കൊളംബോ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറേനിയൻ നാവികരുടെ മൃതദേഹം ഇറാൻ എംബസിക്കു കൈമാറാൻ ഉത്തരവിട്ട് ശ്രീലങ്കൻ കോടതി. നാവികരുടെ മൃതദേഹം നിലവിൽ ഗാലെ നാഷണൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കൻ ടോർപിഡോ ആക്രമണത്തിൽ ഇറാന്റെ പടക്കപ്പൽ മുങ്ങി 84 നാവികരാണു കൊല്ലപ്പെട്ടത്.
ഗാലെ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് നാവികരുടെ മൃതദേഹം കൈമാറാൻ ആശുപത്രിക്ക് നിർദേശം നൽകിയത്. ഗാലെ ഹാബർ പോലീസിന്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയാണ് ഗാലെ തീരത്തിനു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് മുക്കിയത്.
വിശാഖപട്ടണത്ത് ഇറാൻ-ഇന്ത്യ സംയുക്ത നാവിക പരിശീലനം കഴിഞ്ഞ് ഇറാനിലേക്കു മടങ്ങുകയായിരുന്നു കപ്പൽ. കപ്പലിലെ 32 നാവികരെ ലങ്കൻ നേവി രക്ഷപ്പെടുത്തിയിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതു വരെ മൃതദേഹങ്ങൾ രാജ്യത്ത് സൂക്ഷിക്കുമെന്നു ശ്രീലങ്കൻ സർക്കാർ നേരത്തേ പറഞ്ഞിരുന്നു. രക്ഷപ്പെട്ട 32 പേർ ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു. ഇവരെ ഗാലെയിലെ ലങ്കൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റി.
നാവികരെ ഇവിടെനിന്നും കൊളംബോയ്ക്കു പുറത്തുള്ള വെലിസറയിലെ നാവികകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ മറ്റൊരു ഇറേനിയൻ കപ്പലായ ഐറിസ് ബുഷെഹറിൽനിന്നുള്ള 204 നാവികർ താമസിക്കുന്നുണ്ട്. എൻജിൻ തകരാറിനെത്തുടർന്ന് ഐറിസ് ബുഷെഹർ കൊളംബോ തുറമുഖ മേഖലയ്ക്കു പുറത്ത് നങ്കൂരമിട്ടിരിക്കുകയാണെന്ന് ലങ്ക പറയുന്നു.
Tags : Sri Lankan Sri Lankan court sailors bodies Iranian embassy