ചമ്പക്കുളം: വെള്ളവും ചെളിയും കുഴിയുമായി പവിലിയൻ റോഡ്. ചമ്പക്കുളം മൂലം വള്ളംകളിക്ക് പമ്പയാറിന്റെ കരയിൽ ഫിനിഷിംഗ് പോയിന്റ് പവിലിയനിൽ എത്താൻ വെള്ളത്തിൽ നീന്തണം, കുഴിയിൽ വീഴണം, ചെളിയിൽ ചവിട്ടുകയും വേണം. നെടുമുടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുപ്പപ്പുറം കരുവാറ്റ റോഡിൽ നിന്നും മൂലം വള്ളംകളി ഫിനിഷിംഗ് പോയിന്റിൽ എത്തുന്ന റോഡാണ് നടന്നോ വാഹനത്തിലോ യാത്ര ചെയ്യുന്നതിനാവാത്ത അവസ്ഥയിലായിരിക്കുന്നത്.
ചരിത്ര പ്രസിദ്ധമായ മൂലം വള്ളംകളി ജൂൺ 29 ന് നടക്കാനിരിക്കെയാണ് ആയിരക്കണക്കിന് ആളുകൾ വള്ളംകളിക്ക് എത്തേണ്ട ഈ റോഡ് താറുമാറായി കിടക്കുന്നത്. ഏകദേശം 100 മീറ്റർ മാത്രമാണ് ഈ റോഡ് തകർന്ന് വെള്ളം കയറിയിരിക്കുന്നത്.
പത്തുവർഷങ്ങൾക്ക് മുൻപ് സ്ഥലവാസികളായ ചില ആളുകൾ സ്വന്തം പണം മുടക്കി സ്ഥലം വാങ്ങി നല്കിയാണ് ഈ പവിലിയൻ റോഡ് നിർമ്മിച്ചത്. അടുത്ത കാലത്ത് ഈ റോഡിന്റെ കുറച്ചുഭാഗം ടാർ ചെയ്തി രുന്നു. ബാക്കി വരുന്ന നൂറ് മീറ്ററിൽ താഴെവരുന്ന ഭാഗത്താണ് കുഴി നിറഞ്ഞു ചെളിയായിരിക്കുന്നത്.
കല്ലമ്പള്ളി പാടശേഖരത്തിൽ ഉൾപ്പെട്ടുവരുന്ന പവിലിയൻ റോഡിന്റെഭാഗം വർഷങ്ങളായി വെള്ളം കയറിക്കിടക്കുന്നതും നെൽകൃഷി ചെയ്യാനാവാത്തതുമാണ്. ഇതുമൂലം എല്ലാ സമയത്തും ഇവിടെ വെള്ളക്കെട്ടാണ്. മഴ പെയ്താൽ വെള്ളം ഒഴുകി പ്പോകാൻ മാർഗമില്ലാത്തത് ഈ വഴിയിലെ യാത്ര ദുരിതയാത്രയാക്കുന്നു. റോഡ് മണ്ണിട്ടുയർത്തി അടിയന്തരമായി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരും വിദേശികളും അടക്കം ആയിരക്കണക്കിന് വള്ളംകളി പ്രേമികൾ എത്തുന്ന മൂലം വള്ളംകളിക്ക് മുൻപായി ഈ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.