Kerala
കൊച്ചി: ഗുരുവായൂര് ദേവസ്വത്തിന്റെ ഓഡിറ്റില് ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി നിരീക്ഷണം. ഓണ്ലൈന് വഴിപാടുകളുടെയും ഡിജിറ്റല് പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമര്ശനം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ദേവസ്വം ബെഞ്ച് വിമര്ശനം ഉന്നയിച്ചിരിക്കുന്നത്.
ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട വിവരങ്ങള് ദേവസ്വം ബോര്ഡ് കൈമാറിയില്ലെന്നും 43 വര്ഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നുമുള്ള റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിച്ചു.
ഓണ്ലൈന് വഴിപാടുകളും ഡിജിറ്റല് പണമിടപാടുകളും പൂര്ണമായും ഡിജിറ്റല് സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഓഡിറ്റിന് ആവശ്യമായ ലോഗിന് വിവരങ്ങളും രേഖകളും ദേവസ്വം കൈമാറുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു.
സ്വര്ണം, വെള്ളി, വെങ്കല പാത്രങ്ങള്, കുങ്കുമപ്പൂവ് തുടങ്ങി ക്ഷേത്രത്തിന്റെ വിവിധ ആസ്തികളുടെ കൃത്യമായ രജിസ്റ്റര് പോലും പലപ്പോഴും സൂക്ഷിക്കുന്നില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
ഇക്കാര്യങ്ങള് ഗൗരവമായി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകളും പരിഹരിക്കേണ്ട പോരായ്മകളും വിശദീകരിക്കണമെന്ന് നിര്ദേശിച്ചു.
ഗുരുവായൂര് ദേവസ്വത്തില് കൂടുതല് സുതാര്യവും ആധുനികവുമായ ഭരണ സംവിധാനം ഉറപ്പാക്കാന് ആവശ്യമായ ശിപാര്ശകളും സമര്പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളില് കര്ശനമായ സുതാര്യത ഉറപ്പുവരുത്തണമെന്ന് കോടതി നിര്ദേശിച്ചു.
Kerala
കൊച്ചി: മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുതെന്നും ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും കാണിക്കണമെന്നും പി.രാജീവ് പറഞ്ഞു.
അതേസമയം വിവാദം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിയെ പ്രതിരോധിച്ചും പ്രഖ്യാപനത്തിൽ വ്യക്തത വരുത്തിയും സംസ്ഥാന സർക്കാർ വിശദീകരണക്കുറിപ്പ് ഇറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതികളാണ് ഇപ്പോൾ മുഖ്യമന്ത്രി സ്വന്തം പേരിൽ അവതരിപ്പിക്കുന്നതെന്ന് പി. രാജീവ് ആരോപിച്ചു. ടാറ്റ സബ്സിഡിയറിയായ ആർട്ട്സൺസിന്റെ നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്.
2025-ലെ ഇൻവെസ്റ്റ് കേരളയിൽ ഈ പദ്ധതി വ്യക്തമായി അവതരിപ്പിച്ചിരുന്നതായും രാജീവ് ചൂണ്ടിക്കാട്ടി. അതിനെയാണ് ഇപ്പോൾ മിഷൻ സമുദ്രയിലെ പുതിയ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ടാറ്റ പരസ്യമായി തള്ളിയത് അതീവ ഗൗരവതരമാണെന്നും ചരിത്രത്തിൽ ആദ്യമായാണ് ടാറ്റ ഇത്തരമൊരു പരാമർശം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മിഷൻ സമുദ്രയുടെ ഭാഗമായുള്ള ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. മിഷൻ സമുദ്രയുടെ ഭാഗമായി സംസ്ഥാനത്ത് വരാൻ പോകുന്ന ആകെ നിക്ഷേപ സാധ്യതകളെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നാണ് സർക്കാരിന്റെ വിശദീകരണം.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി മുൻ മന്ത്രി വി.എൻ.വാസവൻ. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ എതിർക്കാതിരുന്നത് തെറ്റായി പോയെന്ന് വാസവൻ പറഞ്ഞു. സിപിഎം കിളിമാനൂർ ഏരിയാ കമ്മിറ്റിയിലായിരുന്നു വാസവൻ പ്രതികരണം.
വെള്ളാപ്പള്ളി നടേശൻ നിരന്തരം ഉയർത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് സിപിഎം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് മുതിർന്ന നേതാവിന്റെ ഈ തുറന്നുപറച്ചിൽ. പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് വാസവന്റെ ഈ നിലപാട്.
ഏരിയാ കമ്മിറ്റിയുടെ ചർച്ചയിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെതിരേയും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരേയും അതിരൂക്ഷ വിമർശനമാണ് ഉണ്ടായത്. വെള്ളാപ്പള്ളി കുമാരനാശാനെക്കാൾ കേമനാണെന്ന് പിണറായി പ്രസംഗിച്ചത് അസംബന്ധമാണ് എന്നതുൾപ്പെടെയുള്ള വിമർശനങ്ങളുണ്ടായി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗത്തിൽ ആര്യാ രാജേന്ദ്രനെ കടന്നാക്രമിച്ച് മുൻ മന്ത്രി വി.ശിവൻകുട്ടി. മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തികൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
തന്റെ പ്രചാരണത്തിനായി ആര്യ വന്നപ്പോൾ തന്നെ കടുത്ത ജനരോഷമാണ് ഉയർന്നത്. പ്രചാരണത്തിന്റെ ഭാഗമായി മുൻ മേയറെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ളവർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. കാറിത്തുപ്പുന്നതിന് തുല്യമായ രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും ശിവൻകുട്ടി പറഞ്ഞു.
ആര്യയുടെ വാർഡിൽ 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. വോട്ടു ചോർച്ചയ്ക്ക് കാരണം ജനങ്ങൾക്കിടയിലെ അതൃപ്തിയാണെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും ഇന്ത്യ മുന്നണി വരുമെന്ന് ജി.സുധാകരൻ എംഎൽഎ. ഇപ്പോൾ ബിജെപിക്ക് മൂന്ന് എംഎൽഎമാരുണ്ട്. ബിജെപി വോട്ട് വർധിപ്പിക്കുന്നുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ മുതലേ മുസ്ലിം വിരുദ്ധത പറയുന്നയാളാണ്.
അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണ്. വെള്ളാപ്പള്ളി നാളെ ലൈൻ മാറ്റും. ഇത്രയും കാലം പിണറായിയെ പിന്തുണച്ചു. നാളെ എന്താണെന്ന് ആർക്കറിയാം. വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. അമ്പലപ്പുഴയിലെ ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത് .
അവർക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലിങ്ങൾ വോട്ട് ചെയ്യുന്നത്. ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന യോഗനാദത്തിലെ മുഖപ്രസംഗത്തിലെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു ജി. സുധാകരൻ. മുസ്ലിം ലീഗ് ഏറ്റവും കൂടുതൽ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം ഒപ്പം നിന്ന ഡിഎംകെയെ ഉപേക്ഷിച്ച് വിജയ്യുടെ ടിവികെ സർക്കാരിന്റെ ഭാഗമാകാനുള്ള കോൺഗ്രസിന്റെ തീരുമാനം വിശ്വാസവഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധികാര കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. പലപ്പോഴും പ്രതിസന്ധികളിൽ ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ നിലനിന്നത് ഡിഎംകെയുടെ സഹായത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെവന്നപ്പോൾ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കുകയായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ ചേരിമാറ്റത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണായുധമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡിഎംകെ. ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടത്തിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ് ബില്ലെന്നും കനിമൊഴി പറഞ്ഞു.
പ്രതിഷേധ സൂചകമായി സഭയിൽ ഇന്നും കറുപ്പണിഞ്ഞ് കൊണ്ടാണ് ഡിഎംകെ അംഗങ്ങൾ എത്തിയത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് കനിമൊഴി പറഞ്ഞു. പഴയ ബില്ല് വിജ്ഞാപനം ചെയ്യാതെ പുതിയ ബില്ല് ചർച്ച ചെയ്യുന്നത് എന്തിനാണ്.
പ്രാബല്യത്തിലാകാത്ത നിയമത്തിനാണ് ഭേദഗതി തയാറാക്കിയതെന്നും കനിമൊഴി പറഞ്ഞു. നീതിയെന്നു പറയുന്നത് എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നതാണ്. സംസ്ഥാനങ്ങളുമായോ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായോ സംസാരിച്ചിരുന്നോ.
രാജ്യത്തെ ജനാധിപത്യ ഭൂപടം മാറ്റിവരയ്ക്കാനാണ് കേന്ദ്ര ശ്രമം. എന്ത് കൊണ്ട് തെരഞ്ഞെടുപ്പ് വേളയിൽ ബില്ല് കൊണ്ടുവന്നു. രാജ്യത്തെ വനിതകൾക്ക് ഇന്ന് സംവരണം ആവശ്യമാണ്. നിലവിലെ 543 സീറ്റുകളിൽ സംവരണം നടത്തട്ടെയെന്നും കനിമൊഴി പറഞ്ഞു.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ബില്ലിനെ ഉപയോഗിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എത്ര വനിതാ മുഖ്യമന്ത്രിമാരുണ്ടെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീ ശക്തീകരണം സമാജ് വാദി പാർട്ടിയുടെ പ്രധാന പ്രത്യയശാസ്ത്രങ്ങളിൽ ഒന്നാണ്. തങ്ങളുടെ പാർട്ടിയിൽ സ്ത്രീകൾക്ക് ഉയർന്ന പദവിനൽകിയിട്ടുണ്ട്.
വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങളെ വിമർശിച്ച് ശശി തരൂർ എംപി. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത്? ഇപ്പോൾ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്.
വീട് പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറിനെക്കുറിച്ച് സംസാരിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണ്. മേയ് നാലിന് ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള നേതാക്കളുടെ അനാവശ്യ പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകും.
അത്തരം അർത്ഥമില്ലാത്ത സംസാരങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. അതിൽ മറ്റാർക്കും അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ജി.സുധാകരനെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് സജി ചെറിയാൻ പറഞ്ഞു.
ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. കൃഷ്ണപിള്ള സ്മാരകം തകർത്തതാണെന്ന ജി. സുധാകരന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. തകർക്കാൻ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകൂ. ഞാൻ സുധാകരന്റെയും സുധാകരന് എന്റെയും നിഴലായി നിന്ന കാലമാണത്.
ഞാൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും കാണും. ജി. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകുമെന്ന് സജി ചെറിയാൻ. ആറു മാസം കൊണ്ട് കെ.സി. വേണുഗോപാൽ ഇത് മനസിലാക്കും. ഇല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോയെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ഥാനം വിട്ടു പോയ പ്രമുഖരുടെയൊക്കെ ഉള്ളിൽ കമ്മ്യൂണിസം ഉണ്ടായിരുന്നു. എന്നാൽ ജി. സുധാകരൻ അങ്ങനെയല്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ് പാർട്ടിയെ തെരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു. ഒന്നര വർഷം മുമ്പ് കെ.സി. വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റ് ഇല്ലെന്ന് അറിഞ്ഞപ്പോൾ 24 മണിക്കൂർ കൊണ്ട് വലതു പക്ഷമായി.
അഞ്ച് രൂപ കിട്ടിയാൽ ജി.സുധാകരൻ അത് പോക്കറ്റിൽ ഇട്ടുകൊണ്ട് പോകും. എന്നാൽ സജി ചെറിയാൻ അങ്ങനെയല്ല. ജി.സുധാകരൻ ഇപ്പോഴും എംഎൽഎ പെൻഷൻ വാങ്ങുന്നുണ്ട്. അത് പാർട്ടിയിൽ നിന്ന് നേടിയെടുത്ത അനുകൂല്യമല്ലേയെന്നും സജി ചെറിയാൻ ചോദിച്ചു.
Kerala
കൊച്ചി: പിണറായി വിജയനെ വിമർശിക്കാതിരിക്കാൻ താൻ മോദിയല്ലെന്നു തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മോദിയെപ്പോലെ സംസാരിക്കാൻ തനിക്കാകില്ലെന്നും കൊച്ചിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
മോദി ബ്രദേഴ്സാണ് കേരളത്തിൽ യുഡിഎഫിനെ നേരിടുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ദൈവത്തിന്റെ സ്വത്തിനുപോലും സുരക്ഷയില്ലാത്ത സ്ഥിതിയാണ്.
തെലുങ്കാനയിൽ കോൺഗ്രസ് പ്രകടനപത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി. ഇതു നേരിൽക്കണ്ട് ബോധ്യപ്പെടുന്നതിനായി പിണറായി വിജയനെ തെലുങ്കാനയിലേക്ക് ക്ഷണിക്കുന്നു. ഇതിനായി പ്രത്യേക വിമാനം അടക്കം എല്ലാ സൗകര്യവും ഒരുക്കാം. എങ്ങനെയാണു തെലുങ്കാനയിൽ കോൺഗ്രസ് സർക്കാർ ഗാരന്റികൾ നടപ്പാക്കിയതെന്ന് നേരിട്ടു ബോധ്യപ്പെടുത്താം.
കേരളത്തിന്റെ എന്ത് ആവശ്യത്തിനും തെലുങ്കാന സർക്കാർ ഒപ്പമുണ്ടാകുമെന്നും രേവന്ത് റെഡ്ഢി പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പഴക്കമുള്ള വാർത്താ ഏജൻസികളിലൊന്നായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹിയിലെ ഓഫീസ് കഴിഞ്ഞദിവസം ബലമായി ഒഴിപ്പിച്ചതിനെ വിമർശിച്ച് വിവിധ മാധ്യമസംഘടനകൾ രംഗത്ത്.
ജോലിസ്ഥലത്തായിരിക്കെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് ഉത്തരവാദികളായവർക്കെതിരേ ഉടനടി നടപടിയെടുക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
ബലമായി ഒഴിപ്പിച്ചതിനെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും അപലപിച്ചു. ഓഫീസ് കെട്ടിടത്തിന് ഭൂമി അനുവദിച്ചതിനെതിരേയുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്നായിരുന്നു ന്യൂഡൽഹി റാഫി മാർഗിലുള്ള യുഎൻഐ ആസ്ഥാനം കഴിഞ്ഞദിവസം രാത്രി ഒഴിപ്പിച്ചത്.
അർധരാത്രിയിൽ വനിതാജീവനക്കാരെയടക്കം കൈയേറ്റം ചെയ്താണു നിർബന്ധിതമായ ഒഴിപ്പിക്കൽ നടന്നതെന്നാണു വാർത്താ ഏജൻസി ആരോപിക്കുന്നത്.
ഓഫീസ് കെട്ടിടത്തിനായി ഭൂമി അനുവദിച്ചത് സർക്കാർ റദ്ദാക്കിയതിനെതിരേ യുഎൻഐ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഹർജി ഹൈക്കോടതി തള്ളി. ഇതോടെയാണു കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോയത്.
Kerala
ഇടുക്കി: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ പ്രതികരണവുമായി എം.എം.മണി എംഎല്എ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണി രോഷം പരസ്യമായി പ്രകടിപ്പിച്ചത്.
മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ ചൊടിപ്പിച്ചത്. മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്. ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്നും മണി ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
തന്റെ ഭാഷയിൽ പലതും പറഞ്ഞുപോകുമെന്നും ഒരു പൊതുപരിപാടിയായതിനാലാണ് കടുപ്പിക്കാത്തതെന്നും മണി കൂട്ടിച്ചേർത്തു. മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം നൽകി.
എം.എം. മണിയുടെ വിമർശനത്തെ കൈയടിച്ചാണ് സദസ് സ്വീകരിച്ചത്. തുടർന്ന് അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിക്കുന്നുവെന്ന് വ്യക്തമാക്കി പ്രസംഗിക്കാതെ അദ്ദേഹം വേദിയും വിട്ടു.
Kerala
കൊച്ചി: കേരളത്തില് എന്തുകൊണ്ട് എയിംസ് വൈകുന്നുവെന്ന് ഹൈക്കോടതി. കേരളത്തില് എയിംസ് അനുവദിക്കാത്തത്തില് കേന്ദ്ര സര്ക്കാരിനെ ഹൈക്കോടതി വിമര്ശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തില് കഴിഞ്ഞ 11 വര്ഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്നും കോടതി ചോദിച്ചു.
പുതിയതായി അനുവദിച്ച 22 എയിംസുകളില് 18 എണ്ണം പ്രവര്ത്തനക്ഷമമാവുകയും നാലെണ്ണം നിര്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങള്ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കേരളം ഇതിന് അനുയോജ്യമല്ലേ എന്നും കോടതി ചോദിച്ചു.
സംസ്ഥാന സര്ക്കാര് ആവശ്യപ്പെട്ടതനുസരിച്ച് എയിംസിനായി ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും കോടതി വിമര്ശിച്ചു. ഡെപ്യൂട്ടി സോള്സിറ്റര് ജനറലിനോട് ഹാജരാകാനും കോടതി നിര്ദേശിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ഓണ്ലൈനില് ഹാജരായിരുന്നു.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രക്തസാക്ഷിയെ കിട്ടിയാല് ലോട്ടറി അടിച്ചതുപോലെയാണ് സിപിഎം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുയുഗ യാത്രയ്ക്ക് പയ്യന്നൂരില് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സിപിഎം നേതാക്കൾ അഭിമന്യുവിന്റെയും വഞ്ചിയൂര് വിഷ്ണുവിന്റെയും ഫണ്ട് അടിച്ചുമാറ്റി. സഹിക്കാന് വയ്യാഞ്ഞിട്ടാണ് വിഷ്ണുവിന്റെ കുടുംബം മുഴുവന് കോണ്ഗ്രസില് ചേര്ന്നത്.
ഒരു രക്തസാക്ഷിയെ കിട്ടിയാല് നേതാക്കൾക്ക് സന്തോഷമാണ്. അവന്റെ പേരില് ഫണ്ട് പിരിവ് നടത്താമല്ലോ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പയ്യന്നൂരില് മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്റെ പലഭാഗത്തും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
Kerala
കൽപ്പറ്റ: മേയര് തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്ഗീസ്. സുൽത്താൻ ബത്തേരിയിൽ ചേർന്ന് നേതൃക്യാമ്പിലാണ് ദീപ്തി തുറന്നടിച്ചത്. കെപിസിസി മാനദണ്ഡങ്ങള് കാറ്റില് പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുത്ത രീതിയെയാണ് താൻ വിമര്ശിക്കുന്നതെന്നും ദീപ്തി മേരി വര്ഗീസ് വ്യക്തമാക്കി. മേയര് തെരഞ്ഞെടുപ്പില് ചിലരുടെ വ്യക്തി താത്പര്യങ്ങളാണ് നടപ്പായതെന്ന് കോണ്ഗ്രസ് നേതാവ് സക്കീര് ഹുസൈനും വിമര്ശിച്ചു. കൊച്ചി മേയര് സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്ഗ്രസില് നടന്നത്.
വി.കെ.മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്ഷം വീതം കൊച്ചി കോര്പറേഷന് പദവി പങ്കിടുക. മധ്യ കേരളത്തിലെ ജില്ലകള് ഉള്പ്പെടുന്ന സോണല് മീറ്റിംഗിലാണ് കൊച്ചി മേയര് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്ശനം ഉയർന്നത്.
Kerala
കണ്ണൂര്: ഇന്ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്ശനവുമായി മുതിര്ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്.
അന്നേ തനിക്ക് അറിയാമായിരുന്നു. ഇത് നേര്വഴിക്ക് പോകുന്ന സ്ഥാപനമല്ല. ഇതിന്റെ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഇ.പി. ജയരാജന് വിമര്ശിച്ചു.
ഇന്ഡിഗോയുമായുള്ള തന്റെ പ്രശ്നം അവസാനിച്ചിട്ടില്ല. ഇന്ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണം. കോണ്ഗ്രസിന്റെ ഡല്ഹിയിലുള്ള ചില നേതാക്കള് ഇന്ഡിഗോ മാനേജ്മെന്റുമായി യോജിച്ച് കൊണ്ടാണ് എന്നെ ഉപരോധിക്കുന്ന തീരുമാനം എടുത്തത്.
അന്നത്തെ നില വച്ച് ഞാന് ഒരു തീരുമാനമെടുത്തു. ഞാന് പിന്നെ കുറെ നാളത്തേയ്ക്ക് ഇന്ഡിഗോയില് കയറിയില്ല. പക്ഷേ സീതാറാം യെച്ചൂരി മരിച്ചു. അപ്പോള് എന്റെ പ്രശ്നം ബഹിഷ്കരണം അല്ല. എത്രയും പെട്ടെന്ന് യെച്ചൂരിയുടെ മൃതശരീരം കിടക്കുന്ന എകെജി ഭവനില് എത്തണമെന്നായിരുന്നു. അതുകൊണ്ട് ഞാന് ഒന്നും നോക്കിയില്ല. കോഴിക്കോട് പോയി. അപ്പോള് അവിടെ ഇന്ഡിഗോ മാത്രമേയുള്ളൂ. ഞാന് അതില് കയറി പോയി.- ഇ.പി. ജയരാജന് പറഞ്ഞു.
ബിജെപി സര്ക്കാരാണ് ഇതിന് മറുപടി പറയേണ്ടത്. എത്രയാണ് നിരക്ക് വാങ്ങുന്നത്. അംഗീകൃത ഫെയറിന്റെ ഇരട്ടിയാണ് വാങ്ങുന്നത്. 75000 രൂപയാണ് ഡല്ഹിയിലേക്ക് എങ്കില് എത്രയാണ് അവര് വാങ്ങുന്നത്.
സീസണ് വച്ച് കൊയ്ത്തല്ലേ. ഇത് നോക്കാനും പറയാനും ഒരു കേന്ദ്ര സര്ക്കാര് ഉണ്ടായിരുന്നോ?. വ്യോമയാന മന്ത്രാലയം ഉണ്ടായിരുന്നോ?. അതിന് ഒരു വകുപ്പ് മന്ത്രി ഉണ്ടായിരുന്നോ?. ഇപ്പോഴും വിമാന സര്വീസുകള് കൊയ്ത്ത് നടത്തുകയല്ലേ?. കമ്പനികള് പണം ഉണ്ടാക്കുമ്പോള് കേന്ദ്രസര്ക്കാരിന് ഇടപെടാന് കഴിയുന്നുണ്ടോ?. ഞങ്ങള്ക്ക് ഇടപെടാന് പറ്റിയിരുന്നുവെങ്കില് ഇതിനകം ഇടപെട്ടിട്ടുണ്ടാകും.
അവരുമായുള്ള പ്രശ്നം തീര്ന്നിട്ടില്ല. അന്ന് പറഞ്ഞത് അവസാനിക്കുന്നില്ലല്ലോ?. അവര് ചെയ്തത് തെറ്റല്ലേ. മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാന് പോയ ആളുകളെക്കാളും അതിനെ പ്രതിരോധിച്ച എനിക്ക് ശിക്ഷ. അവരുടെ നിലപാട് എന്തായിരുന്നു?.
ശരിക്കും എനിക്ക് അവാര്ഡ് തരേണ്ടതായിരുന്നു. എന്നാല് അവര് കുറ്റവാളികളെ സംരക്ഷിക്കുകയായിരുന്നു. കോണ്ഗ്രസിന്റെ ഡല്ഹിയിലുള്ള എംപിയാണ് ഇടപെട്ടത്. ബിജെപി സര്ക്കാരിന്റെ വ്യോമയാന വകുപ്പുമായി ചേര്ന്നാണ് അത് ചെയ്തത്.
ഇന്ഡിഗോ, നിങ്ങള് നന്നാവൂ. ജീവനക്കാര്ക്ക് ശമ്പളമെല്ലാം കൊടുത്ത് യാത്രക്കാരെ യജമാനന്മാരായി കണ്ട് നന്നായി പ്രവര്ത്തിക്കുക. തെറ്റായ പ്രവണതകള് തിരുത്തി മാനേജ്മെന്റ് മുന്നോട്ടുപോകൂ- ഇ.പി. ജയരാജന് പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ.
ശശി തരൂര് തലമറന്ന് എണ്ണ തേക്കുകയാണെന്നും നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെന്നും എം.എം.ഹസൻ പറഞ്ഞു. നെഹ്റു സെന്റര് നടത്തുന്ന നെഹ്റു അവാര്ഡ് ദാന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വാനിയെ പുകഴ്ത്താന് കോണ്ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്. കോണ്ഗ്രസിന്റെ വര്ക്കിംഗ് കമ്മിറ്റിയില് നിന്നുകൊണ്ടാണ് അദ്ദേഹം നെഹ്റു കുടുംബത്തെ അവഹേളിച്ചത്.
മിനിമം മര്യാദ ഉണ്ടങ്കില്, വര്ക്കിംഗ് കമ്മിറ്റിയില് നിന്ന് രാജി വച്ചിട്ട് വേണമായിരുന്നു അങ്ങനെ പറയാന്. മറ്റു കുടുംബങ്ങളെ പോലെയാണോ നെഹ്റു കുടുംബം. ഇന്ദിരയും സോണിയയും രാഹുലുമെല്ലാം ഗാന്ധി കുടുംബത്തിൽ നിന്നായതുകൊണ്ട് മാത്രം നേതൃത്വത്തിലേക്ക് വന്നതാണോ. വസ്തുതകൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ വിമർശനമെന്നും ഹസൻ വ്യക്തമാക്കി.
ഗാന്ധി കുടുംബത്തിനെതിരെ പറഞ്ഞ നിലപാട് മാറ്റിയില്ലെങ്കിൽ തരൂരിനെതിരെ ജനങ്ങൾ ഇറങ്ങും. നെഹ്റു സെന്ററിന്റെ പേരിലാണ് ഇറങ്ങുക. താനും വോട്ട് ചെയ്തതാണ്, തനിക്കിത് പറയാൻ അർഹതയുണ്ടെന്നും ഹസൻ പറഞ്ഞു. നെഹ്റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന് ഇത്രയും പറഞ്ഞതെന്നും എം.എം. ഹസന് കൂട്ടിച്ചേര്ത്തു.