National
ഹസാരിബാഗ് : ജാർഖണ്ഡ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ യോഗേന്ദ്ര സാവോയുടെ വീട് ഹസാരിബാഗ് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. എൻടിപിസിയുടെ കൽക്കരി ഖനന പദ്ധതിക്കുവേണ്ടിയാണ് വീട് ഇടിച്ചുനിരത്തിയത്. ഭൂമി എൻടിപിസിക്കു കൈമാറി.
ജോർദാഗ് മേഖലയിലെവീടാണ് വൻ പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ഇടിച്ചുനിരത്തിയത്. ഭൂമിയും നഷ്ടപരിഹാരവും സംബന്ധിച്ച് ദീർകാലമായി തർക്കം നിലനിന്നിരുന്നു. എൻടിപിസി നല്കിയ നഷ്ടപരിഹാരം യോഗേന്ദ്ര സാവോ സ്വീകരിച്ചിരുന്നില്ല. നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സാവോയും ഭാര്യയും മുൻ എംഎൽഎയുമായ നിർമല ദേവിയും വീടിനു മുന്നിൽ ധർണ നടത്തിയിരുന്നു.
1.97 കോടി രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും സാവോ സ്വീകരിച്ചില്ലെന്ന് എൻടിപിസി എജിഎം നീൽ മാധവ് സ്വെയിൻ പറഞ്ഞു. തുടർന്ന് റാഞ്ചിയിലെ ട്രൈബ്യൂണൽ കോടതിയിൽ പണം കെട്ടിവച്ചു.
കൽക്കരി ഖനന വികസന ജോലികൾ തടസപ്പെട്ടതിനെത്തുടർന്നാണ് വീട് ഇടിച്ചുപൊളിച്ചുനീക്കാൻ നടപടിയെടുത്തതെന്ന് എൻടിപിസി ഉദ്യോഗസ്ഥർ പറഞ്ഞു. വീട് പൊളിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് യോഗേന്ദ്ര സാവോയുടെ മകളും മുൻ ബർക്കാഗാവ് എംഎൽഎയുമായ അംബാ പ്രസാദ് പറഞ്ഞു
District News
വരടിയം: കുട്ടികളുടെ ജീവനു ഭീഷണിയായ ഗവ. യുപി സ്കൂളിലെ തകർന്നുവീണ കവാടം ഉടൻ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടും നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയും കോണ്‍ഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റി വരടിയം സ്കൂളിനുമുന്നിൽ സായാഹ്ന പ്രതിഷേധധർണ നടത്തി.
അടാട്ട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. ബാബു നീലങ്കാവിൽ, സുരേഷ് അവണൂർ, പി.വി. ബിജു, ലിന്റോ വരടിയം, അനിൽ സമ്രാട്ട്, മുരളീധരൻ ചേലാട്ട്, വി.വി. രാംകുമാർ, പി.ജെ. പോൾസണ്‍, പഞ്ചായത്ത് അംഗങ്ങളായ ബാബുരാജ്, പ്രിൻസി ജെൻസണ്, രമ്യ ഗിരീശൻ, തോമസ് വടക്കൻ, കെ.ജെ. ജോയ്സണ്‍ എന്നിവർ പ്രസംഗിച്ചു.
Kerala
ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍. കൊലക്കേസ് പ്രതിയുടെ വീട് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഇടിച്ച് നിരത്തി. ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന കൊലപാതക കേസിലെ മുഖ്യ പ്രതി ആകാശിന്റെ വീടാണ് തകര്‍ത്തത്.
വീട് അനധികൃതമായി കെട്ടിയതാണെന്ന് കാണിച്ചാണ് ശനിയാഴ്ച ഉച്ചയോടെ അധികൃതര്‍ തകര്‍ത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
തുടർന്ന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂര്‍ണമായും ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കുന്ന സമയത്ത് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഉത്തം നഗറില്‍ നടന്ന തര്‍ക്കത്തിനിടെ ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആകാശും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമുള്ള അനധികൃത നിർമാണങ്ങൾക്കെതിരെയുള്ള സ്വാഭാവിക നടപടിയാണെന്നാണ് എംസിഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
District News
വൈപ്പിൻ : ഏറെ നാളത്തെ മുറവിളിക്ക് ശേഷം നെടുങ്ങാട് പഴയ പള്ളി പാലം പൊളിച്ചു മാറ്റിയെങ്കിലും ഇതിന്റെ കോൺക്രീറ്റ് തൂണുകൾ ഇപ്പോഴും ബാക്കി. ഇതാകട്ടെ മത്സ്യത്തൊഴിലാളികൾക്കും പുഴയിലെ നീരൊഴുക്കിനും ഭീഷണിയായി നിലകൊള്ളുകയാണ്.
പാലം പൊളിക്കാൻ കരാറെടുത്ത ആളെക്കൊണ്ട് പണികൾ പൂർണമായും ചെയ്യിക്കേണ്ടത് പൊതുമരാമത്ത് അധികൃതരാണ്.എന്നാൽ ഒട്ടേറെ പരാതികൾ ഉയർന്നിട്ടും ഇവരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനാസ്ഥ വെടിഞ്ഞ് അപകട ഭീഷണിയായി നിലനിൽക്കുന്ന തൂണുകൾ എത്രയും വേഗം പൊളിച്ച് മാറ്റണമെന്ന് നായരമ്പലം വില്ലേജ് കായലോര ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ മണ്ടോത്ത് ആവശ്യപ്പെട്ടു.
District News
മുക്കം: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന പിസി ജംഗ്ഷൻ - വെസ്റ്റ് മാമ്പറ്റ ബൈപാസിൽ യാത്ര ഇനി സുഗമമാവും. നവീകരണ പ്രവൃത്തിക്ക് തടസമായിരുന്ന സാംസ്കാരിക നിലയവും അങ്കണവാടിയും പൊളിച്ചു മാറ്റി.
ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാതെ പ്രവൃത്തി പൂർത്തിയാക്കിയാൽ, വീതി കൂട്ടുന്ന റോഡിന്റെ ഈ ഭാഗം കുപ്പിക്കഴുത്താകുമെന്ന് ആശങ്കയുണ്ടായിരുന്നു. റോഡിന്റെ മറ്റു ഭാഗങ്ങളിൽ വീടുകളുടെ ചുറ്റുമതിൽ ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾ പൊളിച്ചാണ് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ, റോഡിന്റെ വീതി ഏഴു മീറ്ററാക്കി വർധിപ്പിക്കുന്നതിനുള്ള സ്ഥലം കുറ്റിപ്പാല ഭാഗത്തുണ്ടായിരുന്നില്ല.
അങ്കണവാടിയുടെ ചുറ്റുമതിൽ മാത്രം പൊളിച്ച് റോഡിന്റെ വീതികൂട്ടാനുള്ള ശ്രമത്തിലായിരുന്നു കരാറുകാരും പൊതുമരാമത്ത് വകുപ്പും. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി സമീപത്തെ വാടക വീട്ടിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. 25 വർഷത്തിലധികം പഴക്കമുള്ള ഈ രണ്ട് കെട്ടിടങ്ങളും പൊളിച്ചു മാറ്റാൻ നഗരസഭാ കൗൺസിൽ യോഗം നേരത്തെ അനുമതി നൽകിയിരുന്നു.
സാംസ്കാരിക നിലയം ഏറെ നാളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. അഞ്ചരക്കോടി രൂപ ചെലവിലാണ് രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള പാത നവീകരിക്കുന്നത്. നിലവിൽ അഞ്ചര മീറ്റർ വീതിയുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഏഴു മീറ്ററാക്കി വികസിപ്പിച്ച്, ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകളും സുരക്ഷാ ഭിത്തിയും നിർമിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി.
കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതോടെ മുൻ നിശ്ചയിച്ച രീതിയിൽ റോഡും അനുബന്ധ നിർമാണവും പൂർത്തിയാക്കാനാകും. ഗതാഗതക്കുരുക്ക് പതിവായ മുക്കം - അഗസ്ത്യൻമുഴി - മാമ്പറ്റ റോഡിന്റെ ബദൽപാത കൂടിയാണ് പിസി ജംഗ്ഷൻ - വെസ്റ്റ് മാമ്പറ്റ ബൈപാസ്.
പദ്ധതി പൂർത്തിയാകുന്നതോടെ അഗസ്ത്യൻമുഴിലെ ഗതാഗതക്കുരുക്കിന് നേരിയ പരിഹാരമാകും. മുക്കത്ത് നിന്ന് കോഴിക്കോട്, താമരശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് അഗസ്ത്യൻമുഴി വഴി സഞ്ചരിക്കാതെ ലക്ഷ്യസ്ഥാനത്തേക്കെത്താനാകും. ബസുകളും ടോറസ് ലോറികളും ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്.