ഹരിപ്പാട്: ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി എസ്. ആഷിക്കിനെ (24) കരീലക്കുളങ്ങര പോലീസ് കരുതൽ തടങ്കലിലാക്കിയ ശേഷം വിട്ടയച്ചു. വിദ്യാലയത്തിൽ മിഠായി വിതരണം നടത്താനെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് നടപടിയിൽ കലാശിച്ചത്.
തിങ്കളാഴ്ച രാവിലെ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയായിരുന്നു വിദ്യാലയത്തിലെ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടകൻ. പുതിയതായി എത്തിയ കുട്ടികൾക്ക് മിഠായി വിതരണം ചെയ്യാനായി എസ്എഫ്ഐ പ്രവർത്തകർ കൊടിയേന്തി സ്കൂളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു.
എന്നാൽ, കൊടിയേന്തി സ്കൂളിനുള്ളിൽ കയറാൻ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായത്. ഇതേത്തുടർന്നാണ് ആഷിക്കിനെ പോലീസ് കരുതൽ തടങ്കലിലാക്കിയത്.
പിന്നീട് ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് മന്ത്രി മടങ്ങിയതിനുശേഷം എസ്എഫ്ഐ പ്രവർത്തകർ വീണ്ടും സ്കൂൾ ഗേറ്റിന് മുന്നിൽ കൊടി ഉയർത്തിപ്പിടിച്ച് കുട്ടികൾക്ക് മിഠായി വിതരണം നടത്തി.