വൈപ്പിൻ : അറ്റകുറ്റപ്പണികൾ പറഞ്ഞ സമയത്തിന് തീർന്നില്ല. മൂന്നു ദിവസമായി ചൊവ്വര പദ്ധതിയിൽ നിന്നും പമ്പിംഗ് മുടങ്ങിയതിനാൽ വൈപ്പിൻകരയിൽ കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുന്നു.
ചൊവ്വര ഭാഗത്ത് ലൈൻ മാറ്റി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ശനി, ഞായർ ദിവസങ്ങളിൽ പമ്പിംഗ് മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ചയും പണികൾ തീരാതെ വന്നതോടെ പമ്പിംഗ് നടന്നില്ല . ഇതുമൂലം പറവൂർ മേഖലകളിലും വൈപ്പിനിൽ എളങ്കുന്നപ്പുഴ ഒഴിച്ചുള്ള എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാതെ ജനം വലയുകയാണ്.
രണ്ടുദിവസം പെയ്ത മഴമൂലം വസ്ത്രങ്ങൾ കഴുകുവാനും ശുചിമുറിയിലേക്കും ഉള്ള വെള്ളം ലഭിച്ചു. പക്ഷേ പാചകത്തിനും മറ്റും കുടിവെള്ളമില്ലാതെ വന്നതോടെ വീടുകളിൽ ഭക്ഷണം പാകംചെയ്യാൻ പോലും നിവൃത്തിയില്ലാതായി.
ഹോട്ടലുകൾ പലതും ഇന്നലെ പ്രവർത്തിച്ചില്ല. പണികൾ കഴിഞ്ഞ് പമ്പിംഗ് ആരംഭിച്ചാലും പൂർണതോതിൽ വെള്ളമെത്താൻ രണ്ടു ദിവസമെങ്കിലും പിടിക്കും. വാലറ്റത്തെ മേഖലകളിൽ പിന്നെയും വൈകുമെന്നാണ് പറയുന്നത്. ഇന്നെങ്കിലും കുടിവെള്ളം എത്തിയില്ലെങ്കിൽ ജനങ്ങൾ നാളെ തെരുവിൽ ഇറങ്ങി ഗതാഗതം തടയുമെന്നാണ് പല പഞ്ചായത്തുകളിൽ നിന്നുമുള്ള ഭീഷണി.
മുന്നറിയിപ്പില്ലാതെ കുടിവെള്ള വിതരണം നിർത്തിയെന്ന്
ആലങ്ങാട്: വെളിയത്തുനാട്, തടിയ്ക്കക്കടവ്, പാറാന, മാളികംപീടിക, കോട്ടപ്പുറം മേഖലകളിൽ കൃത്യമായ മുന്നറിയിപ്പ് നൽകാതെ കുടിവെള്ള വിതരണം നിർത്തിയെന്ന് ആരോപണം. തുടർച്ചയായ മൂന്നാം ദിവസവും കുടിവെള്ളം വെള്ളം ലഭിക്കാതായതോടെ ജനം ദുരിതത്തിൽ. ദൈനംദിന കാര്യങ്ങൾ നിറവേറ്റാൻ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇന്നെങ്കിലും കുടിവെള്ള വിതരണം ആരംഭിക്കണമെന്നാണ് ആവശ്യം.
അറ്റകുറ്റപ്പണി എന്ന് അറിയിപ്പു നൽകിയാണ് 23,24 ദിവസം പൂർണമായും പമ്പിംഗ് നിർത്തിവച്ചത്. എന്നാൽ അടുത്ത ദിവസവും കുടിവെള്ളം വിതരണം ആരംഭിച്ചില്ല. മൂന്നു ദിവസമായി 11 പഞ്ചായത്തുകളിൽ കുടിവെള്ളം പൂർണമായും മുടങ്ങിയതോടെ പണം നൽകി ടാങ്കറിൽ വെള്ളമെത്തിച്ച് ഉപയോഗിക്കേണ്ട സ്ഥിതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.