പ്രതീകാത്മക ചിത്രം
സമീപകാലത്ത് ഇന്ത്യൻ പാസ്പോർട്ട് പ്രധാനമായും ഒരു യാത്രാരേഖയാണെന്നും, അത് എല്ലാ സാഹചര്യങ്ങളിലും ഇന്ത്യൻ പൗരത്വത്തിന്റെ നിർണായക തെളിവല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ ഒരു അടിസ്ഥാന ഭരണഘടനാ ചോദ്യം വീണ്ടും ഉയർന്നിരിക്കുകയാണ്.
ഒരു ഇന്ത്യൻ പൗരന്റെ പൗരത്വത്തിന്റെ ഉറവിടം എന്താണ്? അത് ഒരു രേഖയിലാണോ അതോ ഭരണഘടനയിലാണോ? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താതെ പാസ്പോർട്ട്, ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെക്കുറിച്ചുള്ള ചർച്ചകൾക്കു പൂർണത ലഭിക്കില്ല.
1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ഭരണഘടനയുടെ അനുച്ഛേദങ്ങൾ അഞ്ചു മുതൽ 11 വരെയാണ് ഇന്ത്യയിലെ ആദ്യ പൗരന്മാരെ നിയമപരമായി അംഗീകരിച്ചത്. പ്രത്യേകിച്ച് അനുച്ഛേദം അഞ്ച്, സ്ഥിരതാമസം അടിസ്ഥാനമാക്കി ഇന്ത്യയുടെ പൗരത്വം അംഗീകരിച്ചു. അന്ന് ആധാറോ പാൻ കാർഡോ വോട്ടർ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടോ ഉണ്ടായിരുന്നില്ല. അവരുടെ പൗരത്വം ഒരു രേഖയിൽനിന്നല്ല ഉണ്ടായത്; ഭരണഘടനയിൽനിന്നാണ്.
തുടർന്ന് നിലവിൽ വന്ന പൗരത്വ നിയമം, 1955 നിലവിലുള്ള പൗരന്മാരോട് വീണ്ടും പൗരത്വം നേടാനോ പ്രത്യേക പൗരത്വ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കാനോ ആവശ്യപ്പെട്ടില്ല. ജനനം, വംശാവലി, രജിസ്ട്രേഷൻ, നാച്വറലൈസേഷൻ, ഭൂപ്രദേശ സംയോജനം തുടങ്ങിയ മാർഗങ്ങളിലൂടെ പൗരത്വം നേടുന്നവരെ സംബന്ധിച്ച നിയമമാണ് അത്. അതിനാൽ ഇന്ത്യയിലെ ഭൂരിഭാഗം പൗരന്മാർക്കും ഇന്നുവരെ "പൗരത്വ സർട്ടിഫിക്കറ്റ്' എന്ന പേരിൽ ഒരു രേഖ ലഭിച്ചിട്ടില്ല.
പൗരത്വം നിയമപരമായ പദവി
പൗരത്വം ഒരു രേഖയല്ല; അതൊരു നിയമപരമായ പദവിയാണ്. രേഖകൾ ആ പദവിയുടെ തെളിവുകളാകാം; എന്നാൽ പൗരത്വത്തിന്റെ ഉറവിടം ഭരണഘടനയും പൗരത്വ നിയമവുമാണ്. അതുകൊണ്ട് ഒരു പ്രത്യേക രേഖയുടെ അഭാവം മാത്രം ഒരാളുടെ പൗരത്വം ഇല്ലാതാക്കുന്നില്ല. ഇവിടെയാണ് ഇന്നത്തെ ആശയക്കുഴപ്പം ആരംഭിക്കുന്നത്. ഓരോ സർക്കാർ രേഖയ്ക്കും അതത് നിയമപ്രകാരം വ്യത്യസ്ത ലക്ഷ്യവും തെളിവ് മൂല്യവുമുണ്ട്. ആധാർ വ്യക്തിത്വവും താമസവും തെളിയിക്കുന്ന രേഖയാണ്. പാൻ കാർഡ് നികുതി ആവശ്യത്തിനുള്ള രേഖയാണ്. വോട്ടർ തിരിച്ചറിയൽ കാർഡ് തെരഞ്ഞെടുപ്പ് സംബന്ധമായ അവകാശങ്ങളുടെ രേഖയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനന-മരണ രജിസ്ട്രാർ നൽകുന്ന സർട്ടിഫിക്കറ്റ് ജനനത്തിന്റെയും മരണത്തിന്റെയും വസ്തുത രേഖപ്പെടുത്തുന്ന നിയമപരമായ രേഖയാണ്. പാസ്പോർട്ട് അന്തർദേശീയ യാത്രയ്ക്കായി നിയമാനുസൃത പരിശോധനകൾക്കുശേഷം നൽകുന്ന രേഖയാണ്.
എന്നാൽ, ഇവയിലൊന്നും എല്ലാ സാഹചര്യങ്ങളിലും ഇന്ത്യൻ പൗരത്വത്തിന്റെ നിർണായകവും നിയമപരവുമായ തെളിവാണെന്നു നിലവിലെ നിയമവ്യവസ്ഥ പറയുന്നില്ല. അതുകൊണ്ട് ഇവയ്ക്ക് തെളിവ് മൂല്യമില്ല എന്നല്ല അർഥം. ഓരോ രേഖയ്ക്കും അതത് നിയമപ്രകാരം പ്രസക്തിയും തെളിവ് മൂല്യവും ഉണ്ട്. എന്നാൽ, എല്ലാ സാഹചര്യത്തിലും പൗരത്വം നിർണായകമായി സ്ഥാപിക്കുന്ന ഏകീകൃത നിയമപരമായ രേഖ ഏതാണെന്ന കാര്യത്തിലാണ് ഇന്നത്തെ ആശയക്കുഴപ്പം നിലനിൽക്കുന്നത്. അതിനാലാണ് ഒരു സാധാരണ ഇന്ത്യൻ പൗരന്റെ സ്വാഭാവികമായ ചോദ്യം ഉയരുന്നത് - ഒരു ഇന്ത്യൻ പൗരൻ തന്റെ പൗരത്വം നിർണായകമായി ഏത് രേഖകൊണ്ടാണ് തെളിയിക്കേണ്ടത്?
ഈ ചോദ്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പഴയ തലമുറയെയാണ്. കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1970കളുടെ മുമ്പ് ജനിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് ജനന രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. വീട്ടിൽ പ്രസവം സാധാരണമായിരുന്നു. അനേകർ വിദ്യാലയ വിദ്യാഭ്യാസം നേടിയിരുന്നില്ല. ഭൂമി സ്വന്തമായി ഉണ്ടായിരുന്നില്ല. സർക്കാർ ജോലി ചെയ്തിരുന്നില്ല. പാസ്പോർട്ട് എടുത്തിരുന്നില്ല. അന്നത്തെ ഭരണസംവിധാനത്തിൽ അത്തരം രേഖകൾ നിർബന്ധവുമല്ലായിരുന്നു. ഇന്ന് അവരുടെ മക്കളോടോ കൊച്ചുമക്കളോടോ മാതാപിതാക്കളുടെയോ മുത്തച്ഛൻ-മുത്തശ്ശിമാരുടെയോ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ അവർ എന്ത് രേഖ ഹാജരാക്കും? ഒരിക്കലും സൃഷ്ടിക്കപ്പെടുകയോ നിർബന്ധമാക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു രേഖ ഇന്ന് ആവശ്യപ്പെടുന്നത് എത്രത്തോളം ന്യായമാണ്?
ഇവിടെയാണ് നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ട,- “അസാധ്യമായ കാര്യം ചെയ്യാൻ നിയമം ആരെയും നിർബന്ധിക്കുന്നില്ല” എന്ന നിയമതത്വം പ്രസക്തമാകുന്നത്. ഈ തത്വം ഇന്ത്യൻ സുപ്രീംകോടതി വിവിധ വിധികളിൽ അംഗീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഒരിക്കലും സൃഷ്ടിക്കപ്പെടുകയോ നിയമം നിർബന്ധമാക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു രേഖ പതിറ്റാണ്ടുകൾക്കുശേഷം ഹാജരാക്കാൻ പൗരനോട് ആവശ്യപ്പെടുന്നത് ഭരണഘടനയുടെ അനുച്ഛേദങ്ങൾ 14ലും 21ലും പ്രതിഫലിക്കുന്ന ന്യായം, യുക്തിസഹത, സ്വാഭാവിക നീതി എന്നീ തത്വങ്ങളുടെ വെളിച്ചത്തിൽ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ട വിഷയമാണ്.
അതേസമയം, ഒരു കാര്യം പ്രത്യേകം വ്യക്തമാക്കേണ്ടതുണ്ട്. രാജ്യസുരക്ഷ ഉറപ്പാക്കുകയും അനധികൃത കുടിയേറ്റം തടയുകയും ചെയ്യുന്നത് പരമാധികാര രാഷ്ട്രത്തിന്റെ നിയമപരമായ കടമയാണ്. എന്നാൽ അതിനായി സ്വീകരിക്കുന്ന നടപടികൾ തലമുറകളായി ഇന്ത്യയിൽ ജീവിച്ചുവരുന്ന യഥാർഥ പൗരന്മാർക്ക് അസാധ്യമായ തെളിവെടുപ്പ് ബാധ്യത സൃഷ്ടിക്കരുത്. ദേശീയ സുരക്ഷയും പൗരാവകാശ സംരക്ഷണവും പരസ്പര വിരുദ്ധങ്ങളല്ല; അവ പരസ്പരപൂരകമായ ഭരണഘടനാ മൂല്യങ്ങളാണ്.
ഇന്ന് നിലവിലുള്ള ഭാരതീയ സാക്ഷ്യ അധിനിയമം, 2023 അനുസരിച്ചും നീതിന്യായ സമീപനമനുസരിച്ചും ഒരു നിയമപരമായ പദവി പലപ്പോഴും ഒരൊറ്റ രേഖയിലൂടെ അല്ല, ലഭ്യമായ തെളിവുകളുടെ ആകെത്തുകയിലൂടെയാണ് തെളിയിക്കപ്പെടുന്നത്. ജനനരേഖകൾ, വോട്ടർപട്ടിക, സ്കൂൾ രേഖകൾ, റവന്യു രേഖകൾ, കുടുംബപരമ്പര, ദീർഘകാല താമസത്തിന്റെ തെളിവുകൾ, മതസ്ഥാപനങ്ങളിലെ രജിസ്റ്ററുകൾ, മറ്റ് വിശ്വസനീയ രേഖകൾ എന്നിവയെല്ലാം ചേർന്നാണ് സത്യാവസ്ഥ വിലയിരുത്തപ്പെടുന്നത്. പൗരത്വം തെളിയിക്കുന്നതിനുള്ള തെളിവുകളുടെ സ്വഭാവവും പര്യാപ്തതയും ഓരോ കേസിലെയും നിയമവസ്തുതകളെയും ബാധകമായ പൗരത്വ നിയമ വ്യവസ്ഥകളെയും ആശ്രയിച്ചായിരിക്കും വിലയിരുത്തപ്പെടുക.
വ്യക്തവും നിയമപരവുമായ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തണം
ലോകത്തിലെ വിവിധ ജനാധിപത്യ രാജ്യങ്ങൾ പൗരത്വം തെളിയിക്കുന്നതിന് വ്യത്യസ്ത നിയമസംവിധാനങ്ങളാണ് പിന്തുടരുന്നത്. ജർമനിപോലുള്ള രാജ്യങ്ങളിൽ ദേശീയ തിരിച്ചറിയൽ കാർഡ് സംവിധാനമുണ്ട്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിർബന്ധിത ദേശീയ പൗരത്വ കാർഡ് ഇല്ലെങ്കിലും ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, Certificate of Citizenship, Certificate of Naturalization തുടങ്ങിയ നിയമപരമായി അംഗീകരിക്കപ്പെട്ട രേഖകളിലൂടെ പൗരത്വം തെളിയിക്കുന്ന വ്യക്തമായ സംവിധാനമുണ്ട്. ഇന്ത്യയിലും ഭരണഘടനയുടെയും പൗരത്വ നിയമത്തിന്റെയും ആത്മാവിനനുസരിച്ചുള്ള വ്യക്തവും ഏകീകൃതവുമായ തെളിവ് സംവിധാനം രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതിനാൽ കേന്ദ്രസർക്കാരും പാർലമെന്റും പൗരത്വം തെളിയിക്കുന്നതിന് സാധാരണയായി സ്വീകരിക്കാവുന്ന രേഖകളും തെളിവുകളും സംബന്ധിച്ച വ്യക്തവും ഏകീകൃതവും നിയമപരവുമായ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. കൂടാതെ, ഭാവിയിൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമപരമായി അംഗീകരിക്കപ്പെട്ട ദേശീയ പൗരത്വ തിരിച്ചറിയൽ സംവിധാനത്തിന്റെ സാധ്യതയും ഗൗരവമായി പരിഗണിക്കേണ്ട സമയമാണിത്. സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിലേക്ക് കടക്കുന്ന ഇന്ത്യക്ക് ഇന്ന് ആവശ്യമായത് പുതിയ സംശയങ്ങളല്ല; പുതിയ നിയമവ്യക്തതയാണ്.
ഭരണഘടന അംഗീകരിച്ച ഓരോ യഥാർഥ ഇന്ത്യൻ പൗരനും തന്റെ പൗരത്വം തെളിയിക്കാൻ നീതിപൂർവകവും പ്രായോഗികവും ഏകീകൃതവുമായ ഒരു നിയമ സംവിധാനം ലഭിക്കണം. ദേശീയ സുരക്ഷയും ഭരണഘടനാപരമായ പൗരാവകാശ സംരക്ഷണവും പരസ്പര വിരുദ്ധങ്ങളല്ല; അവ പരസ്പരപൂരകമായ ജനാധിപത്യ മൂല്യങ്ങളാണ്. ഭരണഘടനയാണ് പൗരത്വം നൽകുന്നത്; രേഖകൾ അതിന്റെ തെളിവുകൾ മാത്രമാണ്. തെളിവിന്റെ അഭാവം പൗരത്വത്തിന്റെ അഭാവമാകരുത്.
Tags : Citizenship Constitution not documents