നെടുങ്കണ്ടം: രണ്ടാം ദിവസവും മണ്ണു മാറ്റി പരിശോധന. പച്ചടി തോട്ടുവാക്കട ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി പൊന്നിട്ടയില്‍ സജി(43) യുടെ വീടിനു സമീപം രണ്ടാം ദിവസവും മണ്ണ് മാറ്റി പരിശോധന നടന്നു.
എട്ടു വര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യുവിനെ (73) യും സജി കൊലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന സംശയത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ കുറച്ച് ചെറിയ അസ്ഥിക്കക്ഷണങ്ങള് മാത്രമാണ് കണ്ടെത്താനായത്. ഇത് മനുഷ്യന്റേതാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
ഇന്നലെയോടെ മണ്ണു മാറ്റിയുള്ള പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ പരിശോധന നാലര വരെ നീണ്ടു. വീടിന്റെ സെപ്റ്റിക് ടാങ്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചു.പോലീസ് നായയെയും എത്തിച്ചിരുന്നു.
വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ അഞ്ചടിയോളം ആഴത്തില്‍ അസ്ഥിക്കക്ഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
എന്നാല്‍, അസ്ഥിക്കക്ഷണം മനുഷ്യന്റേത് അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കൂടാതെ ഇതിന് സമീപത്തായി പശുവിന്റെതെന്നു കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സജിയെ ഇന്നലെ വൈകുന്നേരം നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Tags : Double murder mystery continues thottuvakada