മലിനമായി.ഒഴുക്ക് നിലച്ചു പല ഭാഗങ്ങളിലും പുഴയിൽ ചെളിയും പ്ലാസ്റ്റിക്കും അടിയുകയും പായലും മറ്റും വളരുകയും ചെയ്തിട്ടുണ്ട്.
ഇത്തവണ നേരത്തേ തന്നെ പലയിടത്തും ബണ്ടുകൾ നിർമിക്കുകയും തടയണകൾ അടയ്ക്കുകയും ചെയ്തിരുന്നു. മുൻ കാലങ്ങളിൽ വേനൽ കനക്കുന്നതോടെയാണ് പുഴയിൽ ഒഴുക്ക് നിലച്ചു വെള്ളം മലിനമാകുന്നത്. ഇത്തവണ ചെളിയും മറ്റും അടിഞ്ഞു പലയിടത്തും വെള്ളം ഉപയോഗശൂന്യമായി മാറിയെന്നും നാട്ടുകാർ പറയുന്നു.
പല ഭാഗങ്ങളിലും ചെക്ക് ഡാം ഷട്ടറുകൾ പ്രവർത്തിക്കാത്തതും മഴക്കാലത്ത് ഉയർത്താൻ കഴിയാത്തതും പുഴയിൽ വൻതോതിൽ ചെളി അടിയാൻ കാരണമായിട്ടുണ്ട്. പുഴയിൽ രൂപപ്പെട്ട മൺതിട്ടയും ചെളിയും നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടായില്ലെങ്കിൽ ജല നിരപ്പ് കുറയുന്നതിനൊപ്പം മലിനീകരണത്തിനും കാരണമാകുമെന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്.
District News
കൊടകര: മറ്റത്തൂര്‍, കൊടകര കൃഷിഭവനുകളുടെ കീഴിലുള്ള ചാറ്റിലാംപാടത്ത് വെള്ളംകിട്ടാതെ മുപ്പതേക്കറോളം മുണ്ടകന്‍ കൃഷി ഉണങ്ങി നശിക്കുന്നു.
ചാലക്കുടി ഇറിഗേഷന്‍ പദ്ധതിക്കുകീഴിലെ വലതുകര കനാലിന്റെ ആറേശ്വരം ബ്രാഞ്ച് കനാല്വഴിയെത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ചാറ്റിലാംപാടത്തെ കൃഷി. 20 ദിവസം കൂടുമ്പോഴാണ് ഒന്നോ, രണ്ടോ ദിവസം ആറേശ്വരം കനാലിലേക്ക് അധികൃതര്‍ വെള്ളം തുറന്നുവിടുന്നത്. ചാറ്റിലാംപാടത്തേക്ക് വെള്ളം ഒഴുകിയെത്തുമ്പോഴും കനാല്‍ അടക്കേണ്ട സമയമാകുന്നതാണ് ഇവിടത്തെ പ്രശ്നം.
ഇക്കുറി കൃഷിയിറക്കിയശേഷം വേണ്ടത്ര അളവില്‍ ചാറ്റിലാംപാടത്തേക്ക് വെള്ളം എത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കതിരുവന്നു തുടങ്ങിയ നെല്‍ച്ചെടികളാണ് ഇപ്പോള്‍ വെള്ളമില്ലാതെ ഉണങ്ങിത്തുടങ്ങിയിട്ടുള്ളത്. ജലസേചനത്തിന്റെ കുറവുമൂലം നെല്‍ച്ചെടികള്‍ക്ക് വളര്‍ച്ച കുറവാണ്. അതിനാല്‍ വൈക്കോല്‍ ഒട്ടുംതന്നെ ലഭിക്കാനും സാധ്യതയില്ല.
രണ്ടാഴ്ചത്തേക്ക് കനാല്‍വെള്ളം ലഭിച്ചാല്‍ കതിരുവന്ന നെല്‍ച്ചെടികളെ ഉണക്കുഭീഷണിയില്‍നിന്ന് രക്ഷിക്കാനാവുമെന്ന് ചാറ്റിലാംപാടത്ത് കര്‍ഷകനും മുന്‍പഞ്ചായത്തംഗവുമായ വി.കെ. സുബ്രഹ്മണ്യന് പറയുന്നു. കൃഷിയിറക്കുന്നതിനുമുമ്പുതന്നെ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്ന് ഇറിഗേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി കര്‍ഷകര്‍ പറയുന്നു.
എന്നാല്‍ ആവശ്യം വേണ്ടരീതിയില്‍ അധികൃതര്‍ പരിഗണിച്ചില്ലെന്ന പരാതിയാണ് കര്‍ഷകര്‍ക്കുള്ളത്. നെല്‍ച്ചെടികളില്‍ കതിരുവന്നു തുടങ്ങുന്ന സമയത്ത് വെള്ളം ലഭിക്കാതായതോടെ നെല്‍ച്ചെടികള്‍ ഉണക്കുബാധിച്ച നിലയിലാണ്. നെല്‍ക്കണ്ടങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്.
വെള്ളം ലഭ്യമാക്കാനാവില്ലെന്ന് അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ ഇക്കുറി മുണ്ടകന്‍വിള ഇറക്കില്ലായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലമൊരുക്കാനും വിതക്കാനും മറ്റുമായി നല്ലൊരു തുകയാണ് ഈ പാടശേഖരസമിതിക്കു കീഴിലെ കര്‍ഷകര്‍ ചെലവഴിച്ചിട്ടുള്ളത്. രണ്ടുദിവസത്തിനകം വെള്ളം കിട്ടിയില്ലെങ്കില്‍ കൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ആണ്ടില്‍ മൂന്നുവട്ടം കൃഷിയിറക്കിയിരുന്ന പാടശേഖരമാണ് ചാറ്റിലാംപാടം. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിരിപ്പുകൃഷി മാത്രമേ ഇവിടെ വിജയകരമായി ചെയ്യാനാവൂ എന്നാണ് അവസ്ഥ. മുണ്ടകന്‍ ഇറക്കിയാല്‍ പലപ്പോഴും കൊയ്തെടുക്കാന്‍ കിട്ടാറില്ല. ചാറ്റിലാംപാടത്ത് ഉണങ്ങിനശിക്കുന്ന മുണ്ടകന്‍ കൃഷി നേരില്‍കാണാന്‍ ജനപ്രതിനിധികളും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും തയാറാകണമെന്നും കനാല്‍വഴി വെള്ളമെത്തിച്ച് നെല്‍ച്ചെടികളെ രക്ഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
District News
മൂവാറ്റുപുഴ: പെരിയാര്‍വാലി വാളകം ബ്രാഞ്ച് കനാലില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി വെള്ളം തുറന്ന് വിടാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ചര്‍ച്ചയില്‍ തീരുമാനം. പെരിയാര്‍വാലി വാളകം ബ്രാഞ്ച് കനാലില്‍ കീഴില്ലത്ത് കനാല്‍ ബണ്ട് തകര്‍ന്ന് വെള്ളം ഒഴുകി പോകുന്ന ഭാഗത്ത് അടിയന്തിരമായി താല്‍ക്കാലികമായി നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് ചർച്ച നടത്തിയത്.
ജില്ലാ പഞ്ചായത്തംഗം മാത്യൂസ് വര്‍ക്കി, വാളകം, പായിപ്ര പഞ്ചായത്ത് പ്രസിഡന്റുമാരായ രജിത സുധാകരന്, സീനത്ത് അസീസ്, വൈസ് പ്രസിഡന്റുമാരായ ജിജോ പാപ്പാലില്‍, കെ.പി. ജോയി, പഞ്ചായത്തംഗങ്ങളായ ജസീന അലി, എ.എ. നിഷാദ്, എ.സി. സുനില്‍, രായമംഗലം പഞ്ചായത്തംഗം ഹണി എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ കീഴില്ലം ഭാഗത്തി കനാൽ ബണ്ട് തകർന്ന പ്രദേശം സന്ദര്‍ശിച്ചു.
തുടർന്ന് പെരിയാര്‍വാലി അസിസ്റ്റന്റ് എന്‍ജിനീയര്‍ സൂര്യ രാജന്, ഓവര്‍സിയര്‍മാരായ പി.എ. രാജീവ്, റോഷ്ണി വര്‍ഗീസ് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പഞ്ചായത്തുകളുടെ സഹകരണത്തോടെ തകര്‍ന്ന കനാല്‍ബണ്ട് ഭാഗികമായി നിര്‍മിക്കാനും ഇതിന് ശേഷം കനാല്‍ വെള്ളം തുറന്ന് വിടാനും തീരുമാനമായത
National
നോയിഡ: ഇൻഡോർ മാലിന്യ ജലദുരന്തത്തിന് പിന്നാലെ നോയിഡയിലും സമാനസംഭവം റിപ്പോർട്ട് ചെയ്യുന്നു. മലിന ജലം കുടിച്ച നിരവധി പേർ രോഗബാധിതരായെന്നാണ് റിപ്പോർട്ട്.
പൈപ്പ് വെള്ളം കുടിച്ച പ്രദേശവാസികൾക്ക് ചർദ്ദി, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പിൽ മലിന ജലം കലർന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
മലിനജലം കവിഞ്ഞൊഴുകുന്നതും പൈപ്പ് ലൈനുകളിലെ ചോർച്ചയുമാണ് പ്രശ്നത്തിന് കാരണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് റിഷിപാൽ ഭാട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഈ ആരോപണം ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ നിഷേധിച്ചു. ജലവകുപ്പ് സംഘം ദുരിതബാധിത വീടുകൾ സന്ദർശിച്ച് ജലസാമ്പിളുകൾ പരിശോധിച്ചുവെന്നും പരിശോധനകളിൽ വെള്ളം ശുദ്ധമാണെന്ന് കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഇൻഡോറിൽ മലിനജലം കുടിച്ചതിനെ തുടർന്ന് നിരവധിപേർ മരിച്ചതിനെ തുടർന്ന് ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിച്ച സാഹചര്യത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
District News
കൊച്ചി: ചെല്ലാനത്തെ കുടിവെള്ള പ്രശ്നത്തിനെതിരെയുള്ള സമരം താത്കാലികമായി അവസാനിപ്പിച്ച് നാട്ടുകാര്‍. വാട്ടര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മായയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം പൊട്ടിയ പൈപ്പുകള്‍ മാറ്റി പമ്പിംഗ് നടത്താമെന്നു തീരുമാനമായതോടെയാണ് താത്കാലികമായി സമരം നിര്‍ത്തിവച്ചത്.
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിന്, ചെല്ലാനം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. സാംസണ് ആഞ്ഞിലിപറമ്പില് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്. അതേസമയം, കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചെല്ലാനത്തു നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. ഒരു മാസത്തിലേറെയായി പ്രദേശത്തു കുടിവെള്ളം ലഭിക്കുന്നില്ല.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ചെല്ലാനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ നിവാസികള്‍ പ്രതിഷേധിച്ചത്. വാര്‍ഡ് മെംബര്‍ ടോണി തയ്യിലിന്റെ നേതൃത്വത്തില്‍ തീരദേശ ഹൈവേയിലെ മാളികപറമ്പ് കവലയിലെ റോഡ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.
വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി റോഡില്‍ എത്തിയതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണമ്മാലി സിഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രൂക്ഷ ഗന്ധമുള്ള മലിനജലമാണ് പൈപ്പുകളില്‍ ഇപ്പോള്‍ എത്തുന്നതെന്നും എത്ര പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറയായി ഇരിക്കുന്ന സംവിധാനങ്ങളെ അനക്കാനുള്ള സമരമാണിതെന്നും ഫാ. സാംസണ് ആഞ്ഞിലിപറമ്പില് പറഞ്ഞു.
National
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഭാഗീരഥിപുര മേഖലയില്‍ കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്ന്നതിനെത്തുടര്ന്നു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. മലിനജലം ഉള്ളില്‍ച്ചെന്ന് ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഏകദേശം 150 പേര് ചികിത്സയില്‍ തുടരുകയാണ്.
അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ഏതാനും പേരുടെ ആരോഗ്യനില ആശങ്കാജനകമാണ്. മാലിന്യം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാക്ടീരിയോളജി വിദഗ്ധർ സംഘത്തിലുണ്ട്. അതേസമയം പ്രശ്നത്തിന്റെ പേരില്‍ രാഷ്ട്രീയനേതാക്കള്‍ പഴിചാരല്‍ തുടരുകയാണ്.
National
ഭോപാൽ: ഇൻഡോർ മലിനജല ദുരന്തത്തിൽ അഞ്ചര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടു. നിവാസികളായ സുനിൽ സാഹു - കിഞ്ചൽ ദമ്പതികളുടെ കുഞ്ഞ് അവ്യാനാണ് മരിച്ചത്.
വെള്ളം ചേർത്ത പാക്കറ്റ് പാൽ കുടിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അവ്യാൻ മരിച്ചത്.
അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാതെ വന്നതോടെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് പാക്കറ്റ് പാൽ അൽപം വെള്ളം ചേർത്ത് നൽകിയത്. അടുത്ത ദിവസം പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർ കുഞ്ഞിനെ മരുന്നു നൽകി മടക്കി വിടുകയായിരുന്നു.
ഞായറാഴ്ച രാത്രി കുഞ്ഞിന്റെ നില കൂടൂതൽ വഷളായി. തിങ്കളാഴ്ച രാവിലെ കുഞ്ഞ് മരിച്ചു. പത്തുവർഷം കാത്തിരുന്നു ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു അവ്യാൻ. മലിന ജലം കുടിച്ചതിനെ തുടർന്ന് നിരവധി പേരാണ് ഇൻഡോറിൽ മരിച്ചത്.
National
ഇൻഡോർ: ഇൻഡോറിൽ മലിന ജലം ഉപയോഗിച്ച് ചികിത്സയിലായിരുന്നവരുടെ മരണസംഖ്യ 10 ആയി ഉയർന്നു. കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് രോഗം പടർന്നു പിടിക്കാൻ കാരണമായത്. 1,100 ൽ അധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
പ്രധാന ജലവിതരണ പൈപ്പ്ലൈനിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ശുചിമുറിയിൽ നിന്നുള്ള മലിനജലം പ്രധാന ജലവിതരണ പൈപ്പിൽ കലർന്നതോടെയാണ് ഭഗീരത്പുരയിൽ വയറിളക്കവും ഛർദിയും പടർന്നുപിടിച്ചതെന്ന് ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ കണ്ടെത്തുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ വീഴ്ചകൾ സമ്മതിച്ച മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയവർഗിയയുടെ മണ്ഡലമായ ഇൻഡോർ -1 നിയമസഭാ മണ്ഡലത്തിലാണ് ഭഗീരത്പുര സ്ഥിതി ചെയ്യുന്നത്.
District News
മൂവാറ്റുപുഴ : മൂവാറ്റുപുഴ - കാവുംപടി റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂവാറ്റുപുഴ കാവുംപടി റോഡില്‍ പമ്പ് ഹൗസിന് സമീപം ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായത്.
ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നഷ്ടപ്പെട്ടത്. പ്രദേശത്തെ കുടിവെള്ള വിതരണവും ഇതോടെ തടസപ്പെട്ടു. വൈകുന്നേരത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തി പൈപ്പ് നന്നാക്കുകയും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
District News
പാലാ: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങൂര്‍ ഡിവിഷനില്‍ നടപ്പിലാക്കിയ കുഴല്‍ക്കിണര്‍ കുടിവെള്ള പദ്ധതികള്‍, കൂടല്ലൂര്‍ സാമൂഹ്യആരോഗ്യകേന്ദ്രത്തിലെ കുടിവെള്ള കിണറും അനുബന്ധ സൗകര്യങ്ങൾ, എലിക്കുളം പഞ്ചായത്തിലെ താഷ്കന്റ് കുടിവെള്ള പദ്ധതി എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി.
ഉദ്ഘാടനം നാളെ
കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്ര കോമ്പൗണ്ടില്‍ പുതുതായി നിര്‍മിച്ച കിണറിന്റെയും അനുബന്ധ പ്രോജക്ടിന്റെയും ഉദ്ഘാടനം നാളെ രാവിലെ 9.30ന് സാമൂഹ്യആരോഗ്യകേന്ദ്രം കോമ്പൗണ്ടില്‍ നടക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഡോ. മേഴ്സി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ആശുപത്രി കോമ്പൗണ്ടില്‍ പുതുതായി കിണര്‍ നിര്‍മിച്ചത്.
കുഴല്‍ക്കിണറുകള്‍
കുടിവെള്ള പദ്ധതികളില്‍നിന്ന് വെള്ളം ലഭിക്കുന്നതിന് തടസങ്ങള്‍ ഉണ്ടായിരുന്ന അഞ്ച് പ്രദേശങ്ങളിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് അഞ്ച് കുഴല്‍ക്കിണര്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്.
എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി, കൊഴുവനാല്‍ പഞ്ചായത്തിലെ കപ്പിലിക്കുന്ന് കൊച്ചുകുന്ന് ഭാഗം, കിടങ്ങൂര്‍ പഞ്ചായത്തിലെ ചെമ്പിളാവ് കാരൂര്‍ ഭാഗം, പാദുവ പള്ളിയമ്പില്‍ ഭാഗം, പാദുവ മാങ്കുടി ഭാഗം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.
പുതിയ കുഴല്‍ക്കിണര്‍ നിര്‍മിച്ച് വാട്ടര്‍ടാങ്ക് സ്ഥാപിച്ച് മോട്ടോര്‍പുരയും മോട്ടറും പൈപ്പ്ലൈനും സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് ഓരോ പദ്ധതിയിലും പൂര്‍ത്തീകരിച്ചിട്ടുള്ളത്. കുഴല്‍ക്കിണർ, കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെയുള്ള സമയത്ത് നടത്തപ്പെടും. അഞ്ച് സ്ഥലങ്ങളിലായി നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന് മുണ്ടയ്ക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
താഷ്കന്റ് കുടിവെള്ള പദ്ധതി
എലിക്കുളം പഞ്ചായത്തിലെ താഷ്കന്റ് ഭാഗത്ത് 100 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് താഷ്കന്റ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതവും ഗുണഭോക്തൃവിഹിതവും ചേര്‍ത്ത് 10 ലക്ഷം രൂപയും ഉള്‍പ്പെടെ 25 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഈ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ കിണര്‍, വാട്ടര്‍ടാങ്ക്, പമ്പിംഗ് മെയിന്‍ സ്ഥാപിക്കല്‍, മോട്ടോര്‍ സ്ഥാപിക്കല്‍, വൈദ്യുതി കണക്ഷന്, ഭാഗികമായ വിതരണ പൈപ്പുകള്‍ എന്നിവയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. താഷ്കന്റ് കുടിവെള്ളപദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നവംബര്‍ രണ്ടിന് വൈകുന്നേരം നാലിന് താഷ്കന്റ് ലൈബ്രറി അങ്കണത്തില്‍ നടത്തും. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അധ്യക്ഷത വഹിക്കും.
District News
മുട്ടം: ജൽജീവൻ മിഷൻ കുടിവെളള പദ്ധതിയുടെ ഭാഗമായി മുട്ടം പഞ്ചായത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് ആരോപിച്ച് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയിൽ പരാതി.
മുട്ടം സെന്റർ ഫോർ റീജണൽ സ്റ്റഡീസ് എന്ന സംഘടനയാണ് പരാതി നൽകിയത്. മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വിവിധ വാർഡുകളിലെ റോഡ് കുത്തിപ്പൊളിച്ചിട്ട് രണ്ട് വർഷമാകാറായിട്ടും റോഡ് പുനഃസ്ഥാപിക്കുന്നതിനും ജോലികൾ വേഗത്തിലാക്കുന്നതിനും ജൽജീവൻ മിഷൻ അധികൃതർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
മുട്ടം കോടതിക്കവലയിലെ റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർപ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ച നിലയിലാണ്. ഇവിടെ ഒരു മീറ്റർ വ്യാസത്തിലുളള പൈപ്പുകൾ സ്ഥാപിക്കുന്നതിന് രണ്ട് മീറ്ററോളം വ്യാസത്തിലാണ് റോഡ് കുത്തിപ്പൊളിച്ചത്. ഏതാനും ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് നികത്തിയെങ്കിലും റോഡിലാകമാനം വലിയ കിടങ്ങുകൾ രൂപപ്പെട്ട് അപകട ഭീതിയിലാണ്. രണ്ടാഴ്ചയോളമായി ഒരു നിർമാണ പ്രവർത്തനവും നടക്കുന്നില്ല.
യന്ത്രസാമഗ്രികളും വാഹനങ്ങളും റോഡിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഗതാഗതതടസം നേരിടുകയാണ്. വാഹനാപകടങ്ങളും ഇവിടെ തുടർസംഭവങ്ങളാണ്. ചൊവ്വാഴ്ച ഓട്ടോ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണിവിടം. മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി തോട്ടുങ്കര -ചള്ളാവയൽ റോഡ് കുത്തിപ്പൊളിച്ചതും അറ്റകുറ്റപ്പണി നടത്താനും ജൽജീവൻ മിഷൻ അധികൃതർ താത്പര്യം കാട്ടുന്നില്ലെന്ന് പരാതിയിൽ പറയുന്നു.
District News
ചമ്പക്കുളം: കുട്ടനാട്ടിലെ വെള്ളക്കെട്ട് മാറ്റാൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുകയെന്നതാണ് അത്യാവശ്യം. ഇത് ആരു വറ്റിക്കുമെന്നതാണ് ചോദ്യം. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാണ്. വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും നശിക്കും.
ജീവിതം പ്രതിസന്ധിയിൽ
മഴ മാറിനിന്നാലും വെള്ളത്തിൻറെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളിൽ ഒഴുകിയെത്തിയ വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതാണ് അനുഭവം. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാർഗങ്ങളില്ല എന്നതാണ് പ്രശ്നം. ഇതു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നു.
വെള്ളക്കെട്ട് മൂലം പല സ്കൂളുകളും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20-ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിൻറെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും.
തുക കൂട്ടണം
പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിന്റെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിന്റെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.
പാടശേഖര സമിതികൾ നട്ടം തിരിയുന്നു
പുറംബണ്ടുകൾ ഒരുപരിധി വരെ ഉയർന്നതും ബലമുള്ളതുമായ നിരവധി പാടശേഖരങ്ങൾ കുട്ടനാട്ടിലുണ്ട്. രണ്ടാം കൃഷിയില്ലെങ്കിൽ പന്പിംഗ് നടക്കാറില്ലെന്നതിനാൽ, വിവിധ സർക്കാർ പദ്ധതികളിലൂടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ള പാടശേഖര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം കയറും. ഇങ്ങനെ കയറുന്ന വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചാൽ വെള്ളക്കെട്ടിനു പരിഹാരമാകും.
ആറ്റിലും തോട്ടിലുമൊക്കെ ജലനിരപ്പു താഴ്ന്നു നിൽക്കുന്ന അവസരങ്ങളിൽ മോട്ടോർ നടത്താതെ തന്നെ ഷട്ടറുകളും തൂന്പുകളും ആവശ്യാനുസരണം തുറന്നുവച്ചും പെയ്ത്തുവെള്ളം പുറത്തെത്തിക്കാനാവും. റവന്യു വകുപ്പിനു കീഴിലുള്ള പുഞ്ച സ്പെഷൽ ഓഫിസറാണ് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നിശ്ചിത തുകയ്ക്ക് ഓരോ പാടശേഖരവും കൃഷിക്കായി ലേലം ചെയ്തു നല്‍കുന്നത്.
അതിനാൽ ഓരോ കർഷകനും കൈയിൽനിന്ന് രണ്ടായിരത്തിലേറെ രൂപകൂടി ചെലവഴിച്ചാണ് പലേടത്തും വെള്ളം വറ്റിക്കൽ നടത്തുന്നത്. പുഞ്ചകൃഷി ആയാലും രണ്ടാം കൃഷി ആയാലും ആറു മാസത്തേക്കാണ് പാടം ലേലം ചെയ്തു നല്‍കുന്നത്.
കാലാവധി കഴിഞ്ഞാൽ കരാർ എടുത്തിരുന്ന ആൾ മോട്ടോറും മറ്റ് സാമഗ്രികളും എടുത്തുമാറ്റും. വൈദ്യുതി വകുപ്പ് വൈദ്യുതിയും വിച്ഛേദിക്കും. ഒരു കൃഷി മാത്രം ചെയ്യുന്ന പാടശേഖരങ്ങളിൽ പിന്നീടുള്ള ആറുമാസം വെള്ളം വറ്റിക്കാൻ മോട്ടോർ ഉണ്ടാവില്ല.
ചിലേടങ്ങളിൽ, നാട്ടുകാരുടെ നിർബന്ധത്തെത്തുടർന്നു മോട്ടോർ തുടർന്നു പ്രവർത്തിപ്പിച്ച് നിയന്ത്രിത അളവിൽ വെള്ളം വറ്റിക്കാറുണ്ട്. മോട്ടോർ വാടക, ഡ്രൈവർ ശമ്പളം, വൈദ്യുതി ചാർജ്, മറ്റ് അറ്റകുറ്റപ്പണികൾ എല്ലാംതന്നെ പാടശേഖര സമിതികളാണ് വഹിക്കുന്നത്.
ദുരിതനിവാരണം പാടശേഖരസമിതികളുടെ ഉത്തരവാദിത്വമല്ലാത്തതിനാൽ, നെൽക്കൃഷിയില്ലാത്തപ്പോഴത്തെ പമ്പിംഗിനായി നിർബന്ധിക്കുന്നതിനെതിരെയും മഴക്കാലത്തെ രണ്ടാം കൃഷിക്കെതിരെയുമൊക്കെ പ്രദേശവാസികളല്ലാത്ത കർഷകരുടെ ഭാഗത്തുനിന്നും എതിർപ്പുകളും ഉയരാറുണ്ട്. ഇത്തരത്തിൽ പമ്പിംഗ് നടത്തേണ്ടി വരുന്പോൾ, കൃഷിയുടെ കാലം അല്ലാതിരുന്നിട്ടും ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന പ്രതിസന്ധിയിലാണ് കർഷകരും പാടശേഖര സമിതിയും.
സർക്കാർ ചെയ്യേണ്ടത്
കൃഷിവകുപ്പും പമ്പിംഗ് ലേലം നടത്തുന്ന റവന്യുവകുപ്പും സംയുക്തമായി ഇടപെട്ടാൽ കുട്ടനാടൻ പാടശേഖര പ്രദേശങ്ങളിലെ വെള്ളക്കെട്ടു ദുരിതനിവാരണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും പരിഹാരം കണ്ടെത്താമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
* പമ്പിംഗ് ലേലം നടത്തുന്ന കാലാവധി ഒരു കൃഷി എന്നതിനു പകരം രണ്ട് കൃഷി ഉൾപ്പെടുന്ന ഒരു വർഷം എന്നാക്കണം. പമ്പിംഗ് സബ്സിഡി തുക കൂട്ടണം.
* എല്ലാ പാടശേഖരങ്ങൾക്കും സ്ഥിരം വൈദ്യുതി കണക്ഷൻ നൽകണം.
* ഒരു കൃഷി മാത്രം ചെയ്യുന്ന പാടങ്ങളിലും കൃഷിക്കു ശേഷം വെള്ളം വറ്റിക്കാൻ തുക അനുവദിക്കണം.
* പാടശേഖരത്തിന്റെ ആകെ ഭൂവിസ്തൃതി കണക്കാക്കി ആനുകൂല്യം നൽകണം.
* കൃഷി ഇല്ലാത്ത കാലത്തെ പമ്പിംഗും ലേല വ്യവസ്ഥയിൽ ഉൾപ്പെടുത്തണം.
* പെട്ടിക്കും പറയ്ക്കും പകരം കൂടുതൽ ശക്തിയുള്ള ജെറ്റ് പമ്പുകൾ പ്രോത്സാഹിപ്പിക്കണം.
* പാടശേഖരത്തിന്റെ പുറംബണ്ടുകൾ ബലപ്പെടുത്തി ഉയർത്തണം.
* നിയന്ത്രിത പമ്പിംഗ് സംബന്ധിച്ച കാര്യങ്ങളിൽ ഒരു പ്രാദേശിക സമിതിയുടെ മേൽനോട്ടം ഉണ്ടാകണം. സമിതി വേണം വെള്ളപ്പൊക്ക കാലത്തെ നിയന്ത്രിത പമ്പിംഗ് അവലോകനം നടത്തേണ്ടത്.
* ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി വിഹിതത്തിൽ ഇതിനു തുക വകയിരുത്തണം.
District News
പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ വ്യാഴികടവിൽ തടയണ നിർമാണം വൈകുന്നത് പ്രമാടം കുടിവെള്ള വികസന പദ്ധതിയെ പ്രതികൂലമായി ബാധിക്കും. പദ്ധതി വിപുലീകരണത്തിന് പണം അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രാഥമികമായി നിർമിക്കേണ്ട തടയണ ഇനിയും തുടങ്ങിയിട്ടില്ല. ഇതേത്തുടർന്ന് 102.8 കോടി രൂപയുടെ പദ്ധതി അനന്തമായി നീളുകയാണ്. വ്യാഴികടവിൽ തടയണയും തുടർന്ന് കിണറും നിർമിച്ചശേഷം പ്രമാടം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.
ജല അഥോറിറ്റിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി തടയണ നിർമാണത്തിന് അനുയോജ്യമായ സ്ഥലം മാസങ്ങൾക്ക് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. കിണർ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിർണയിച്ച് മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
പമ്പിംഗ് സ്റ്റേഷനു താഴെ തടയണ
വ്യാഴികടവിലെ മൈനർ ഇറിഗേഷൻ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷന് താഴെയായാണ് കുടിവെള്ള പദ്ധതിയുടെ തടയണ നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. നിലവിൽ മറൂർ പമ്പ് ഹൗസിൽനിന്ന് മാത്രമാണ് പമ്പിംഗ് നടക്കുന്നത്. വ്യാഴിയിൽ തടയണ നിർമിക്കുന്നതോടെ ഇവിടെനിന്നു പമ്പിംഗ് തുടങ്ങാനാകും. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന പഞ്ചായത്താണിത്.
മഴക്കാലത്തും ജല അഥോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന പട്ടിക ജാതി സങ്കേതങ്ങൾ ഉൾപ്പടെ നിരവധി കുടുംബങ്ങളും ഇവിടെയുണ്ട്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം.
കുടിവെള്ള പദ്ധതിയുടെ വിപുലീകരണം വൈകും
പ്രമാടത്തെ 9669 കുടുംബങ്ങൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതിയുടെ വിപുലീകരണമാണ് വൈകുന്നത്. 102. 8 കോടി രൂപ പദ്ധതിക്കായി ജലഅഥോറിറ്റി അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ നിർമിക്കും.
നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇത് വർഷങ്ങൾക്കു മുമ്പ് നിർമിച്ചതിനാൽ ബലക്ഷയം നേരിടുന്നുണ്ട്. ഇതിനു സമീപത്തായാണ് പുതിയ ടാങ്ക് നിർമിക്കുന്നത്.
പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാറ്റിലെ വ്യാഴികടവിൽ തടയണയും കിണറും നിർമിക്കും. നിലവിൽ മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽനിന്നാണ് പമ്പിംഗ് നടത്തുന്നത്. ഇതിനു പുറമേ വ്യാഴികടവിൽനിന്നു പമ്പിംഗ് തുടങ്ങിയാൽ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
District News
വെള്ളൂർ: റോഡിനും ജലസംഭരണിക്കും നാശം വരുത്തുന്ന മണ്ണെടുപ്പ് തടയുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ബിജെപി വെള്ളൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏരിയ പ്രസിഡന്റ് ഷിബുക്കുട്ടൻഇറുമ്പയം അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുമേഷ്, ഏരിയ ജനറൽ സെക്രട്ട റി സി.എസ്.പ്രദീപ്, ശ്രീമോൾ, പി.ഡി.സുനിൽ ബാബു,ബിജുരാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.