Kerala
തിരുവനന്തപുരം: വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു രാത്രി പത്തോടെ മുബൈ വിമാനത്താവളത്തിലെത്തിക്കും.
മുംബൈയിൽനിന്നു തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു മൃതദേഹങ്ങൾ കൊണ്ടുവരും. അവിടെനിന്നു മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
International
ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചിമിൻ സിറ്റിയിലെത്തിച്ചു. ഇവിടെനിന്ന് ഇന്ന് ഇന്ത്യയിലെത്തിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ രക്ഷപ്പെട്ട 17ൽ 16 ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങിയതായും എംബസി എക്സിൽ പറഞ്ഞു. ഫു ക്വോകിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നയാളുടെ നില ഗുരുതരമാണ്.
വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക് ദ്വീപിലെ ഹോൺ മെയ് റുട്ട് എൻഗോയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു അപകടം. ഇന്ത്യയിൽനിന്നുള്ള 32 വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 15 പേർ മരിച്ചു. മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി.
മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമ കൊട്ടാരക്കര സ്വദേശി എ.സി. തോമസും ഭാര്യ ലവ്നി തോമസും.
വിയറ്റ്നാം അധികൃതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിന് എല്ലാ സഹായവും അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
മരിച്ചവരിൽ 10 പേർ തമിഴ്നാട്ടിൽനിന്നുള്ളവരും മൂന്നു പേർ ആന്ധ്രയിൽനിന്നുള്ളവരുമാണ്. രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്, വെള്ളമണൽ കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, ദ്വീപ് ഹോപ്പിംഗ് ഉല്ലാസയാത്രകൾ എന്നിവയ്ക്കു പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
International
കാരക്കസ്: വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. പതിനായിരത്തിലേറെ പേരെ കാണാനില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200 ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500 ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. 200 ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ എയർപോർട്ടിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ പൂർണമായി നിർത്തിവച്ചു.
മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഭൂചലനത്തെ തുടർന്ന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തകർന്ന ആശുപത്രികൾക്കും വീടുകൾക്കും വേണ്ടി സർക്കാർ 200 മില്യൺ ഡോളറിന്റെ പുനർനിർമാണ ഫണ്ട് സൃഷ്ടിക്കുന്നുണ്ടെന്ന് റോഡ്രിഗസ് അറിയിച്ചു. മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൽ, പോർച്ചുഗൽ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലെയോ പതിനാലാമൻ മാർപാപ്പ ആദ്യ സഹായമെന്ന നിലയിൽ ഒരുലക്ഷം യൂറോ കൈമാറി. നിരവധി കപ്പലുകൾ അടിയന്തര സഹായ സാമഗ്രികളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്കെതിരെ തുടരുന്ന ഉപരോധം ഒക്ടോബർ 23 വരെ യുഎസ് നീക്കി. കൂടാതെ, 150 മില്യൺ ഡോളറിന്റെ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്ഷം മുങ്ങിമരിച്ചത് 821 പേര്. കേരള ഫയര് ആന്ഡ് റെസ്ക്യു സര്വീസിന്റെ കണക്കുകള് പ്രകാരം ഇക്കാലയളവില് ഏറ്റവും കൂടുതല് മുങ്ങിമരണം റിപ്പോര്ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്-157 പേർ. അതേസമയം, 2024 ല് സംസ്ഥാനത്ത് ഏറ്റവും കുറവ് മുങ്ങിമരണം റിപ്പോര്ട്ട് ചെയ്തത് എറണാകുളത്തായിരുന്നു-18.
മുങ്ങിമരണം സംബന്ധിച്ച കണക്കുകളില് രണ്ടാം സ്ഥാനത്തുള്ളത് പാലക്കാടും മൂന്നാം സ്ഥാനത്ത് കൊല്ലവുമാണ്. ഇവിടങ്ങളിൽ യഥാക്രമം 109, 99 എന്നിങ്ങനെയാണ് മുങ്ങിമരണങ്ങൾ.
തിരുവനന്തപുരത്ത് 2024ല് ജലാശയത്തില് 80 ജീവനാണ് പൊലിഞ്ഞതെങ്കില് കഴിഞ്ഞ വര്ഷം ഒരു മരണം മാത്രമായിരുന്നു. മുങ്ങിമരിച്ചവരില് ഏറെയും വിദ്യാര്ഥികളും യുവാക്കളുമാണ്. അവധിക്കാലത്ത് കടലില് കുളിക്കാനിറങ്ങി തിരയില്പ്പെട്ട് ജീവന് നഷ്ടമാകുന്നവരുടെ എണ്ണവും വര്ധിക്കുന്നുണ്ട്.
മുന്നറിയിപ്പുകൾ അവഗണിക്കുന്നു
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി, കേരള വാട്ടര് അഥോറിറ്റി, ഡാം സേഫ്റ്റി അഥോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഉള്പ്പെടെ ബീച്ചുകളിലും പുഴകളിലെ കടവുകളിലും അപകട മുന്നറിയിപ്പ് ബോര്ഡുകള് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതൊക്കെ അവഗണിച്ച് വെള്ളത്തിലേക്ക് ഇറങ്ങുന്നതാണു പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
Kerala
നെടുമ്പാശേരി: രോഗം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കുവൈറ്റില് മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങള് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.
ചൊവ്വാഴ്ച രാത്രി കൊളംബോ വഴി പ്രത്യേക സര്വീസ് നടത്തിയ കുവൈറ്റ് എയര്വേസ് വിമാനത്തിലാണു മൃതദേഹങ്ങള് എത്തിച്ചത്. ഇസ്രയേൽ- ഇറാൻ സംഘർഷത്തെത്തുടർന്ന് യാത്രക്കാരുടെയും മറ്റും സുരക്ഷ മുൻനിർത്തി കുവൈറ്റ് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇത് മൃതദേഹങ്ങള് നാട്ടിലേക്ക് അയ്ക്കുന്നതിന് തടസമായി. തുടര്ന്ന് ഇന്ത്യന് എംബസി അധികൃതര് കുവൈറ്റ് സര്ക്കാരുമായി നടത്തിയ ചര്ച്ചകള്ക്കൊടുവില് പ്രത്യേക അനുമതി വാങ്ങിയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
20 മൃതദേഹങ്ങളില് 15 എണ്ണം തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവരാണ് . ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം കുവൈറ്റിലെ ജലശുദ്ധീകരണ ശാലയ്ക്കുനേരേയുണ്ടായ ഡ്രോണ് ആക്രമണത്തില് കൊല്ലപ്പെട്ട രാമനാഥപുരം സ്വദേശി സന്താനസെല്വം കൃഷ്ണന്റെ മൃതദേഹവും ഇതിലുള്പ്പെടുന്നു.
ബാക്കിയുള്ള അഞ്ചു മൃതദേഹങ്ങള് കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്ന് ഉള്ളവരുടേതാണ്.
International
നയ്റോബി: കെനിയയിൽ ഒരു കൂട്ടക്കുഴിമാടത്തിൽനിന്ന് 25 കുട്ടികളുടേതടക്കം 32 മൃതദേഹങ്ങൾ കണ്ടെത്തി.
മൃതദേഹങ്ങളിൽ ഭ്രൂണങ്ങളും ശിശുക്കളും ഉൾപ്പെടുന്നു. പടിഞ്ഞാറൻ പട്ടണമായ കെറിക്കോയിലെ ശ്മശാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ആശുപത്രിയിൽനിന്ന് 13 അജ്ഞാത മൃതദേഹങ്ങൾ ഇവിടെ എത്തിച്ചുവെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കോടതിയുടെ അനുമതിയോടെ കുഴി മാന്തുകയായിരുന്നു. അപ്രതീക്ഷിതമായി കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി.
ചാക്കുകളിൽ നിറച്ചു കൂട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവയ്ക്കു വലിയ പഴക്കമില്ലെന്നാണ് അന്വേഷണസംഘവും ഫോറൻസിക് വിദഗ്ധരും പറഞ്ഞത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ഇത്രയും മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിച്ചതിൽ ഊർജിത അന്വേഷണം നടക്കുകയാണ്.
International
കൊളംബോ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറേനിയൻ നാവികരുടെ മൃതദേഹം ഇറാൻ എംബസിക്കു കൈമാറാൻ ഉത്തരവിട്ട് ശ്രീലങ്കൻ കോടതി. നാവികരുടെ മൃതദേഹം നിലവിൽ ഗാലെ നാഷണൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കൻ ടോർപിഡോ ആക്രമണത്തിൽ ഇറാന്റെ പടക്കപ്പൽ മുങ്ങി 84 നാവികരാണു കൊല്ലപ്പെട്ടത്.
ഗാലെ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് നാവികരുടെ മൃതദേഹം കൈമാറാൻ ആശുപത്രിക്ക് നിർദേശം നൽകിയത്. ഗാലെ ഹാബർ പോലീസിന്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയാണ് ഗാലെ തീരത്തിനു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് മുക്കിയത്.
വിശാഖപട്ടണത്ത് ഇറാൻ-ഇന്ത്യ സംയുക്ത നാവിക പരിശീലനം കഴിഞ്ഞ് ഇറാനിലേക്കു മടങ്ങുകയായിരുന്നു കപ്പൽ. കപ്പലിലെ 32 നാവികരെ ലങ്കൻ നേവി രക്ഷപ്പെടുത്തിയിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതു വരെ മൃതദേഹങ്ങൾ രാജ്യത്ത് സൂക്ഷിക്കുമെന്നു ശ്രീലങ്കൻ സർക്കാർ നേരത്തേ പറഞ്ഞിരുന്നു. രക്ഷപ്പെട്ട 32 പേർ ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു. ഇവരെ ഗാലെയിലെ ലങ്കൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റി.
നാവികരെ ഇവിടെനിന്നും കൊളംബോയ്ക്കു പുറത്തുള്ള വെലിസറയിലെ നാവികകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ മറ്റൊരു ഇറേനിയൻ കപ്പലായ ഐറിസ് ബുഷെഹറിൽനിന്നുള്ള 204 നാവികർ താമസിക്കുന്നുണ്ട്. എൻജിൻ തകരാറിനെത്തുടർന്ന് ഐറിസ് ബുഷെഹർ കൊളംബോ തുറമുഖ മേഖലയ്ക്കു പുറത്ത് നങ്കൂരമിട്ടിരിക്കുകയാണെന്ന് ലങ്ക പറയുന്നു.
Kerala
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃതദേഹങ്ങൾ വിട്ടുനൽകാതെ സമരം നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ സമരത്തിൽ പങ്കെടുത്തു.
കാരക്കുന്ന് സ്വദേശികളായ രവി (59), അപ്പി എന്ന ലിംഗരാജ് (62) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞുവച്ചത്.
കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്തിയോടിക്കുക, ഇരുവരുടെയും മക്കൾക്ക് സർക്കാർ ജോലി നൽകുക, വനാതിർത്തിയിലെ കിടങ്ങ് നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരൻ, ഡിഎഫ്ഒ ദേവരാജ്, ഡിവൈഎസ്പി വസന്തകുമാർ, തഹസിൽദാർ മുത്തുമാരി, എംഎൽഎ പൊൻ ജയശീലൻ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.
കെ.പി. മുഹമ്മദ് ഹാജി, യൂനുസ് ബാബു, വാർഡ് കൗണ്സിലർമാരായ മുകേഷ്, ജോസ്, എച്ച്. നാസർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പിനെത്തുടർന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് മൃതദേഹങ്ങൾ വിട്ടുനൽകി നാട്ടുകാർ സമരം അവസാനിപ്പിച്ചത്. മൃതദേഹങ്ങൾ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: മെഡിക്കല് വിദ്യാര്ഥികളുടെ പഠനത്തിനായി വിട്ടുനല്കാന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരുടെ മൃതദേഹങ്ങള് ഇനി സര്ക്കാര് ചെലവില് മെഡിക്കല് കോളജുകളില് എത്തിക്കും. സംസ്ഥാന സര്ക്കാരിന്റെ നവകേരള സദസില് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണു പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
മൃതദേഹം മെഡിക്കല് കോളജില് എത്തിക്കാനുള്ള ചെലവ് നിലവില് കുടുംബാംഗങ്ങളാണ് വഹിക്കേണ്ടത്. ഇനി അതത് മെഡിക്കല് കോളജുകളിലെ ആംബുലന്സ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ കുടുംബത്തിനുള്ള സാമ്പത്തികച്ചെലവ് ഒഴിവാകും. കുടുംബത്തിനുള്ള സാമ്പത്തികബാധ്യത ഒഴിവാകുന്നതോടെ മെഡിക്കല് കോളജുകളിലേക്കു കൂടുതല് മൃതദേഹങ്ങള് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്.
മെഡിക്കല് വിദ്യാര്ഥികളുടെ പഠനാവശ്യത്തിനു മൃതദേഹങ്ങള് ലഭിക്കാത്തതു മൂലമുള്ള പ്രതിസന്ധിക്കു പരിഹാരമാകുകയും ചെയ്യും. ആംബുലന്സ് യാത്രയ്ക്കുള്ള ചെലവ് അതത് ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്നിന്നു ചെലവഴിക്കാനാണു സര്ക്കാര് നിര്ദേശം.
Kerala
തിരുവനന്തപുരം: നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാമനപുരം നദിയുടെ മേലാറ്റിങ്ങൽ ഉദിയറ കടവിലാണ് നാല് കുട്ടികൾ കളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
നദിയിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആദ്യം നിഖിലിന്റെയും രണ്ടാമത് ഗോകുലിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഒപ്പമുണ്ടായ കുട്ടികളാണ് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തത്.
കടയ്ക്കാവൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. രണ്ട് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.