കോട്ടപ്പാറ മേഖലയിൽ കാട്ടാന തകർത്ത സോളാർ വേലി ആർആർടി പുനഃസ്ഥാപിക്കുന്നു.
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ചിരിക്കുന്ന സോളാർ തൂക്കുവേലികൾ ആനകൾ തകർക്കുന്നത് പതിവാകുന്നു. ബ്ലോക്ക് 10 കോട്ടപ്പാറ മേഖലയിലാണ് കാട്ടാനകൾ വേലികൾ വ്യാപകമായി തകർക്കുന്നത്. പ്രധാനമായും മരം മറിച്ചിട്ടാണ് ആനകൾ വേലി തകർക്കുന്നത്.
പുതുതായി സ്ഥാപിച്ച ഡബിൾ ലൈൻ തൂക്കുവേലിയാണ് ആന നിഷ്പ്രയാസം തകർക്കുന്നത്. അപകടകാരിയായ മോഴയാനായാണ് കൂടുതലായും വേലി തകർത്ത് ഉള്ളിൽ കയറുന്നത്. മോഴയാനക്ക് മറ്റാനകൾക്ക് ഏൽക്കുന്നത് പോലെ വേലിയിൽനിന്നു ഷോക്ക് എൽക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മോഴയാനയുടെ ആക്രമണത്തിൽ മരിച്ച അനീഷിന്റെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസവും ഇതേ ആനതന്നെ വീണ്ടും എത്തിയിരുന്നു.
വീടിന് മുന്നിൽ ഭീകരാന്തരീഷം സൃഷ്ടിച്ച മോഴ പിന്നീട് സമീപത്തെ സോളാർ വേലി തകർത്താണ് കാടുകയറിയത്. മാമ്പഴം, കശുവണ്ടി, ചക്ക തുടങ്ങിയ സീസൺ ആരംഭിച്ചതോടെ ആനകൾ ജനവാസ മേഖല ലക്ഷ്യമാക്കി നിരന്തരം എത്തുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. മോഴ, ചെറിയ മോഴ, കല്ലേരി കൊമ്പൻ, കോരി കൊമ്പൻ, മൊട്ടു കൊമ്പൻ തുടങ്ങിയ ആനകളാണ് മേഖലയിലെ ഏറ്റവും അപകടകാരികൾ.
Tags : demolished nattuvishesham local news