Kerala
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പരാതികൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ജയിലുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയിൽ, പോലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
International
ബുനിയ: കോംഗോയിൽ എബോളബാധിതരുടെ എണ്ണം അനുദിനം കുതിക്കുന്നു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2011 ആയി ഉയർന്നു. എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 754 ആയി ഉയർന്നെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണിത്. അതേസമയം, ശന്പളം മുടങ്ങിയതോടെ ആരോഗ്യ പ്രവർത്തകർ പണിമുടക്ക് തുടങ്ങിയതുമൂലം രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിട്ടുണ്ട്.
കോംഗോ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 753 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. 366 പേർ ഇതുവരെ രോഗമുക്തരായി. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനു കാലതാമസം നേരിടുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 80 ശതമാനവും ഏത് സമ്പർക്കപ്പട്ടികയിൽനിന്നുള്ളതാണെന്ന് കണ്ടെത്താൻ ലോകാരോഗ്യ സംഘടനയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ രോഗവ്യാപനത്തിന് തുടക്കമിട്ട ആദ്യത്തെ രോഗിയെ (പേഷ്യന്റ് സീറോ) കണ്ടെത്താൻ കഴിയാത്തതാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
അപൂർവമായി മാത്രം കാണപ്പെടുന്ന ബണ്ടിബജ്യോ വൈറസ് മൂലമുണ്ടായ ഈ എബോള വ്യാപനം മേയ് 15-നാണ് രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മുമ്പ് കോംഗോയിലുണ്ടായ 16 തവണ എബോള വ്യാപനത്തിനു കാരണമായ സയർ വൈറസിനെതിരേയുള്ള വാക്സിനുകളും ചികിത്സകളും ലഭ്യമാണെങ്കിലും നിലവിലെ ബണ്ടിബജ്യോ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ വികസിപ്പിക്കാൻ കഴിയാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് 10 പേർക്ക് കൂടി സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, വനയാന്ട് എന്നീ ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
മലപ്പുറത്ത് അഞ്ച് പേർക്കും കോഴിക്കോട് നാല് പേർക്കും വയനാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം 190 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (മൂന്ന്), എറണാകുളം (നാല്), പാലക്കാട് (മൂന്ന്)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
Kerala
കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന മയക്കുമരുന്നു കേസുകളുടെ കണക്ക് അറിയിക്കണമെന്ന് ഹൈക്കോടതി ഭരണവിഭാഗത്തിന് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ കണക്കും വിവരങ്ങളും നല്‍കാനാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കാന്‍ കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. മഞ്ചേരി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ കോടതികള്‍ തുടങ്ങുന്നത് സജീവ പരിഗണനയിലാണെന്നും അറിയിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്തു ഭരണമാറ്റമുണ്ടായ സാഹചര്യത്തില്‍ വിഷയം മന്ത്രിസഭയിലെത്തിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സമയം തേടി.
Kerala
കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐഎംസിആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്കില്‍ 16 പേരും ലോ റിസ്കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്ട്രോള് റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല.
Kerala
കോഴിക്കോട്: താമരശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്.
കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന് മുഹമ്മദ് റയാനും തച്ചംപൊയില്‍ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില്‍ ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് വയലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റയാന് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി എട്ടോടെ താമരശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കാരാടിയില്‍ വെച്ചാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
മലപ്പുറം: വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ച രണ്ട് കുട്ടികൾക്ക് സൂര്യാതപമേറ്റു. പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസുകാരന്റെ കൈകൾക്കും നെഞ്ചിനും പുറത്തും പൊള്ളലേറ്റു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
മലപ്പുറത്ത് ജോലിക്കിടെ യുവാവിനും സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അഖിലിനാണ് സൂര്യാതപമേറ്റത്. വയറിൽ പൊള്ളലേറ്റ അഖിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കാസർഗോഡ് കശുവണ്ടി തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത് സൂര്യാഘാതം ഏറ്റതാണെന്നാണ് സംശയിക്കുന്നത്. കാറഡുക്കയിൽ കശുവണ്ടി പെറുക്കാൻ പോയ എ.ഡി ദേവസ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
District News
കോഴിക്കോട്: കല്ലായി കണ്ണഞ്ചേരി സ്വദേശി പുതിയാപ്പില്‍ പറമ്പില്‍ ഇഖലാസി (30) നെ പന്നിയങ്കര പോലീസ് കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചു. മയക്കുമരുന്ന് ലഹരിയില്‍ പൊതുസ്ഥലങ്ങളില്‍ വച്ച് ആളുകളെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയതിനും പാലക്കാട് സ്വദേശിയായ യുവാവിനെ കടലില്‍ മുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും പ്രതിക്കെതിരേ കേസുണ്ട്.
നല്ലളം, പന്നിയങ്കര, കോഴിക്കോട് ടൗണ്‍, കസബ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഇഖലാസ്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പന്നിയങ്കര പോലീസ് കാപ്പ ഉത്തരവുപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും ഈ പ്രതിയെ കാപ്പ കേസില്‍ ജയിലില്‍ അടച്ചിട്ടുണ്ട്.
പന്നിയങ്കര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശയിലാണ് ജില്ലാകളക്ടര്‍ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
Kerala
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40) ആണ് അറസ്റ്റിലായത്.
അഞ്ചൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. ഇയാൾക്കെതിരെ 25ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സുജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ ക്ഷേത്രത്തിൽ പോറ്റി കവർച്ച നടത്തിയത്.
ക്ഷേത്രത്തിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന പ്രതി, ശ്രീകോവിലിന് മുന്നിലിരുന്ന കാണിക്കവഞ്ചികളടക്കം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികൾ പോലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
വിവിധ ജില്ലകളിൽ കീഴ്ശാന്തിയായി ജോലി ചെയ്ത പ്രതി, അഞ്ചലിലെ ഈ ക്ഷേത്രത്തിലും ഏതാനും മാസങ്ങൾ ജോലി ചെയ്തിരുന്നു. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു മോഷണക്കേസിൽ ഇയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ കോടതി മുഖാന്തരം പ്രതിയെ അഞ്ചൽ ക്ഷേത്രത്തിലുണ്ടായ കവർച്ചയിൽ അഞ്ചൽ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
National
ന്യൂഡൽഹി: കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള കോടതികളിൽ വിചാരണ കാത്തുകിടക്കുന്നത് 2800ലധികം കേസുകൾ.
748 കേസുകളോടെ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നതെന്ന് ഒരു സുപ്രീംകോടതി ഉത്തരവിനെ പ്രതിപാദിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ജാർഖണ്ഡ് (386), ഡൽഹി ( 269), രാജസ്ഥാൻ (256), ആസാം (191), കേരളം (118), ഉത്തർപ്രദേശ് (112), മഹാരാഷ്ട്ര (107), കർണാടക (67) എന്നിങ്ങനെയാണ് കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകൾ കെട്ടിക്കിടക്കുന്ന മറ്റു സംസ്ഥാനങ്ങൾ.
Kerala
കൊച്ചി: കടല്‍ വെള്ളരിവേട്ട കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ലക്ഷദ്വീപിലെ ജനവാസമില്ലാത്ത സുഖേലി ചെറിയകര ദ്വീപില്‍നിന്നു കവരത്തി വനം വകുപ്പ് 234 കിലോ കടൽ വെള്ളരി പിടികൂടിയ കേസിലും മുക്ബീല് എന്നയാളില്‍നിന്ന് 52 കടൽ വെള്ളരി പിടികൂടിയ കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണിത്. ശ്രീലങ്ക, ചൈന എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റി അയക്കാന്‍ തയാറാക്കിയ കടല്‍ വെള്ളരികളാണു പിടികൂടിയത്. കവരത്തി പിഎംഎല്‍എ സ്പെഷല്‍ കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥന് മുമ്പാകെ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ നിര്‍മല്‍ കുമാര്‍ മോഷ അന്വേഷണം നടത്തി ഇരുകേസിലും കുറ്റപത്രം ഫയല്‍ ചെയ്തത്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട കടല്ജീവിയാണു കടല്‍ വെള്ളരി. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഈ ജീവിയെ കച്ചവടം ചെയ്യുന്നതും കച്ചവടാവശ്യത്തിന് കൈവശം വയ്ക്കുന്നതും അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കുറ്റകരമാണ്.
Kerala
കൊച്ചി: ജനപ്രതിനിധികള്‍ ക്കെതിരേയുള്ള കേസുകളില്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള 20 കേസുകളുണ്ട്. ഇതില്‍ രണ്ടു കേസുകളില്‍ മാത്രമേ നടപടികള്‍ ഉറപ്പാക്കിയിട്ടുള്ളൂ.
മറ്റു കേസുകളില്‍ പോലീസ് കൃത്യമായി നടപടികളെടുത്തിട്ടില്ല. കോടതികളില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്നുള്ള ഹൈക്കോടതി രജിസ്ട്രിയുടെ വിശദീകരണം കണക്കിലെടുത്താണു കോടതി നിര്‍ദേശം.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണു ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിച്ചത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരേ മാത്രം എട്ടു കേസുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തേ വിഷയം പരിഗണിച്ച് സര്‍ക്കാരിനോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പോലീസ് മേധാവി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിമിത്തം 23 വർഷമായി സ്തംഭനാവസ്ഥയിൽ കിടന്ന കേസിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഇത്തരത്തിൽ ഇടക്കാല ഉത്തരവ് നിമിത്തം കൊലപാതകം, ബലാത്സംഗം, സ്ത്രീധന മരണം തുടങ്ങി പുരോഗതിയില്ലാതെ നിൽക്കുന്ന കേസുകളിൽ ഉടൻ വാദംകേൾക്കൽ പുനരാരംഭിക്കണമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരോടും നിർദേശിച്ചു.
ഹൈക്കോടതികൾ പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവുകളുടെ ബലത്തിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ക്രിമിനൽ വിചാരണകൾ വർഷങ്ങളോളം കെട്ടിക്കിടക്കുകയാണെങ്കിൽ അത് നീതിയെ പരിഹസിക്കാൻ മാത്രമേ ഇടവരുത്തുകയുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എല്ലാ കക്ഷികളോടും നീതി പുലർത്തണം. കുറ്റാരോപിതരോടു മാത്രമല്ല, ഇരയോടും ഇരയുടെ കുടുംബാംഗങ്ങളോടും നീതി പുലർത്താൻ സാധിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിവാഹശേഷം ഒരു വർഷത്തിനുള്ളിൽ സ്ത്രീധന പീഡനത്തത്തുടർന്ന് പെണ്‍കുട്ടി മരിച്ചതാണ് കേസിന് അടിസ്ഥാനം. 2002ലായിരുന്നു സംഭവം. അതേവർഷംതന്നെ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിചാരണ സ്റ്റേ ചെയ്യുകയായിരുന്നു. പിന്നീട് 2023 ലാണ് കേസ് പരിഗണനയിൽ എത്തുന്നത്. ആ വർഷം ഹൈക്കോടതി കേസ് തള്ളിയതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തിയത്.
Kerala
കോഴിക്കോട്: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സാമ്പിളുകളുടെ രാസപരിശോധനാ ഫലം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഫൊറന്‍സിക് ലബോറട്ടറികളുടെ പ്രവര്‍ത്തനരീതിയും പരിശോധനാക്രമവും ആഭ്യന്തര വകുപ്പ് പുനഃക്രമീകരിച്ചു.
കേസുകള്‍ കൂടുതല്‍ കെട്ടിക്കിടക്കുന്ന ലാബുകളില്‍ പരിശോധിക്കേണ്ട സാംപിളുകള്‍ മറ്റു ലാബുകളില്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കിയാണ് ക്രമീകരണം. ഇതുപ്രകാരം തൃശൂര്‍ റേഞ്ചില്‍നിന്നുള്ള എന്‍ഡിപിഎസ് കേസുകള്‍ (കഞ്ചാവ് സാമ്പിളുകള്‍ ഒഴികെ) ഒരു വര്‍ഷത്തേക്ക് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലെ കെമിസ്ട്രി വിഭാഗത്തിലാണു പരിശോധിക്കുക.
തൃശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ എന്‍ഡിപിഎസ് കേസുകള്‍ പരിശോധനയ്ക്കായി കെട്ടിക്കിടക്കുന്നത് ജീവനക്കാരുടെ കുറവു കാരണമാണെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
നിലവില്‍ എല്ലാ ജില്ലാ ഫൊറന്‍സിക് ലാബുകളിലെയും കെമിസ്ട്രി വിഭാഗങ്ങളില്‍ എന്‍ഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട കഞ്ചാവ്, നിക്കോട്ടിന് തുടങ്ങിയ ആല്‍ക്കലോയിഡുകള്‍ മാത്രമേ പരിശോധിക്കാന്‍ അനുമതിയുള്ളൂ. ഫൊറന്‍സിക് ശേഷി ആധുനികവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ, മലപ്പുറം ജില്ലാ ലാബുകളില്‍ പുതുതായി ഫോറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി (എഫ്ടിഐആര്‍) ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ലാബുകളില്‍ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള എല്ലാത്തരം മയക്കുമരുന്നുകളും പരിശോധിക്കാനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ പരിഹരിക്കാന്‍ പുതിയ നടപടി സഹായകരമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ശരീരസ്രവങ്ങള്‍, വിരലടയാളം, ഡിഎന്‍എ, വിഷവസ്തുക്കള്‍, വെടിമരുന്ന് തുടങ്ങിയവ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഫൊറന്‍സിക് ലാബുകള്‍ നല്കുന്ന ആധികാരിക റിപ്പോര്‍ട്ടാണു കോടതികള്‍ സ്വീകരിക്കുക.
സാമ്പിളുകളുടെ രാസപരിശോധനാ ഫലം വൈകുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള ലൈംഗിക അതിക്രമം അടക്കമുള്ള കേസുകളില്‍ പോലീസിനു യഥാസമയം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത് ഇരകള്‍ക്കു നീതി വൈകുന്ന ഗുരുതര സാഹചര്യമാണു സൃഷ്ടിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിലൊന്ന്.
ആദ്യത്തെ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജഡ്ജ് കെ. ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും.
ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് ജഡ്ജ് സി. ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്.
അതിനിടെ, രണ്ടാം ബലാത്സംഗക്കേസിൽ വ്യവസ്ഥകളോടെ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നുമാണ് രാഹുൽ നൽകുന്ന വിശദീകരണം. അപ്പീലിലെ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
National
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ 25 പേർക്ക് എതിരെ കേസ്. ചെന്നൈ പോലീസ് ആണ് കേസെടുത്തത്.
പൊതു സമാധാനം തകർക്കുകയും ജനങ്ങൾക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിക്കിടെ നാടിനെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിന് കാരണമായ ഈ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യമാധ്യമ പോസ്റ്റുകളും മറ്റും നിരീക്ഷിച്ചു വരികയായിരുന്നു പോലീസ്.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ സാമൂഹ്യമാധ്യമങ്ങളിൽ കരൂർ ദുരന്തവുമായി ബന്ധപ്പട്ട് വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് സാമൂഹ്യമാധ്യമമായാ എക്സിൽ കുറിച്ചിരുന്നു.