District News
സുൽത്താൻ ബത്തേരി: വയനാട്ടിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയമായ ഓടപ്പള്ളം ഗവ.ഹൈസ്കൂളിന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്ന് കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരം സമ്മാനിച്ചു.
വിദ്യാലയാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷെറീന അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ അഡ്വ.പി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഗോത്രവർഗ കലാകാരനും കവിയും സിനിമാനിർമാതാവുമായ സുകുമാരൻ ചാലിഗദ്ദ പുരസ്കാര വിതരണം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ. കമലവും വിദ്യാർഥി പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.
പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗണ്‍സിലർ പ്രിയ വിനോദ്, പിടിഎ പ്രസിഡന്റ് എൻ.സി. ശരത്, വൈസ് പ്രസിഡന്റ് ബിജു കാക്കത്തോട്, ഡയറ്റ് സീനിയർ ലക്ചറർ സതീഷ്കുമാർ, പ്രകൃതി സംരക്ഷണ സമിതി ട്രഷറർ ബാബു മൈലന്പാടി, പ്രവർത്തകരായ എം. ഗംഗാധരൻ, പ്രസാദ് ഹ്യൂം സെന്റർ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അന്പലവയൽ എന്നിവർ പ്രസംഗിച്ചു.
Kerala
ചങ്ങനാശേരി: മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രഫ. ജെ. ഫിലിപ്പിനെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഷെവലിയര്‍ പദവി നല്കി ആദരിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകാംഗമാണ്. ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മുന്‍ ഡയറക്ടര്‍, ഇന്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന് ദേശീയ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ പദവികളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം.
സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റർപ്രണര്‍ഷിപ്പ് (സൈം) ബംഗളൂര്, കൊച്ചി, ചെന്നൈ എന്നിവയുടെ സ്ഥാപകനാണ്. ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച് ഏറ്റുമാനൂര്‍ പള്ളിക്കുന്നില്‍ സൈം ഇന്റര്‍നാഷണല്‍ സ്കൂളും ആരംഭിച്ചു.
ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദര്‍ശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത വ്യക്തിയാണ് ഷെവലിയര്‍ ജെ. ഫിലിപ്പ്.
മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്തു നല്കിയ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപത എക്സലന്‍സ് അവാര്‍ഡിന് 2019ല്‍ അര്‍ഹനായി. ഷെവലിയര്‍ പദവി ലഭിച്ച പ്രഫ. ജെ. ഫിലിപ്പിന് അതിരൂപതയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതായി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അറിയിച്ചു.
Kerala
തൃശൂര്‍: പ്രസ് ക്ലബ്ബിന്റെ മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ഥം പരിസ്ഥിതിയുമായി ബന്ധപ്പെട്ട അച്ചടി, ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളും അമൃത ടിവി കാമറമാന്‍ പി.വി. അയ്യപ്പന്റെ സ്മരണാര്‍ഥമുള്ള പ്രഥമ വീഡിയോഗ്രഫി പുരസ്കാരവുമാണ് പ്രഖ്യാപിച്ചത്.
അച്ചടിമാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്കാരം ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ സയന്സണിനും വാര്‍ത്താചാനലിലെ മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസ് തിരുവനന്തപുരം യൂണിറ്റിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ഇ.വി. ഉണ്ണിക്കൃഷ്ണനും സമ്മാനിക്കും. പി.വി. അയ്യപ്പന് വീഡിയോഗ്രഫി പുരസ്കാരം മീഡിയവണ്‍ കൊച്ചി യൂണിറ്റിലെ സീനിയര്‍ കാമറ പേഴ്സണ്‍ സഞ്ജു പൊറ്റമ്മലിനാണ്.
15,000 രൂപ വീതമുള്ള പുരസ്കാരം ഫെബ്രുവരി ആദ്യവാരം സമ്മാനിക്കും. ഡോ. കാവുമ്പായി ബാലകൃഷ്ണന്, എസ്.പി. രവി, സി.എ. കൃഷ്ണന് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്.