International
ബെയ്റൂട്ട്: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇസ്രേലി സേന ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ പത്തുപേരെങ്കിലും കൊല്ലപ്പെട്ടു.
ഹിസ്ബുള്ളയുടെ ആക്രമണത്തിനു മറുപടിയായിരുന്നു ഇതെന്ന് ഇസ്രയേൽ വിശദീകരിച്ചു. ഇസ്രേലി സേനയെ ലബനനിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കില്ലെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു.
യുഎസ്-ഇറാൻ സമാധാനക്കരാർ പ്രകാരമാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലുണ്ടാക്കിയത്. കരാറിൽ പങ്കാളിയല്ലെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ലബനന്റെ അഞ്ചു ശതമാനം പ്രദേശം ഇസ്രേലി അധിനിവേശത്തിലാണ്. ഇവിടെനിന്നു പിന്മാറില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഹിസ്ബുള്ള ഭീകരർ തെക്കൻ ലബനനിലെ ഇസ്രേലി സേനയ്ക്കു നേരേ 50 റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു.
District News
കാസർഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച ഇന്നലെ ജില്ലയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായി. രാവിലെ ഒമ്പതോടെ തുടങ്ങിയ മഴ മിക്കയിടങ്ങളിലും വൈകിട്ട് വരെ നീണ്ടു. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനൊപ്പം മതിലിടിഞ്ഞും മരങ്ങൾ കടപുഴകി വീണും അങ്ങിങ്ങ് അപകടങ്ങളുണ്ടായി. ഇന്നും ശക്തമായ മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കാസർഗോഡ് മധൂർ ക്ഷേത്രത്തിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മുകളിൽ മരം കടപുഴകി വീണു. രണ്ടു സ്കൂട്ടറുകൾക്കും ഒരു വാനിനും സാരമായ കേടുപാടുകൾ പറ്റി. കാസർഗോഡ് നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ടി. സുകുമാരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചു നീക്കിയത്.
ശക്തമായ മഴയിൽ കല്യാൺ റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് റോഡിലേക്കു വീണു. ദേശീയപാതയിലും സമീപത്തെ പോക്കറ്റ് റോഡിലുമായാണ് കല്ലുകൾ പതിച്ചത്. ഈ സമയത്ത് ദേശീയപാതയിലൂടെ പോവുകയായിരുന്ന സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. ബളാൽ കല്ലംചിറ സ്വദേശികളായ പ്രിയേഷ് ജോർജ് (33), വിഷ്ണു (20) എന്നിവർക്കാണ് കൈയിലും കാലിലും പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഹൊസ്ദുർഗ് സിഎസ്ഐ പള്ളിയുടെയും മതിലിടിഞ്ഞ് റോഡിലേക്കു വീണിരുന്നു.
പനയാൽ വില്ലേജിലെ തോക്കാനത്ത് കുന്നൂച്ചി-ചെർക്കപ്പാറ റോഡിലേക്ക് മതിലിടിഞ്ഞുവീണു. റോഡിൽ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഉപ്പള കൈക്കമ്പയിലെ ഖാലിദിന്റെ വീടിനു മുകളിലേക്ക് മതിലിടിഞ്ഞു. ആർക്കും പരിക്കില്ല.
പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു
പാണത്തൂർ: ശക്തമായ മഴയിൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. മതിലിനോട് ചേർന്നുനിന്നിരുന്ന മരം ആശുപത്രി വളപ്പിലെ പാലിയേറ്റീവ് സെന്ററിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. മതിൽ ഏറെനാളായി കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇടിഞ്ഞുവീഴുമ്പോൾ തൊട്ടടുത്ത് ആളുകളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.ബി. രതീഷ്, പഞ്ചായത്തംഗങ്ങളായ റീന തോമസ്, പ്രസീത റാണി, എം. ഷിബു, സ്പെഷൽ വില്ലേജ് ഓഫീസർ ഗണേഷ് ഷേണായ് എന്നിവർ സ്ഥലം സന്ദർശിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രവ്യ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു, സിനി സെബാസ്റ്റ്യൻ, എച്ച്എംസി അംഗങ്ങളായ മൈക്കിൾ പൂവത്താനി, എം. അബ്ബാസ് എന്നിവരും പങ്കെടുത്തു.
പെരിയയിൽ സർവീസ് റോഡുകൾക്കൊപ്പം ദേശീയപാതയിലും വെള്ളം കയറി
പെരിയ: കനത്ത മഴയിൽ ജില്ലയിലുടനീളം സർവീസ് റോഡുകൾ വെള്ളത്തിനടിയിലായതിനൊപ്പം പെരിയ മുതൽ മൈലാട്ടി വരെയുള്ള ഭാഗത്ത് ആറുവരി ദേശീയപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പാതയുടെ നിർമാണം ഏതാണ്ട് പൂർത്തിയാവാറായിട്ടും മഴവെള്ളം ഒഴുകിപ്പോകാൻ കൃത്യമായി വഴിയില്ലാത്തതാണ് പ്രശ്നമായത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ വെള്ളക്കെട്ടിനിടയിൽ റോഡ് തിരിച്ചറിയാനാകാതെ വാഹനയാത്രക്കാർ വലഞ്ഞു. പെരിയ ബസാറിലെ അടിപ്പാതയും മുങ്ങിയ നിലയിലാണ്.
ദേശീയപാതയിൽ നിന്ന് വെള്ളം താഴേക്കു പതിക്കുന്നതിനായി നിർമിച്ച ദ്വാരങ്ങളുടെ വലിപ്പം കുറവായതും ഉള്ളവ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞുപോയതുമാണ് ആറുവരിപ്പാതയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയത്. മറ്റിടങ്ങളിൽ ദേശീയപാതയിൽ നിന്നുള്ള വെള്ളമുൾപ്പെടെ സർവീസ് റോഡിലേക്കു പതിച്ചതോടെ സർവീസ് റോഡുകൾ പുഴ പോലെയായി.
കെഎസ്ഇബി കണ്ട്രോള് റൂം തുറന്നു
കാസർഗോഡ്: കാലവര്ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് കെഎസ്ഇബി കാസര്ഗോഡ് സര്ക്കിളിനു കീഴില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്ത്തനമാരംഭിച്ചു. വൈദ്യുത ലൈനുകള് പൊട്ടി വീണതോ മറ്റേതെങ്കിലും അപകടസാഹചര്യങ്ങളോ ശ്രദ്ധയില്പ്പെട്ടാല് 9496011431എന്ന കണ്ട്രോള് റൂം നമ്പറിലോ 9496010101 എന്ന കസ്റ്റമര് കെയര് നമ്പറിലോ വിളിക്കാവുന്നതാണ്.
വൈദ്യുതി മുടക്കമുണ്ടായാൽ 9496001912 എന്ന വാട്സ്ആപ് നമ്പറിലോ 1912 എന്ന ടോള് ഫ്രീ നമ്പറിലോ ബന്ധപ്പെട്ട് കണ്സ്യൂമര് നമ്പറും ഫോണ് നമ്പറും സഹിതം പരാതി രജിസ്റ്റര് ചെയ്യാമെന്നും ഡെപ്യൂട്ടി ചീഫ് എൻജിനിയര് അറിയിച്ചു. മൊബൈല് നമ്പര് കെഎസ്ഇബി വെബ്സൈറ്റില് രജിസ്റ്റര് ചെയ്തിട്ടുണ്ടെങ്കിൽ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട എസ്എംഎസ് മെസേജുകള് ലഭിക്കും.
National
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ രജൗരിയിൽ ഭീകരർക്കായി സൈനികനടപടി തുടരുകയാണെന്നു സുരക്ഷാസേന. ഭീകരരെ നേരിടുന്നതിനിടെ 18 സൈനികർ കൊല്ലപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.
രജൗരിയിൽ സൈനികനടപടിക്കിടെ വലിയ സ്ഫോടനവും വെടിവയ്പും നടക്കുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്.
ഈ വീഡിയോയ്ക്കു രജൗരിയിലെ സൈനിക നടപടിയുമായി ബന്ധമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. യൂറോപ്പിലെ മാൾട്ടയിൽ ഒരു പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യം ഉപയോഗിച്ചാണ് വ്യാജപ്രചാരണമെന്നും അവർ വ്യക്തമാക്കി.
അതിനിടെ, രജൗരിയിലെ മഞ്ചകോട്ട് സെക്ടറിൽ ഗംഭീർ മുഗ്ലാൻ, ഡോറിമൽ വനമേഖലയിൽ ഭീകരരെ കണ്ടെത്തുന്നതിന് സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.
കരസേനയും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ ഷേരുവാലി എന്ന പേരിൽ പന്ത്രണ്ടുദിവസമായി തെരച്ചിൽ നടത്തുന്നതെന്നും സുരക്ഷാസേന അറിയിച്ചു.
International
ബെയ്റൂട്ട്: ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ബെയ്റൂട്ടിന് തെക്ക് ഖൽദേയിലെ ഹൈവേയിൽ കാറിനു നേർക്കാണ് ആക്രമണമുണ്ടായത്. മുന്നറിയിപ്പില്ലാതെയായിരുന്നു ഇസ്രയേൽ ആക്രമണം. ലക്ഷ്യംവച്ചയാൾ കൊല്ലപ്പെട്ടോയെന്ന് വ്യക്തമല്ല. ലബനനും ഇസ്രയേലും തമ്മിലുള്ള രണ്ടാം ദിവസത്തെ ചർച്ച വാഷിംഗ്ടണിൽ നടക്കുന്നതിനു മണിക്കൂറുകൾക്ക് മുന്പായിരുന്നു ആക്രമണം.
അമേരിക്കയുടെ മധ്യസ്ഥതയിൽ ലബനനുമായി ഇസ്രയേൽ തിങ്കളാഴ്ച കരാറിലെത്തിയിരുന്നു. ബെയ്റൂട്ടിൽ ആക്രമണം നടത്താൻ പോകുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ നിർദേശത്തെത്തുടർന്ന് കരാറിലെത്തിയത്. ഇസ്രയേൽ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങൾ ആക്രമിക്കില്ലെന്നും ഹിസ്ബുള്ള വടക്കൻ ഇസ്രയേലിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുമെന്നുമാണു ധാരണ. കരാറിനു ശേഷം അതിർത്തി കടന്ന് ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിട്ടില്ല.
എന്നാൽ, തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ടയർ, നബാത്തിയ എന്നീ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് ആക്രമണം നടന്നത്. ടയറിന് സമീപം നടന്ന രണ്ട് ആക്രമണങ്ങളിൽ നാല് സിറിയക്കാരും രണ്ട് പലസ്തീനികളും കൊല്ലപ്പെട്ടു.
പള്ളിയും ക്രിസ്ത്യൻ സ്കൂളും തകർന്നു
ഇസ്രേലി സേന നടത്തിയ മിസൈൽ ആക്രമണത്തിൽ പള്ളിയും ക്രിസ്ത്യൻ സ്കൂളും തകർന്നു. ദക്ഷിണ ലബനനിലെ നാബാത്തിയെ പ്രവിശ്യയിൽപ്പെട്ട ജെയ്ദെറ്റ് മാർജെയൊനിലെ സെന്റ് ജോർജ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് സന്യാസിനീ സമൂഹത്തിന്റെ കീഴിലുള്ള സ്കൂളുമാണ് തകർന്നത്. മിസൈലേറ്റ് പള്ളിയുടെ താഴികക്കുടം തകർന്നു നിലംപൊത്തി.
തെക്കൻ നഗരങ്ങളായ ടയറിലും നബാത്തിയെയിലും ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ നിരവധി ചരിത്രസ്മാരകങ്ങളാണ് തകർന്നതെന്നും രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നതെന്നും ലബനൻ പ്രധാനമന്ത്രി നവാഫ് സലാം ആരോപിച്ചു.
Sports
പാരിസ്: ഫ്രഞ്ച് ഓപ്പണ് ടെന്നീസിൽ അട്ടിമറി തുടരുന്നു. പുരുഷ സിംഗിൾസ് നാലാം റൗണ്ടിൽ 15-ാം സീഡ് കാസ്പർ റൂഡിനെ 28-ാം സീഡ് ജാവോ ഫോൻസെക്ക അട്ടിമറിച്ചു.
ആദ്യ രണ്ട് സെറ്റ് നേടി ശക്തമായ പോരാട്ടം നടത്തിയ ജാവോ ഫോൻസെക്ക റൂഡിനെതിരേ ആധിപത്യം ഉറപ്പിച്ചു. മൂന്നാം സെറ്റ് റൂഡ് നേടി മത്സര ദൈർഘ്യം നീട്ടിയത് മാത്രം മിച്ചം. സ്കോർ: 7-5, 7-6, 5-7, 6-2.
മറ്റൊരു മത്സരത്തിൽ 10-ാം സീഡ് ഫ്ലാവിയോ കൊബോളി വിജയിച്ചു.
വനിതാ സിംഗിൾസിലും അട്ടിമറി തുടരുന്നു. 19-ാം സീഡ് മാഡിസണ് കീസിനെ 25-ാം സീഡ് ഡയാന ഷ്നാഡർ അട്ടിമറിച്ചു. 6-3, 3-6, 0-6 സ്കോറിന് അവസാന സെറ്റില് കീസിനെ കാഴ്ചക്കാരിയാക്കി ഡയാന വിജയം നേടുകയായിരുന്നു.
28-ാം സീഡ് അനസ്താസ്യ പൊട്ടപോവയെ 22-ാം സീഡ് അന്ന കലിൻസ്കിയ അട്ടിമറിച്ചു. സ്കോർ: 6-4, 2-6, 7-6. മറ്റൊരു മത്സരത്തിൽ മജ ചൗലിൻസ്കാ 6-3, 6-2ന് ഡെയ്ൻ പാരിയെ പരാജയപ്പെടുത്തി.
National
ന്യൂഡൽഹി: ആയിരത്തിലധികം കോടി രൂപയുടെ അഴിമതി ആരോപണങ്ങൾക്കെതിരേ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു എന്തുകൊണ്ടാണ് പദവിയിൽ തുടരുന്നതെന്ന് കോണ്ഗ്രസ്.
പേമ ഖണ്ഡു പദവിയിൽ തുടരുന്നത് സുപ്രീംകോടതി ഉത്തരവിനെ പരിഹസിക്കുന്നതാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ഞാൻ അഴിമതിക്കാരനല്ല, അഴിമതി ചെയ്യാൻ അനുവദിക്കുകയുമില്ല എന്ന് ഒരിക്കൽ പറഞ്ഞ മനുഷ്യൻ എന്തുകൊണ്ടാണ് അരുണാചൽ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടാത്തതെന്നും ഇപ്പോൾ നിശബ്ദനായിരിക്കുന്നതെന്നും ജയ്റാം രമേശ് എക്സിലെ പോസ്റ്റിൽ ചോദിച്ചു.
പൊതുമരാമത്ത് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു 1270 കോടി രൂപ വിലമതിക്കുന്ന കരാറുകൾ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള കന്പനികൾക്കു നിയമവിരുദ്ധമായി നൽകിയെന്നാണ് ആരോപണമുള്ളത്.
ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ടെങ്കിലും ഏപ്രിൽ ആറിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2015 ജനുവരി ഒന്നിനും 2025 ഡിസംബർ 31നും ഇടയിൽ നടന്ന പൊതുമരാമത്ത് വകുപ്പ് കരാറുകളെക്കുറിച്ച് അന്വേഷണം നടത്താനായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്.
ഒരു സിറ്റിംഗ് മുഖ്യമന്ത്രിക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് അന്ത്യന്തം ഗൗരവമുള്ള വിഷയമാണ്. അന്വേഷണം നടത്താൻ സിബിഐക്ക് ആവശ്യമായ ഫയലുകളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനാൽ പേമ ഖണ്ഡുവിന് നിയന്ത്രണമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
District News
പത്തനാപുരം: ജില്ലയുടെ കിഴക്കൻമേഖലയിൽ മലയോര കർഷകരെ ഭീഷണിപ്പെടുത്തികൊണ്ടു വന്യമൃഗശല്യം അതിരൂക്ഷമായിരിക്കുന്നു. കടുത്ത വേനലിന്റെ വറുതിയിൽ നട്ടുപിടിപ്പിച്ചതെല്ലാം കരിഞ്ഞുണങ്ങി എന്ന മനോവേദനയിൽ കഴിയുന്ന കർഷകർക്കാണ് ഇടിത്തീപോലെ വന്യമൃഗങ്ങളുടെ ശല്യം തുടരുന്നത്.
പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ മേഖലകളിൽ വന്യമൃഗങ്ങൾ, പ്രത്യേകിച്ച് കാട്ടുപന്നി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്.വനമേഖലയോട് ചേർന്നുനിൽക്കുന്ന ഇവിടെ വന്യമൃഗങ്ങളെ പേടിച്ച് ആളുകൾ വീടിന്റെ പുറത്തിറങ്ങാത്ത സ്ഥലങ്ങൾവരെയുണ്ട്. വേനലിൽ കരിഞ്ഞുണങ്ങിയ വിളകൾ കണ്ട് നെടുവീർപ്പിടുന്ന കർഷകന് ഇരുട്ടടി സമ്മാനിക്കുകയാണ് വന്യ മൃഗങ്ങൾ.
റബറും കമുകും തെങ്ങും എല്ലാം കാട്ടാനകൾ പിഴുതെറിയുന്നത് മലയോരത്ത് പലയിടത്തും പതിവ് കാഴ്ചയാണ്. ഒരാഴ്ചയായി കറവൂർ പതിനാറാം ഫില്ലിങ്, കടശേരി, മാമ്പഴത്തറ, മേഖലകളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ഏക്കറുകണക്കിന് കാർഷിക വിളകൾ നശിപ്പിച്ചു.കനാൽ ജലത്തെ ആശ്രയിച്ചും വേനൽ മഴയെ പ്രതീക്ഷിച്ചും കൃഷിയിറക്കി വിളവെടുക്കാൻ പ്രായമെത്തിയപ്പോഴാണ് വന്യമൃഗശല്യം രൂക്ഷമായത്. പകലും ശല്യമുണ്ടെന്നു കർഷകർ പറയുന്നു.വനത്തിനുള്ളിൽ അരുവികൾ വറ്റിയതും ആഹാരം കുറഞ്ഞതുമാകാം മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ കാരണം.
പൂത്തോട്ടം ഭാഗത്ത് കാട്ടാനകൾ
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ പൂത്തോട്ടം ഭാഗത്ത് കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ ജനവാസമേഖലയിലെത്തിയ കാട്ടാനകൾ ഒട്ടേറെ കുടുംബങ്ങളുടെ കാർഷികവിളകൾ പൂർണമായി നശിപ്പിച്ചു. പത്തേക്കർ ഭാഗത്തെ വനാതിർത്തിയിൽനിന്നിറങ്ങിയ കാട്ടാനകൾ ജനീഷ് ഭവനിൽ ജയരാജിന്റെ വീടിനുസമീപമുണ്ടായിരുന്ന പത്തോളം വാഴകളാണ് നശിപ്പിച്ചത്.
തൊട്ടടുത്തുള്ള ചെല്ലയ്യായുടെ കവുങ്ങ്, പ്ലാവ്, വാഴ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു. എ.എസ്. മുരുകേഷന്റെ പ്ലാവും വാഴയുമെല്ലാം ആഹാരമാക്കുകയും ചവിട്ടിമെതിച്ച് നശിപ്പിക്കുകയും ചെയ്തു. മുത്തുപുതിയവന്റെ വീടിനു സമീപത്തെ കൽക്കെട്ടുകൾ പൂർണമായും തകർത്തു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ പൂത്തോട്ടം-പത്തേക്കർ റോഡിലൂടെയെത്തിയ കാട്ടാനകൾ പാതയോരത്തെ വീടുകൾക്കുസമീപംനിന്ന വാഴയെല്ലാം പിഴുതെറിഞ്ഞു.
പൂത്തോട്ടം-പത്തേക്കർ പാതയിൽ പലയിടത്തായി 30 ഓളം വാഴകളാണ് നിരന്നുകിടക്കുന്നത്. ഇതുമൂലം പാതയിലൂടെ യാത്രചെയ്യാനാകാത്ത സ്ഥിതിയായിരുന്നു. രാത്രിയിൽ ആളുകൾ പുറത്തിറങ്ങിയതു തന്നെ ഭയപ്പെട്ടായിരുന്നു. കഴിഞ്ഞമാസം നാരായണഭവനത്തിൽ നവമണിയുടെ പത്തോളം തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ളവ കാട്ടാന നശിപ്പിച്ചിരുന്നു.
തോട്ടംമേഖലയുടെ ഒരുഭാഗത്ത് സ്ഥിതിചെയ്യുന്ന പത്തേക്കറിൽ 65 ഓളം കുടുംബങ്ങളാണ് താമസമുള്ളത്. ജനവാസമേഖലയുടെ ഇരുഭാഗത്തുനിന്നും കാട്ടാനകൾക്ക് യഥേഷ്ടം ഇവിടേക്കിറങ്ങാൻ കഴിയുന്നതാണ് അവസ്ഥയ്ക്കു കാരണമാകുന്നത്. പകൽസമയങ്ങളിൽപോലും കാട്ടാനകൾ വീടുകൾക്കുസമീപമെത്തുന്നു.
പ്രദേശത്ത് വന്യമൃഗശല്യം ഒഴിവാക്കുന്നതിനായി 27 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. തൂക്ക് സൗരോർജവേലിയാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി എത്രയുംവേഗം നടപ്പാക്കിയാൽ വന്യമൃഗശല്യത്തിന് അയവുവരുമെന്നാണ് പ്രതീക്ഷ. അതിനാൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടാന കൂട്ടമായി എത്തിയാല് കൃഷിയിടം തകര്ത്തേ മടങ്ങൂ. ഒറ്റയാന് വന്നാല് ഓടിക്കാതിരിക്കുന്നതാണ് സുരക്ഷിതം. മുന്നില്പെട്ടാല് ജീവിതം അപകടത്തിലാകും. വനാതിര്ത്തി ഗ്രാമങ്ങളില് കര്ഷകര് ജീവിതം തള്ളിനീക്കുന്നതു തന്നെ ഭയന്നാണ്. ചെന്നായ, മുള്ളന് പന്നി, മരപ്പട്ടി തുടങ്ങിയവയെല്ലാം അതിര്ത്തിയിലെ പൊന്തക്കാടുകളില് താവളം കണ്ടെത്തിയിരിക്കുകയാണ്.
മുന്കാലങ്ങളില് കാട്ടിലും പരിസരങ്ങളിലെ കുറ്റികാടുകളിലും മാത്രം കണ്ടിരുന്ന മരപ്പട്ടി തെങ്ങില് കയറി കരിക്കുപറിച്ച് വെള്ളം കുടിച്ച് തൊണ്ട് വലിച്ചെറിയുകയാണ്. പണ്ടൊക്കെ ഓലപ്പടക്കം പൊട്ടിച്ചും പന്തം കത്തിച്ചു പേടിപ്പിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കി തിരിച്ചോടിക്കുമായിരുന്നു. എന്നാല് ഇന്ന് എത്ര ശബ്ദം ഉണ്ടാക്കിയാലും ഇവയൊന്നും പോകില്ലെന്നും കര്ഷകര് പറയുന്നു.
ഭീഷണിയായി മയിലും
കാട്ടുപന്നിയും ആനയും കടുവയും മാത്രമല്ല ഇത്രനാളും നമ്മള് നിരുപദ്രവകാരിയെന്ന് കരുതിപോന്ന മയിലുകള് പോലും അക്രമകാരികളാവുകയും നാട്ടിലിറങ്ങി ഭീതിപരത്തുകയും ചെയ്യുന്ന വാര്ത്തകള് കേരളത്തിന്റെ മലയോരങ്ങളില് നിന്ന് വന്നുകൊണ്ടിരിക്കുന്നു. വന്യമൃഗങ്ങള് കൃഷിയിടങ്ങളിലറങ്ങി കാര്ഷിക വിളകള് നശിപ്പിച്ച് കൊണ്ടിരിക്കുന്നതിനും കര്ഷകരുടെ ജീവിതം ചവിട്ടിമെതിക്കുന്നതിനും ശാശ്വതമായ ഒരു പരിഹാരവും വനപാലകര്ക്കോ മറ്റു സര്ക്കാര് അധികൃതര്ക്കോ കാണാന് കഴിയുന്നില്ലെന്ന എന്നതാണ് വസ്തുത.
കാട്ടാനയുടേയും കാട്ടുപന്നിയുടേയുമെല്ലാം ശല്യമായിരുന്നു മുന്പൊക്കെ മലയോരങ്ങളില് നിന്ന് കേട്ടിരുന്നത്. പക്ഷെ കൂട്ടമായെത്തുന്ന മാനുകളും കുരങ്ങുകളും മയിലുകളുമെല്ലാം കാടിനോട് ചേര്ന്ന നാട്ടുമ്പുറങ്ങളിലും കൃഷിയിടങ്ങളിലും ഇന്ന് പട്ടാപ്പകല് കാഴ്ചകളാണ്. ഇവയ്ക്കാവശ്യമായ തീറ്റയും വെള്ളവുമെല്ലാം കാട്ടിലുള്ളതിനേക്കാള് മനുഷ്യരുടെ ഇടയിലാണുള്ളത്.
നാട്ടിലെത്തുന്ന കുരങ്ങുകളും മാനുകളും അവിടെ ചെലവിടുകയും അവരുടെ സ്ഥിരം സങ്കേതമാക്കുകയും ചെയ്യുന്നു. കൃഷിയിടത്തെത്തുന്ന കുരുങ്ങുകള് കാട്ടിലേക്ക് തിരിച്ച് പോവുന്നില്ലെന്ന് പറയുന്നു കര്ഷകര്. കപ്പയും ചേനയും തേങ്ങയുമെല്ലാം അവരുടെ പുതിയ ഭക്ഷണമായി മാറുകയും ചെയ്തു. അഞ്ചൽ മേഖലയിൽ കുരങ്ങുശല്യം രൂക്ഷമാണ്. ഒരു തേങ്ങ പോലും കിട്ടാത്തവീട്ടുകാരുണ്ട്. വിളയുന്നതിനുമുന്പു തന്നെ കൂട്ടമായി വന്നു തിന്നു തീർക്കുകയാണ്.
നിസഹായരായി കർഷകർ
കല്ലെടുത്തെറിഞ്ഞാല് പോലും കേസാകുന്ന സാഹചര്യത്തില് നിസഹായരായി കൃഷിയും നാടുമുപേക്ഷിച്ച് ഒളിച്ചോടുമ്പോഴും കാട്ടുപന്നികള്ക്കു സര്ക്കാര് നല്കുന്ന പരിഗണനയെങ്കിലും തങ്ങള്ക്കും നല്കണേയെന്ന് അപേക്ഷിക്കുകയാണ് കര്ഷകര്. വന്യമൃഗങ്ങളുടെ ആക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടന്നവർ നിരവധിയാണ്. ജീവിതത്തിലേക്കുതിരിച്ചുവന്നിട്ടും ജീവിതം പച്ചപ്പിടിക്കാതെ മുന്നോട്ടു പോകുന്നവരും നിരവധിയാണ്.
കാട്ടുപന്നി പട്ടാപ്പകൽ ടൗണിലെ കടയിൽ കയറി നാശനഷ്ടം വരുത്തിയിട്ടു എന്തെങ്കിലും നഷ്ടപരിഹാരം കിട്ടിയതായി അറിയില്ല. കാട്ടുമൃഗങ്ങൾക്കു ലഭിക്കുന്ന അനുകൂല്യമെങ്കിലും കർഷകർക്കു ലഭിച്ചാൽമാത്രമേ മലയോരമേഖല രക്ഷപ്പെടുകയുള്ളൂ. ഇത് അവർക്കുവേണ്ടി വാദിക്കാനും കേസാക്കാനും ജയിലിടയ്ക്കാനും പട്ടിണിക്കിടാനും വഴിയാധാരമാക്കാനും അധികാരികളും വനംവകുപ്പും ക്യൂ നിൽക്കുകയാണ്.
ആരോടും പരാതി പറയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കാട്ടുമൃഗങ്ങൾ ആക്രമിച്ചാൽ, കൃഷി നശിച്ചാൽ എന്തിനാണ് അവയുടെ മുന്നിൽ പോയിനിൽക്കുന്നതെന്നു ചോദിക്കുന്ന ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് മലയോര കർഷകർ ജീവിക്കുന്നത്.കമ്പിവേലി, സൗരോര്ജ വേലി, കിടങ്ങുകള് തുട ങ്ങി കാട്ടുമൃഗങ്ങള്ക്കെതിരേ പല പ്രതിരോധ സംവിധാനങ്ങളും സ്ഥാപി ക്കാറുണ്ടെങ്കിലും അവയൊന്നും ഫല വത്താകുന്നില്ല.
കിടങ്ങുകള് കീറിയ പ്രദേശങ്ങളില് അതിടിച്ചു നികത്തി കാട്ടാനക്കൂട്ടങ്ങള് കൃഷിയിടങ്ങളി ലെത്തുന്നു.ഇപ്പോള് മലയോര മേഖലയ്ക്കപ്പുറം മറ്റു ഗ്രാമങ്ങളിലേയ്ക്കും ഇവയുടെ ശല്യം വ്യാപിക്കുന്നു.
വന്യമൃഗ സംരക്ഷണ നിയമം
വന്യമൃഗ സംരക്ഷണ നിയമപ്രകാരം കാട്ടുമൃഗങ്ങളെ കൊല്ലുന്നതും ആക്രമിക്കുന്നതും എന്തിന് ശല്യം ചെയ്യുന്നതു പോലും കുറ്റകരമാണ്. കൃഷി നശിപ്പിച്ചാലും ആളുകളെ ആക്രമിച്ചാലും അവയെ പ്രതിരോധിക്കാനാകാതെ നാട്ടുകാര് നിസഹായരാകുന്നു. ആരെങ്കിലും ഇവരെ ആക്രമിച്ചാല് വലഞ്ഞതു തന്നെ. നിയമത്തിന്റെ നൂലാമാലകളില് കുരുങ്ങി അവന്റെ ജീവിതം തുലഞ്ഞു.
കര്ഷകരുടെ മുറവിളിയെത്തുടര്ന്ന് കോടതിയെ സമീപിച്ച ചുരുക്കം ചില കര്ഷകര്ക്ക് കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ഏത് വിധേനയും കൊല്ലാനുള്ള അനുമതി നല്കിയിട്ടുണ്ടെങ്കിലും ഈ അനുമതി എല്ലാ കര്ഷകര്ക്കും നല്കമെന്നാണ് കര്ഷകര് ആവശ്യപ്പെടുന്നത്.
നഷ്ടപരിഹാരം അകലെ
കാട്ടുമൃഗങ്ങള് മൂലം കൃഷിനാശം ഉണ്ടാകുന്ന കര്ഷകര്ക്കു നല്കുന്ന നഷ്ടപരിഹാരം നാമമാത്രം. ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയടക്കമുള്ള കാട്ടുമൃഗങ്ങള് ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടര്ക്കഥയാണ്.
ചേനയും ചേമ്പും കപ്പയും വാഴയുമെല്ലാം മൃഗങ്ങള് നശിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു സര്ക്കാര് വനം വകുപ്പ് മുഖേന നഷ്ടപരിഹാര തുക ഏര്പ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്ഷം മുതലാണു തുകയില് കുറവു വരുത്തിയത്. നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പിന്റെ ഓഫീസുകള് കയറി ഇറങ്ങിയ പല കര്ഷകര്ക്കും ലഭിക്കുന്ന തുകയേക്കാള് കൂടുതല് യാത്രാ ചെലവിലും മറ്റുമായി നഷ്ട പ്പെട്ടിട്ടുണ്ട്.
കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറുടെ സര്ട്ടിഫിക്കറ്റ് അടക്കം വനം വകുപ്പിന് അപേക്ഷ സമര്പ്പിക്കണം. ഇവര് വീണ്ടും അന്വേഷണം നടത്തി നല്കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഡിവിഷണല് ഫോറസ്റ്റ് ഓഫീസറാണ് തുക അനുവദിക്കു ന്നത്.
Kerala
നെടുങ്കണ്ടം: രണ്ടാം ദിവസവും മണ്ണു മാറ്റി പരിശോധന. പച്ചടി തോട്ടുവാക്കട ഇരട്ടക്കൊലപാതക കേസില് അറസ്റ്റിലായ പ്രതി പൊന്നിട്ടയില് സജി(43) യുടെ വീടിനു സമീപം രണ്ടാം ദിവസവും മണ്ണ് മാറ്റി പരിശോധന നടന്നു.
എട്ടു വര്ഷം മുന്പ് കാണാതായ പിതാവ് മാത്യുവിനെ (73) യും സജി കൊലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന സംശയത്തിലായിരുന്നു പരിശോധന. പരിശോധനയില് കുറച്ച് ചെറിയ അസ്ഥിക്കക്ഷണങ്ങള് മാത്രമാണ് കണ്ടെത്താനായത്. ഇത് മനുഷ്യന്റേതാണോ എന്നറിയാന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
ഇന്നലെയോടെ മണ്ണു മാറ്റിയുള്ള പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ പരിശോധന നാലര വരെ നീണ്ടു. വീടിന്റെ സെപ്റ്റിക് ടാങ്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചു.പോലീസ് നായയെയും എത്തിച്ചിരുന്നു.
വെള്ളിയാഴ്ച നടത്തിയ പരിശോധനയില് അഞ്ചടിയോളം ആഴത്തില് അസ്ഥിക്കക്ഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
എന്നാല്, അസ്ഥിക്കക്ഷണം മനുഷ്യന്റേത് അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്.
കൂടാതെ ഇതിന് സമീപത്തായി പശുവിന്റെതെന്നു കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സജിയെ ഇന്നലെ വൈകുന്നേരം നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷല് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി.
International
ടെഹ്റാൻ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിക്കാനുള്ള സാധ്യതകൾ വിദൂരത്തുതന്നെയെന്നു സൂചന. കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ ഇരുവരും പരസ്പരം നടത്തിയ ആക്രമണങ്ങൾ ഒരു മാസം പഴക്കമുള്ള ദുർബല വെടിനിർത്തലിനെ പരീക്ഷിക്കുന്നതായിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും വെടിനിർത്തൽ തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞത്.
വെള്ളിയാഴ്ച ഇറ്റലി സന്ദർശിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇറാന്റെ പ്രതികരണം അന്നേദിവസം പ്രതീക്ഷിക്കുന്നതായി റോമിൽവച്ചു പറയുകയുണ്ടായി. എന്നാൽ, യുഎസ് നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നു മാത്രമാണ് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
ഇതിനിടെ അമേരിക്കയുടെ നാവിക ഉപരോധത്തിൽ ഇറാൻ പതറുന്നില്ലെന്ന് അമേരിക്കൻ ചാരസംഘനടയായ സിഐഎ വിലയിരുത്തുന്നതായി റിപ്പോർട്ടുണ്ട്.
നാവിക ഉപരോധം മൂലം അടുത്ത നാലു മാസത്തേക്ക് ഇറാനു കാര്യമായ സാന്പത്തികസമ്മർദം ഉണ്ടാവില്ലെന്നാണു സിഐഎയുടെ നിഗമനം. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാനുമേൽ ചുമത്തുന്ന സമ്മർദതന്ത്രങ്ങളുടെ ഫലപ്രാപ്തി ചോദ്യചിഹ്നമായി.
National
പറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എൻഡിഎയിൽ അനിശ്ചിതത്വം തുടരുന്നു. നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടത് അനിവാര്യമായത്. പുതിയ മുഖ്യമന്ത്രി ബിജെപിയിൽനിന്നെന്നാണ് പുറത്തുവരുന്ന വിവരം.
ബിഹാറിലെ ബിജെപി നേതൃത്വത്തെ കേന്ദ്ര നേതൃത്വം ശനിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ചർച്ചകളൊന്നും നടന്നില്ല. ഡൽഹിയിൽ ചേരാനിരുന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് പെട്ടെന്ന് റദ്ദാക്കിയത്. ഇതിനുള്ള കാരണം ബിജെപി നേതൃത്വം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ബിഹാറിൽ ജെഡിയു നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ഇതുവരെയും പരിഹരിക്കാൻ ബിജെപിക്കായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ശനിയാഴ്ച പട്നയിലെ നിതീഷ് കുമാറിന്റെ വസതിയിൽ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി. രണ്ടരമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രി, മന്ത്രിസഭയിലെ ജെഡിയു പ്രാതിനിധ്യം വർധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും ബിഹാർ പാർലമെന്റ് കാര്യ മന്ത്രി വിജയ് കുമാർ ചൗധരിയും നിതീഷ്കുമാറുമായി ചർച്ച നടത്തിയിരുന്നു.
നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന വിജയകുമാർ ചൗധരി നേരത്തേ മുഖ്യമന്ത്രിയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതുകൊണ്ട് മാത്രം സർക്കാരിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നണിയിലെ മറ്റൊരു പാർട്ടിയായ ലോക്ശക്തിയുടെ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാൻ, സർക്കാരിന്റെ മുഖം മാറിയാലും എൻഡിഎയുടെ ഭരണഫോർമുല അതേപടി തുടരുമെന്നും വ്യക്തമാക്കി. ഏതൊരു പുതിയ നേതാവു വന്നാലും നിതീഷിന്റെ കാഴ്ചപ്പാടുകൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെയുടെ അധ്യക്ഷതയിൽ വരും ദിവസങ്ങളിൽ പാറ്റനയിൽ യോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനൊപ്പം മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
District News
കൽപ്പറ്റ: നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാർ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു.
ഇന്നലെ പുത്തൂർവയൽ, റാട്ടക്കൊല്ലി, മടിയൂർക്കുനി, ഗൂഡലായി, പുളിയാർമല, എമിലി, മുണ്ടേരി, തെക്കുംതറ, കാരാറ്റപ്പടി, പിണങ്ങോട്, വെങ്ങപ്പള്ളി, അത്തിമൂല, ആനോത്ത്, ആറാംമൈൽ, പൊഴുതന, കല്ലൂർ, വൈത്തിരി, കോളിച്ചാൽ, തളിപ്പുഴ, തളിമല, ചേലോട് എസ്റ്റേറ്റ്, ചുണ്ടേൽ ടൗണ്, ചുണ്ടേൽ എസ്റ്റേറ്റ്, നടുപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടന്നു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ പി. ഗഗാറിൻ, പി.കെ. മൂർത്തി, വിജയൻ ചെറുകര, വി. ഹാരിസ്, സി. യൂഫസ്, സി.എം. ശിവരാമൻ, എൻ.ഒ. ദേവസി, എം. സെയത്, എം. മധു, ടി. മണി, അജ്മൽ സാജീദ്, നജീബ് ചന്തക്കുന്ന്, സ്റ്റാൻലിൻ, ഷംസുദ്ദീൻ, അർജുൻ ഗോപാൽ, ജെറീഷ് വെങ്ങപ്പള്ളി, കെ.കെ. തോമസ്, പി. സാജിത, ടി.ജി. ബീന, വി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.പി. ഷൈജൽ എന്നിവർ പ്രസംഗിച്ചു.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവിധ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.
ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 15-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്: 94972 79347)പക്കലും തിരുവനന്തപുരം പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി ( 9349599028), ക്യാന്പ് ചീഫ് സിസ്റ്റർ ടെസിൻ (9946936966) എന്നിവരുടെ പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നടത്തുന്ന സമരം തുടരുന്നു. സർക്കാർ തലത്തിൽ ഇന്നലെയും ഒരു ചർച്ചയും നടന്നില്ല.
ഡോക്ടർമാർ ഒപി ബഹിഷ്കരച്ചു.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടന്നില്ല. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.സംഘടന നടത്തുന്ന നിരാഹാര സമരം 32-ാം ദിവസത്തിലേക്ക് കടന്നു.
Sports
മിലാന്: ഇറ്റാലിയന് സീരി എ ഫുട്ബോളില് ഇന്റര് മിലാന് കുതിപ്പു തുടരുന്നു. അഞ്ച് ഗോള് പിറന്ന ഇറ്റാലിയന് ഡെര്ബിയില് ഇന്റര് മിലാന് 3-2ന് യുവന്റസിനെ കീഴടക്കി. 42-ാം മിനിറ്റ് മുതല് യുവന്റസ് പത്തു പേരിലേക്കു ചുരുങ്ങിയിരുന്നു.
National
ന്യൂഡല്ഹി: ബജറ്റ് ചര്ച്ചയ്ക്കുമുമ്പ് പ്രതിപക്ഷ നേതാവിന് സംസാരിക്കാന് അനുമതി നല്കാതിരുന്നതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളമില്ലാതിരുന്നിട്ടും സര്ക്കാര് സഭാനടപടികള് നിര്ത്തിവയ്ക്കുന്നതാണു കണ്ടത്.
രാവിലെ 11ന് ചോദ്യോത്തരവേള ആരംഭിച്ചപ്പോള് പ്രതിപക്ഷനേതാവിന് ചില കാര്യങ്ങള് ഉന്നയിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടപ്പോള്, ചോദ്യോത്തരവേളയില് പ്രസംഗം അനുവദിക്കില്ലെന്നും ചര്ച്ചയുടെ സമയത്ത് പ്രതിപക്ഷനേതാവിന് ആവശ്യങ്ങള് ഉന്നയിക്കാമെന്നും സ്പീക്കര് അറിയിച്ചു. തുടര്ന്ന് പ്രതിപക്ഷം ബഹളം വച്ചതോടെ ഉച്ചവരെ സഭാനടപടികള് നിര്ത്തിവച്ചു.
തുടര്ന്ന് ബജറ്റ് ചര്ച്ചയ്ക്കു മുന്നോടിയായി സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രസംഗിക്കാന് രാഹുല് ഗാന്ധിക്കുവേണ്ടി പ്രതിപക്ഷാംഗങ്ങള് അനുമതി തേടിയെങ്കിലും സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന കൃഷ്ണ പ്രസാദ് ടെന്നട്ടി അനുമതി നല്കിയില്ല. ചര്ച്ചയ്ക്ക് ശശി തരൂരിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷനേതാവ് സംസാരിച്ചശേഷം താന് പ്രസംഗിക്കാമെന്ന് അദ്ദേഹം പറഞ്ഞതോടെ സഭ രണ്ടാമതും നിര്ത്തിവച്ചു.
ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സമ്മേളിച്ചപ്പോള് ബജറ്റ് ചര്ച്ചയ്ക്കുമുമ്പ് രാഹുല് ഗാന്ധിക്ക് ചില കാര്യങ്ങള് ഉന്നയിക്കാന് സ്പീക്കര് ഓം ബിര്ളയുമായി പ്രതിപക്ഷാംഗങ്ങള് അദ്ദേഹത്തിന്റെ ചേംബറില് നടത്തിയ കൂടിക്കാഴ്ചയില് ധാരണയായതായി സ്പീക്കര് ചെയറില് ഉണ്ടായിരുന്ന പാനല് അംഗം സന്ധ്യ റായിയെ അറിയിച്ചു.
എന്നാല് ഇത്തരമൊരു കൂടിക്കാഴ്ചയെപ്പറ്റി തനിക്ക റിയില്ലെന്നും മുന്കൂട്ടി നോട്ടീസ് നല്കാതെ ആരെയും പ്രസംഗിക്കാന് അനുവദിക്കില്ലെന്നും സന്ധ്യ റായ് വ്യക്തമാക്കി. ഈ സമയം പാര്ലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ഇടപെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന തരത്തിലൊരു ധാരണയില്ലെന്നും ലോക്സഭാ സ്പീക്കറെപ്പറ്റി എന്തെങ്കിലും സംസാരിക്കണമെങ്കില് അദ്ദേഹം സഭയില് ഉള്ളപ്പോള് വേണമെന്നും പറഞ്ഞു.
എന്നാല് പാര്ലമെന്റിന് ഒരു പാരമ്പര്യമുണ്ടെന്നും പ്രതിപക്ഷനേതാവ് ഒരു കാര്യം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാല് അതിന് മുന്കൂര് നോട്ടീസ് നല്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നതു കേള്ക്കണമെന്നും തരൂര് ആവശ്യപ്പെട്ടു. എന്നാല് പറയാന് പൂര്ത്തിയാക്കാതെ തരൂരിന്റെ മൈക്ക് ഓഫാക്കി. തുടര്ന്ന് സഭ പിരിഞ്ഞു.
Kerala
ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു. കോൺക്രീറ്റ് പാളികൾക്കിടയിൽനിന്ന് അഞ്ച് മണിക്കുറിനുശേഷമാണ് സന്ധ്യയെ പുറത്തെത്തിച്ചത്.
സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ സന്ധ്യയുടെ കാലിന് പൊട്ടലുണ്ടെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ബിജു അബോധാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ബിജുവിനെ ഉടൻ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
രാത്രി പത്തരയോടെയാണ് വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു
ബംഗളൂരുവിലെ ഇയാളുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ ആകും തെളിവെടുപ്പ്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു.
ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. 30ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.