Kerala
തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്കൂള്‍ വാന്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാന്‍ പാതയോരത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ ഇടിച്ചുനിന്നു.
അഴൂര്‍ മുട്ടപ്പലത്ത് സ്വകാര്യ സ്കൂള്‍ വാനിന്റെ ഡ്രൈവര്‍ മുരളീധരന് നായർ ആണു മരിച്ചത്. വാനില്‍ ആയയും അഞ്ചു കുട്ടികളുമാണ് ഉണ്ടായിരുന്നത്. രണ്ടു കുട്ടികള്‍ക്കു നിസാര പരുക്കേറ്റു.
കുട്ടികളുമായി ചിറയിന്‍കീഴ് മുട്ടപ്പലം ഭാഗത്തേക്കു പോകുമ്പോഴാണ് മുരളീധരൻ നായർക്കു പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വാനിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. വാനില്‍ കുഴഞ്ഞുവീണ മുരളീധരന് മരിച്ചു.
തുടര്‍ന്ന് പോലീസും നാട്ടുകാരും എത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സ്ഥിരം ഡ്രൈവര്‍ക്ക് അസുഖമായതിനാല്‍ മുരളീധരന് നായർ താല്‍ക്കാലിമായി ഡ്രൈവര്‍ ജോലിക്ക് എത്തിയതായിരുന്നു.
National
കോയന്പത്തൂർ: തമിഴ്നാട്ടിലെ നല്ലംപള്ളിയിൽ അതിവേഗത്തിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ടാങ്കർലോറിക്കുപിന്നിൽ ഇടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഉദുമലപേട്ട-പൊള്ളാച്ചി ദേശീയപാതയിലാണ് അപകടം.
ദേശീയപാതയിലെ ചെടികൾ നനയ്ക്കാനായി വെള്ളം എത്തിച്ച ടാങ്കർ ലോറിയിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കോയന്പത്തൂർ മധുക്കര ഗുരുബാംപാളയം സ്വദേശി കനകരാജ്, ഭാര്യ നർമ്മദ, മക്കളായ ആരതി, പൂരണി എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കാർ ഡ്രൈവറാണെന്ന സംശയമുണ്ട്.
Kerala
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് യാത്രക്കാർ ഇരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ഇടിച്ചതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തി കാട്ടാക്കടയിൽ എത്തിയശേഷം മായത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലെത്തിയശേഷമുള്ള സർവീസിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ശക്തമായി ഇടിക്കുകയായിരുന്നു.
International
ബെർലിൻ: ജർമനിയിൽ ചെറിയ സ്വകാര്യ വിമാനം വീടിന്റെ മേൽക്കൂരയിലേയ്ക്ക് തകർന്നുവീണ് രണ്ടുപേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ജർമനിയിലെ ഗാണ്ടർകീസി എന്ന സ്ഥലത്ത് ശനിയാഴ്ചയായിരുന്നു അപകടം.
ബ്രെമെൻ സ്വദേശികളായ 65-ഉം 77-ഉം വയസുള്ള രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആദ്യം ഒരാൾ മരിച്ചതായും മറ്റൊരാളെ കാണാതായെന്നുമായിരുന്നു പോലീസ് അറിയിച്ചിരുന്നത്.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇരുവരും മരിച്ചതായി ഡെൽമെൻഹോർസ്റ്റ് പോലീസ് സ്ഥിരീകരിച്ചു. മേൽക്കൂരയിൽ ഇടിച്ചുകയറിയ വിമാനാവശിഷ്ടങ്ങൾ എടുത്തുമാറ്റുകയും, സുരക്ഷ മുൻനിർത്തി ഒഴിപ്പിച്ചിരുന്ന പ്രദേശവാസികളെ വീടുകളിലേക്ക് തിരിച്ചെത്താൻ അനുവദിക്കുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
ഏറ്റുമാനൂർ: നഗരത്തിലെ വാഹനത്തിരക്കിനിടയിലും അമിതവേഗത്തിൽ പായുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ജീവന് ഭീഷണിയാകുന്നു. ഇന്നലെ ഏറ്റുമാനൂർ ടൗണിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു സ്വകാര്യ ബസിൽ ഇടിച്ചുകയറി.
ഇരു ബസുകളിലെയും ഏതാനും യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗൗരവമുള്ളതല്ല. പരിക്കേറ്റവർ ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
ഏറ്റുമാനൂർ കുരിശുപള്ളി കവലയിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. പുന്നത്തുറ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ് കുരിശുപള്ളി കവലയിൽ എംസി റോഡിൽനിന്ന് അതിരമ്പുഴ റോഡിലേക്ക് കടക്കുമ്പോൾ കോട്ടയം - വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ് അമിതവേഗത്തിലെത്തി ഇടിച്ചുകയറുകയായിരുന്നു. ജാക്വലിൻ ബസിന്റെ മധ്യഭാഗത്തേക്കാണ് ബസ് ഇടിച്ചുകയറിയത്.
ഇരു ബസുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ലിമിറ്റഡ് സ്റ്റോപ്പ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സെൻട്രൽ ജംഗ്ഷനിൽ എംസി റോഡ് കുറുകെ കടന്നാണ് അതിരമ്പുഴ, നീണ്ടൂർ റോഡുകളിലേക്ക് വാഹനങ്ങൾ പോകുന്നത്. ഇവിടെ അമിതവേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് അപകട ഭീഷണിയുയർത്തുന്നു.
അപകടത്തെത്തുടർന്ന് ടൗണിൽ ഗതാഗത തടസമുണ്ടായി. ഏറ്റുമാനൂർ പോലീസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയതിനെ തുടർന്നാണ് ഗതാഗത തടസം ഒഴിവായത്.
പ്രതിഷേധം
ഏറ്റുമാനൂർ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയിൽ പോലും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അമിതവേഗത്തിൽ പായുന്നതിൽ വൻ പ്രതിഷേധം ഉയരുന്നു. ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്.
നഗരത്തിലെ അമിതവേഗത്തിനെതിരേ നടപടി സ്വീകരിക്കാൻ പോലീസും മോട്ടോർ വാഹനവകുപ്പും തയാറാകണമെന്നും കുരിശുപള്ളി കവലയിൽ ഗതാഗത നിയന്ത്രണത്തിന് മുഴുവൻ സമയവും ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഏറ്റുമാനൂർ പൗരസമിതി പ്രസിഡന്റ് യു.എൻ. തമ്പി, സെക്രട്ടറി ജയിംസ് കുര്യൻ എന്നിവർ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ പരിശീലക വിമാനം തകർന്നുവീണു. വനിതാ ട്രെയിനി പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചേതക് ഏവിയേഷൻ സെസ്ന 152 വിമാനമാണ് കൃഷിയിടത്തിൽ തകർന്നുവീണത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.
International
നോവോസിബിർസ്ക്: റഷ്യൻ വ്യോമസേനയുടെ ടിയു-22എം3 ബോംബർ വിമാനം തകർന്നുവീണു. സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ തിങ്കളാഴ്ചയായിരുന്നു അപകടം.
പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രദേശത്ത് വലിയ തോതിൽ കറുത്ത പുക ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ജനവാസമില്ലാത്ത മേഖലയിലാണ് വിമാനം തകർന്നുവീണത്.
അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് ചാടി. ഇവർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
National
കാലിഫോർണിയ: അമേരിക്കയിൽ ബോംബർ വിമാനം തകർന്ന് എട്ട് പേർ മരിച്ചു. തിങ്കളാഴ്ച കാലിഫോർണിയയിലാണ് ബി- 52 ബോംബർ വിമാനം അപകടത്തിൽപ്പെട്ടത്.
കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീഴുകയായിരുന്നു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു. ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ് ബി52 ബോംബർ വിമാനങ്ങൾ.
National
ജോർഹട്ട്: ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ആസാമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എൻ 32 ട്രാൻസ്പോർട്ട് വിമാനത്തിനാണ് തീപിടിച്ചത്.
ലാൻഡിംഗിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോർഹട്ടിലെ റൺവേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കാണ് തകർന്നു വീണത്. പൈലറ്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല.
അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വ്യോമസേനാ അധികൃതർ ശേഖരിച്ചുവരികയാണ്.
International
വാഷിംഗ്ടൺ ഡിസി: ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പ്രകോപനത്തിന് ആനുപാതികമായ മറുപടിയാണ് തങ്ങൾ നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപമാണ് അമേരിക്കൻ കരസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്റർ തകർത്തത് ഇറാനാണെന്ന് ആരോപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിന് തക്കതായ മറുപടി നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയതായാണ് വിവരം.
മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ യുഎസ് സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇറാൻ-അമേരിക്ക യുദ്ധസാഹചര്യം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ പുതിയ സൈനിക നീക്കം. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
District News
ഇരിട്ടി: ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം കോഴി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ നിർത്തിയിട്ട ലോറിയിലിടിച്ച് അപകടം. അപകടത്തിൽ മാഹി സ്വദേശികളായ രണ്ടുപേർക്ക് നിസാര പരിക്കേറ്റു.
ഇന്നലെ പുലർച്ചെയാണ് സംഭവം. കർണാടകയിൽ നിന്ന് പാനൂരിലേക്ക് കോഴികയറ്റി പോകുകയായിരുന്ന വാഹനമാണ് നിർത്തിയിട്ട ചരക്കുലോറിയിൽ ഇടിച്ചത്. ഇടിയിൽ പിക്കപ്പിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. വാഹനത്തിൽ ഉണ്ടയിരുന്ന നിരവധി കോഴികൾ ചത്തു.മൂന്നുദിവസം മുമ്പ് ഇവിടെ ഗുഡ്സ് ഓട്ടോയിടിച്ച് കാൽ നടയാത്രികന് ഗുരുതര പരിക്കേറ്റിരുന്നു.
Kerala
കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂട്ടർ യാത്രികരെ രക്ഷിക്കാൻ ശ്രമിച്ച ബസ് അപകടത്തിൽ പെട്ടു. ഇന്ന് ഉച്ചയോടെ കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം.
പാലക്കുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ മുന്നിലേക്ക് രണ്ട് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.
അപകടം ഒഴിവാക്കുന്നതിനായി ബസ് ഡ്രൈവർ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെ റോഡരികിലെ സംരക്ഷണ ഭിത്തിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംരക്ഷണ ഭിത്തി തകർന്നെങ്കിലും ബസ് താഴേക്ക് മറിയാതെ നിന്നത് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായി. അപകട സമയത്ത് ബസിലെ യാത്രക്കാർക്ക് ബസിനുള്ളിൽ വീണ് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ കൂത്താട്ടുകുളം പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
ഹൈസ്കൂൾ റോഡിൽ മൈതാനത്തിനോട് ചേർന്നുള്ള സംരക്ഷണഭിത്തി തകർന്ന നിലയിൽ തുടരുകയാണ്. ഇത് അടിയന്തരമായി പുനർനിർമിക്കാത്ത പക്ഷം ഭാവിയിൽ കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കാമെന്ന ആശങ്ക നാട്ടുകാർ ഉയർത്തുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് നാവികസേനയുടെ ആധുനിക ഡ്രോൺ തകർന്നതിനു സ്ഥിരീകരണം. എംക്യു–4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി നേവൽ സേഫ്റ്റി കമാൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില.
ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്.
Business
കറാച്ചി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാൻ ഓഹരി വിപണി തകർന്നു. ബെഞ്ച്മാർക്ക് സൂചികയായ കെഎസ്ഇ 100 ഏതാണ്ട് 6,000 പോയിന്റോളം ഇടിഞ്ഞു.
സൂചിക 3.5 ശതമാനം ഇടിഞ്ഞ് 1,61,638 എന്ന നിലയിലെത്തി. കഴിഞ്ഞ ബുധനാഴ്ച യുഎസും ഇറാനും തമ്മിൽ താത്കാാലിക വെടിനിർത്തൽ ഉണ്ടായെന്ന വാർത്തയെത്തുടർന്ന് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തു.
അന്ന് സൂചിക 12,000 പോയിന്റിലധികം ഉയർന്ന് റിക്കാർഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മൊത്തത്തിൽ സൂചിക ഒരു ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
ഏഷ്യൻ വിപണികൾ ഒന്നടങ്കം നഷ്ടത്തിൽ
ഏഷ്യൻ വിപണികൾ കൂടുതലും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും രാവിലെ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് ഈ നഷ്ടം കുറച്ച ഇന്ത്യൻ സൂചികകൾ ഒരു ശതമാനത്തിനടുത്ത് ഇടിവിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 703 പോയിന്റ് താഴ്ന്ന് 76,847ലും നിഫ്റ്റി50 സൂചിക 208 പോയിന്റ് താഴ്ചയിൽ 23,843ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ജപ്പാന്റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.06 ശതമാനം നേട്ടമുണ്ടാക്കി.
District News
കാസര്‍ഗോഡ്: ദേശീയപാതയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചെങ്കള നായന്മാര്മൂല പാണലം പള്ളി ഇമാമും മദ്രസ അധ്യാപകനുമായ തലപ്പാടി ബിസി റോഡിലെ മുഹമ്മദ് സിനാന് (28) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.15ഓടെ കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയിലെ ബന്തിയോടാണ് അപകടം. ഒരാഴ്ച മുന്‍പ് ജനിച്ച ഇദ്ദേഹത്തിന്റെ കുട്ടിയുടെ മുടി എടുക്കല്‍ ചടങ്ങിന് വീട്ടില്‍ പോയി മദ്രസയിലേക്കു തിരിച്ചുവരുന്നതിനെയാണ് അപകടം.
ഇല്യാസ്-ഷറഫുന്നിസ ദമ്പതികളുടെ മകനാണ്. ഭാര്യ: ആസിയ ഷഹന. സഹോദരങ്ങള്‍: ശിഹാബുദ്ദീന്, റിസ്വാന്, ഷാഹിദ.
Business
മുംബൈ: പശ്ചിമേഷ്യൻ യുദ്ധഭീതിയെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. വിപണി വ്യാപാരം ആരംഭിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ നിക്ഷേപകരുടെ 13 ലക്ഷം കോടി രൂപയാണ് തുടച്ചുനീക്കപ്പെട്ടത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതാണ് വിപണിയെ പെട്ടെന്ന് തളർത്തിയത്. ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും വലിയ തോതിൽ ഇടിഞ്ഞു. ബാങ്കിംഗ്, ഓട്ടോമൊബൈൽ, ഐടി മേഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്.
ഇറാന്റെ യുദ്ധസമാനമായ സാഹചര്യവും എണ്ണവിലയിലെ 45 മാസത്തെ ഏറ്റവും ഉയർന്ന നിരക്കും നിക്ഷേപകരിൽ പരിഭ്രാന്തി പടർത്തി. ഇതോടെ വൻതോതിലുള്ള ഓഹരി വിറ്റഴിക്കൽ ആണ് വിപണിയിൽ ദൃശ്യമായത്. ഓഹരി വിപണിയിലെ തകർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.
District News
തുറവൂർ: നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി 23 പേർക്കു പരിക്ക്. ദേശീയപാതയിൽ എരമല്ലൂര്‍ കാഞ്ഞിരമറ്റം ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ 11 നായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരില്‍ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഫ്ലാറ്റിന്റെ അഞ്ചാം നിലയിലെ സ്ലാബ് തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗജേന്ദ്ര പ്രസാദ്, പ്രിൻസ് യാദവ്, പ്രദീപ് യാദവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
അഞ്ചാം നിലയുടെ 501 - ആം മുറിയുടെ സ്ലാബാണ് ഇടിഞ്ഞ് തൊട്ടുതാഴെയുള്ള മുറിയിലേക്ക് വീണത്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഫ്ലാറ്റിൽ ഏകദേശം 95 പേരാണ് താമസിക്കുന്നത്. ഇവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളെയും അടുത്തുള്ള സ്കൂളിലേക്ക് മാറ്റി.
അഗ്നിശമന സേനാംഗങ്ങൾ, ദുരന്തനിവാരണ ഉദ്യോഗസ്ഥർ, പോലീസ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
Kerala
കൊച്ചി: ഊബർ ടാക്സി ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറി കാൽനട യാത്രക്കാരി മരിച്ചു. ഫുട്പാത്തിലൂടെ നടന്നു വരികയായിരുന്ന കൊല്ലം പുത്തൂർ മാറനാട് ചാമത്തുണ്ടിൽ വീട്ടിൽ ജയചന്ദ്രബാബുവിന്റെ മകൾ ഗോപിക ജയൻ (31) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 5.45 ന് കടവന്ത്ര മെട്രോ പില്ലർ 852ന് സമീപത്തായിരുന്നു അപകടം. കൂട്ടുകാരിയെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്ന് പുലർച്ചെ അഞ്ചിന് കൊല്ലത്തേക്കുള്ള ബസ് കയറ്റി വിട്ടശേഷം ഫുട്പാത്തിലൂടെ നടന്നു വരുമ്പോഴായിരുന്നു അപകടം.
കടവന്ത്ര ഭാഗത്തുനിന്നു വന്ന ഊബർ ടാക്സി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗോപിക തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന കൂട്ടുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
ടാക്സി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. വൈറ്റിലയിൽ എച്ച്ആർ കോഴ്സിന്റെ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു ഗോപിക.
Kerala
ലക്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു. കെപി കോളജിന് സമീപമുള്ള കുളത്തിലേക്കാണ് വിമാനം വീണത്.
പ്രദേശവാസികൾ പോലീസിൽ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന അംഗങ്ങളും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.
വ്യോമസേനയുടെ മൈക്രോലൈറ്റ് വിഭാഗത്തിൽപ്പെട്ട ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറിനെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
International
ജക്കാർത്ത: തെക്കൻ സുലവേസിയിൽ കാണാാതായ ചെറുവിമാനം തകർന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന പത്തു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.
മത്സ്യബന്ധന യാനങ്ങൾ നിരീക്ഷിക്കാൻ പുറപ്പെട്ട വിമാനം ശനിയാഴ്ച അർധരാത്രി റഡാറിൽനിന്ന് അപ്രത്യക്ഷമായതാണ്. മത്സ്യബന്ധന വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്.മോശം കാലാവസ്ഥയാകാം അപകടത്തിനു കാരണമെന്നു കരുതുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ഓടുന്ന കാറിൽ നീൽഗായ് മാനിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഗുണയിലെ ദേശീയ പാത ബൈപാസിലാണ് സംഭവം.
ഗുണ നിവാസിയായ സോനു ജാട്ടിന്റെ മകൾ താന്യ ആണ് മരിച്ചത്. മാൻ വർഗത്തിൽപ്പെട്ട മൃഗമായ നീൽഗായ് കാറിലേക്ക് ചാടി വീഴുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത മാനിന്റെ കാൽ കുട്ടിയെ ഇടിക്കുകയായിരുന്നു. തന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. അപകടത്തിൽ മാതാപിതാക്കൾക്ക് പരിക്കേറ്റു. മകരസംക്രാന്തി ആഘോഷിക്കാൻ മഗർദ്ദ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പരിക്കേറ്റ നീൽഗായ് മാനിനെ ചികിത്സയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി.
National
ബംഗുളൂരു: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിന്റെ മതിൽ ഇടിച്ചു തകർത്തു. ബംഗുളൂരുവിലെ ഇന്ദിരാനഗറിലാണ് സംഭവം.
സംഭവത്തിൽ ഡെറിക് ടോണി(42) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ദിരാനഗറിൽ വച്ച് ഡെറിക്കിന് കാർ ഇടത്തേക്ക് തിരിക്കാൻ കഴിയാതെ ഡിവൈഡറിലിടിക്കുകയും തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലിടിക്കുകയും ചെയ്തു. ശേഷം സമീപത്തുള്ള ഹോട്ടലിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
ഈ സമയം ഹോട്ടലിന് മുന്നിൽ നിന്ന ഒരുകൂട്ടം ആളുകൾ ഞൊടിയിടയിൽ മാറിയതിനാൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.
അപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ ജാബിർ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസ് ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പില്‍ നിർത്തിയിരുന്നു.
ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈർ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.
District News
അഞ്ചല്‍ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എരൂരിൽ കുട്ടികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികള്‍ക്ക് പരിക്ക്.ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്‍വശത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
സ്കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടു വിദ്യാര്‍ഥികളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിനെ മറികടന്ന് അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടികളെ ഇടിച്ച് നിയന്ത്രണംവിട്ട് മറുവശത്ത് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി കുട്ടികളുടെ മുകളിലേക്കു മറിയുകയുമായിരുന്നു.
ഏരൂര്‍ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ നാസിയ, അനശ്വര എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടം നടന്നയുടന്‍ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും സ്വകാര്യ ബസ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി ഓട്ടോറിക്ഷ ഉയര്‍ത്തി മാറ്റിയ ശേഷം കുട്ടികളെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ സ്വകാര്യാശുപത്രിത്സയിലുള്ള കുട്ടികളുടെ നില തൃപ്തികരമാണ്. എന്നാല്‍ അപകടത്തിന് ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.ഇയാള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രോഗിയുമായി വന്ന മെക്സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ ജീവനോടെ കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്സിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17ഓടെയാണ് അപകടമുണ്ടായത്. ഫ്ളൈറ്റ് റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, മെക്സിക്കന്‍ സംസ്ഥാനമായ യുകാറ്റന്റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനമായ വിമാനംഗാല്‍വെസ്റ്റണ്‍ സ്കോള്‍സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു.
പൊള്ളലേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്റെ മെഡിക്കൽ മിഷന്റെ ഭാഗമായിരുന്നു ഈ വിമാനം.
International
സിയോനി: മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. പൈലറ്റിനും മറ്റൊരാൾക്കും പരിക്കേറ്റു. റെഡ്വാർഡ് ഏവിയേഷൻ കന്പനിയുടെ വിമാനമാണ് സിയോനി ജില്ലയിൽ തകർന്നുവീണത്.
സുക്താര എയർസ്ട്രിപ്പിൽനിന്ന് പറന്ന വിമാനം ഇന്നലെ വൈകുന്നേരം 6.25ന് വൈദ്യുത ലൈനിൽ തട്ടി അമാഗോണിലെ കൃഷിയിടത്തിൽ തകർന്നുവീഴുയായിരുന്നു.
പൈലറ്റ് അജിത് ചാവ്ഡയ്ക്കും മറ്റൊരാൾക്കും പരിക്കേറ്റു. ഇവരെ ബാരാപത്തറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു.
International
ബീജിംഗ്: ബഹിരാകാശ വാഹനം തകരാറിലായതോടെ ചൈനയുടെ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയിൽ മടങ്ങിയെത്തി. ഈ മാസം അഞ്ചിനായിരുന്നു ഇവർ മടങ്ങേണ്ടിയിരുന്നത്.
ബഹിരാകാശ മാലിന്യങ്ങളിൽ തട്ടി ഇവരുടെ വാഹനമായ ‘ഷെൻഷോ-20’ കേടായതിനെത്തുടർന്നാണു യാത്ര നീണ്ടത്. പിന്നീട് ‘ഷെൻഷോ-21’ ൽ ആയിരുന്നു ഇവരുടെ മടക്കം.
ആറ് മാസം കൂടുമ്പോൾ പുതിയ ശാസ്ത്രജ്ഞരെ നിലയത്തിൽ എത്തിക്കുകയാണ് ചൈനയുടെ രീതി. ഇതനുസരിച്ച് പുതിയ സംഘം ഈ മാസം ഒന്നിന് നിലയത്തിൽ എത്തിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്വില്ലെയിലാണ് സംഭവം. ടെക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തകരുകയായിരുന്നു.
യുപിഎസ് കമ്പനിയുടെതാണ് വിമാനം. അപകടസമയം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലൂയിസ്വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹോണോലുലുവിലേക്ക് പറന്നുയരുകയായിരുന്ന വിമാനം വൈകുന്നേരം 5:15 ന് തകർന്നുവീണതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അപകടകാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.