District News
പാലാ: അക്ഷരമുറ്റത്തിന്റെ പടിവാതിലിലെത്തിയ കുരുന്നുകള്‍ക്ക് വര്‍ണാഭമായ സ്വീകരണം. വിവിധ നിറങ്ങളിലുള്ള ബലൂണുകളും തൊപ്പികളും മധുരപലഹാരങ്ങളുമായാണ് അധ്യാപകര്‍ കുരുന്നുകളെ വരവേറ്റത്. നവാഗതര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് സ്കൂളുകള്‍ ഒരുക്കിയത്. പാട്ടും നൃത്തവും കളിചിരികളുമായി സ്കൂള്‍ അന്തരീക്ഷം ഹൃദ്യമാക്കി.
ഉഴവൂര്‍: ഒഎല്‍എല്‍ എച്ച്എസില്‍ നവാഗതരെ സ്വീകരിക്കാനായി തയാറാക്കിയ റോബോട്ടിക് കുട്ടിക്കൊമ്പന് വിദ്യാര്‍ഥികള്‍ക്ക് കൗതുകം പകര്‍ന്നു. നവാഗതരായ 107 കുട്ടികളെ വാദ്യമേളങ്ങള്‍, നൃത്തം തുടങ്ങിയവയുടെ അകമ്പടിയോടെ സ്വീകരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ.അലക്സ് ആക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയില്‍, വാര്‍ഡ് മെംബര്‍ ആന്‍സി ടോമി കാരക്കുന്നത്ത്, പിടിഎ പ്രസിഡന്റ് അജി തോമസ്, എംപിടിഎ പ്രസിഡന്റ് ലിസി ജോണ്‍, പ്രധാനാധ്യാപകൻ തോമസ് ലൂക്കോസ്, സ്റ്റാഫ് സെക്രട്ടറി മാത്തുക്കുട്ടി ഏബ്രഹാം തുടങ്ങിയവര്‍ സന്ദേശം നല്കി.
കളത്തൂക്കടവ്: ലയൺസ് ക്ലബ് അരുവിത്തുറയുടെയും എകെസിസി കളത്തൂക്കടവ് യൂണിറ്റിന്റെയും നേതൃത്വത്തിൽ കളത്തൂക്കടവ് സിസ്റ്റർ അൽഫോൻസ എൽപി സ്കൂൾ പ്രവേശനോത്സവത്തിനു നേതൃത്വം നൽകുകയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.
അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് മെംബർ പ്രഫ. റോയ് തോമസ് കടപ്ലാക്കൽ, ലയൺസ് ക്ലബ് മെംബേഴ്സ്, എകെസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
District News
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിലെ 42-ാം നമ്പർ കൃഷ്ണ അങ്കണവാടിയിൽ പ്രവേശനോത്സവവും സ്കൂളിലേക്കു പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പും നടന്നു. വാർഡ് മെംബർ വിനീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ആശ, ഹെൽപ്പർ ജാസ്മിൻ, രാജു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
ആലപ്പുഴ: ജില്ലാകോടതി വാർഡ് കുരിശടി റോഡ് ടിആർഎ 57എ അങ്കണവാടി നമ്പർ 136ൽ പ്രവേശനോത്സവം ആഘോഷിച്ചു. തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ, സെക്രട്ടറി എം.ജെ. മാത്യു. കൗൺസിലർ ഷേർളി അന്റണി, എസ്. നിഷ, ഗിരിജ, സീമ ശാന്തപ്പൻ, ഗീത സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിന് ജൂണ്‍ ഒന്നിനു തുടക്കമാകും. സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച്ച രാവിലെ 10ന് പട്ടം മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രവേശന ഗാനത്തോടും നൃത്താവിഷ്കാരത്തോടെയുമാണ് പ്രവേശനോത്സവ പരിപാടികൾ നടക്കുക.
പ്രവേശന ഗാനം മന്ത്രി പ്രകാശനം ചെയ്തു. കവി റഫീക്ക് അഹമ്മദാണ് പ്രവേശന ഗാനം രചിച്ചത്. ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകി. ടി.ഷംനാസ് ദൃശ്യാവിഷ്കാരം നടത്തി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.