സൗത്ത് യോർക്ക്ഷയർ: യുക്മ കേരളപൂരം എട്ടാമത് വള്ളംകളിയുടെ ലോഗോ തെരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവാഹക സമിതി മത്സരം സംഘടിപ്പിക്കുന്നു. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ.
മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 13നാണ്. ലോഗോ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് കാഷ് അവാർഡും ഫലകവും സമ്മാനമായി ലഭിക്കുന്നതാണ്. ലോഗോ വിജയിക്കുള്ള സമ്മാനം വള്ളംകളി വേദിയിൽ നൽകും.
ഓഗസ്റ്റ് 15 സൗത്ത് യോർക്ക്ഷയറിലെ റോഥർഹാം മാൻവേഴ്സ് തടാകത്തിലാണ് ഇക്കുറിയും വള്ളംകളി നടക്കുന്നത്. 2019, 2022, 2023, 2024, 2025 വർഷങ്ങളിൽ യുക്മ കേരളപൂരം വള്ളംകളി വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ടത് മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു.
യുക്മ കേരളപൂരം വള്ളംകളിക്ക് തുടക്കം കുറിച്ച 2017 ൽ വാർവിക്ക്ഷയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തിലും 2018 ൽ ഓക്സ്ഫോർഡിലെ ഫാർമൂർ റിസർവോയറിലുമാണ് വള്ളംകളി നടന്നത്. യുക്മ കേരളപൂരം വള്ളംകളി 2025 വീക്ഷിക്കുവാൻ പതിനായിരത്തോളം കാണികൾ എത്തിച്ചേർന്നിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ വള്ളംകളി സംഘടിപ്പിക്കപ്പെടുന്ന ഈ വർഷം അതിലേറെ കാണികൾ മത്സരങ്ങൾ കാണുവാനും കലാപരിപാടികൾ ആസ്വദിക്കുവാനുമായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2026ന്റെ ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു.
മാൻവേഴ്സ് തടാകക്കരയിലും അനുബന്ധ പാർക്കുകളിലുമായി പതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൌകര്യമുണ്ട്. വള്ളംകളി മത്സരം നടക്കുന്ന തടാകത്തിന്റെ ഏത് കരയിൽ നിന്നാലും തടസമില്ലാതെ മത്സരങ്ങൾ കാണുന്നതിനുള്ള സൗകര്യമുണ്ട്.
യുക്മ ഷീ ലീഡ്സിന്റെ നേതൃത്വത്തിൽ പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ മാണിക്കത്ത് അണിയിച്ചൊരുക്കുന്ന "യുക്മ - തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ2', നൂറ് കണക്കിന് മലയാളി മങ്കമാർ അണിനിരക്കുന്ന മെഗാ തിരുവാതിര എന്നിവ വള്ളംകളിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധി കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും വള്ളംകളിയോട് അനുബന്ധിച്ചൊരുക്കുന്ന വേദിയിൽ അരങ്ങേറും. പ്രധാന സ്റ്റേജ്, ഭക്ഷണശാലകൾ, വിവിധ ബിസിനസ്സ് സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ തടാകത്തിന് ചുറ്റുമുള്ള പുൽത്തകിടികളിൽ ആയിരിക്കും ഒരുക്കുന്നത്.
ഒരേ സ്ഥലത്ത് നിന്ന് തന്നെ വള്ളംകളി മത്സരങ്ങളും പ്രധാന സ്റ്റേജിലെ കലാ പരിപാടികളും തടസ്സം കൂടാതെ തന്നെ കാണുന്നതിനുള്ള സൗകര്യമുണ്ട്. സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആസ്വദിക്കുവാനും മലയാളികളുടെ പ്രിയപ്പെട്ട കായിക വിനോദമായ വള്ളംകളി മത്സരങ്ങൾ വീക്ഷിക്കുവാനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി ഒരുക്കുന്നത്.
വളരെ വിശാലമായ പാർക്കിംഗ് സൌകര്യം മാൻവേഴ്സ് തടാകത്തിനോട് അനുബന്ധിച്ചുണ്ട്. മൂവായിരത്തിലധികം കാറുകൾക്കും നൂറിലധികം കോച്ചുകൾക്കും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
യുക്മ കേരളപൂരം വള്ളംകളി 2026 മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ പങ്കെടുക്കുന്നവർ [email protected] എന്ന വിലാസത്തിലേക്കാണ് ലോഗോകൾ അയച്ച് തരേണ്ടത്.
യുക്മ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186, ജയകുമാർ നായർ - 07403223066, ഡിക്സ് ജോർജ് - 07403312250.