NRI
ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം യുകെയിൽ നിയമപരമായി താമസിക്കാനുള്ള പദവി നേടിയെടുക്കാൻ വേണ്ടി വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ വൻ കുടിയേറ്റ തട്ടിപ്പ് സംഘത്തെ ബ്രിട്ടീഷ് ഇമിഗ്രേഷൻ വിഭാഗം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ പുലർച്ചെ റെയ്ഡുകൾക്കൊടുവിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറുവർഷമായി അതീവ രഹസ്യമായി പ്രവർത്തിച്ചുവരുന്ന വൻതോതിലുള്ള അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോം ഓഫീസിന്റെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം നടത്തിയത്.
ഇംഗ്ലണ്ടിലെ ഡോൺകാസ്റ്റർ, നോർമന്റൺ, ലിങ്കൺ, ലിവർപൂൾ, നോർത്താംപ്ടൺഷയർ, ഷെഫീൽഡ്, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ റെയ്ഡുകൾ നടന്നത്. ഇതിൽ വെസ്റ്റ് ബ്രോംവിച്ചിൽ നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
തട്ടിപ്പ് രീതി: അൽബേനിയൻ സ്വദേശികൾക്ക് വ്യാജ "സൈപ്രസ്' വിവാഹം
ബ്രെക്സിറ്റിന് ശേഷം യുകെയിൽ തുടരാൻ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിയമപരമായ താമസ പദവി ലഭ്യമാക്കാൻ രൂപീകരിച്ച യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് സ്കീമിനെ ദുരുപയോഗം ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തിയത്.
യൂറോപ്യൻ യൂണിയൻ പൗരന്മാരും യൂറോപ്യൻ യൂണിയന് പുറത്തുള്ള പൗരന്മാരും തമ്മിൽ വിവാഹം കഴിഞ്ഞതായി വ്യാജ രേഖകൾ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി.
ഇത്തരത്തിൽ വ്യാജമായി നിർമിച്ച സൈപ്രസ് വിവാഹ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രധാനമായും അൽബേനിയൻ കുടിയേറ്റക്കാർക്ക് യാതൊരു നിയമപരമായ അവകാശവുമില്ലാതെ യുകെയിൽ താമസിക്കാനുള്ള വിസ ഒപ്പിച്ചു നൽകിയതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
യഥാർഥ വൈവാഹിക ബന്ധമാണെന്ന് കേസ് പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാൻ അതീവ സങ്കീർണമായ വ്യാജരേഖകളാണ് ഇവർ ചമച്ചിരുന്നത്.
കടുത്ത നടപടിയുമായി ഹോം ഓഫീസ്
2020 മുതൽ ആരംഭിച്ച ഈ ദുരുപയോഗം വളരെ സങ്കീർണ്ണവും അതീവ ആസൂത്രിതവുമാണ്. അതുകൊണ്ടുതന്നെ തെളിവുകൾ ശേഖരിക്കാനും രഹസ്യവിവരങ്ങൾ ഉറപ്പാക്കാനും ഞങ്ങൾക്ക് ദീർഘകാല അന്വേഷണം നടത്തേണ്ടി വന്നു.
നിയമങ്ങളെ വെട്ടിച്ച് മുന്നേറാമെന്ന് കരുതിയ സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് ഈ അറസ്റ്റ് വലിയൊരു തിരിച്ചടിയാണെന്നാണ് ഹോം ഓഫീസിലെ ഇമിഗ്രേഷൻ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ആൻഡ്രൂ റാഡ്ക്ലിഫ് പറഞ്ഞത്.
എന്താണ് ഇയു സെറ്റിൽമെന്റ് സ്കീം?
ഇയു സെറ്റിൽമെന്റ് സ്കീം (EUSS) പ്രകാരം 2020 ഡിസംബർ 31നു മുമ്പ് യുകെയിൽ താമസിച്ചിരുന്ന യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA), സ്വിറ്റ്സർലാൻഡ് പൗരന്മാരായ ആളുകൾക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും യുകെയിൽ തുടരാൻ പ്രീ-സെറ്റിൽഡ് അല്ലെങ്കിൽ സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം.
നിലവിൽ ഏകദേശം 58 ലക്ഷം ആളുകൾ ഈ പദ്ധതി പ്രകാരം യുകെയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ബ്രെക്സിറ്റിന് മുൻപ് യുകെയിൽ ജീവിതം കെട്ടിപ്പടുത്ത യൂറോപ്യൻ അയൽക്കാരെ സഹായിക്കാൻ രൂപീകരിച്ച പദ്ധതിയെ, പിൻവാതിലിലൂടെയുള്ള നിയമവിരുദ്ധ കുടിയേറ്റത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ സർക്കാർ കർശനമായി നേരിടുമെന്ന് കുടിയേറ്റ-പൗരത്വ മന്ത്രി മൈക്ക് ടാപ്പ് വ്യക്തമാക്കി.
വ്യാജ രേഖകൾ സമർപ്പിച്ച് വീസ നേടിയ ആളുകളെ കണ്ടെത്തി രാജ്യം കടത്താനുള്ള നടപടികളും ഹോം ഓഫീസ് ആരംഭിച്ചിട്ടുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വ - ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) ഈ മാസം 22ന് പുറത്തിറക്കിയ പുതിയ നയ മെമ്മോറണ്ടം പ്രകാരം, അമേരിക്കയിൽ താത്കാലിക വീസയിൽ കഴിയുന്ന വിദേശികൾക്ക് രാജ്യത്തിനുള്ളിൽ നിന്നുള്ള "അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്' വഴി ഗ്രീൻ കാർഡ് നേടുന്നത് ഇനി കൂടുതൽ കടുത്ത പരിശോധനയ്ക്കു വിധേയമാകും.
പുതിയ നയപ്രകാരം, ഗ്രീൻ കാർഡ് അപേക്ഷകർ സാധാരണയായി സ്വന്തം രാജ്യത്തിലെ യുഎസ് കോൺസുലേറ്റുകൾ മുഖേന "കോൺസുലർ പ്രോസസിംഗ്' വഴിയാണ് സ്ഥിരതാമസ വിസ നേടേണ്ടത് എന്ന് യുഎസ്സിഐഎസ് വീണ്ടും വ്യക്തമാക്കി.
അമേരിക്കയ്ക്കുള്ളിൽ നിന്ന് അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് അനുവദിക്കുന്നത് "അസാധാരണ സാഹചര്യങ്ങളിൽ' മാത്രം നൽകേണ്ട ഒരു വിവേചനാധികാരപരമായ ഇളവാണെന്നും നയത്തിൽ വ്യക്തമാക്കുന്നു.
യുഎസ്സിഐഎസ് വക്താവ് സാക്ക് കാഹ്ലർ പ്രസ്താവിച്ചത്, സന്ദർശക വീസ, വിദ്യാർഥി വീസ, താത്കലിക ജോലി വീസ തുടങ്ങിയ നോൺ മെെഗ്രന്റ് വീസകളിൽ അമേരിക്കയിലെത്തുന്നവർ അവരുടെ സന്ദർശന കാലാവധി കഴിഞ്ഞാൽ മടങ്ങിപ്പോകേണ്ടതാണെന്നും താത്കാലിക വീസകൾ ഗ്രീൻ കാർഡ് നേടാനുള്ള ആദ്യപടിയായി ഉപയോഗിക്കരുതെന്നുമാണ്.
ഓരോ അപേക്ഷയും കേസുതോറും പ്രത്യേകം പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും അപേക്ഷകന്റെ സാഹചര്യങ്ങൾ, ഉദ്ദേശ്യം, കുടിയേറ്റ നിയമാനുസൃതത, അമേരിക്കയിൽ തുടരാനുള്ള കാരണങ്ങൾ തുടങ്ങിയ എല്ലാ ഘടകങ്ങളും യുഎസ്സിഐഎസ് പരിഗണിക്കുമെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നു.
യുഎസ്സിഐഎസ് അനുസരിച്ച്, കൂടുതൽ കേസുകൾ കോൺസുലർ പ്രോസസ്സിംഗിലേക്ക് മാറ്റുന്നതിലൂടെ:
• വീസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുന്നവരുടെ എണ്ണം കുറയ്ക്കാൻ.
• സ്റ്റേറ്റ് ഡിപ്പാർട്മെന്റിലൂടെ വിദേശത്തുള്ള കോൺസുലേറ്റുകളിൽ കുടിയേറ്റ വിസ നടപടികൾ കാര്യക്ഷമമാക്കാൻ.
• യുഎസ്സിഐഎസിന്റെ പരിമിതമായ വിഭവങ്ങൾ നാച്വുലർസേഷൻ, മനുഷ്യക്കടത്ത് ഇരകൾ, കുറ്റകൃത്യബാധിതർ തുടങ്ങിയ മറ്റ് മുൻഗണനാ കേസുകൾക്കായി വിനിയോഗിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് എന്ന നിയമപരമായ സംവിധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും സന്ദർശക വീസയിലോ മറ്റു താത്കാലിക വീസകളിലോ അമേരിക്കയിൽ എത്തിയ ശേഷം ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ അപേക്ഷകൾക്ക് ഇനി കൂടുതൽ കർശന പരിശോധനയും വിവേചനാധികാരപരമായ വിലയിരുത്തലും നേരിടേണ്ടി വരാനിടയുണ്ടെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു.
സന്ദർശക വീസ, വിദ്യാർഥി വീസ, മറ്റ് താത്കാലിക വീസകൾ എന്നിവയിൽ അമേരിക്കയിൽ കഴിയുന്നവരും പിന്നീട് സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ആലോചിക്കുന്നവരും പുതിയ നയത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ, അൺലോഫുൾ പ്രസൻസ്, കോൺസുലർ പ്രോസസിംഗ്, ഡിസ്ക്രീഷണറി റിലീഫ് തുടങ്ങിയ വിഷയങ്ങളിൽ പരിചയസമ്പന്നരായ ഇമിഗ്രേഷൻ അഭിഭാഷകരുടെ നിയമോപദേശം തേടേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
NRI
ന്യൂയോർക്ക്: അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ ആകുന്നത് വിലക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി നാൻസി മേസിന്റെ ഭരണഘടനാ ഭേദഗതി നിർദേശത്തിനെതിരേ വ്യാപക പ്രതിഷേധം.
ഇന്ത്യൻ വംശജരായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, താനെദാർ എന്നീ ഡെമോക്രാറ്റിക് ജനപ്രതിനിധികൾ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. അമേരിക്കൻ ചരിത്രത്തെയും കുടിയേറ്റ പാരമ്പര്യത്തെയും വഞ്ചിക്കുന്നതും വംശീയ അധിക്ഷേപ നിറഞ്ഞതുമാണ് ഈ നിർദേശമെന്ന് അവർ കുറ്റപ്പെടുത്തി.
വിലക്കയറ്റവും ഭവന പ്രതിസന്ധിയും പരിഹരിക്കുന്നതിന് പകരം ജനങ്ങളെ വിഭജിക്കാനാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെ തിരക്കിട്ടു വനിതാ സംവരണം നടപ്പാക്കാനുള്ള പുതിയ ഭരണഘടനാ ഭേദഗതികളെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്.
ഇന്നലെ സമാപിക്കേണ്ടിയിരുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വനിതാ സംവരണത്തിനായുള്ള പുതിയ ഭേദഗതികൾക്കായി ഈ മാസം 16, 17, 18 തീയതികളിൽ വീണ്ടും ചേരാനുള്ള സർക്കാർ നീക്കമാണു രാഷ്ട്രീയ വാക്പോരിനു വഴിതെളിച്ചത്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലിരിക്കെ സർക്കാരിനു രാഷ്ടീയനേട്ടം ഉണ്ടാക്കാനായി സഭ പ്രത്യേകമായി വീണ്ടും സമ്മേളിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി രാജ്യസഭയിൽ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയ്റാം രമേശാണു വിഷയം ഉയർത്തിയത്.
ജയ്റാമിനു പുറമെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എഎപി നേതാവ് സഞ്ജയ് സിംഗ്, ആർജെഡി നേതാവ് മനോജ്കുമാർ ഝാ തുടങ്ങിയവർ സർക്കാരിന്റേതു രാഷ്ട്രീയപ്രേരിത നീക്കമെന്നു കുറ്റപ്പെടുത്തിയപ്പോൾ കേന്ദ്രമന്ത്രിമാരായ രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡ, പിയൂഷ് ഗോയൽ, കിരണ്‍ റിജിജു എന്നിവർ സർക്കാരിനെ പ്രതിരോധിച്ചു.
എന്നാൽ, വനിതാ ഭേദഗതി ബില്ലുകൾ പരിഗണിക്കാനായി പാർലമെന്റ് ചേരുന്ന കൃത്യ തീയതികൾ പാർലമെന്ററികാര്യ മന്ത്രി റിജിജു പറഞ്ഞില്ല.
ആഴ്ചകൾക്കകം സമ്മേളിക്കുമെന്നു മാത്രമാണു മന്ത്രി പറഞ്ഞത്. വനിതകളോട് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഇന്നലെ സമാപിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടു ഘട്ടങ്ങളിലും വനിതാ സംവരണ ഭേദഗതി ബില്ലുകൾ എന്തുകൊണ്ടു വന്നില്ലെന്ന് ഖാർഗെ ചോദിച്ചു.
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും വോട്ടെടുപ്പ് പൂർത്തിയാക്കുന്ന 29നുശേഷം സർവകക്ഷി യോഗം വിളിച്ചു വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ രണ്ടുതവണ സർക്കാരിനു കത്തെഴുതിയിരുന്നുവെന്ന് ഖാർഗെയും ജയ്റാം രമേശും പറഞ്ഞു.
ഏപ്രിൽ 29നുശേഷം സർവകക്ഷി യോഗം ചേരണമെന്നും അതിനു പിന്നാലെ മാത്രമേ പാർലമെന്റിൽ നിയമഭേദഗതികൾ പാസാക്കാവൂ എന്നും പ്രതിപക്ഷനേതാവ് എഴുതിയിരുന്നതായി റിജിജു പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കുമെങ്കിലും സർക്കാരാണു തീരുമാനിക്കുകയെന്ന് മന്ത്രി റിജിജു ചൂണ്ടിക്കാട്ടി. വനിതാ സംവരണത്തിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി മോദിക്കു കിട്ടിക്കഴിഞ്ഞുവെന്നും നഡ്ഡ പറഞ്ഞു. എന്നാൽ, കോണ്‍ഗ്രസാണു വനിതാ സംവരണ ബിൽ ആദ്യം കൊണ്ടുവന്നതെന്നും കോണ്‍ഗ്രസിന്റെ പിന്തുണയിലാണ് ഏകകണ്ഠമായി ബിൽ പാസാക്കിയതെന്നും ഖാർഗെ പറഞ്ഞു.
വനിതാ സംവരണ നിയമം ഏകകണ്ഠമായി ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയശേഷം രണ്ടര വർഷത്തിലേറെ അതിന്മേൽ സുഖമായി കിടന്നുറങ്ങിയവരാണ് തെരഞ്ഞെടുപ്പുകൾക്കിടയിൽ രാഷ്ട്രീയലാഭത്തിനായി പുതിയ നീക്കം നടത്തുന്നതെന്ന് ഖാർഗെയും ജയ്റാമും കുറ്റപ്പെടുത്തി.
NRI
വാഷിംഗ്ടൺൻ ഡിസി: വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും അമേരിക്കൻ പൗരത്വം നേടിയവർക്കെതിരെ കർശന നടപടിയുമായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ട് പേരുടെ പൗരത്വം കഴിഞ്ഞ ദിവസം റദ്ദാക്കി.
നിയമവിരുദ്ധമായി ആയുധക്കടത്ത് നടത്തിയ യുക്രെയ്ൻ സ്വദേശി വ്ലാഡിമിർ വോൾഗയേവ്, ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തിയ മിറെലിസ് കബരേര ഡയസ് എന്നിവരുടെ പൗരത്വമാണ് റദ്ദാക്കിയത്.
പൗരത്വത്തിന് അപേക്ഷിക്കുന്ന സമയത്ത് ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചതും, പൗരത്വത്തിന് ആവശ്യമായ ‘നല്ല സ്വഭാവരീതി’ പാലിച്ചില്ലെന്നതും പ്രധാന കണ്ടെത്തലുകളായി ചൂണ്ടിക്കാണുന്നു.
പൗരത്വ നടപടികളിൽ തെറ്റായ വിവരം നൽകുകയോ സത്യം മറച്ചുവെക്കുകയോ ചെയ്യുക, അപേക്ഷ സമയത്ത് നിയമപരമായ യോഗ്യതകൾ പാലിക്കാതിരിക്കുക എന്നീ രണ്ട് കാരണങ്ങളാലാണ് പ്രധാനമായി പൗരത്വം റദ്ദാക്കുന്നത്.
നിലവിൽ ഇത്തരം കേസുകൾ കുറവായിരിക്കെ (വർഷത്തിൽ ശരാശരി 11), കുടിയേറ്റ ഏജൻസികൾ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചതുകൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം നൽകുന്ന നിലവിലെ നിയമത്തിനെതിരെ കടുത്ത പരാമർശങ്ങളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ ജനിക്കുന്ന കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അടിമത്ത കാലത്തെ നിയമങ്ങളെയും ചരിത്രപരമായ സാഹചര്യങ്ങളെയും ഉദ്ധരിച്ചുകൊണ്ട് ട്രംപ് നടത്തിയ ചില പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
നിലവിലെ പൗരത്വ നിയമം അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലവിലുള്ള ജന്മാവകാശ പൗരത്വം ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെ റദ്ദാക്കാൻ കഴിയുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ ഇതിന് ഭരണഘടനാപരമായ വലിയ തടസങ്ങളുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വിദേശികൾ അമേരിക്കയിൽ വന്ന് പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് പൗരത്വം ലഭിക്കുന്ന 'ബർത്ത് ടൂറിസം' അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ മനുഷ്യാവകാശ സംഘടനകളും ഡെമോക്രാറ്റിക് പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഇത് വംശീയ വിദ്വേഷം വളർത്തുന്നതാണെന്നും അമേരിക്കയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ആരോപിച്ചു.
Kerala
തൃശൂര്‍: കേരളത്തിന്റെ സംസ്കാരവും കലകളും ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ബ്രീട്ടന്റെ മകള്‍ പെപിത സേത്ത് ഇനി ഇന്ത്യയുടെ മകള്‍.
തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനില്‍നിന്ന് പെപിത സേത്ത് പൗരത്വ രേഖകള്‍ ഏറ്റുവാങ്ങി. 84-ാം വയസില്‍ ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിയില്‍നിന്ന് ഇന്ത്യയെ അറിഞ്ഞ പെപിത 27-ാം വയസിലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ തേടിയിറങ്ങുന്നത്. ഫോട്ടോഗ്രാഫിയും എഴുത്തും ജീവശ്വാസമാക്കിയ പെപിതയ്ക്കു തൃശൂര്‍ ജന്മനാടിനെ വെല്ലുന്ന പോറ്റമ്മയായി. മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ പെപിത പകര്‍ത്തിയ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി.
1981-ൽ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി കിട്ടിയതോടെ നാട്ടിലേക്കുള്ള യാത്രതന്നെ കുറഞ്ഞു. ഗുരുവായൂരില്‍ താമസിച്ചു നടത്തിയ നീണ്ടകാലത്തെ ഗവേഷണത്തിനുശേഷമാണ് ഹെവന്‍ ഓൺ എർത്ത്: ദ യൂണിവേഴ്സ് ഓഫ് കേരളാസ് ഗുരുവായൂര്‍ ടെമ്പിള്‍സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ തെയ്യക്കോലങ്ങളുടെ മാസ്മരിക സൗന്ദര്യത്തിലേക്കും പെപിതയുടെ കണ്ണെത്തി.
വടക്കന്‍ മലബാറിലെ ഗ്രാമങ്ങളിൽ തെയ്യം കലാകാരന്മാര്ക്കൊപ്പം 15 വര്‍ഷത്തോളം സഞ്ചരിച്ച് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇന്‍ ഗോഡ്സ് മിറര്‍, ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകമെഴുതിയത്.
ദി എഡ്ജ് ഓഫ് അനദര്‍ വേള്‍ഡ് (നോവല്‍), ദ ഡിവൈന്‍ ഫ്രെന്‍സി- ഹിന്ദു മിത്ത്സ് ആന്‍ഡ് റിച്വല്‍സ് ഓഫ് കേരള തുടങ്ങിയ പുസ്തകങ്ങളും പെപിതയുടേതായിട്ടുണ്ട്. പത്മശ്രീ പുരസ്കാരത്തിനു പുറമേ, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിഖ്യാതമായ റിച്ചാർഡ് ബർട്ടൺ പുരസ്കാരവും ഇവരെത്തേടിയെത്തിയിട്ടുണ്ട്.
താന്‍ എഴുതിയ ഇന്‍ ഗോഡ്സ് മിറര്‍; ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകം ജില്ലാ കളക്ടര്‍ക്ക് സമ്മാനിച്ചാണ് കളക്ടറേറ്റില്‍നിന്ന് മടങ്ങിയത്.
District News
കോട്ടയം: കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പത്മവിഭൂഷണ്‍ ജസ്റ്റീസ് കെ.ടി. തോമസിന് ഇന്ന് പൗരസ്വീകരണം നല്‍കും. ഹോട്ടല്‍ സീസര്‍ പാലസില്‍ രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാന്നാനം കെ.ഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വം ലഭിച്ച വിദേശികൾക്ക് പൗരത്വം റദ്ദാക്കാനുള്ള കടുത്ത നീക്കങ്ങളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട്. ഇത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് കുടിയേറ്റക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച കേസുകൾ പരിശോധിക്കാൻ പ്രതിമാസം 100 മുതൽ 200 വരെ കേസുകൾ വീതം കണ്ടെത്താൻ ഫീൽഡ് ഓഫിസുകൾക്ക് ട്രംപ് ഭരണകൂടം നിർദേശം നൽകി. മുൻപ് പ്രതിവർഷം ശരാശരി 11 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
മിനസോടയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെടുത്തി സൊമാലി സമൂഹത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. വഞ്ചന കാണിച്ചവരുടെ പൗരത്വം നിമിഷനേരം കൊണ്ട് റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വം നൽകുന്ന സമയത്ത് കള്ളം പറയുകയോ വിവരങ്ങൾ മറച്ചുവയ്ക്കുകയോ ചെയ്തവർക്കെതിരെ മാത്രമേ പൗരത്വം റദ്ദാക്കാൻ നിയമപരമായി സാധിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെറും ക്വാട്ട നിശ്ചയിച്ച് പൗരത്വം എടുത്തുകളയുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. പൗരത്വം റദ്ദാക്കപ്പെടുന്നവർ ഗ്രീൻ കാർഡ് ഹോൾഡർമാരായി മാറുകയും തുടർന്ന് അവരെ നാടുകടത്താൻ എളുപ്പമാകുകയും ചെയ്യുമെന്നതാണ് ഈ നീക്കത്തിലെ പ്രധാന അപകടം.
National
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുന്‍പ് തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്നും വോട്ട് ചെയ്തുവെന്നും ആരോപിച്ചുള്ള ഹര്‍ജിയില്‍ മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സോണിയ ഗാന്ധി. അപേക്ഷയെ തുടര്‍ന്ന് കേസ് ഫെബ്രുവരി ഏഴിലേക്ക് പരിഗണിക്കുന്നതിനായി കോടതി നീട്ടി.
സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത് 1983ലാണെന്നും എന്നാല്‍ 1980ലെ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉള്‍പ്പെട്ടിരുന്നുവെന്നുമാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ ഡിസംബര്‍ എട്ടിനാണ് കോടതി നോട്ടീസ് അയച്ചത്.
1980ലെ വോട്ടര്‍ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ അഭിഭാഷകന് വികാസ് ത്രിപാഠി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് കോടതി സോണിയാ ഗാന്ധിയോട് മറുപടി തേടിയത്. രേഖകളില്‍ കൃത്രിമത്വം കാണിച്ചാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
എന്നാല്‍ ഹര്‍ജിക്കാരന്റെ വാദം ശരിയല്ലെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ വളരെ പഴക്കമുള്ളതായതിനാല്‍ സോണിയയുടെ അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, പതിവ് പരിശോധനയുടെ ഭാഗമായി സോണിയ ഗാന്ധിയെ ഇന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.