Kerala
മങ്കൊമ്പ്: മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്ക് സമീപം നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ലാദന്റെയും തങ്കമണിയുടെയും മകൻ പി. ശ്യാംലാൽ (32) ആണ് മരിച്ചത്.
സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോകുമ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കിടങ്ങറ ഓഡേറ്റി തെക്കു പാടത്ത് നിന്നു നെല്ല് ശേഖരിച്ച് മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിലുള്ള കടവിലേക്ക് വള്ളത്തിൽ എത്തിക്കുമ്പോഴാണ് അപകടം.
വള്ളത്തിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ശ്യാമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും വള്ളം കടവിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ്റിലേക്ക് വീണ ശ്യാമിനായി സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
കൊല്ലം: ശക്തികുളങ്ങരയിൽ നിന്നും 11 തൊഴിലാളികളുമായി മത്സബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപെട്ടു. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി. ഒൻപത് പേരെ രക്ഷപെടുത്തി.
സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ശക്തികുളങ്ങര ഹാർബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ബോട്ട് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാണാതായ രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട് ശനിയാഴ്ച ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.
Kerala
പിറവം: മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ബോട്ടിനുള്ളിൽനിന്നു ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. കൊല്ലം തേവലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനും അപകടത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ 16നു പുലർച്ചെയാണു തുറമുഖത്തുനിന്നു 31 നോട്ടിക്കൽ മൈൽ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീ-ക്വസ്റ്റ് എണ്ണക്കപ്പലിലേക്കു ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്.
ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിംഗ് സർവീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ. ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞ ബോട്ടിൽനിന്നു കോന്നി സ്വദേശി ആകാശ് ഉൾപ്പെടെ 16 പേർ രക്ഷപ്പെട്ടു.
NRI
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Kerala
വൈക്കം: ചെമ്പ് മുറിഞ്ഞപുഴ നടുതുരുത്ത് ഭാഗത്തു വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ ചേർത്തല പാണാവള്ളി കൊറ്റപ്പള്ളിയിൽ കണ്ണനെന്ന് വിളിക്കുന്ന സുമേഷി(45) നായി തിരച്ചിൽ തുടരുന്നു. തിങ്കളാഴ്ച സന്ധ്യയ്ക്ക് അവസാനിപ്പിച്ച തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിച്ചു. ഫയർഫോഴ്സും പോലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. കാട്ടിക്കുന്ന് സ്വദേശി സിന്ധു മുരളിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ ചേർത്തല പാണാവള്ളിയിൽ നിന്നു വള്ളത്തിൽ വന്നവർ സംസ്കാരം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിലായിരുന്നു വള്ളം മുങ്ങിയത്.
മരണവീട്ടിൽ നിന്നു 23 പേരുമായി വന്ന എഞ്ചിൻ ഘടിപ്പിച്ച വള്ളം 100 മീറ്ററോളം മുന്നോട്ടു പോയപ്പോൾ അതിശക്തമായി വീശിയ കാറ്റിനൊപ്പം ഉയർന്ന തിര വള്ളത്തിലേക്ക് വെള്ളം കയറ്റി. നിമിഷങ്ങൾക്കകം വള്ളം മുങ്ങിത്താണു.
സ്ത്രീകളും കൗമാരക്കാരനുമടക്കം 22പേരെ കക്കവാരൽത്തൊഴിലാളികളായ പെരുമ്പളം സ്വദേശി ശിവൻ, നടുത്തുരുത്തുകാരായ ചന്ദ്രൻ, രാമചന്ദ്രൻ എന്നിവർ രക്ഷിച്ചിരുന്നു. ചേർത്തല പാണാവള്ളി കൊറ്റപ്പള്ളിയിൽ കണ്ണനെന്ന് വിളിക്കുന്ന സുമേഷും(45) അയൽക്കാരനായ അനിക്കുട്ടനും കരയിലേക്ക് നീന്തിയെങ്കിലും സുമേഷിനെ കാണാതായി. അനിക്കുട്ടനെ നിലവിളികേട്ട് വള്ളത്തിലെത്തിയ ആൾ രക്ഷിച്ചു.
കായലിലെത്തുന്നതിനുമുമ്പ് വള്ളം മുങ്ങിയത് വലിയ ദുരന്തമൊഴിവാക്കി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് ആൾനാശം കുറച്ചത്. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട മൂന്നുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ബോട്ടിൽ പാണാവള്ളിയിൽ എത്തിച്ചു.